നഷ്ടങ്ങളെ ഭയക്കാത്തൊരാൾ


എം.വി. ശ്രേയാംസ് കുമാർ

തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി വാദിച്ചു

മതേതരമൂല്യങ്ങൾക്കുവേണ്ടി എന്നും ജാഗ്രതയോടെ നിലപാടെടുക്കുകയും വരുംവരായ്കകളെക്കുറിച്ച് ഭയപ്പെടാതെ കാഴ്ചപ്പാടുകൾ തുറന്നുപറയുകയുംചെയ്ത ധീരനായ നേതാവാണ് മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ്. പറഞ്ഞ അഭിപ്രായത്തിലും സ്വീകരിച്ച നിലപാടിലും എന്നും അടിയുറച്ചുനിൽക്കാനുള്ള സത്യസന്ധത അദ്ദേഹം പ്രകടിപ്പിച്ചിട്ടുണ്ട്‌.

പത്താംക്ലാസുവരെ മാത്രമേ വിദ്യാഭ്യാസം നേടാൻ കഴിഞ്ഞുള്ളൂവെങ്കിലും സ്വന്തം പ്രയത്നംകൊണ്ടും വായനയിലൂടെയും അദ്ദേഹത്തിന് മികച്ച തൊഴിലാളിനേതാവ്, നിയമസഭാ സാമാജികൻ, ഭരണാധികാരി, വാഗ്മി തുടങ്ങിയ നിലകളിൽ ആദരണീയസ്ഥാനം നേടിയെടുക്കാൻ സാധിച്ചു. നിയമസഭയിൽ ബജറ്റിനെക്കുറിച്ചുള്ള ആര്യാടൻ മുഹമ്മദിന്റെ പ്രസംഗങ്ങൾ ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. സാമ്പത്തികവിഷയത്തിൽ പ്രത്യേകതാത്‌പര്യമുള്ള അദ്ദേഹം ബജറ്റിന്റെ സമ്പൂർണരേഖ വായിച്ചുമനസ്സിലാക്കി അതിലെ ഓരോ വിഷയവും ഇഴകീറി പരിശോധിച്ച് നിയമസഭയിൽ സംസാരിക്കുന്നത് പലപ്പോഴും എന്നെ അദ്‌ഭുതപ്പെടുത്തിയിട്ടുണ്ട്. ബജറ്റ് മാത്രമല്ല, ഏതുവിഷയവും ഗൗരവമായി പഠിച്ച് മനസ്സിലാക്കിയശേഷംമാത്രം അതേക്കുറിച്ച് പ്രതികരിക്കുകയെന്നത് ആര്യാടന്റെ സവിശേഷമായ ശൈലിയായിരുന്നു. ആദ്യമായി നിയമസഭാംഗമായി എത്തിയപ്പോൾ എനിക്ക് അദ്ദേഹം പല വിഷയങ്ങളിലും മാർഗദർശിയായിരുന്നു. ആര്യാടൻ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാനായിരുന്നപ്പോൾ അതേ കമ്മിറ്റിയിൽ അംഗമായി പ്രവർത്തിക്കാൻ അവസരം ലഭിച്ചു. കമ്മിറ്റിക്കുമുമ്പാകെ വന്ന എല്ലാ കാര്യങ്ങളും സസൂക്ഷ്മം പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്താണ് ആര്യാടൻ അന്ന് കൈകാര്യംചെയ്തിരുന്നത്. മന്ത്രിയായിരുന്നപ്പോൾ ഫയലുകൾ മുഴുവൻ പഠിച്ചശേഷംമാത്രമേ അദ്ദേഹം തീരുമാനങ്ങളെടുത്തിരുന്നുള്ളൂ. പത്തുവർഷം അദ്ദേഹത്തോടൊപ്പം നിയമസഭയിൽ പ്രവർത്തിക്കാൻ കഴിഞ്ഞു. നിയമസഭയിൽ അദ്ദേഹത്തിന്റെ പ്രസംഗമുണ്ടെങ്കിൽ എന്തായാലും അവിടെയുണ്ടാവുമെന്ന് ഞാൻ ഉറപ്പാക്കാറുണ്ട്.എന്റെ പിതാവ് എം.പി. വീരേന്ദ്രകുമാറുമായും ‘മാതൃഭൂമി’യുമായും അദ്ദേഹം എന്നും ആത്മബന്ധം കാത്തുസൂക്ഷിച്ചു. ട്രേഡ് യൂണിയൻ നേതാവെന്ന നിലയിൽ തൊഴിലാളികളുടെ അവകാശങ്ങൾക്കുവേണ്ടി ശക്തമായി വാദിച്ചു. അവർക്കുവേണ്ടി അഹോരാത്രം പ്രവർത്തിച്ചു. ഏതു വിഷയവും അസാധാരണമായ സാമർഥ്യത്തോടെ പഠിച്ചുമനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. മലപ്പുറം ജില്ലയിലെ നിലമ്പൂരിൽനിന്ന് എട്ടുതവണ അദ്ദേഹത്തിന് നിയമസഭയിൽ എത്താൻ കഴിഞ്ഞെന്നത് വലിയ കാര്യമാണ്. മാതൃഭൂമിപത്രം സൂക്ഷ്മമായി വായിച്ച് പലപ്പോഴും അഭിപ്രായങ്ങൾ വിളിച്ചറിയിക്കും. പരിമിതികളെ അതിജീവിച്ച് തന്റെ കഴിവും മികവും തെളിയിക്കാൻ അദ്ദേഹത്തിന്‌ കഴിഞ്ഞു. എന്നോട് എന്നും വലിയ മമതകാണിച്ച അദ്ദേഹം പലകാര്യങ്ങളിലും ഉപദേശിക്കാറുണ്ട്. രാഷ്ട്രീയത്തിനതീതമായി നിലപാടെടുക്കാൻ ആർജവംകാണിച്ച നേതാവെന്നനിലയിൽ എനിക്ക് ഏറെ ബഹുമാനം തോന്നിയിട്ടുള്ള വ്യക്തിയാണ്‌ ആര്യാടൻ മുഹമ്മദ്. അദ്ദേഹത്തിന്റെ മകൻ ആര്യാടൻ ഷൗക്കത്തുമായും ഏറെ അടുപ്പമുണ്ട്. ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിലൂടെ കോൺഗ്രസിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഉണ്ടായ ദുഃഖത്തിൽ പങ്കുചേരുന്നു.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..