വെല്ലുവിളിച്ച്‌ അമേരിക്ക, തീക്കളിയെന്ന് ചൈന


പി.എം. നാരായണൻ 

ലോകക്രമത്തിൽ തങ്ങൾ വർധിതവീര്യത്തോടെത്ത ന്നെ മുന്നോട്ടുപോകുമെന്ന സന്ദേശമാണ്‌ അമേരിക്കയുടേത്‌. ചൈനയുടെ അഭിമാനത്തിനാണ് മുറിവേറ്റത്. അതിനവർ എന്ത് ഉത്തരംനൽകുമെന്ന്‌ കാത്തിരുന്നുകാണാം

നാൻസി പെലോസി,ഷി ജിൻ പിങ്‌

ഇന്ത്യയുടെ താഴെ ശ്രീലങ്ക എന്നപോലെ ലോകഭൂപടത്തിൽ ചൈനയ്ക്കുതാഴെ ഒരു പൊട്ടുപോലെ കിടക്കുന്ന ചെറിയൊരു ദ്വീപാണ് തയ്‌വാൻ. കേരളത്തോളംവരും വിസ്തൃതി. ഈ ദ്വീപിനെച്ചൊല്ലിയാണ് ഇപ്പോൾ അമേരിക്കയും ചൈനയും കൊമ്പുകോർത്ത് നിൽക്കുന്നത്. റഷ്യ-യുക്രൈൻ യുദ്ധവും കോവിഡും അട്ടിമറിച്ചിട്ട ലോകത്തിനുമുന്പിലെ അടുത്ത വെല്ലുവിളിയാവുമോ ഈ സംഘർഷം എന്നതാണ് ഭയം.
തയ്‌വാൻ തങ്ങളുടേതാെണന്ന് ചൈന മുമ്പേ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്‌ അമേരിക്കയും ഏകദേശം അംഗീകരിച്ച സംഗതിയാണ്. അവിടേക്കാണ് ഇപ്പോൾ ചൈനയുടെ എതിർപ്പിനെ കാറ്റിൽപ്പറത്തി അമേരിക്കൻ പ്രതിനിധിസഭാസ്പീക്കർ നാൻസി പെലോസി ചൊവ്വാഴ്ച രാത്രി പറന്നിറങ്ങിയത്. ചൈനയോടുള്ള അമേരിക്കയുടെ നേർവെല്ലുവിളി. െചെന-അമേരിക്ക ബന്ധത്തിൽ നിർണായക വഴിത്തിരിവുണ്ടാക്കാൻ ഇടയുള്ള വലിയ ഇടപെടലാണ് അമേരിക്ക ഇപ്പോൾ നടത്തിയിരിക്കുന്നത്. ‘തീകൊണ്ട് കളിക്കരുത്’ എന്നാണ് ചൈന അമേരിക്കയെ താക്കീതുചെയ്തത്.

പൊട്ടിത്തെറിച്ച് ചൈന

‘ശക്തമായി, ആവശ്യമെങ്കിൽ ബലംപ്രയോഗിച്ചും’ നേരിടും എന്നാണ് അമേരിക്കയിലെ ചൈനീസ്‌ അംബാസഡർ സാങ് ജുങ്, സി.എൻ.എന്നിന് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞത്. അത്യന്തം അപകടകരമായ ഒരു സ്ഥിതിവിശേഷമായി സുരക്ഷാവിദഗ്ധർ ഈ സംഭവവികാസങ്ങളെ വിലയിരുത്തുന്നു. ഇരുരാജ്യത്തിനുമിടയിൽ തുറന്ന സായുധസംഘർഷത്തിലേക്ക് കാര്യങ്ങൾ വഴുതിവീഴുമോ എന്നതാണ് ആശങ്ക.
ഇതിനുമുമ്പും അമേരിക്കൻ സ്പീക്കർ തയ്‌വാൻ സന്ദർശിച്ചിട്ടുണ്ട്. 25 വർഷംമുമ്പായിരുന്നു അത്. അന്നും ചൈന അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അന്നത്തെ ചൈനയല്ല ഇന്നത്തെ ചൈന. ദക്ഷിണചൈനാ കടലിലിലാകെ ആധിപത്യം സ്ഥാപിക്കാൻ ഒരുങ്ങിനിൽക്കുന്ന, ലോകത്തെ രണ്ടാമത്തെ സാമ്പത്തികശക്തിയാണ് ചൈന ഇന്ന്. ഒന്നാമൻ അമേരിക്കയാണ്. ഇവർ തമ്മിലുള്ള സംഘർഷം ലോകത്താകെ വലിയ പ്രത്യാഘാതങ്ങളുണ്ടാകും. പ്രത്യേകിച്ചും റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ സാഹചര്യത്തിൽ.

