വായനക്കാർ സൂക്ഷിക്കുക


ബി.എസ്. ബിമിനിത്

സാങ്കേതികവിദ്യ അതിവേഗം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് ഇറങ്ങിച്ചെന്നതും അതേ വേഗത്തിൽ ആ മാറ്റങ്ങൾക്ക് അനുസൃതമായ നിയന്ത്രണങ്ങളോ നിയമനിർമാണമോ വരുത്താൻ സർക്കാരുകൾക്ക് കഴിയാതെ പോയതുമാണ് വ്യാജവാർത്തകളുടെ വളർച്ച ഇത്ര വേഗത്തിലാക്കിയത്

.

വാർത്തകൾതേടി നടന്നിരുന്ന കാലത്തുനിന്നും നമ്മളെത്തേടി വാർത്തകളെത്തുന്ന കാലമാണ് ഇത്. അച്ചടിയിൽനിന്നും റേഡിയോയും ടെലിവിഷനും പിന്നിട്ട് ഇന്റർനെറ്റിലെത്തി നിൽക്കുന്ന മാധ്യമയാത്രയിൽ വ്യാജവാർത്തകളുടെ (FAKE NEWS) സാന്നിധ്യം ഇത്രയേറെ വർധിച്ചതിൽ ഒന്നാംപ്രതി സാമൂഹിക മാധ്യമങ്ങളാണെന്ന്‌ ആഗോളതലത്തിൽ നടന്ന പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന വ്യാജവിവരമടങ്ങിയ വാട്‌സാപ്പ് സന്ദേശങ്ങൾ കാരണം ആളുമാറി ഒട്ടേറെപ്പേരെ ആൾക്കൂട്ടം തല്ലിക്കൊലപ്പെടുത്തിയ ഇന്ത്യ ആ വിഷയത്തിൽ ഒന്നാംനമ്പർ ഇരയാണ്.

വ്യാജവാർത്തകളുടെ വളർച്ചസാങ്കേതികവിദ്യ അതിവേഗം സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് ഇറങ്ങിച്ചെന്നതും അതേ വേഗത്തിൽ ആ മാറ്റങ്ങൾക്ക് അനുസൃതമായ നിയന്ത്രണങ്ങളോ നിയമനിർമാണമോ വരുത്താൻ സർക്കാരുകൾക്ക് കഴിയാതെ പോയതുമാണ് വ്യാജവാർത്തകളുടെ വളർച്ച ഇത്ര വേഗത്തിലാക്കിയത്. കൊറോണ ലോകത്തെ സ്തംഭിപ്പിച്ച 2020-ൽമാത്രം മുൻവർഷങ്ങളെ അപേക്ഷിച്ച് വ്യാജവാർത്തകളുടെയും വളച്ചൊടിച്ച വാർത്തകളുടെയും എണ്ണത്തിൽ ഏതാണ്ട് 214 ശതമാനം വർധനയുണ്ടായതായാണ് നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക്. 2020-ൽ 1527 കേസുകളാണ് ഇന്ത്യയെങ്ങും റിപ്പോർട്ട് ചെയ്തതെങ്കിൽ, 2019-ൽ അത് 486 ആയിരുന്നു. 2018-ൽ 280-ഉം. വളർച്ചയുടെ ഗ്രാഫ് വ്യക്തം.

