ക്യുറേറ്റഡ് ജേണലിസം പരമപ്രധാനം -എൻ.റാം


സത്യാനന്തരകാലത്ത് മാധ്യമപ്രവർത്തനം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാൻ വസ്തുതാധിഷ്ഠിത മാധ്യമപ്രവർത്തനത്തിലൂടെ മാത്രമേ സാധിക്കൂവെന്ന് വിലയിരുത്തി മാതൃഭൂമിയുടെ മാധ്യമസംവാദം. തങ്ങൾക്ക് ഇഷ്ടമല്ലാത്തതൊന്നും സത്യമല്ലെന്ന് അധികാരകേന്ദ്രങ്ങൾ വ്യാഖ്യാനിക്കുന്ന കാലത്ത് സ്വതന്ത്രവും നിർഭയവുമായി സത്യം വിളിച്ചുപറഞ്ഞാലേ മാധ്യമപ്രവർത്തനത്തിന് ഭാവിയുള്ളൂ. പ്രൊഫഷണൽ മാധ്യമപ്രവർത്തകർ തിരഞ്ഞെടുത്ത്, പരിശോധിച്ച്, സമാഹരിച്ച് വാർത്തകൾ നൽകുന്ന ക്യുറേറ്റഡ് മീഡിയയ്ക്ക്, ഇത്തരം ശാസ്ത്രീയരീതികൾ സ്വീകരിക്കാത്ത സാമൂഹിക മാധ്യമങ്ങൾ ഉയർത്തുന്ന വെല്ലുവിളി നേരിടാനാവും. ലോകവാർത്താദിനമായ ബുധനാഴ്ച നടത്തിയ ‘സേക്രഡ് ഫാക്ട്‌സ്-മീഡിയ ഇൻ എ പോസ്റ്റ് ട്രൂത്ത് വേൾഡ്’ എന്ന സംവാദത്തിൽ രാജ്യത്തെ മാധ്യമരംഗത്തെ പ്രമുഖരാണ് മാധ്യമപ്രവർത്തനം നേരിടുന്ന വർത്തമാനകാല വെല്ലുവിളികളെയും മുന്നോട്ടുള്ള യാത്രയെയുംപറ്റി സംവദിച്ചത്. ദ ഹിന്ദു മുൻ എഡിറ്റർ ഇൻ ചീഫ് എൻ. റാം സംവാദം ഉദ്ഘാടനം ചെയ്തു. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ എക്സ്‌പ്രസ് മുൻപത്രാധിപർ അരുൺ ഷൂരി, ഇന്ത്യാ ടുഡേ ടി.വി. കൺസൾട്ടിങ് എഡിറ്റർ രാജ്ദീപ് സർദേശായി, ഇന്ത്യൻ എക്സ്‌പ്രസ് ഡെപ്യൂട്ടി ഡയറക്ടർ അനന്ത് ഗോയങ്ക എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മാതൃഭൂമി ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് ദേവിക ശ്രേയാംസ്‌കുമാർ സ്വാഗതവും മാതൃഭൂമി ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ രാജീവ് ദേവരാജ് നന്ദിയും പറഞ്ഞു. ഡെയ്‌ലി ഹണ്ടുമായി സഹകരിച്ചാണ് സംവാദം സംഘടിപ്പിച്ചത്.

എൻ.റാം

ഉദ്‌ഘാടന പ്രസംഗം

വാർത്തയിലെ വസ്തുത പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ പ്രൊഫഷണലുകൾ സംഘടിപ്പിച്ച് തിരഞ്ഞെടുത്ത്, അവതരിപ്പിക്കുന്ന ക്യുറേറ്റഡ് മാധ്യമ പ്രവർത്തനത്തിന് പരമ പ്രധാന പങ്കാണ് സമൂഹത്തിൽ നിർവഹിക്കാനുള്ളത്‌. പഴയകാലം മുതൽ പല തരത്തിലുള്ള പത്രപ്രവർത്തനം നിലവിലുണ്ടെങ്കിലും അവയൊന്നും ക്യുറേറ്റഡ് പത്രപ്രവർത്തനവുമായി താരതമ്യം ചെയ്യാനാവില്ല.സംഭവങ്ങൾ നടക്കുന്ന മുറയ്ക്ക് ശാസ്ത്രീയരീതിയിൽ അതിനെ വിശകലനം ചെയ്ത് അവതരിപ്പിക്കുക എന്നതാണ് പ്രൊഫഷണൽ ജേണലിസ്റ്റുകളുടെ ഉത്തരവാദിത്വം. 'വാർത്തകൾ വസ്തുതകളിൽ വേരൂന്നിയാൽ മാത്രമേ മൂല്യാധിഷ്ഠിതമാകുകയുള്ളൂ. നിഷ്പക്ഷവും വ്യവസ്ഥാപിതവുമായ മാർഗങ്ങളിലൂടെ സംഭവങ്ങളിലെയും വിഷയങ്ങളിലെയും വസ്തുത സമൂഹത്തിന്റെ മുന്നിലെത്തിക്കാൻ കഴിയണം. നിർമിത ബുദ്ധി, മെഷീൻ ലേണിങ്, മെറ്റാവേഴ്‌സ് എന്നിവ തുറന്നിടുന്ന പുതിയ ലോകം, സമൂഹമാധ്യമങ്ങളും ടെക്‌നോളജി കമ്പനികളും ഉയർത്തുന്ന വെല്ലുവിളികൾ, രാഷ്ട്രീയ-സാമൂഹിക ചേരിതിരിവുകൾ, പണപ്പെരുപ്പം, അഭിപ്രായ സ്വാതന്ത്ര്യം നിഷേധിച്ച് മാധ്യമ സ്ഥാപനങ്ങൾക്കുനേരേ നടക്കുന്ന ആക്രമണങ്ങൾ തുടങ്ങിയ സാഹചര്യങ്ങളെ നേരിട്ടാണ് മാധ്യമസ്ഥാപനങ്ങൾ ഇന്ന് നിലനിൽപ്പിനായി പോരാടുന്നത്.