കരുത്തുതെളിയിക്കാൻ ഷി ജിൻ പിങ്‌

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാം കോൺഗ്രസ് ഈ വർഷം അവസാനം നടക്കാനിരിക്കേയാണ് ഈ കടന്നുകയറ്റം എന്നതും പ്രത്യേകം ശ്രദ്ധിക്കണം. പാർട്ടിയുടെ സമുന്നതനേതാവും പ്രസിഡന്റുമായ ഷി ജിൻ പിങ്ങിന് മൂന്നാമൂഴവും ജീവിതാവസാനംവരെ പ്രസിഡന്റായി തുടരാനുമുള്ള അനുമതിയും ഈ പാർട്ടി കോൺഗ്രസിൽ പാസാക്കപ്പെടുമെന്നാണ് കരുതുന്നത്.
അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കരുത്തിനെ ചോദ്യംചെയ്യുന്ന ഒന്നും ചൈന അനുവദിക്കില്ല. ഈ കരുത്തിനെയാണ് അമേരിക്ക നേരിട്ട് വെല്ലുവിളിക്കുന്നത്. അതുകൊണ്ടാണ് കാര്യങ്ങൾ കൈവിട്ടുപോയാൽ സ്ഥിതിഗതികൾ അപ്രതീക്ഷിതമാംവിധം വഷളാവുമെന്ന് വിദഗ്ധർ ഭയപ്പെടുന്നത്. തയ്‌വാനെ പെട്ടെന്നുതന്നെ ചൈനയോട് കൂട്ടിച്ചേർക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. അതാണ് ആത്യന്തികലക്ഷ്യമെന്ന് ചൈന ആവർത്തിച്ച്‌ പ്രഖ്യാപിക്കുന്നു. എന്നാൽ, ചൈനയുടെ ഈ നീക്കത്തിനെതിരേയുള്ള പ്രതിരോധങ്ങൾ അവിടെ ശക്തമാണ്. സ്വയംഭരണാധികാരമുള്ള രാജ്യമാണ് തയ്‌വാൻ. പ്രസിഡന്റ് റ്റ്‌സായി ഇങ് വെന്നുമായി കൂടിക്കാഴ്ച നടത്തിയ പെലോസി ജനാധിപത്യപ്രക്ഷോഭകരെ അടിച്ചമർത്തുന്ന ചൈനയുടെ നിലപാടിനെ അപലപിച്ചുകൊണ്ടാണ് തന്റെ സന്ദർശനം അവസാനിപ്പിച്ചത്. ‘‘ഇത് ശുദ്ധ അസംബന്ധമാണ്. ജനാധിപത്യസംരക്ഷണം എ​െന്നല്ലാം പറഞ്ഞ് അമേരിക്ക നടത്തുന്നത് ചൈനയുടെ പരമാധികാരത്തിൻമേലുള്ള കടന്നുകയറ്റമാണ്. ചൈനയെ പ്രകോപിപ്പിക്കുന്നവർ ആരായാലും ശിക്ഷിക്കപ്പെടും’’
-പ്രതികരണംചോദിച്ച മാധ്യമപ്രവർത്തകരോട് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞതിങ്ങനെ. ചൈന അമേരിക്കയെ എങ്ങനെ നേരിടുമെന്നത് ഇപ്പോൾ പറയാനാവില്ല. എന്നാൽ, തയ്‌വാനുമുകളിൽ ചൈനയുടെ ഉപരോധം വരുംനാളുകളിൽ ശക്തമാവുമെന്ന് ഉറപ്പാണ്. ഉപരോധമോ പട്ടാളകടന്നുകയറ്റമോ എന്താണ് നടക്കുകയെന്ന്‌ വരുംനാളുകളിൽ കാണാം.