എന്തുകൊണ്ട് ഇന്ത്യ

ആളുകൾ വീട്ടിലടച്ചിരുന്ന ഈ ലോക്ഡൗൺ കാലത്ത് നോവൽ കൊറോണ വൈറസിനെക്കുറിച്ചുള്ള വ്യാജവിവരങ്ങൾ ലോകത്തിന് സംഭാവന ചെയ്തതിൽ ഒന്നാംസ്ഥാനം ഇന്ത്യക്കായിരുന്നുവെന്ന് കാനഡയിലെ ആൽബെർട്ട യൂണിവേഴ്‌സിറ്റി നടത്തിയ പഠനം വ്യക്തമാക്കുന്നു. ബ്രസീലും അമേരിക്കയുമാണ് രണ്ടുംമൂന്നും സ്ഥാനത്ത്. ചെറുനാരങ്ങയും ഗ്രാമ്പൂവുമൊക്കെ ഉപയോഗിച്ച് പലരും കൊറോണയെ ചെറുക്കാൻ ശ്രമിച്ച ആ കാലത്തെ വ്യാജവാർത്തകളിൽ 91 ശതമാനവും ഇന്റർനെറ്റിൽനിന്ന് ഉയിരെടുത്തതും ആയിരുന്നു. മുഖ്യധാരാ മാധ്യമങ്ങൾ പ്രവർത്തിക്കാൻ നന്നേ ബുദ്ധിമുട്ടിയ ആ കാലത്തായിരുന്നു വ്യാജവാർത്തകളുടെ കുത്തൊഴുക്കുണ്ടായത് എന്നതും ശ്രദ്ധേയം. എല്ലാ വ്യാജവാർത്തകളുടെയും വിഷയം വരുമ്പോൾ എന്തുകൊണ്ട് ഇന്ത്യ എന്നു ചോദിച്ചാൽ, ജനസംഖ്യയുടെയും വിവരസാങ്കേതിക വിദ്യയുടെയും കാര്യത്തിൽ നമ്മൾ നേടിയ വളർച്ച എന്നുതന്നെയാണ് അതിനുള്ള ഉത്തരവും. അതേസമയം വ്യാജവാർത്തകൾ കണ്ടെത്തി ഇല്ലാതാക്കുന്നതിൽ തുടക്കത്തിൽ നമുക്കുണ്ടായ പിഴവും.

വാട്‌സാപ്പ് യൂണിവേഴ്‌സിറ്റിയിലെ വിളമ്പുകാർ

മുഖ്യധാരാ മാധ്യമങ്ങൾക്കുമേൽ വാട്‌സാപ്പ് ആധിപത്യം സ്ഥാപിച്ചുവരുന്ന കാലം കൂടിയാണിത്. എന്തും വാട്‌സാപ്പിൽ കണ്ടാൽ രണ്ടാമത് ആലോചിക്കാതെ കണ്ണും പൂട്ടി വിശ്വസിക്കുന്ന ഈ കാലത്താണ് വാട്‌സാപ്പിൽ ആരോ മനഃപൂർവം പ്രചരിപ്പിച്ച സന്ദേശങ്ങൾ നമ്മുടെ നാടിന് ഒരു ഹർത്താൽ സമ്മാനിച്ചത് എന്നോർക്കണം. ദിനപ്പത്രങ്ങളെക്കാൾ, ടെലിവിഷനെക്കാൾ കൂടുതൽ വാട്‌സാപ്പ് സന്ദേശങ്ങളെ വിശ്വസിക്കുന്നവരുടെ എണ്ണം കൂടിവരുന്ന കാലത്ത് അടുത്തിടെ ഓക്സ്‌ഫഡ് യൂണിവേഴ്‌സിറ്റിയിലെ റോയിട്ടേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട പഠനം ഒരു ചൂണ്ടുപലകയാണ്.

ഇന്ത്യക്കാരിൽ 77 ശതമാനം പേർ മാധ്യമങ്ങളെ വിശ്വാസത്തിലെടുക്കുന്നുണ്ടെങ്കിലും അതിൽ 54 ശതമാനം പേർ വാട്‌സാപ്പ് വഴി വരുന്ന വാർത്തകൾ വിശ്വസിക്കുന്നു എന്നാണ് റോയിട്ടേഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് പഠനം വെളിപ്പെടുത്തുന്നത്. 51 ശതമാനം പേർ ഗൂഗിളിനെയും യുട്യൂബിനെയും 41 ശതമാനം പേർ ഫെയ്‌സ്ബുക്കിനെയും 27 ശതമാനം ഇൻസ്റ്റഗ്രാമി​െനയും വിശ്വസിക്കുന്നു. ഇന്ത്യക്കുപുറമേ ബ്രസീൽ, യു.കെ., അമേരിക്ക എന്നിവിടങ്ങളിൽ നടത്തിയ പഠനങ്ങളിൽ ഭൂരിഭാഗം പേരും പറയുന്നത് വാർത്തകൾക്കുവേണ്ടി സോഷ്യൽ മീഡിയയെ ആശ്രയിക്കുന്നില്ല എന്നു തന്നെയാണ്. നേരംപോക്കിനും സുഹൃത്തുക്കളുമായി ആശയവിനിമയം സാധ്യമാക്കുന്നതിനും വേണ്ടിയാണ് അവർ വാട്‌സാപ്പും ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും അടങ്ങിയ സോഷ്യൽ മീഡിയയെ ആശ്രയിക്കുന്നത്. അതിനിടെ ക്ഷണിച്ചും ക്ഷണിക്കാതെയും കയറിവരുന്ന അതിഥികളാണ് വാർത്തകളും വിവരങ്ങളും. അവ പലരുടെയും സ്വയം സൃഷ്ടികളാവുന്നു എന്നുവരുമ്പോഴാണ് വിവരങ്ങൾ വ്യാജമാകുന്നത്.

