ഭീകരതയുടെ ‘ഡോക്ടർ’


സിസി ജേക്കബ്

അയ്മൻ അൽ സവാഹിരി അമേരിക്കയ്ക്കും ലോകത്തിനും ഒരിക്കലും മറക്കാൻകഴിയാത്ത 2001 സെപ്‌റ്റംബർ 11 ഭീകരാക്രമണത്തിന്റെ ആസൂത്രകൻ. ­ഉസാമ ബിൻ ലാദൻ അൽ ­ഖായിദയുടെ ­മുഖമായിരുന്നെങ്കിൽ അതിന്റെ ­തലച്ചോറ് സവാഹിരിയായിരുന്നു. ­ ആ തലയാണ്‌ ഇല്ലാതായത്‌ ­

.

‘അഫ്ഗാനിസ്താനിലെ പുതിയ ഭരണകൂടത്തിനുകീഴിൽ അൽ ഖായിദ വലിയ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. പക്ഷേ, അവരുടെ പ്രവർത്തനശേഷി പരിമിതമാണ്. ഇതിനൊപ്പം താലിബാന്റെ വിലക്കുമുള്ളതിനാൽ അടുത്ത ഒന്നോ രണ്ടോ വർഷത്തേക്ക് അഫ്ഗാനിസ്താനുപുറത്ത് അവർ ആക്രമണം നടത്താൻ സാധ്യതയില്ല. താലിബാനെ നാണംകെടുത്തുന്നതോ അവരുടെ താത്പര്യങ്ങൾ ഹനിക്കുന്നതോ ആയ അന്താരാഷ്ട്ര ആക്രമണങ്ങളോ മറ്റു വലിയ പ്രവർത്തനങ്ങളോ നടത്തിയില്ലെങ്കിലും മുന്നോട്ടുപോകുന്തോറും സ്വന്തം ലക്ഷ്യങ്ങൾക്കുപിന്നാലെ പോകാനുള്ള സ്വാതന്ത്ര്യം അൽ ഖായിദയ്ക്കു ലഭിക്കാനിടയുണ്ട്’ (ഐക്യരാഷ്ട്രസഭ ജൂണിൽ അൽ ഖായിദയെപ്പറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽനിന്ന്).

ഡ്രോണിൽനിന്ന് രണ്ട് ഹെൽഫയർ മിസൈലുകൾ തൊടുത്ത് ജൂലായ് 31-ന് അമേരിക്ക വധിച്ച അൽ ഖായിദ തലവൻ അയ്മൻ അൽ സവാഹിരി ഈ റിപ്പോർട്ട് വരുമ്പോൾ അഫ്ഗാനിസ്താനിലുണ്ടായിരുന്നു. അൽ ഖായിദയുമായും പാകിസ്താൻ ചാരസംഘടനയായ ­ഐ.എസ്.­ഐ.യുമായും ബന്ധം പുലർത്തുന്ന ഭീകരസംഘടനയായ ഹഖാനിശൃംഖല തലസ്ഥാനമായ കാബൂളിൽ സവാഹിരിക്കും കുടുംബത്തിനും സുരക്ഷിതഭവനമൊരുക്കി. ഹഖാനി ശൃംഖലയുടെ തലവനാണ് താലിബാന്റെ ഇടക്കാല ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി. ആ സുരക്ഷിതഭവനത്തിന്റെ മട്ടുപ്പാവിൽ നിൽക്കുമ്പോഴാണ് ‘നരകാഗ്നി’ സവാഹിരിയുടെ ജീവനെടുത്തത്.

