നിയമം പടച്ചട്ടയാക്കിയ ഭരണതന്ത്രജ്ഞൻ


മനോജ് മേനോൻ

ജഗ്‌ദീപ് ധൻകർ ഉപരാഷ്ട്രപതി ആഴത്തിലുള്ള ­നിയമപാണ്ഡിത്യം, ­അടിയുറച്ച ­ഭരണപരിചയം, ­കർക്കശനിലപാടുകൾ പുതിയ ­ഉപരാഷ്ട്രപതിയെ ഇങ്ങനെ വരച്ചിടാം ജഗ്‌ദീപ് ധൻകർ 528 മാർഗരറ്റ് ആൽവ 182

ജഗ്ദീപ് ധൻകർ |Photo:PTI

ബി.ജെ.പി.രാഷ്ട്രീയത്തിൽ മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ കണ്ടെത്തലാണ് ജഗ്‌ദീപ് ധൻകർ. മുതിർന്ന അഭിഭാഷകരെന്നനിലയിൽ സുപ്രീംകോടതിയിൽ കൈകോർത്ത ഇരുവരുടെയും സൗഹൃദമാണ് ധൻകറുടെ രാഷ്ട്രീയവളർച്ചയ്ക്ക് തണൽവിരിച്ചത്. പശ്ചിമബംഗാൾഗവർണറായി നിയോഗിക്കാൻ ബി.ജെ.­പി.യുടെ പുതിയകാലനേതൃത്വത്തിന്റെ പരിചയവലയത്തിലേക്ക് ധൻകറെ അവതരിപ്പിച്ചതും ജെയ്റ്റ്‌ലിതന്നെ. ക്രമസമാധാനം ഉൾപ്പെടെയുള്ള വിഷയങ്ങളുയർത്തി മമതയുമായി നിരന്തരം ഏറ്റുമുട്ടി ദേശീയവാർത്തകളുടെ തലക്കെട്ടുകളിൽ നിത്യം നിറഞ്ഞുനിന്ന ധൻകർ, പതുക്കെ സമീപകാല ദേശീയരാഷ്ട്രീയത്തിലും പരിചിതനായി. ഭരണഘടനയും നിയമപുസ്തകങ്ങളും ഉദ്ധരിച്ച് ധൻകറും സംസ്ഥാനസർക്കാരും നടത്തിയ നിത്യയുദ്ധങ്ങൾ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെയും ഫെഡറലിസത്തിന്റെയും നിർവചനങ്ങളെ പലപ്പോഴും മാറ്റിയെഴുതി. മൂന്നുദശകത്തിലേറെനീണ്ട പൊതുപ്രവർത്തനജീവിതം പിന്നിലുണ്ടെങ്കിലും എൻ.ഡി.എ.യുടെ ഉപരാഷ്ട്രപതിസ്ഥാനാർഥിയായി നിയോഗിക്കപ്പെടുന്നതിലേക്ക് ധൻകർ എന്ന എഴുപത്തിയൊന്നുകാരനെ നടത്തിയത് ഈ മൂന്നുവർഷത്തെ പ്രവർത്തനങ്ങളാണ്.

