ഹൃദയം ദേവാലയം


ഡോ. ജിമോൻ പന്യാംമാക്കൽ

ലോക ഹൃദയദിനം നാളെ

പ്രതീകാത്മക ചിത്രം

ഹൃദ്രോഗംമൂലം ലോകത്ത്‌ ഓരോവർഷവും ഏകദേശം 19 ദശലക്ഷം മരണമുണ്ടാവുന്നു. ഇതിൽ ഒമ്പത്‌ ദശലക്ഷത്തോളം സ്ത്രീകളാണ്. ഹൃദയധമനികളെ ബാധിക്കുന്ന അസുഖങ്ങളും പക്ഷാഘാതവും ഉൾപ്പെടുന്ന കണക്കാണിത്‌. ഇന്ത്യയിലിത്‌ വർഷം 2.7 ദശലക്ഷത്തോളമാണ്‌. അതായത് രാജ്യത്തെ ആകെ മരണത്തിന്റെ മൂന്നിലൊന്നോളം കാർഡിയോ വാസ്കുലാർ അസുഖങ്ങൾ കാരണമാണ്.
കേരളത്തിലെ അവസ്ഥ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതൽ പരിതാപകരമാണ്. വർഷം ഏകദേശം 1,25,000 പേരാണ് ഇത്തരം അസുഖംമൂലം മരിക്കുന്നത്. കണക്കുകൾ ഭീതിജനകമാണെങ്കിലും ഇത്തരം രോഗങ്ങൾ ഒരു പരിധിവരെ തടയാൻകഴിയുമെന്നതാണ് ആശാവഹമായ കാര്യം. പല രാജ്യത്തും ചിട്ടയായ പ്രവർത്തനങ്ങളുടെ ഫലമായി 70 വയസ്സിനുതാഴെയുള്ളവരിൽ ഇത്തരം അസുഖങ്ങൾ വരുന്നത് 80 മുതൽ 90 ശതമാനംവരെ കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഹൃദയാരോഗ്യം എങ്ങനെ നിലനിർത്താംഹൃദയരോഗങ്ങൾ അഥവാ അതിന് കാരണമാകുന്ന രക്താതിമർദം, രക്തത്തിലെ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും ഉയർന്ന അളവ് എന്നിവ വന്നശേഷം ഹൃദയാരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നത് കതിരിൽ വളംവെക്കുന്നതിന്‌ തുല്യമാണ്. നല്ല ഹൃദയാരോഗ്യത്തിനായി ചെറുപ്പത്തിലേ തീരുമാനമെടുക്കണം. പ്രധാനമായും പുകയിലയുടെ ഉപയോഗം, വ്യായാമത്തിന്റെ കുറവ്, അനാരോഗ്യകരമായ ഭക്ഷണരീതി, മദ്യത്തിന്റെ അമിതോപയോഗം എന്നിവയാണ് ഹൃദയത്തിന്റെ അനാരോഗ്യത്തിലേക്ക് നയിക്കുന്നത്.

കേരളം നേരിടുന്ന പ്രധാന അപകടഘടകം വ്യായാമത്തിന്റെ കുറവാണ്. ദിവസവും നാലുമണിക്കൂറിൽ കൂടുതൽ ഇരിക്കുന്നത്, ദിവസേന രണ്ടുസിഗരറ്റ് വലിക്കുമ്പോഴുണ്ടാവുന്ന അപകടത്തിനുതുല്യമാണ്. വ്യായാമമെന്നാൽ കായികാഭ്യാസക്കളരിയിൽ ചേർന്നുള്ള പ്രവൃത്തികൾ മാത്രമല്ല. നാം ഒരുദിവസമെടുക്കുന്ന കാൽച്ചുവടുകളുടെ എണ്ണവും ഹൃദയാരോഗ്യവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ദിവസം 8000 മുതൽ 10000 വരെ കാൽച്ചുവടുകൾ എടുക്കുന്നത് ഹൃദയാരോഗ്യത്തിന്‌ നല്ലതാണ്‌. ഇത് എത്രത്തോളം കൂട്ടാൻകഴിയുന്നോ അത്രയും നല്ലത്‌. എല്ലാദിവസവും 30 മുതൽ 45 മിനിറ്റുവരെ നല്ല വേഗത്തിൽ നടക്കുന്നത് ഏകദേശം 8000 ചുവടുകളിലേക്കെത്താൻ സഹായിക്കും.

