എന്നെ നയിക്കുന്നത് എന്റെ ബോധ്യമാണ് കോൺഗ്രസ് തകരരുതെന്ന ബോധ്യം


3 min read
Read later
Print
Share

1897-ൽ ചേറ്റൂർ ശങ്കരൻ നായർ കോൺഗ്രസ് പ്രസിഡന്റ്സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഇതാദ്യമായി ഒരു മലയാളി ഇന്ത്യയിലെ ­ഏറ്റവും പ്രായമുള്ള രാഷ്ട്രീയപ്പാർട്ടിയുടെ തലപ്പത്തേക്ക് മത്സരിക്കുകയാണ്. ശങ്കരൻ നായരെപ്പോലെ ശശി തരൂരിന്റെയും വേരുകൾ പാലക്കാട് ­ജില്ലയിലാണെന്നത് യാദൃച്ഛികതയാവാം. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാനതീയതിയായ സെപ്റ്റംബർ 30-ന് വെള്ളിയാഴ്ച പത്രിക ­സമർപ്പിക്കുമെന്ന് കോൺഗ്രസ് നേതാവും തിരുവനന്തപുരം എം.പി.യുമായ ശശി തരൂർ വ്യക്തമാക്കിക്കഴിഞ്ഞു. കോൺഗ്രസ് ഒരു പുതിയ വഴിത്തിരിവിന്റെ മുനമ്പിൽനിൽക്കെ ശശി തരൂർ മാതൃഭൂമി പ്രതിനിധി കെ.എ. ജോണിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽനിന്ന്