ജനതാദളിലൂടെ തുടക്കം

ബി.ജെ.പി.നേതാവ് എന്നനിലയിൽ പരിമിതകാലത്തെ രാഷ്ട്രീയംമാത്രമാണ് ജഗ്‌ദീപ് ധൻകറുടെ ജീവചരിത്രത്തിലുള്ളത്. ജനതാദളിലൂടെയാണ് ധൻകറുടെ രാഷ്ട്രീയപ്രവേശനം. അതും വി.പി.സിങ്ങിന്റെ നേതൃത്വത്തിൽ ആകൃഷ്ടനായാണ് ജനതാദളിൽ ചേർന്നത്. തുടർന്ന്, വി.പി.സിങ്ങിന്റെയും ചന്ദ്രശേഖറുടെയും മന്ത്രിസഭകളിൽ അംഗമായെങ്കിലും ദേശീയനേതാവെന്നനിലയിൽ രാഷ്ട്രീയത്തിൽ തിളങ്ങിയില്ല. നിയമരംഗത്തേക്ക് മടങ്ങിപ്പോയി സുപ്രീംകോടതിയിലെ പേരെടുത്ത അഭിഭാഷകനായി പൊതുജീവിതം തുടരുന്നതിനിടയിലാണ് ബംഗാൾഗവർണർപദം തേടിയെത്തുന്നത്. ആഴത്തിലുള്ള നിയമപാണ്ഡിത്യത്തിനൊപ്പം അടിയുറച്ച ഭരണപരിചയവും കർക്കശനിലപാടുകളും രൂപപ്പെടാൻ ഗവർണർപദവി ധൻകറെ തുണച്ചു. രാഷ്ട്രപതിയിൽനിന്ന് വ്യത്യസ്തമായി ഉപരാഷ്ട്രപതിക്ക് രാജ്യസഭയുടെ അധ്യക്ഷപദവി അധികച്ചുമതലയായുണ്ട്. മുതിർന്ന രാഷ്ട്രീയനേതാക്കൾ അണിനിരക്കുന്ന രാജ്യസഭയെ നിയന്ത്രിക്കാനുള്ള കെൽപ്പും ഉപരാഷ്ട്രപതിതിരഞ്ഞെടുപ്പിൽ മാനദണ്ഡമാണ്. ധൻകറുടെ ഭരണസാമർഥ്യം പരീക്ഷിക്കപ്പെടുന്നത് രാജ്യസഭയിലായിരിക്കും.

രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ കർഷകകുടുംബത്തിൽ 1951 മേയ്‌ 18-ന്‌ ഗോകൽചന്ദിന്റെയും കേസരിദേവിയുടെയും മകനായി ജനനം. കിതാന ഗ്രാമത്തിലെ കൃഷിപ്പാടങ്ങളിലെ കുഴമണ്ണിൽ കളിച്ച്, സർക്കാർസ്കൂളിൽ പ്രാഥമികപാഠങ്ങൾ പഠിച്ച്, ചിത്തോർഗഢിലെ സൈനികസ്കൂളിൽ മെറിറ്റ് സ്കോളർഷിപ്പോടെ ഹൈസ്കൂൾപാഠങ്ങൾ ഉറപ്പിച്ച്, രാജസ്ഥാൻ സർവകലാശാലയിൽനിന്ന് ഊർജതന്ത്രത്തിലും നിയമത്തിലും ബിരുദംനേടിയ ധൻകറിന്‌ സിവിൽ സർവീസായിരുന്നു സ്വപ്നം. സിവിൽ സർവീസ് പരീക്ഷ പാസായെങ്കിലും ആഗ്രഹിച്ച ഐ.എ.എസ്. കിട്ടിയില്ല. ഇതോടെ സിവിൽ സർവീസ് മോഹമുപേക്ഷിച്ച് രണ്ടാംസ്വപ്നമായ നിയമരംഗത്തേക്കിറങ്ങി. 1979-ൽ രാജസ്ഥാൻ ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രവർത്തനം തുടങ്ങി. കഠിനാധ്വാനത്തിന്റെ കയറ്റിറക്കങ്ങൾ കടന്ന് 1990-കളിലെത്തിയപ്പോൾ മികച്ച അഭിഭാഷകനായി പേരെടുത്തു. സീനിയർ അഡ്വക്കേറ്റായി അംഗീകരിക്കപ്പെട്ടു. രാജസ്ഥാൻ ഹൈക്കോടതി ബാർ അസോസിയേഷന്റെ പ്രസിഡന്റായി.

