കേട്ടതും കേൾക്കേണ്ടതും


ഞങ്ങൾക്ക് പാട്ട് പഠിക്കേണ്ട കാര്യമില്ല. പാട്ട് പിറപ്പിലേ ഉണ്ട്. ഞങ്ങൾ ജനിക്കുമ്പോൾമുതൽ പാട്ടാണ്. ഒരു ജീവിതത്തിൽ കേട്ട് തീരില്ല ഞങ്ങളുടെ പാട്ടുകൾ. ആയിരംമരങ്ങളും കിളികളും ഇല്ലേ ഞങ്ങൾ പിറക്കുന്നിടത്ത്. ആൽമരം വീശണപോലല്ല കാട്ടുമാവ്. ഓരോന്നാണ്. കിളികൾക്കു ആയിരംപാട്ടാണ്. ഓരോന്ന്. കുയിൽ വേറെ കാക്ക വേറെ.
നഞ്ചിയമ്മ

മുമ്പൊക്കെ ദേശീയ ജൂറി അംഗങ്ങൾ നിരൂപകർ, നാടകകൃത്തുക്കൾ തുടങ്ങി അറിയപ്പെടുന്നവരായിരിക്കും. ഇന്ന് ഈ വികൃതികാണിക്കുന്നവർ ആരാണെന്നു ആർക്കുമറിയില്ല. ചെയർമാനെപ്പോലും ആർക്കുമറിയില്ല. ആരോ വന്നിരിക്കുന്നു. എന്തോ പ്രഖ്യാപിക്കുന്നു. എന്തുകൊണ്ട് എന്നുമാത്രം ചോദിക്കരുത്. അത് അന്യായമാണ്.
അടൂർ ഗോപാലകൃഷ്ണൻ

ഗാന്ധിയിൽനിന്ന് ഗോഡ്‌സെയിലേക്കുപോകുന്ന മാറ്റമാണ് ഇന്ത്യയിൽ സംഭവിക്കുന്നത്. പ്രതിമരാഷ്ട്രീയം തലപൊക്കിവരുകയും ജനക്ഷേമരാഷ്ട്രീയം കുഴിച്ചുമൂടുകയുംചെയ്തു. കോടികൾ മുടക്കി നിർമിച്ച പട്ടേൽപ്രതിമയും പാർലമെന്റ് മന്ദിരത്തിലെ അശോകസ്തംഭവും ഇതാണ് സൂചിപ്പിക്കുന്നത്.
പ്രശാന്ത് ഭൂഷൺ

വിദ്യാഭ്യാസമേഖലയിലെ പുരോഗമനപരമായ മാറ്റങ്ങൾ മതതാത്പര്യങ്ങൾക്ക് ദോഷംചെയ്യുമെന്നതരത്തിലുള്ള പ്രസ്താവനകളോട് ഒരുതരത്തിലും യോജിച്ചുപോവാനാവില്ല. വിദ്യാഭ്യാസമേഖലയിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിൽ വേർതിരിവ് വേണ്ട എന്നാണ് എന്റെ അഭിപ്രായം. പെൺകുട്ടികളുടെ സ്വതന്ത്രചലനങ്ങളെ നിലവിലെ വേഷം തടസ്സപ്പെടുത്തുന്നുണ്ട്.
കെ. അജിത

എനിക്ക് കേരളത്തിൽ ഫാൻസുള്ളപോലെ പിണറായി വിജയന് തമിഴ്‌നാട്ടിൽ ഫാൻസുണ്ട്. അദ്ദേഹത്തെപ്പോലെ ഒരു മുഖ്യമന്ത്രി വേണമെന്ന് തമിഴ് മക്കളും ആഗ്രഹിച്ചിരുന്നു. അതുകൊണ്ടുതന്നെ സഖാവ് പിണറായി എനിക്ക് മാതൃകയാണ്.
എം.കെ. സ്റ്റാലിൻ