മൂന്നു കേന്ദ്രചുമതലകളാണ് പ്രൊഫഷണൽ മാധ്യമ പ്രവർത്തനത്തിന് നിർവഹിക്കാനുള്ളത്. വിശ്വാസ്യതയുള്ളതും വിജ്ഞാനപ്രദവും ആവുക, വിമർശനാത്മകവും വിശകലനാത്മകവും അന്വേഷണാത്മകവും ആവുക, വിനോദിപ്പിക്കുക എന്നിവയാണത്. സമൂഹ വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയും അഭിപ്രായപ്രകടനത്തിന് വേദിയൊരുക്കുകയും നാടിനുവേണ്ട അജൻഡ ഒരുക്കുകയുമാണ് ഇതിലൂടെ നിർവഹിക്കപ്പെടേണ്ടത്.

വ്യാജ വാർത്തകൾ രണ്ടുവിധത്തിൽ സംഭവിക്കുന്നുണ്ട്. ഒന്ന് സമൂഹത്തെ വഴിതെറ്റിക്കുന്നതിനായി മനപ്പൂർവം സൃഷ്ടിക്കുന്ന വ്യാജ സന്ദേശങ്ങൾ. മറ്റൊന്ന് അബദ്ധത്തിൽ സംഭവിക്കുന്ന തെറ്റുകൾ. രണ്ടാമത്തേത് താരതമ്യേന കുറവും അപകടം കുറഞ്ഞതുമാണ്. എന്നാൽ മനപ്പൂർവം സൃഷ്ടിക്കുന്ന വ്യാജവാർത്തകൾ സമൂഹത്തിന് ഉണ്ടാക്കുന്ന ആഘാതം നമ്മൾ കോവിഡ് കാലത്ത് കണ്ടതാണ്.

പ്രൊഫഷണൽ മാധ്യമങ്ങൾ ഫലപ്രദമായി ഇടപെട്ടതുകൊണ്ടാണ് വ്യാജ വാർത്തകളുടെ മുന ഒരു പരിധി വരെയെങ്കിലും ഒടിക്കാൻ കഴിഞ്ഞത്. കോവിഡ് രോഗികളുടെ എണ്ണം വളരെ ഉയർന്നു നിന്നിട്ടും കേരളത്തിൽ മരണ നിരക്ക് കുറയാനിടയായത് വ്യാജ വാർത്തകളെ പ്രൊഫഷണൽ മാധ്യമങ്ങൾ ഫലപ്രദമായി നേരിട്ടതുകൊണ്ടും കൂടിയാണ്.
മറുവശത്ത് കോവിഡിനെ നേരിടാൻ വ്യാജ മരുന്നുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ജനങ്ങളെ വഴിതെറ്റിച്ചതും നാം കണ്ടു.

മാതൃഭൂമിക്ക് അഭിനന്ദനം

രണ്ടു കാര്യങ്ങളിൽ മാതൃഭൂമിയെ അഭിനന്ദിച്ചുകൊണ്ടാണ് സ്ലൈഡുകളുടെ സഹായത്തോടെയുള്ള തന്റെ പ്രഭാഷണം എൻ. റാം ആരംഭിച്ചത്. ‘സത്യം, സമത്വം, സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യം ഉയർത്തി രാജ്യത്തെ ജനപ്രീതിയാർജിച്ച പത്രങ്ങളിൽ ഒന്നായ മാതൃഭൂമി നൂറാം വാർഷികത്തിലേക്ക് കടക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിലും ഐക്യ കേരള മുന്നേറ്റത്തിലും സാമൂഹിക പരിഷ്‌കരണത്തിലും അഭിമാനകരമായ പാരമ്പര്യം പേറുന്ന മാതൃഭൂമിക്ക് ഇന്ത്യയിലെ ഏറ്റവും മുന്നേറ്റം കൈവരിച്ച സംസ്ഥാനമെന്ന കേരളത്തിന്റെ ഖ്യാതിയിൽ നിർണായക പങ്കാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫഷണൽ ജേണലിസം നേരിടുന്ന വെല്ലുവിളികൾ ഗൗരവത്തോടെ ചർച്ച ചെയ്യാൻ മാതൃഭൂമി മുൻകൈയെടുത്തതിനെയും റാം അഭിനന്ദിച്ചു.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..