റബ്ബറിന്റെ ഭാവി ശോഭനം


2 min read
Read later
Print
Share

കർഷകനെ കൈവിടുന്ന റബ്ബർ രാജ്യത്ത് റബ്ബർകൃഷിയുടെ ഭാവി ശോഭനമാണെന്ന് റബ്ബർ ബോർഡ് എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ. പക്ഷേ, പുതിയകാലത്തിനനുസൃതമായി കൃഷിരീതിയിലും സമീപനത്തിലും മാറ്റംവേണം. റബ്ബർകൃഷി സംബന്ധിച്ച് മാതൃഭൂമി തയ്യാറാക്കിയ പരമ്പരയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാതൃഭൂമി പ്രതിനിധി കെ.ആർ. പ്രഹ്ളാദനു നൽകിയ അഭിമുഖത്തിൽനിന്ന്

പ്രതീകാത്മക ചിത്രം

? റബ്ബർകൃഷിയുടെ ഭാവി എങ്ങനെ വിലയിരുത്തുന്നു? വില 200 രൂപ എത്താനുള്ള സാഹചര്യമുണ്ടോ
= ആഗോളതലത്തിൽ പല വൻകിട കമ്പനികളും വ്യാവസായികോത്പാദനത്തിന് പ്രകൃതിദത്തമായ അസംകൃതവസ്തുക്കൾ ഉപയോഗിക്കുന്ന പ്രവണത കൂടിവരുന്നുണ്ട്. മിഷെലിൻ, ബ്രിഡ്ജ്‌സ്റ്റോൺ പോലുള്ള വൻകിടകമ്പനികൾ ടയർ നിർമാണത്തിന് സ്വാഭാവിക റബ്ബറിനെ ആശ്രയിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് ആഗോളാടിസ്ഥാനത്തിൽ സ്വാഭാവിക റബ്ബറിന്റെ ആവശ്യകത ഉയർത്തും. അതുകൊണ്ടുതന്നെ നമ്മുടെ രാജ്യത്ത് റബ്ബർകൃഷിക്ക് ഭാവിയുണ്ട്. പക്ഷേ, ഭാവിയിലേക്ക് സജ്ജമാകാൻ കുറെക്കൂടി സാങ്കേതിമായി മുന്നേറണം. കൃഷി വ്യാപിപ്പിക്കണം. ഉത്പാദനം കൂട്ടാൻ പുതിയ ക്ലോണുകൾ വികസിപ്പിച്ചെടുക്കണം. പിന്നെ, വിലയുടെ കാര്യത്തിൽ കഴിഞ്ഞ മൂന്നുവർഷത്തെ ശരാശരിയെടുത്താൽ ഇപ്പോൾ മികച്ചവിലയാണ് കിട്ടുന്നത്. കഴിഞ്ഞ വർഷത്തെ ശരാശരി വില ആർ.എസ്.എസ്.-4 റബ്ബറിന് കിലോക്ക്‌ 171 രൂപയായിരുന്നു. അതിനുമുമ്പുള്ള വർഷം ഇത് 141 രൂപയായിരുന്നു. വില എത്രവരെ പോകുമെന്ന് കൃത്യമായി പ്രവചിക്കാനാവില്ല. ഇപ്പോഴത്തെ സ്ഥിതിയിൽ ശരാശരി വില 170-180 രൂപയിൽ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