ലിംഗസമത്വം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. നിരവധി ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷമാണ് ഇത്തരം മാറ്റങ്ങൾ സമൂഹത്തിലുണ്ടായത്. ആ സാമൂഹികസങ്കല്പത്തെ തച്ചുടയ്ക്കാതെ പ്രോത്സാഹനം നൽകാനുള്ള ശ്രമങ്ങൾ നിരവധികോണുകളിൽനിന്ന്‌ ഉണ്ടാകുന്നുണ്ട്. ഈ ഘട്ടത്തിൽ മതത്തോട് ചേർത്ത് ഇതിനെ വായിക്കുന്നതിനോട് തീരെ താത്പര്യമില്ല. വസ്ത്രധാരണം ഒരാളുടെ വ്യക്തിസ്വാതന്ത്ര്യമാണ്. ഈ സ്വാതന്ത്ര്യം അനുവദിച്ചുകൊടുക്കുകയാണ് ഭരണാധികാരികളും രാഷ്ട്രീയപ്രവർത്തകരും ചെയ്യേണ്ടത്.
ബിന്ദു കൃഷ്ണ

അന്ന് റെക്കോഡിൽ ആയിരുന്നല്ലോ പാട്ടുകൾ. ഓരോഭാഗത്തും രണ്ട് പാട്ടുവീതം വരാൻവേണ്ടി ദേവദൂതർ പാടി എന്ന പാട്ട് രണ്ടുഭാഗത്തും വെച്ചു. ഒരുഭാഗത്ത് യേശുദാസ്, കോറസ് എന്നുമാത്രവും മറുവശത്ത് യേശുദാസ്, ലതിക, കോറസ് എന്നുമാണ് പേരുവെച്ചിരുന്നത്. കൃഷ്ണചന്ദ്രന്റെ പേര്‌ അന്നേ എവിടെയുമില്ല. ഇപ്പോൾ വൈറലായിരിക്കുന്ന ഈ പാട്ട് രണ്ടാമത് പാടിയതാണ്. അതിൽ എന്റെഭാഗം മുഴുവൻ ഇപ്പോൾ കോറസാക്കി മാറ്റിയിട്ടുണ്ട്. പുതിയപാട്ടിന് ഇത്രയും സ്വീകാര്യതകിട്ടുമ്പോഴും അതിലെവിടെയും നമ്മുടെ പേരുകൾ പരാമർശിക്കപ്പെടുന്നില്ലല്ലോ എന്നോർക്കുമ്പോൾ വിഷമംതോന്നുന്നു.
ഗായിക ലതിക

ഫെമിനിസ്റ്റ്, കുലസ്ത്രീ ഈ രണ്ടുവാക്കുകളും സമൂഹത്തിൽനിന്ന് എടുത്തുമാറ്റിയാൽ എല്ലാ പ്രശ്നങ്ങളും തീരും. പെണ്ണിനെ പെണ്ണെന്നുവിളിച്ചാൽ പോരേ.
രഞ്ജിനി ജോസ്

ഇന്ന കഥാപാത്രങ്ങളെ ചെയ്യൂ എന്ന നിയന്ത്രണങ്ങളൊന്നുമില്ല. മദ്യപിക്കുന്നതോ മറ്റോ ആയ കഥാപാത്രങ്ങളെയൊക്കെ ഇമേജിനെ നെഗറ്റീവായി ബാധിക്കുമെന്ന ഭയം കാരണം പലരും ഉപേക്ഷിക്കാറുണ്ട്. അവരൊന്നും ആർട്ടിസ്റ്റുകളല്ലേ എന്നാണ് ഞാൻ ചിന്തിക്കാറുള്ളത്. നല്ല സ്ത്രീകൾ, മോശം സ്ത്രീകൾ എന്നൊക്കെ നോക്കിയും കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാറില്ല.
മമ്ത

ആസൂത്രണബോർഡ് അംഗമായി ചുമതലയേൽക്കണോ വേണ്ടയോ എന്ന് പലതവണ ചിന്തിച്ചു. ബോർഡിന്റെ യോഗങ്ങൾക്കുപോകുന്നതിനു സിറ്റിങ്‌ ഫീസോ യാത്രാബത്തയോ വാങ്ങേണ്ടതില്ലെന്നു ആദ്യമേ തീരുമാനിച്ചു. ഞാൻ രണ്ടുവർഷം നോക്കും. അല്ലെങ്കിലും പലതും നടപ്പാക്കാൻ സർക്കാരിന്റെ ആവശ്യമൊന്നുമില്ല. ജനകീയമുന്നേറ്റം മതി. അഞ്ചുപൈസ കൈയിലില്ലാത്ത സർക്കാരിന് പിന്നാലെ നമ്മൾ എന്തിനുനടക്കണം.
സന്തോഷ് ജോർജ് കുളങ്ങര

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..