സെൻസർഷിപ്പിനെ അതിജീവിക്കാൻ ജനം സജ്ജരാകണം -അരുൺ ഷൂരി


ഇത് വ്യാജവാർത്തകളുടേയും സ്‌പോൺസേഡ് വാർത്തകളുടെയും സ്‌പോൺസേഡ് അഭിപ്രായങ്ങളുടെയും സ്‌പോൺസേഡ് ചാനലുകളുടേയും കാലമാണ്. സ്വതന്ത്രവും നിർഭയവുമായ മാധ്യമപ്രവർത്തനം അവസാനിച്ചുകൊണ്ടിരിക്കുന്ന നാളുകൾ. ഈ അവസ്ഥയിൽ നമ്മളെന്ത് ചെയ്യണം എന്നതിനെക്കുറിച്ച് ഏതാനും കാര്യങ്ങൾ പറയാം. ആദ്യത്തേത് നിങ്ങളുടെയും മറ്റുള്ളവരുടെയും അഭിപ്രായങ്ങൾ വിപണനം ചെയ്യുന്നതിനുപകരം വസ്തുതകളിൽ ഊന്നുക എന്നതാണ്. വസ്തുതകൾക്ക് അവയുടേതായ ശക്തിയുണ്ട്. പത്രങ്ങളിൽ വരുന്ന കാർട്ടൂണുകൾ കാണുന്നവരെയും എഡിറ്റോറിയൽ പേജിലെ വീക്ഷണങ്ങൾ വായിക്കുന്നവരെയുംകാൾ എത്രയോ കൂടുതൽപേർ വാർത്തകൾ വായിക്കുന്നു. അതിനാൽ ദയവായി വസ്തുതകൾക്ക് പ്രാധാന്യം നൽകുക.

ഈ വസ്തുതകൾ മാധ്യമപ്രവർത്തകർ കണ്ടെത്തിയതും അവർതന്നെ വിശകലനം ചെയ്തതും ആയിരിക്കണം എന്നതാണ് രണ്ടാമത്തെ കാര്യം. കമ്പനികളും സർക്കാരും വസ്തുതകൾ എന്നപേരിൽ വിശദീകരിക്കുന്നവ ആയിരിക്കരുത്. നിങ്ങൾതന്നെ പരിശോധിച്ച് ഉറപ്പിച്ചവ ആയിരിക്കണം ആ വസ്തുതകൾ. ‘എക്‌സ്’ ഇങ്ങനെ പറഞ്ഞു, ‘വൈ’ ഇങ്ങനെ പറഞ്ഞു, സർക്കാർ ഇങ്ങനെ പറയുന്നു, പ്രതിപക്ഷം അങ്ങനെ പറയുന്നു... ഇങ്ങനെ അഭിപ്രായങ്ങൾക്കുമാത്രമായി നമ്മുടെ വാർത്താ ചാനലുകളും മാധ്യമങ്ങളും എത്രമാത്രം ഇടം നൽകുന്നുവെന്നും വസ്തുതകൾക്ക് ആനുപാതികമായി കിട്ടുന്ന ഇടം എത്രയെന്നും താരതമ്യപ്പെടുത്തുക. ഇതല്ല ജനം ആഗ്രഹിക്കുന്നത്. ഇതെല്ലാം പരിശോധിച്ചശേഷം നിങ്ങൾക്ക് മനസ്സിലായ വാസ്തവമാണ് അവർക്ക് അറിയേണ്ടത്. ഇതിന് രേഖകളെ ആശ്രയിക്കണം. ഓഫീസുകളിൽനിന്ന് പുറത്തിറങ്ങി എന്താണ് നാട്ടിൽ നടക്കുന്നതെന്ന് മനസ്സിലാക്കുകയാണ് വാസ്തവം അറിയാനുള്ള ഏറ്റവും നല്ലവഴി.വാർത്തകൾ റിപ്പോർട്ട് ചെയ്താൽ മാത്രം പോര. അവയിലേയ്ക്ക് വീണ്ടും വീണ്ടും തിരിച്ചുവന്നുകൊണ്ടിരിക്കണം. അല്ലെങ്കിൽ വാർത്ത വാണപ്പടക്കം കൊളുത്തിവിട്ടതുപോലെ ആവും. ബാങ്ക്റപ്‌സി കോഡ് രാജ്യം നടപ്പാക്കിയപ്പോൾ അത് എഴുപത് വർഷത്തെ വലിയ വിപ്ലവമാണെന്ന് വാഴ്‌ത്തപ്പെട്ടു. ഇപ്പോൾ അത് എവിടെയെത്തിയെന്ന് എത്ര വായനക്കാർക്ക് അറിയാം?

നിർഭയവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനത്തിന് ഇടം കുറഞ്ഞുവരുന്നതായി ഞാൻ പറഞ്ഞല്ലോ. ഇതിനെതിരേ സർഗാത്മകമായ പ്രതികരണങ്ങൾ ഉണ്ടാവണം. മുഖ്യധാര മാധ്യമങ്ങൾ ഏറിയവയും സർക്കാരിന്റെ താളത്തിന് തുള്ളുമ്പോൾ, സർക്കാർ പറയുന്നത് പശുവിനെയും പോത്തിനെയും പോലെ അയവിറക്കിക്കഴിയുമ്പോൾ എന്താണ് യഥാർഥത്തിൽ നടക്കുന്നതെന്ന് പറയാൻ ഇന്ന് മുഖ്യധാരാ മാധ്യമങ്ങൾക്കപ്പുറം ചില മാധ്യമങ്ങളും സ്വതന്ത്ര മാധ്യമപ്രവർത്തകരുമുണ്ട്.

നമ്മുടെമേൽ ചാരപ്രവർത്തനം നടത്താൻ സർക്കാർ സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്നുവെന്ന് നമ്മൾ വിലപിക്കാറുണ്ട്. സർക്കാരിന്റെ നിയന്ത്രണങ്ങളെ അതിജീവിക്കാൻ നമ്മളും സാങ്കേതികവിദ്യ പ്രയോഗിക്കണം. ഈ സാഹചര്യങ്ങളെ അതിജീവിക്കാൻ എല്ലാ പൗരരും സജ്ജരാകണം. മൊബൈൽ ഫോൺ കൈയ്യിലുള്ളവരെല്ലാം ഇന്ന് മാധ്യമപ്രവർത്തകരാണ്. കോവിഡ് കാലത്ത് ഒട്ടേറെ വിവരങ്ങൾ പുറത്തെത്തിച്ചത് സാധാരണ പൗരരാണ്. ഇത്രയും വിശാലമായ രാജ്യത്ത് മാധ്യമപ്രവർത്തകർക്ക് എല്ലായിടത്തും എത്താനാവില്ല. അതുപോലെ വിദേശത്തുള്ള ഇത്തരം വ്യക്തികളുമായി ബന്ധമുണ്ടാക്കണം. ഇന്ത്യയിൽ ഏതെങ്കിലും വിവരം പുറത്തെത്തിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് കരുതുക. അത് ഏതെങ്കിലും വഴി വിദേശത്തേയ്ക്ക് എത്തിയാൽ അവിടെനിന്ന് ലോകമാകെ വ്യാപിക്കും. തിരിച്ച് ഇന്ത്യയിലും എത്തും.

എല്ലായിപ്പോഴും പൂച്ചയെപ്പറ്റി പരാതി പറഞ്ഞുകൊണ്ടിരിക്കുന്ന എലിക്കുഞ്ഞ് ഒരിക്കലും അതിജീവിക്കില്ല. പൂച്ചയ്‌ക്കെതിരേ പൊതുതാത്പര്യ ഹർജികൾ നൽകിക്കൊണ്ടിരുന്നിട്ടും കാര്യമില്ല. അതിന് പൂച്ചയെ വെട്ടിച്ച് രക്ഷപ്പെടാനുള്ള വഴികൾ മനസ്സിലാക്കിയാലേ പറ്റൂ.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..