ശശി തരൂർ |ഫോട്ടോ:ANI

? കോൺഗ്രസ് പ്രസിഡന്റ്സ്ഥാനത്തേക്ക് മത്സരിക്കാൻ അന്തിമമായി താങ്കളെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്താണ്
= പ്രസിഡന്റ്സ്ഥാനത്തേക്കുള്ള മത്സരം കോൺഗ്രസിന്റെ ആഭ്യന്തരവിഷയമാണെങ്കിലും ഇതൊരു വലിയ അവസരമായാണ് ഞാൻ കാണുന്നത്. കോൺഗ്രസ് എന്ന പ്രസ്ഥാനത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ വലിയതോതിൽ താത്‌പര്യം ഉടലെടുക്കുന്നതിനും പാർട്ടി പ്രവർത്തകരെ ഉത്തേജിപ്പിക്കുന്നതിനും ഉണർത്തുന്നതിനുമുള്ള അവസരം. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ വൻതിരിച്ചടിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രസിഡന്റ്സ്ഥാനം രാഹുൽ ഗാന്ധി രാജിവെച്ചപ്പോൾ ആ തീരുമാനത്തിൽനിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചവരിൽ ഞാനുമുണ്ടായിരുന്നു. പക്ഷേ, അദ്ദേഹം അതിൽ ഉറച്ചുനിന്നു, അപ്പോൾപിന്നെ നമ്മൾ ആ നിലപാടിനെ ബഹമാനിക്കുകതന്നെ വേണം. അത് പറയുമ്പോൾ തന്നെ നമ്മൾ മനസ്സിലാക്കേണ്ടത് കാര്യങ്ങൾ നേരെയാക്കാൻ കൂടുതൽ സമയം എടുക്കുന്തോറും പാർട്ടിയുടെ പരമ്പരാഗത വോട്ടുബാങ്കിൽ ചോർച്ചയുണ്ടാവുന്നതിനുള്ള സാധ്യത ഏറെയാണെന്നതാണ്. അതുകൊണ്ടാണ് പ്രസിഡന്റ്സ്ഥാനത്തേക്കുൾപ്പെടെ പാർട്ടിക്കുള്ളിൽ സുതാര്യമായ തിരഞ്ഞെടുപ്പ് നടക്കണമെന്ന് ഞാൻ കഴിഞ്ഞ കുറെക്കാലമായി ആവശ്യപ്പെടുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഒരു നേതാവിന് കുറെക്കൂടി ഫലപ്രദമായി സംഘടനാപരമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനാവും. പാർട്ടി അണികളെ ഉണർത്തുകവഴി പാർട്ടിയുടെ പുനരുജ്ജീവനം ശക്തിപ്പെടുത്താനും ഈ നേതാവിന് കഴിയും. പൊതുജനങ്ങൾക്കിടയിൽ ഇങ്ങനെയൊരു നേതാവിന് കൂടുതൽ സ്വീകാര്യതയുണ്ടാവും. ‘കാര്യങ്ങൾ അതിന്റെ വഴിക്ക് നടക്കും’ എന്ന ചിന്താഗതി നമ്മളെ ഒരിടത്തുമെത്തിക്കില്ല.
ഇന്നിപ്പോൾ കോൺഗ്രസിനുമുന്നിലുള്ള പ്രശ്നത്തിന് രണ്ടു തലങ്ങളുണ്ട്. രാഷ്ട്രത്തിന്റെ മനസ്സും ഭാവനയും പിടിച്ചെടുക്കുന്നതിനുള്ള പ്രസാദാത്മകമായ ഒരു ദർശനം മുന്നോട്ടുവെക്കുന്നതിനൊപ്പംതന്നെ പാർട്ടി നേരിടുന്ന സംഘടനാപരവും ഘടനാപരവുമായ പ്രതിസന്ധികൾ തരണംചെയ്യുക എന്നതാണത്. ഇന്നത്തെ ഈ സംവിധാനത്തിൽ ദീർഘകാലമായി കുടുങ്ങിക്കിടന്നതിലൂടെയുള്ള ബാധ്യതകളില്ലാത്ത ഒരു പുതിയ നേതാവിന് ഈ രണ്ട് ഉത്തരവാദിത്വങ്ങളും (പുറത്തുനിന്ന് കൂടുതൽ വോട്ടുകൾ ആകർഷിക്കുക, പാർട്ടിയെ കൂടുതൽ ഊർജസ്വലമാക്കുക) നിർവഹിക്കാനാവും. പാർട്ടിക്കുള്ളിലും പുറത്തും കൊണ്ടുവരേണ്ട മാറ്റങ്ങളെക്കുറിച്ച് ആരോഗ്യകരവും ക്രിയാത്മകവുമായ ചർച്ചകൾക്ക് വഴിമാറുന്നതിലൂടെ എല്ലാ തലങ്ങളിലും ചലനാത്മകത സൃഷ്ടിക്കുന്നതിന് ജനാധിപത്യപരമായ മത്സരത്തിനാവും. മൂന്ന് മുഖ്യകാരണങ്ങൾകൊണ്ടാണ് മത്സരിക്കാൻ ഞാൻ തീരുമാനിച്ചത്. ഒന്ന്‌, ജനാധിപത്യപരമായ മത്സരം പാർട്ടിയെ ശക്തിപ്പെടുത്തുമെന്ന കോൺഗ്രസ് അധ്യക്ഷയുടെയും രാഹുൽ ഗാന്ധിയുടെയും കാഴ്ചപ്പാടിനോട് ഞാൻ യോജിക്കുന്നു. രണ്ട്‌, അധികാരം കൂടുതൽ വികേന്ദ്രീകൃതമാക്കുക, ചർച്ചകൾക്കും കൂടിയാലോചനകൾക്കും കൂടുതൽ സംവിധാനങ്ങൾ ഒരുക്കുക, എല്ലാതലങ്ങളിലും നേതൃത്വവുമായി കൂടുതൽ സംവദിക്കുന്നതിനും അടുക്കുന്നതിനും പാർട്ടി പ്രവർത്തകർക്ക് അവസരമുണ്ടാക്കുക എന്നിങ്ങനെ പാർട്ടിക്കൊരു പുതുജീവൻ പകരുന്നതിന് എനിക്ക് എന്റേതായ ഒട്ടേറെ ആശയങ്ങളുണ്ട്. മൂന്ന്‌, എന്തിലെങ്കിലും നമ്മൾ ശക്തമായി വിശ്വസിക്കുന്നുണ്ടെങ്കിൽ അതിനായി എന്ത് പ്രത്യാഘാതം നേരിടുന്നതിനും നമ്മൾ തയ്യാറാവണം. വ്യക്തിജീവിതത്തിലും രാഷ്ട്രീയജീവിതത്തിലും എന്നെ നയിക്കുന്ന വിശ്വാസപ്രമാണമാണിത്.