വി.പി.സിങ്ങിനോട് ആരാധന, ദേവിലാൽ രാഷ്ട്രീയഗുരു

ഇതിനിടയിലാണ് രാഷ്ട്രീയമോഹം ധൻകറിൽ മുളച്ചത്. വി.പി.സിങ്ങിനെ ആരാധിച്ച് ജനതാദളിലെത്തി. എന്നാൽ, ദേവിലാലായിരുന്നു ധൻകറുടെ രാഷ്ട്രീയഗുരു. 1989-ൽ രാജസ്ഥാനിലെ ജുൻജുനുവിൽനിന്ന് ജനതാദൾസ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചു. 1989-’91 കാലയളവിൽ ലോക്‌സഭാംഗമായി. വി.പി.സിങ്‌ സർക്കാരിൽ പാർലമെന്ററികാര്യ സഹമന്ത്രി. ചന്ദ്രശേഖർ മന്ത്രിസഭയുണ്ടാക്കിയപ്പോഴും ധൻകർ പാർലമെന്ററികാര്യ സഹമന്ത്രിയായി. ഇക്കാലത്ത് സുപ്രീംകോടതിയിലും അഭിഭാഷകനായി ധൻകർ പ്രവർത്തനം തുടങ്ങി. വി.പി.സിങ്‌ സർക്കാരിന്റെ ഭരണകാലത്ത് അഡീഷണൽ സോളിസിറ്റർ ജനറലായിരുന്ന അരുൺ ജെയ്റ്റ്‌ലിയുമായുള്ള ചങ്ങാത്തത്തിന്റെ തുടക്കം ഇവിടെയാണ്. കേന്ദ്രത്തിലെ ജനതാദൾസർക്കാരുകൾ വീണപ്പോൾ ധൻകറുടെ ശ്രദ്ധ സംസ്ഥാനരാഷ്ട്രീയത്തിലായി. 1993-ൽ ആൾവാർ ജില്ലയിലെ കിഷൻഗഢിൽനിന്ന് രാജസ്ഥാൻ നിയമസഭയിലേക്ക് മത്സരിച്ചുജയിച്ചു. 1993മുതൽ 1998വരെ രാജസ്ഥാൻ നിയമസഭാംഗം. 2003-ൽ ബി.ജെ.പി.യിൽ ചേർന്നു. 2003 മുതൽ ബി.ജെ.പി.യിലുണ്ടെങ്കിലും 2019 ജൂലായ് 30-ന് പശ്ചിമബംഗാൾഗവർണറായി നിയോഗിക്കപ്പെടുന്നതുവരെ ധൻകർ ബി.ജെ.പി.യുടെ മുഖ്യധാരാരാഷ്ട്രീയത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

അപ്രതീക്ഷിത നീക്കങ്ങൾ

ഗവർണർപദവി വഹിച്ച മൂന്നുവർഷവും മമതാസർക്കാരുമായി ഏറ്റുമുട്ടലിലായിരുന്നു ധൻകർ. തിരഞ്ഞെടുപ്പ് അക്രമങ്ങൾ, സർവകലാശാലാ പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങളെച്ചൊല്ലി ഇരുവരും നിരന്തരം ഇടഞ്ഞിരുന്നു. മമതയുടെ പ്രായോഗികരാഷ്ട്രീയത്തെയും തെരുവുസമരതന്ത്രങ്ങളെയും തീക്ഷ്ണമായ ബുദ്ധിസാമർഥ്യത്തെയും, നിയമപരിചയവും പ്രായോഗികസമീപനങ്ങളും സൂക്ഷ്മനിരീക്ഷണങ്ങളുംകൊണ്ട് നേരിടാൻ ധൻകർ മടിച്ചില്ല. മമത തെരുവിലിറങ്ങിയപ്പോൾ, ജനങ്ങൾക്കിടയിലിറങ്ങാൻ ഗവർണർപദവിയുടെ പരിധികൾ ധൻകറിന് പരിമിതിയായില്ല. വിളികളും വെല്ലുവിളികളും നിറഞ്ഞ മൂന്നുവർഷം, പരസ്പരം തടയിടാൻ പദവികൾ തമ്മിൽ ­കൊമ്പുകോർത്തു. തിരഞ്ഞെടുപ്പ് അതിക്രമങ്ങളെച്ചൊല്ലി സർക്കാരും ഗവർണറും നിത്യസമരത്തിലായിരുന്നു. ധൻകറെ പൂട്ടാൻ സംസ്ഥാനസർവകലാശാലകളിൽ ഗവർണർക്കുള്ള ചാൻസലർപദവി എടുത്തുകളഞ്ഞ് ബിൽ പാസാക്കുന്നതിലേക്ക് കാര്യങ്ങളത്തി. യുദ്ധം മുറുകുന്നതിനിടയിലാണ് ധൻകറെത്തേടി അപ്രതീക്ഷിതമായി ഉപരാഷ്ട്രപതിസ്ഥാനാർഥിപദമെത്തിയത്. പിന്നീടുനടന്ന കാര്യങ്ങളും നടക്കുന്ന കാര്യങ്ങളും ബംഗാൾരാഷ്ട്രീയത്തിന് അതുവരെ അപരിചിതമായ ചിലത്.