കോവിഡ് ബാധിച്ച് ഐസൊലേഷനിൽ കഴിയുന്ന യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ തിങ്കളാഴ്ച രാത്രി (ഇന്ത്യൻ സമയം ചൊവ്വാഴ്ച പുലർച്ചെ) ഈ വാർത്ത ലോകത്തെ അറിയിച്ചു; ‘‘ഈ ഭീകരനേതാവ് ഇനിയില്ല. ക്രൂരനും ദൃഢചിത്തനുമായ ആ കൊലയാളിയെ ലോകജനത ഇനി ഭയക്കേണ്ടതില്ല... നിങ്ങൾ ഞങ്ങളുടെ ജനങ്ങൾക്കു ഭീഷണിയാണെങ്കിൽ, എത്രകാലമെടുത്താലും എവിടെയൊളിച്ചാലും യു.എസ്. നിങ്ങളെ കണ്ടെത്തി ഉന്മൂലനം ചെയ്യുമെന്ന് ഈ രാത്രി ഞങ്ങൾ വീണ്ടും വ്യക്തമാക്കിയിരിക്കുന്നു.’’

അൽ ഖായിദയുടെ ബുദ്ധികേന്ദ്രം

അമേരിക്കയ്ക്കും ലോകത്തിനും ഒരിക്കലും മറക്കാൻകഴിയാത്ത 2001 സെപ്‌റ്റംബർ 11 ഭീകരാക്രമണത്തിന്റെ ആസൂത്രകൻ. അതാണ് സവാഹിരിയുടെ വിശേഷണം. ഉസാമ ബിൻ ലാദൻ അൽ ഖായിദയുടെ മുഖമായിരുന്നെങ്കിൽ അതിന്റെ തലച്ചോറ് സവാഹിരിയായിരുന്നെന്നാണ് വിദഗ്‌ധരുടെ നിരീക്ഷണം.

പിരമിഡുകളുടെ നാടായ ഈജിപ്തിലെ ഗിസയിൽ 1951-ൽ സവാഹിരി ജനിച്ചു. പ്രശസ്തമായ അൽ അസ്ഹറിലെ പുരോഹിതന്റെ പേരക്കുട്ടി. ഫാർമക്കോളജി പ്രൊഫസറുടെ മകൻ. സൈന്യത്തിൽ നിർബന്ധിതസേവനം ചെയ്തു. കയ്‌റോ സർവകലാശാലയിൽ വൈദ്യശാസ്ത്രം പഠിച്ച് സർജനായി. അതിനുമുമ്പേ 15-ാം വയസ്സിൽ മൗലികവാദത്തിന്റെ പാഠങ്ങൾ ഹൃദിസ്ഥമാക്കി.

സവാഹിരിയെക്കുറിച്ച് ലോകം ആദ്യമായി കേട്ടത് 1981-ലാണ്; ഈജിപ്തിന്റെ പ്രസിഡന്റ് അൻവർ അൽ സാദത്തിന്റെ കൊലപാതകത്തിന്റെപേരിൽ അറസ്റ്റിലായപ്പോൾ. ആയുധം കൈവശംവെച്ചതിന് മൂന്നുകൊല്ലം തടവിൽക്കിടന്നു. തടവറയിൽ പീഡനമേറെയേറ്റു. തടവുകാലം സവാഹിരിയെ മാനസാന്തരപ്പെടുത്തിയില്ല. പകരം, കൂടുതൽ കടുപ്പമുള്ള മൗലികവാദിയാക്കി. 1985-ൽ മോചിതനായശേഷം ആദ്യം സൗദി അറേബ്യയിലേക്കും പിന്നീട് പാകിസ്താനിലേക്കും പോയി. അഫ്ഗാനിസ്താനിൽ സോവിയറ്റ് സേനയുമായി ഏറ്റുമുട്ടി മുറിവേറ്റുവീഴുന്ന മുജാഹിദീനുകളെ റെഡ് ക്രെസന്റിനൊപ്പം ചേർന്നു ശുശ്രൂഷിച്ചു. മുജാഹിദീനുകളെ സഹായിക്കുന്ന ഉസാമ ബിൻ ലാദനുമായി പരിചയപ്പെട്ടു. അൽ ഖായിദയിലെ രണ്ടാമനായി. ബിൻ ലാദനെ യു.എസ്. നേവി സീലുകൾ 2011-ൽ വധിച്ചപ്പോൾ അൽ ഖായിദയുടെ തലവനായി.