ഹൃദയാരോഗ്യം നിലനിർത്താനുള്ള ആഹാരക്രമം അതിപ്രധാനമാണ്. കേരളീയരിൽ അരിയാഹാരത്തിനുള്ള പ്രാധാന്യം ഒഴിവാക്കാനാവില്ല. എന്നാൽ, അന്നജം ധാരാളം പ്രദാനംചെയ്യുന്ന അരിയാഹാരവും മരച്ചീനിയും കിഴങ്ങുവർഗങ്ങളും നൽകുന്ന ഊർജത്തിന്റെ അളവ് കേരളീയരായ നമ്മുടെ ശരാശരി ദിവസത്തിനുവേണ്ട ഊർജത്തിന്റെ ഏകദേശം 60 ശതമാനംവരെയാണ് . ഇത് 45-50 ശതമാനത്തിലേക്ക് താഴ്ത്താൻ കഴിഞ്ഞാൽ നന്നായിരിക്കും. പച്ചക്കറികളും പഴങ്ങളും മുളപ്പിച്ച പയർവർഗങ്ങളും ഇതിനുപകരമായി കൂടുതൽ ഉപയോഗിക്കുക. സാധാരണക്കാർ എങ്ങനെ ഈ ശതമാനക്കണക്ക് ഓർത്തിരിക്കുമെന്ന് ചിന്തിച്ചേക്കാം. എന്നാൽ, നമ്മുടെ ഭക്ഷണത്തിൽനിന്ന്‌ ഒരുപിടി ചോറ് കുറച്ച് കഴിക്കുന്നതും ഒരു ചപ്പാത്തി കുറവ് കഴിക്കുന്നതും അന്നജം പ്രദാനംചെയ്യുന്ന ഭക്ഷണത്തിൽ ഒരുപങ്ക്‌ കുറവുവരുത്തുന്നതുംവഴി നമുക്ക് ഈ ലക്ഷ്യംനേടാം. അതായത് ഹൃദയാരോഗ്യത്തിനായി ഭക്ഷണക്രമത്തിൽ ആത്മത്യാഗമോ രക്തസാക്ഷിത്വമോ ഒന്നുമല്ല ആവശ്യപ്പെടുന്നത്; കൊച്ചുമാറ്റങ്ങൾമാത്രം.

ശരാശരി നാലുമുതൽ അഞ്ചുഗ്രാംവരെ അധികം ഉപ്പ് നാം ദിവസവും ഉപയോഗിക്കുന്നു. രക്തധമനികളുടെ ആരോഗ്യത്തെയും രക്തസമ്മർദത്തെയും നിയന്ത്രിക്കുന്നതിൽ ഉപ്പ് പ്രധാന പങ്കുവഹിക്കുന്നു. ഉപ്പിന്റെ ഉപയോഗം പകുതിയായി കുറയ്ക്കാൻ പെട്ടെന്ന്‌ കഴിഞ്ഞെന്നുവരില്ല. എന്നാൽ, പടിപടിയായി ഉപയോഗം കുറയ്ക്കാൻ ശ്രമിക്കണം.
പുകയിലയും മദ്യവും തീരേ ആവശ്യമില്ലാത്തതും അപകടകാരിയുമായ ഘടകങ്ങളാണ്. ഇവയുടെ ഉപയോഗം നിയന്ത്രിക്കുകയാണ് ഉത്തമം.