ലോകാധിപതിയാവാൻ അമേരിക്ക

ദക്ഷിണചൈനാ സമുദ്രത്തിൽ ചൈനയുടെ ആധിപത്യശ്രമങ്ങൾക്ക് കടിഞ്ഞാണിടുക എന്നത് അമേരിക്കയുടെ പ്രഖ്യാപിതനയമാണ്. ഇതിന്റെ ഭാഗമാണ് ഇന്ത്യയും അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയുംചേർന്ന ‘ക്വാഡ്’ എന്ന സഖ്യത്തിന്റെ ഉദയം. തയ്‌വാനുസമീപം ജപ്പാന്റെ ഒക്കിനാവ ദ്വീപിൽ അമേരിക്കൻ സൈനികതാവളം സർവസജ്ജമാണ്.
കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് അഫ്ഗാനിസ്താനിൽനിന്ന്‌ അമേരിക്ക പരാജയപ്പെട്ട് ഒളിച്ചോടിയത്. പ്രസിഡന്റ് ബൈഡന്റെ മാത്രമല്ല, അമേരിക്കയുടെതന്നെ ആത്മാഭിമാനത്തിനേറ്റ മുറിവായിരുന്നു അഫ്ഗാനിസ്താനിൽ അമേരിക്കൻ നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിന്റെ തകർച്ച. എന്നാൽ, റഷ്യ-യുക്രൈൻ യുദ്ധം നാറ്റോസഖ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനുള്ള വേദിയായി. നാൻസി പെലോസി തയ്‌വാനിൽ ഇറങ്ങുന്നതിന് 48 മണിക്കൂർമുമ്പാണ് അൽ ഖായിദ നേതാവ് സവാഹിരിയെ നിഞ്ച മിസൈൽ ഉപയോഗിച്ച് വധിക്കുന്നത്. അമേരിക്കയെ എഴുതിത്തള്ളിയവർക്കുള്ള മറുപടിയാണിത്.

പെലോസി എന്ന പെൺസിംഹം

ഇതാദ്യമായല്ല നാൻസി പെലോസി ചൈനയെ ചൊടിപ്പിക്കുന്നത്. 30 വർഷംമുൻപ്, 1989-ലെ ടിയാനൻമെൻ ­പ്രക്ഷോഭത്തിൽ രക്തസാക്ഷികളായവരെ അനുകൂലിച്ച് ബാനറുകൾ ഉയർത്തിപ്പിടിച്ചാണ് അവർ ചൈനയുടെ മനുഷ്യാവകാശലംഘനങ്ങൾക്കെതിരേയുള്ള നിലപാട് വ്യക്തമാക്കിയത്. അവിടുന്നിങ്ങോട്ട് ഒട്ടേറെത്തവണ പെലോസി ചൈനയിലെ മനുഷ്യാവകാശലംഘനങ്ങളെ തുറന്നുകാട്ടിയിട്ടുണ്ട്. ടിബറ്റും തയ്‌വാനുമാണ് ചൈനയുടെ രണ്ട് രാഷ്ട്രീയദൗർബല്യങ്ങൾ. രണ്ടിടത്തും പെലോസി പലവിധത്തിൽ ഇടപെട്ടിട്ടുണ്ട്. അഞ്ചുവർഷംമുമ്പാണ്, ടിബറ്റൻ ആത്മീയനേതാവ് ദലൈലാമയെ ഹിമാചൽപ്രദേശിലെ ധർമശാലയിൽവെച്ച് ഇവർ കണ്ടത്.ഇതും ചൈനയെ വെറിപിടിപ്പിച്ചിരുന്നു സാമ്പത്തികരംഗത്ത് രണ്ടാമനായി വളർന്നെങ്കിലും ഏകാധിപത്യ പ്രവണതയും മനുഷ്യാവകാശലംഘനങ്ങളുമാണ് ചൈനയെ ലോകരാജ്യങ്ങൾക്കിടയിൽ ഇന്ന് പ്രതിക്കൂട്ടിൽ നിർത്തുന്നത്. ഇതേ കാര്യത്തിൽ പിടിച്ചാണ് 82-കാരിയായ നാൻസി പെലോസി ചൈനയെ നിരന്തരം പ്രകോപിപ്പിച്ചുകൊണ്ടിരിക്കുന്നതും.

ജർമൻ ടെലിവിഷന്റെ സൗത്ത് ഏഷ്യ പ്രതിനിധിയാണ് ലേഖകൻ

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..