ഇന്ത്യക്കു ഭീഷണി

2014-ലാണ് ഇന്ത്യയെ പരാമർശിച്ചുള്ള സവാഹിരിയുടെ ആദ്യ പ്രസ്താവന. ഇസ്‌ലാമിക ഐക്യത്തെക്കുറിച്ചായിരുന്നു അത്. പിന്നീട് കശ്മീരിനെ പലസ്തീനോടു താരതമ്യപ്പെടുത്തി. ഇന്ത്യയെ പിന്തുണയ്ക്കുന്ന ഇസ്‌ലാമിക രാജ്യങ്ങളെ വിമർശിച്ചു. ഇക്കൊല്ലം ഏപ്രിലിൽ ഇന്ത്യയിലെ ഹിജാബ് വിവാദം പരാമർശിച്ച് വീഡിയോ ഇറക്കി. ഇസ്‌ലാമിനുനേരെയുള്ള അതിക്രമങ്ങൾക്കെതിരേ പോരാടാൻ മുസ്‌ലിങ്ങളോട് ആഹ്വാനംചെയ്തു. അൽ ഖായിദയുടെ പുനരുജ്ജീവനത്തിന്റെ ഭാഗമായി ഇന്ത്യയിൽനിന്ന് ആളെക്കൂട്ടുക എന്ന ലക്ഷ്യത്തോടെ മറ്റൊരു വീഡിയോയും ഇറക്കി. ബി.ജെ.പി. വക്താക്കളുടെ പ്രവാചകവിരുദ്ധ പരാമർശത്തിന്റെ പേരിൽ ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ നടത്തുമെന്നുപറഞ്ഞ് കഴിഞ്ഞമാസം അൽ ഖായിദ പ്രസ്താവനയിറക്കി.

താലിബാന്റെ തണൽ

അയ്മൻ അൽ സവാഹിരിയുടെ വധം ഉസാമ ബിൻ ലാദന്റെ വധത്തോളം വലുതല്ല. അംഗങ്ങൾ പലവഴിക്കു പിരിഞ്ഞുപോയ, തിരിച്ചുവരവിന് ബദ്ധപ്പെടുന്ന ഒരു ഭീകരസംഘടനയുടെ തലവനായിരുന്നു അൽ സവാഹാരി. ബിൻ ലാദന്റെ അൽ ഖായിദയുടെ നിഴൽ. അതിൽനിന്നു വിട്ടുപോയവർ അതിലും നിഷ്ഠുരമായ ഭീകരസംഘടനകളുണ്ടാക്കി. 2014 മുതൽ 2019 വരെ ഇറാഖിലും സിറിയയിലും ഖിലാഫത്തെന്നപേരിൽ നരമേധം നടത്തിയ ഇസ്‌ലാമിക് സ്റ്റേറ്റ് ഉദാഹരണം. യു.എസും മറ്റുരാജ്യങ്ങളും അവയ്ക്കുപിന്നാലെ പോയി. പ്രഹരശക്തി കുറഞ്ഞ് അൽ ഖായിദ ഓരത്തേക്കു മാറ്റപ്പെട്ടു.

പക്ഷേ, ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഖിലാഫത്ത് തകർന്നതോടെ ഉയിർത്തെണീക്കാൻ ശ്രമിക്കുകയായിരുന്നു അൽ ഖായിദ. അഫ്ഗാനിസ്താനിൽ താലിബാന്റെ തിരിച്ചുവരവ് അതിനു സഹായിച്ചു. അൽഖായിദ നേതൃത്വം താലിബാന്റെ ഉപദേശകസംഘമായി പ്രവർത്തിക്കുന്നെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിലുണ്ട്. മറ്റൊന്നുകൂടി അതിലുണ്ട്; അൽ ഖായിദയുടെ പ്രാദേശിക വിഭാഗങ്ങളായ അൽ ഖായിദ ഇൻ ഇന്ത്യൻ സബ്‌കോണ്ടിനന്റ്, അൽ ഖായിദ ഇൻ അറേബ്യൻ പെനിൻസുല, അൽ ഷബാബ് എന്നിവ കരുത്താർജിക്കുന്നു.