? ഈ പോരാട്ടത്തിൽ താങ്കളുടെ കരുത്തായി താങ്കൾ കാണുന്നതെന്താണ്
= സംഘടനാപരമായ പരിഷ്‌കാരങ്ങൾക്കൊപ്പം ഫലപ്രദമായ നേതൃത്വവും ഉണ്ടാവുന്നതിലൂടെ മാത്രമേ കോൺഗ്രസ് ഇന്ന് നേരിടുന്ന പ്രതിസന്ധികൾ മറികടക്കാനാവുകയുള്ളൂ. സംഘടനകളുടെ ഉയർന്നതലങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിക്കാനായതിന്റെ തെളിവുകളും രേഖകളും എനിക്ക് മുന്നോട്ടുവെക്കാനാവും. ഉദാഹരണത്തിന് ഐക്യരാഷ്ട്ര സംഘടനയിൽ എന്റെ പ്രവർത്തനം പരിശോധിക്കാം. അവിടെ പൊതുവിവര വകുപ്പിന്റെ ചുമതലയുള്ള അണ്ടർ സെക്രട്ടറി ജനറൽ എന്ന നിലയിൽ ഐക്യരാഷ്ട്ര സംഘടനയിലെ ഏറ്റവും വലിയ വകുപ്പിന്റെ ആശയവിനിമയ സംവിധാനത്തിനാണ് ഞാൻ നേതൃത്വം നൽകിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 77 ഓഫീസുകളും 800 ജീവനക്കാരുമുള്ള ഈ വകുപ്പിന് ദിശാബോധം നൽകുന്നതിനും അതിന്റെ ബജറ്റ് അതിരുകടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും പ്രവർത്തനങ്ങൾക്ക് മൂർച്ചകൂട്ടുന്നതിനും എനിക്ക് കഴിഞ്ഞു. ഐക്യരാഷ്ട്ര സംഘടനയ്ക്ക് ഞാൻ നേതൃത്വം നൽകണമെന്ന കാഴ്ചപ്പാടിലേക്ക് പലരെയും നയിച്ചത് എന്റെ ഈ പ്രവർത്തനശൈലിയാണ്. അടുത്തകാലത്തുനിന്നുള്ള ഉദാഹരണം വേണമെങ്കിൽ അഖിലേന്ത്യ പ്രൊഫഷണൽ കോൺഗ്രസ് ചെയർമാൻ എന്നനിലയിലുള്ള പ്രവർത്തനം നോക്കാം. ഒന്നുമില്ലായ്മയിൽനിന്നാണ് ഞാൻ ഈ കൂട്ടായ്മ വളർത്തിക്കൊണ്ടുവന്നത്. ഇക്കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ 20 സംസ്ഥാനങ്ങളിൽനിന്നായി പതിനായിരം പ്രവർത്തകരുള്ള സജീവസംഘടനയായി പ്രൊഫഷണൽ കോൺഗ്രസ് വളർന്നുകഴിഞ്ഞു.
ബി.ജെ.പി.യെപ്പോലൊരു പാർട്ടിയെ നേരിടുന്നതിനും കോൺഗ്രസിനെ സംഘടനാപരമായി ശക്തിപ്പെടുത്തുന്നതിനും എനിക്ക് എന്റേതായ മുൻഗണനകളുണ്ട്. പാർട്ടിയുടെ സംഘടനാതലത്തിൽ എനിക്ക് മുൻപരിചയമില്ലെന്ന് വിമർശിക്കുന്നവരുണ്ട്. പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ വല്ലാതെ അപലപിക്കപ്പെടുന്ന സാഹചര്യത്തിൽ ഇങ്ങനെയൊരു മുൻപരിചയം ഇല്ലാത്തതാവാം ചിലപ്പോൾ കൂടുതൽ അഭികാമ്യം. വിജയിക്കണമെന്ന വാശിയോടെയല്ലാതെ ഞാൻ ഒരു തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല.

? ജി-23 താങ്കളെ ഉപാധികളില്ലാതെ പിന്തുണയ്ക്കുമോ
= ജി-23 ഒരു സംഘടനയല്ല. ആ പദം മാധ്യമസൃഷ്ടിയാണ്. കോൺഗ്രസിനെ പുനരുജ്ജിവിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന വിശാലലക്ഷ്യത്തിന് തടസ്സമുണ്ടാക്കുന്ന സമീപനമാണിത്. കോവിഡ് ലോക്‌ഡൗൺ കാലത്ത് ഡൽഹിയിലുണ്ടായിരുന്ന 23 പേർ ചേർന്ന് കോൺഗ്രസ് നേതൃത്വത്തിനുള്ള ഒരു കത്തിൽ ഒപ്പിട്ടു എന്ന സാംഗത്യമേ ജി-23നുള്ളൂ. ജി-23ന്റെ പ്രതിനിധിയായല്ല ഞാൻ മത്സരിക്കുന്നത്. അവരുടെ പിന്തുണ ഞാൻ തേടിയിട്ടുമില്ല. പാർട്ടിയെ ശക്തിപ്പെടുത്തുകയാണ്, അല്ലാതെ തകർക്കുകയല്ല എന്റെ സ്ഥാനാർഥിത്വത്തിന്റെ ഉദ്ദേശ്യം. ജി-23 വരുന്നതിനും എത്രയോ മുമ്പ്, 2014 മുതൽ മുന്നോട്ടുവെക്കുന്ന ചില പരിഷ്‌കാരങ്ങളുടെ വക്താവെന്നനിലയിലാണ് ഞാൻ ഈ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെയല്ല, മുഴുവൻ കോൺഗ്രസ് പ്രവർത്തകരുടെയും പിന്തുണയാണ് ഈ പോരാട്ടത്തിൽ ഞാൻ പ്രതീക്ഷിക്കുന്നത്.