ചില ചോദ്യങ്ങൾ

ആ വാർത്തകൾക്ക് എന്താണ് വിശ്വാസ്യത എന്ന് ചിന്തിക്കുന്നവരും മറ്റുള്ളവർക്ക് പങ്കുവെക്കും മുമ്പ് എത്രപേർ വിവരങ്ങളൊക്കെ ശരിയാണ് എന്ന് ഉറപ്പുവരുത്താൻ ശ്രമിക്കുന്നുണ്ട് എന്നതും പ്രസക്തമായ ചോദ്യങ്ങളാണ്. നെറ്റിലെ വൈറൽ വിഭവങ്ങളുടെ ചേരുവയിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കാൻ എളുപ്പമാണെന്നാണ് നമ്മുടെ അനുഭവം. മനഃപൂർവവും അല്ലാതെയും അങ്ങനെയൊക്കെ സംഭവിക്കുകയും അത് കടുത്ത ക്രമസമാധാന പ്രശ്നമായി മാറുകയും ചെയ്തപ്പോഴാണ് കേന്ദ്രസർക്കാർ സോഷ്യൽമീഡിയാ കമ്പനികൾക്ക് കൂച്ചുവിലങ്ങിടാൻ പുതിയ നിയമനിർമാണങ്ങൾ കൊണ്ടുവന്നത്.

വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള സോഷ്യൽ മീഡിയ കമ്പനികളെ ഇന്ത്യയിലെ നിയമവ്യവസ്ഥയ്ക്ക് കീഴിലാക്കുകയും അവയ്ക്ക് ഇന്ത്യയിൽ ഒരു ഉന്നത ഉദ്യോഗസ്ഥനെ ചുമതലയേൽപ്പിക്കുകയും ചെയ്യുന്ന നിലയിലേക്ക് നയിച്ചത് ഈ നീക്കമാണ്. അവർ അതോടെ സ്വയം നിയന്ത്രിക്കാൻ നിർബന്ധിതരായെങ്കിലും തങ്ങളുടെ മാധ്യമങ്ങളിൽ വരുന്ന ഉള്ളടക്കങ്ങൾക്ക് മേൽ അവർക്ക് എത്രത്തോളം നിയന്ത്രണമുണ്ട് എന്നാണ് ഇന്നുയരുന്ന ചോദ്യം.

മുഖ്യധാരാ മാധ്യമങ്ങളും വ്യാജവാർത്തകളുടെ പിടിയിൽനിന്നും മോചിതരല്ല എന്നത് അടുത്തിടെ ദേശീയതലത്തിൽപ്പോലും സംഭവിച്ച കാര്യങ്ങളിൽനിന്ന് വ്യക്തമാണ്. വ്യാജമായി കെട്ടിപ്പടുത്ത വാർത്തകളും പാതി സത്യവും പാതി കളവുമായ വാർത്തകളും ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞുള്ള വ്യാജ പ്രചാരണവുമെല്ലാം വ്യാജവാർത്തകൾ എന്ന പൊതു ടാഗിൽ വരുന്നതാണ്. ഒരു ദിനപത്രമോ, റേഡിയോ ചാനൽ വാർത്തയോ മാത്രമുള്ള കാലത്തല്ല, വിവരങ്ങളുടെ കുത്തൊഴുക്കിലാണ് നമ്മൾ ജീവിക്കുന്നത് എന്ന ധാരണയുണ്ടാകുകയും ഉറവിടം വ്യക്തമല്ലാത്ത വിവരങ്ങൾ വിശ്വസിക്കാതിരിക്കുക എന്നതുമാണ് വാർത്തകളിലെ വ്യാജനെ ചെറുക്കാനുള്ള ലളിതമായ വഴി.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..