അഫ്ഗാനിസ്താന്റെ ഭാവി

അഫ്ഗാനിസ്താനിലാണ് യു.എസ്. സവാഹിരിയുടെ ജീവനെടുത്തത്‌. അതും യു.എസിന്റെ സേനാപിന്മാറ്റം പൂർത്തിയായി കൃത്യം ഒരുവർഷം തികയുമ്പോൾ. താലിബാനെ അധികാരത്തിലേറ്റിയ രക്തരൂഷിതമായ ആ പിന്മാറ്റത്തിന്റെ നാണക്കേടിൽനിന്ന് ബൈഡന് ചെറിയൊരു മോചനം ഈ വധം സാധ്യമാക്കിയേക്കും.

രാജ്യഭരണമേറ്റെങ്കിലും താലിബാൻ ഭീകരസംഘടനതന്നെയെന്ന് ഉറപ്പിക്കുന്നു ഈ സംഭവം. ഒരുകാലത്ത് അൽ ഖായിദയുടെ അഭയസ്ഥാനമായിരുന്നു താലിബാന്റെ അഫ്ഗാനിസ്താൻ. 2001 സെപ്റ്റംബർ 11 ഭീകരാക്രമണശേഷമുള്ള അമേരിക്കയുടെ അഫ്ഗാൻ അധിനിവേശത്തിലേക്കും 20 വർഷംനീണ്ട സാന്നിധ്യത്തിലേക്കും നയിച്ച കാരണം അതാണ്. താലിബാന്റെ തിരിച്ചുവരവ് ഭീകരർക്ക് സുരക്ഷിത അഭയമൊരുക്കുന്ന രാജ്യമായി അഫ്ഗാനിസ്താനെ മാറ്റുമെന്ന പ്രവചനങ്ങളെ സാധൂകരിക്കുന്നു സവാഹിരിയുടെ സാന്നിധ്യം. അഫ്ഗാനിസ്താന്റെ ഭരണാധികാരികളായിമാറിയ താലിബാനെ ഭീകരസംഘടനയെന്ന വലയത്തിൽ കാണരുതെന്ന വാദങ്ങളുടെ മുനയൊടിക്കാൻ ഇതു മാത്രംമതി.

ചക്രവാളം കടന്ന് യു.എസ്.

അമേരിക്കയുടെ ‘ഓവർ ദ ഹൊറൈസൺ’ (ഒ.ടി.എച്ച്.) ഭീകരവിരുദ്ധ നയത്തിന്റെ തുടക്കമാണ് സവാഹിരി വധം. ഭീകരരുള്ളയിടങ്ങളിൽ സ്വന്തം സേനയുടെ സാന്നിധ്യമില്ലാതെതന്നെ കൃത്യം നടപ്പാക്കുന്ന നയമാണിത്. മറ്റൊരു രാജ്യത്തുനിന്ന് തൊടുക്കുന്നതോ അയക്കുന്നതോ ആയ കൃത്യതയുള്ള ആയുധമുപയോഗിച്ചാണ് ഒ.ടി.എച്ച്. നടപ്പാക്കുക. സവാഹിരിയെ വധിച്ച മിസൈലുമായുള്ള ഡ്രോൺ എവിടെനിന്ന് അമേരിക്ക അയച്ചു? പാകിസ്താനാണോ ഇതിന് അമേരിക്കയെ സഹായിച്ചത്? തുടങ്ങിയ ചോദ്യങ്ങൾ ഉയരുന്നു. അമേരിക്കയ്ക്ക് അഫ്ഗാൻമണ്ണിൽ ഇപ്പോഴും ചാരന്മാരുണ്ട് എന്ന സൂചനയും നൽകുന്നു ഈ ആക്രമണം.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..