മതിയായ ഉറക്കത്തിന്റെ ആവശ്യം

ഹൃദയാരോഗ്യം നിലനിർത്തുന്നതിന് ഉറക്കത്തിന് പ്രാധാന്യമുണ്ട്. ഉറക്കക്കുറവും അമിതമായ ഉറക്കവും ഹൃദയാരോഗ്യത്തെ ബാധിച്ചേക്കാം. ഏകദേശം എട്ടുമണിക്കൂർ ഉറക്കം ആവശ്യമാണ്. എന്നാൽ, ഡിജിറ്റൽയുഗത്തിൽ ജീവിക്കുന്ന കുട്ടികളിലും യുവാക്കളിലും മുതിർന്നവരിലും ഉറക്കത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വികലമാണ്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെ അതിപ്രസരം കാരണം ഓരോ വ്യക്തിയുടെയും സ്‌ക്രീൻ ടൈം (മൊബൈൽ ഫോണിലും ടി.വി.യിലും കംപ്യൂട്ടറിലും െചലവഴിക്കുന്ന സമയം) കൂടുതലാണ്. ഇത്തരം വേളകളിൽ വ്യക്തികൾ പൂർണമായും വ്യായാമവിമുഖരായി ഇരിക്കുന്നതോടൊപ്പം ഇത് അവരുടെ ശരിയായ ഉറക്കത്തെയും ബാധിക്കുന്നു. ചില മുൻകരുതലുകൾ ശീലിക്കുകവഴി ഇത്തരം ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കാം. ഉറങ്ങാൻ പോകുന്നതിനുതൊട്ടുമുമ്പ്‌ അത്തരം ഉപകരണങ്ങളെ ആശ്രയിക്കാതെ സമയം െചലവഴിക്കുന്നത്‌ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

മാനസികപിരിമുറുക്കം ലഘൂകരിക്കാനായി വിവിധ കളികളിൽ ഏർപ്പെടുന്നതും ധ്യാനനിഷ്ഠ ശീലിക്കുന്നതും യോഗയിൽ മുഴുകുന്നതും ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. മാനസികപിരിമുറുക്കം അനുഭവിക്കുന്നവർ ഉചിതമായ സഹായത്തിന് ആരോഗ്യ പ്രവർത്തകരെ സമീപിക്കുന്നതും പ്രയോജനംചെയ്യും.

കേരളം ശ്രദ്ധിക്കുക!

കേരളത്തിൽ അമിതരക്തസമ്മർദമുള്ളവർ ഏകദേശം 4.8 ദശലക്ഷവും പ്രമേഹമുള്ളവർ ഏകദേശം മൂന്നുദശലക്ഷവുമാണ്. ഹൃദയധമനികളുടെ രോഗമായ കൊറോണറി ആർട്ടറി ഡിസീസുള്ള ഏകദേശം 1.8 ദശലക്ഷം പേർ കേരളത്തിൽ ഒരേസമയത്ത് ജീവിക്കുന്നു. ഒരു ലക്ഷത്തോളം പേർ ഹൃദയപരിക്ഷീണിതർ എന്നറിയപ്പെടുന്ന ഹാർട്ട് ഫെയ്‌ലിയർ കാരണം വിഷമിക്കുന്നു. 45000-ഓളം പേർ ഡയാലിസിസിന് വിധേയരായി ജീവിക്കുന്നു. കണ്ണിന്റെ റെറ്റിനയിലുള്ള രക്തക്കുഴലുകളുടെ തകരാറുമൂലമുള്ള റെറ്റിനോപ്പതിയുള്ളവരും ധാരാളം.

ശ്രീചിത്ര ഹോസ്പിറ്റലിലെ അസോസിയേറ്റ് പ്രൊഫസറും ശാന്തിസ്വരൂപ് ഭട്നാഗർ അവാർഡ് ജേതാവുമാണ് ലേഖകൻ

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..