? വടക്കുകിഴക്കൻ മേഖലയിലെ റബ്ബർകൃഷി കേരളത്തിലെ കർഷകരെ ദോഷകമായി ബാധിക്കില്ലേ
= കേരളത്തിൽ റബ്ബർകൃഷിക്ക് ഇനി പുതിയ സ്ഥലമില്ലെന്നതാണ് പ്രശ്നം. കഴിഞ്ഞവർഷം 5.75 ലക്ഷം ടണ്ണാണ് ഉത്പാദനം. രാജ്യത്തെ വ്യവസായമേഖലയ്ക്ക് വേണ്ടത് 7.75 ലക്ഷം ടൺ ആണ്. സ്ഥലപരിമിതിവെച്ച് ഇപ്പോഴത്തെ സ്ഥിതിയിൽ എത്ര പരിശ്രമിച്ചാലും 6.75 ലക്ഷം ടണ്ണിൽ കൂടുതൽ കേരളത്തിൽനിന്ന് ഉത്പാദിപ്പിക്കാനാവില്ല.
രാജ്യത്ത് ആവശ്യമുള്ള റബ്ബർ മുഴുവൻ കേരളത്തിൽനിന്ന് മാത്രം നൽകാനാകുന്നില്ല. അതുകൊണ്ടാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കുകൂടി കൃഷി വ്യാപിപ്പിച്ചത്. ഇത് കേരളത്തിലെ കൃഷിയെ ഒരുതരത്തിലും ബാധിക്കില്ല. കേരളത്തിലെ കൃഷിക്ക്‌ പുറമേയുള്ള കൃഷി എന്ന രീതിയിലാണ് അവിടെ കൃഷി തുടങ്ങുന്നത്. മാത്രമല്ല റബ്ബർകൃഷി അവിടെ സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന ജനതയുടെ ജീവിതനിലവാരം ഉയർത്തും.

? ഇറക്കുമതി പ്രത്യേകിച്ചും, കോമ്പൗണ്ട് റബ്ബറിന്റെ ഇറക്കുമതിവർധന എങ്ങനെ കാണുന്നു
= റബ്ബർ ഇറക്കുമതി സർക്കാരിന്റെ നയപരമായ തീരുമാനമാണ്. ഡിമാൻഡ്‌ സപ്ലൈയിൽ വിടവുള്ളതുകൊണ്ട് ഇറക്കുമതി തീരേ വേണ്ടെന്നുപറയാനും കഴിയില്ല. പക്ഷേ, കോമ്പൗണ്ട് റബ്ബറിന്റെ ഇറക്കുമതി നിയന്ത്രിക്കണമെന്നാണ് ബോർഡിന്റെ അഭിപ്രായം. പത്തുശതമാനം മാത്രം നികുതിയടച്ച് എല്ലാ തുറമുഖങ്ങളിലൂടെയുമാണ് കോമ്പൗണ്ട് റബ്ബർ കൊണ്ടുവരുന്നത്. ഇതിൽ നിയന്ത്രണം വേണമെന്ന് റബ്ബർ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

? നാഷണൽ റബ്ബർ മിഷൻ ശുപാർശകൾ എന്തൊക്കെ മാറ്റം കൊണ്ടുവരും
= കഴിഞ്ഞവർഷം റബ്ബർ ഇറക്കുമതിക്കായി 7500 കോടി രൂപയാണ് ചെലവിട്ടിരിക്കുന്നത്. ഇന്ത്യയിൽത്തന്നെ ആവശ്യമുള്ള റബ്ബർ ഉത്പാദിപ്പിക്കാനായാൽ ഈ തുക ലാഭിക്കാം. കർഷകരുടെ വരുമാനവും ഉയരും. രാജ്യത്ത്‌ റബ്ബർകൃഷി വ്യാപിപ്പിക്കണമെന്നാണ് പ്രധാന ശുപാർശ. രാജ്യത്ത് ആവശ്യമുള്ള റബ്ബറിന്റെ 80-90 ശതമാനവും ഇവിടെത്തന്നെ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. റബ്ബറധിഷ്ഠിത വ്യവസായങ്ങൾ ഇനി രാജ്യത്ത്‌ കൂടുതലായുണ്ടാകും. പുതിയ ക്ലോണുകൾ ഉത്പാദിപ്പിക്കാനായി ഗവേഷണം ശക്തിപ്പെടുത്തണമെന്നാണ് മറ്റൊരു ശുപാർശ. ശുപാർശകൾ കേന്ദ്രവാണിജ്യമന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

Content Highlights: edit page

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..