? അശോക് ഗഹ്‌ലോത്‌ താങ്കൾക്കെതിരേ മത്സരിക്കില്ലെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പാർട്ടി ഹൈക്കമാൻഡ് ശരിക്കും നിഷ്പക്ഷസമീപനം പുലർത്തുമെന്ന് താങ്കൾ കരുതുന്നുണ്ടോ
= രാജസ്ഥാനിലെ സംഭവവികാസങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പ്രത്യേകിച്ച് പാർട്ടി അധ്യക്ഷ അവിടത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആത്മാർഥമായി ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ. ഹൈക്കമാൻഡ് നിഷ്പക്ഷമായിരിക്കുമോ എന്ന ചോദ്യത്തിന് എന്റെ ഉത്തരം കോൺഗ്രസ് അധ്യക്ഷയും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കഴിഞ്ഞ രണ്ടാഴ്ചകളിൽ പലവട്ടം എന്നോട് നടത്തിയ സംഭാഷണങ്ങളിൽ തന്നിട്ടുള്ള ഉറപ്പാണ്. മത്സരം സ്വാഗതം ചെയ്യുന്നെന്നും പല സ്ഥാനാർഥികളും കളത്തിലിറങ്ങട്ടെയെന്നും ഒരാളെയും പ്രത്യക്ഷമായോ പരോക്ഷമായോ തങ്ങൾ പിന്തുണയ്ക്കുകയില്ലെന്നുമാണ് നെഹ്രു, ഗാന്ധി കുടുംബം എന്നോട് വ്യക്തമാക്കിയിട്ടുള്ളത്. ഈ ഉറപ്പുകൾ സന്തോഷത്തോടെയാണ് ഞാൻ അംഗീകരിക്കുന്നത്.

? മത്സരിക്കാനുള്ള തീരുമാനം കോൺഗ്രസിൽ താങ്കളുടെ ഭാവിയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് നിരീക്ഷണമുണ്ട്‌.
= നേരത്തേ പറഞ്ഞതുപോലെ, എന്റെ ബോധ്യങ്ങളുടെ പുറത്താണ് ഞാൻ മത്സരിക്കുന്നത്. ഈ തിരഞ്ഞെടുപ്പ് പാർട്ടിയെ ശക്തിപ്പെടുത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്യുമെന്ന ബോധ്യം. ചില കോണുകളിൽനിന്ന് പ്രതികൂലവും വിപരീതവുമായ പ്രതികരണങ്ങൾക്ക് ഇത് വഴിയൊരുക്കുകയാണെങ്കിൽ അങ്ങനെയാവട്ടെ! ഈ പോരാട്ടത്തിൽ ഒരു അധഃസ്ഥിതനായാണ് ഞാൻ കാണപ്പെടുന്നതെന്നതിൽ എനിക്ക് അഭിമാനമേയുള്ളൂ. നിലവിലുള്ള അവസ്ഥ നിലനിർത്താനും നിക്ഷിപ്തതാത്‌പര്യങ്ങൾ സംരക്ഷിക്കാനും വ്യവസ്ഥിതി ഒന്നിച്ചുനിൽക്കുമെന്ന് ചിലർ വിശ്വസിക്കുന്നതും എന്നെ അലട്ടുന്നില്ല. ചില ഘട്ടങ്ങളിൽ നമ്മുടെ ബോധ്യങ്ങൾക്കനുസരിച്ച് ശരിയെന്നുതോന്നുന്ന കാര്യങ്ങൾ ചെയ്യുന്നതിനുള്ള ധൈര്യം നമുക്കുണ്ടാവണം, പ്രത്യാഘാതങ്ങൾ എന്തുതന്നെയായാലും!

Content Highlights: edit page

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..