നഷ്ടമായത് ഗുരുനാഥനെ


വി.ഡി. സതീശൻ - പ്രതിപക്ഷനേതാവ്

ഭരണഘടനയെ ആഴത്തിലറിഞ്ഞ മതേതരവാദി

കോൺഗ്രസെന്ന ആശയത്തെ വികാരമായി കൊണ്ടുനടന്ന നേതാവാണ് ആര്യാടൻ മുഹമ്മദ്. ഏഴുപതിറ്റാണ്ട്‌ മലബാറിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് അദ്ദേഹം നെടുനായകത്വം വഹിച്ചു. മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റായ ആര്യാടന്റെ സ്ഥിരോത്സാഹവും കഠിനപ്രയത്നവുമാണ് മേഖലയിൽ കോൺഗ്രസിന് ശക്തമായ വേരോട്ടമുണ്ടാക്കിയത്.

കാർക്കശ്യംനിറഞ്ഞ രാഷ്ട്രീയ നിലപാടുകൾക്കൊപ്പം എന്തിനെയും നേരിടാനുള്ള ചങ്കൂറ്റമാണ് ആര്യാടൻ മുഹമ്മദ് എന്ന രാഷ്ട്രീയക്കാരനെ പരുവപ്പെടുത്തിയതും വളർത്തിയതും. മലബാറിന്റെ രാഷ്ട്രീയഭൂമികയിൽ മതേതര ജനാധിപത്യത്തിന്റെ അടയാളമായി മാറുകയായിരുന്നു ആ പേര്. ഇന്ത്യയെന്ന മഹത്തായ ആശയത്തിനുവേണ്ടി എക്കാലവും നിലകൊണ്ട കറകളഞ്ഞ മതേതരവാദി. സ്വയാർജിതമായ അറിവുകൊണ്ട് കേരള നിയമസഭയിലെ അതിപ്രഗല്‌ഭരായ അംഗങ്ങളുടെ ഗണത്തിൽ മുൻനിരയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. എനിക്ക് വ്യക്തിപരമായി ഗുരുനാഥനെയാണ് നഷ്ടപ്പെട്ടത്. 2001-ൽ ആദ്യമായി നിയമസഭയിൽ എത്തിയപ്പോൾ നടപടിക്രമങ്ങളെക്കുറിച്ചും ബജറ്റിനെക്കുറിച്ചും ഒരു അധ്യാപകനെപ്പോലെ പറഞ്ഞുതന്നത് ആര്യാടൻസാറാണ്.നിയമനിർമാണ വേളകളിൽ അദ്ദേഹം ഉയർത്തുന്ന വാദഗതികൾ ഏതൊരു പ്രഗല്‌ഭനായ അഭിഭാഷകനെയും അസൂയപ്പെടുത്തുന്ന തരത്തിലായിരുന്നു. നിയമത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഹൈക്കോടതിയിൽ അനുഭവ പരിചയവുമുള്ള ഞാനുൾപ്പെടെയുള്ള മറ്റ് അംഗങ്ങളെക്കാൾ നൂറിരട്ടി ഭരണഘടനാ ബോധ്യം മെട്രിക്കുലേഷൻമാത്രം പാസായ ആര്യാടൻസാറിനുണ്ടായിരുന്നു. ഇന്ത്യൻ ഭരണഘടനയെപ്പറ്റി ഇത്ര ആഴത്തിൽ അറിവുള്ള മറ്റൊരു രാഷ്ട്രീയനേതാവിനെ ഞാൻ കണ്ടിട്ടില്ല. രാഷ്ട്രീയപ്രതിസന്ധികളുണ്ടായ ഘട്ടങ്ങളിലെല്ലാം കൃത്യമായ ഇടപെടലുകളിലൂടെ അവ പരിഹരിച്ച് പാർട്ടിയെയും മുന്നണിയെയും ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുവന്നതിൽ ആര്യാടന്റെ പങ്ക് വലുതാണ്. ട്രേഡ് യൂണിയൻ രംഗത്ത് പ്രവർത്തിച്ചുവന്നതിന്റെ തഴക്കവും പഴക്കവും ആര്യാടനിലെ രാഷ്ട്രീയക്കാരന് പ്രായോഗികജ്ഞാനത്തിന്റെ പൂർണതനൽകി. കോൺഗ്രസിലെ പുതുതലമുറയ്ക്ക് പിന്തുണയും ആവേശവുമായി എന്നും അദ്ദേഹം ഒപ്പമുണ്ടായിരുന്നു. ആര്യാടൻ മുഹമ്മദിന്റെ അസാന്നിധ്യം നിയമസഭയിലുണ്ടാക്കിയ ശൂന്യത ഞങ്ങൾക്കെല്ലാം അനുഭവപ്പെട്ടു. ഇനി കേരളരാഷ്ട്രീയത്തിലൊട്ടാകെ ആ അനാന്നിധ്യം അഭിമുഖീകരിക്കണം.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..