കേട്ടതും കേൾക്കേണ്ടതും


ഞാനുംകൂടി സഹകരിച്ച ചിത്രമാണ് അടൂർ ഗോപാലകൃഷ്ണന്റെ ‘സ്വയംവരം’. അക്കാലത്ത്‌ എൽ.ഐ.സി.യിൽ ജോലിചെയ്തിരുന്ന ഞാൻ വരുന്നതുംകാത്ത്‌ അടൂർ എന്റെ തിരുവനന്തപുരത്തെ വീടിനടുത്തുണ്ടാകും. എന്നിട്ട്‌ രാത്രി വളരെ വൈകുന്നതുവരെ ഈ സിനിമയെക്കുറിച്ച് ചർച്ചചെയ്തിരുന്നു, ദിവസങ്ങളോളം നീണ്ട ചർച്ചയ്ക്കൊടുവിലാണ് സ്വയംവരം പിറക്കുന്നത്. എന്നിട്ടും ആ സിനിമയിൽ ഞാൻ വെറുമൊരു കേട്ടെഴുത്തുകാരനായിരുന്നെന്ന്‌ അടൂർ പറഞ്ഞത് എന്നെ വേദനിപ്പിച്ചു.
കെ.പി. കുമാരൻ

എല്ലാവർക്കും മാറ്റങ്ങൾ വരുന്നത് ഇഷ്ടമാണ്. പക്ഷേ, ആർക്കും വിപ്ലവകാരിയാകാൻ ഇഷ്ടമല്ല. വിപ്ലവകാരി നമ്മുടെ വീട്ടിൽ വേണ്ടെന്ന നിലപാടാണ് നമുക്ക്. മറ്റൊരാൾ നേടിയെടുത്ത് തരുന്നതിനായി കാത്തിരിക്കുന്നതുകൊണ്ടാണ് സ്വാതന്ത്ര്യം പലപ്പോഴും അപ്രാപ്യമാകുന്നത്.
നവ്യാ നായർ

പെണ്ണുങ്ങളെല്ലാം പെൺകവികൾ, ദളിതരെല്ലാം ദളിത് കവികൾ, ആദിവാസികളെല്ലാം ആദിവാസി കവികൾ എന്ന അവസ്ഥയാണ് നിലവിലുള്ളത്. സത്യത്തിൽ പുരുഷാധിപത്യവും വരേണ്യതയും ആധിപത്യം സ്ഥാപിച്ചുനിന്നിരുന്ന കവിതയെ അഴിച്ചുപണിയുകയായിരുന്നു ദളിത്-ആദിവാസി-സ്ത്രീ എഴുത്തുകൾ. അത് കവിപദവിയിൽ എത്താനുള്ള ഓരപ്പെട്ടവരുടെ കലാപമായിരുന്നു. പക്ഷേ, നിർഭാഗ്യകരമെന്നുപറയട്ടെ, അത് മറ്റൊരർഥത്തിൽ പാർശ്വവത്കൃതരെ സ്വസ്ഥാനത്ത് ഉറപ്പിക്കുകയാണുണ്ടായത്.
എസ്. ജോസഫ്

പിന്നാക്കവിഭാഗങ്ങൾ അവഗണിക്കപ്പെടുന്നു എന്നൊരു തോന്നൽ പാർട്ടി അണികളിലുണ്ട്. നിവർത്തനപ്രക്ഷോഭത്തെത്തുടർന്ന് എട്ട്‌ നിയമസഭാസീറ്റ്‌ ഈഴവർക്ക് സംവരണംചെയ്തിരുന്നു. ഇന്ന് തിരുവിതാംകൂറിൽ എത്ര ഈഴവ എം.എൽ.എ.മാർ കോൺഗ്രസിലുണ്ട്? ഒരാളുണ്ടോ? എത്രപേർക്ക് സീറ്റുകൊടുത്തു?
സി.വി. പദ്മരാജൻ

വ്യക്തിയോ സംവിധായകനോ അല്ല, മറിച്ച്‌ കാലവും ജനതയുമാണ് താരത്തിനെ സൃഷ്ടിക്കുന്നത്. വില്ലൻ എന്നൊരു പ്രതിഭാസമില്ല. എല്ലാവരും നടന്മാരാണ്. തന്റേടമുള്ള പുരുഷപ്രകൃതി എപ്പോഴും മലയാളികൾ കൊതിച്ചിരുന്നു എന്നതാണ് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ജയന് കിട്ടിക്കൊണ്ടിരിക്കുന്ന സ്വീകാര്യത സൂചിപ്പിക്കുന്നത്.
ഹരിഹരൻ

മൂന്നാംകിട തമാശകൾപറഞ്ഞ് പിറ്റേദിവസം വാർത്തകളിൽ നിറയാൻ ശ്രമിക്കുന്നവർ ഇന്ന് നിരവധിയുണ്ട്. കാലം മാറിയതനുസരിച്ച് കാലഹരണപ്പെട്ട വാക്കുകളും ഒഴിവാക്കണം. വൈധവ്യം സ്ത്രീയുടെ വിധിയാണ് എന്ന് കമ്യൂണിസ്റ്റ് പാർട്ടി വിശ്വസിക്കുന്നുണ്ടോ എന്ന് പ്രതിപക്ഷത്തുനിന്ന് ഉയർന്ന ചോദ്യമാണ് എം.എം. മണിയുടെ മാപ്പുപറച്ചിലിലേക്ക് എത്തിയത്. ദയാരഹിതമായിട്ടുള്ള ആക്രമണങ്ങളല്ല മറിച്ച്, ജനാധിപത്യത്തിൽ വേണ്ടത് മനോഹരമായ സംവാദങ്ങളാണ്.
വി.ഡി. സതീശൻ

ചെറുപ്പത്തിൽ എനിക്ക് ടോൺസിലൈറ്റിസിന്റെ പ്രശ്നമുണ്ടായിരുന്നു. ടോൺസിൽ സർജറിചെയ്ത്‌ നീക്കിയതാണ്. അങ്ങനെയാണ് ശബ്ദം പരുപരുത്തതായത്. ഞാൻ ആണാണെന്ന് ചിന്തിക്കുകയും കളിയാക്കുകയും ചെയ്തവരുണ്ടായിരുന്നു. മകനുണ്ടായതോടെയാണ് കളിയാക്കലുകൾ അവസാനിച്ചത്.
പി.ടി. ഉഷ

ശാസ്ത്രീയസംഗീതാഭ്യസനംകൊണ്ടുമാത്രം എല്ലാ സംഗീതശാഖകളും നിശ്ശേഷം വഴങ്ങുമെന്നത് വലിയ തെറ്റിദ്ധാരണയാണ്. കർണാടകസംഗീതം പഠിച്ചാൽ എന്തും പാടാം എന്നൊക്കെ പണ്ട് പറഞ്ഞുപരത്തുന്നത് കണ്ടിട്ടുണ്ട്. തെറ്റാണത്. ഓരോ സംഗീതശൈലിക്കും അതിന്റേതായ സവിശേഷരീതികളുണ്ട്. അസലായി കർണാടകസംഗീതം പാടുന്ന പലർക്കും നന്നായി ഗസൽ പാടാൻപറ്റില്ല. നന്നായി ഗസൽ പാടുന്ന പലർക്കും നാടൻപാട്ട്‌ പാടാൻ പറ്റില്ല.
ഹരീഷ് ശിവരാമകൃഷ്ണൻ

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..