ഡാർജിലിങ്ങിലെ രാജ്ഭവനിൽ ഗവർണറും മമതയും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയുടെ സാന്നിധ്യത്തിൽ മൂന്നുമണിക്കൂർ മുഖാമുഖം ചർച്ചയ്ക്കായി ഇരുന്നു. ചർച്ചയുടെ ഉള്ളടക്കം ടി.എം.സി. നേതാക്കൾക്കുപോലും അറിയില്ലെങ്കിലും ഇരുവർക്കുമിടയിലെ തർക്കങ്ങൾ നാടകീയമായി മറഞ്ഞതായി പ്രതീതി ഉടലെടുത്തു. പ്രതിപക്ഷനിരയുടെ കടിഞ്ഞാൺ മോഹിക്കുന്ന മമത, ഉപരാഷ്ട്രപതിതിരഞ്ഞെടുപ്പിൽനിന്ന് ടി.എം.സി. വിട്ടുനിൽക്കുമെന്ന് തൊട്ടുപിന്നാലെ പ്രഖ്യാപിച്ചു. എൻ.ഡി.എ.യ്ക്ക് ആഹ്ലാദംപകർന്ന പ്രഖ്യാപനം പ്രതിപക്ഷത്തെ ഞെട്ടിച്ചു.

ധൻകറിന്റെ പ്രസക്തി

കർഷകപുത്രനെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും ധൻകറെ വിശേഷിപ്പിച്ചത്. രാജസ്ഥാനിലെ ജാട്ട് നേതാവായ ധൻകറെ ഉപരാഷ്ട്രപതിയായി അവരോധിക്കുന്നതോടെ, കാർഷികനിയമങ്ങളെച്ചൊല്ലി ജാട്ട് വിഭാഗങ്ങൾക്കിടയിലുണ്ടായ അകൽച്ചയുടെ ആക്കംകുറയുമെന്ന കണക്കുകൂട്ടൽ ബി.ജെ.പി. നേതൃത്വത്തിനുണ്ടായിരിക്കണം. എന്നാൽ, ഉന്നതപദവികളിൽ പാർശ്വവത്‌കരിക്കപ്പെട്ടവരുടെയും പിന്നാക്കവിഭാഗങ്ങളുടെയും പ്രാതിനിധ്യമെത്തുന്നത്, അരികുവത്‌കരിക്കപ്പെട്ട ജനസമൂഹത്തിന്റെ ആത്മവിശ്വാസത്തിന് കരുത്തേകുമെന്ന പ്രതീക്ഷ രാഷ്ട്രീയത്തിനപ്പുറമാണ്. ധൻകറുടെ ഉപരാഷ്ട്രപതിപദം അക്കാരണങ്ങളാലും പ്രസക്തമാണ്.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..