ഇത് രാഹുലിനെ കണ്ടെത്തൽ


രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ കണ്ണും കാതുമാണ് കോൺഗ്രസ് ജനറൽ സെക്രട്ടറിയും പാർട്ടി വാർത്താവിതരണവിഭാഗം തലവനുമായ ജയറാം രമേശ്. കേരളത്തിൽ 18 ദിവസം പൂർത്തിയാക്കി യാത്ര ­തമിഴ്‌നാടുവഴി കർണാടകത്തിലേക്ക് പോകുമ്പോൾ ഇതുവരെയുള്ള ­അനുഭവവും പ്രതീക്ഷകളും അദ്ദേഹം മാതൃഭൂമിയോട് പങ്കുവെക്കുന്നു. ­മാതൃഭൂമി പ്രതിനിധി വിനോയ് മാത്യുവിന്‌ അനുവദിച്ച അഭിമുഖത്തിൽനിന്ന്

? ഇതുവരെയുള്ള യാത്രയെ പാർട്ടി എങ്ങനെ കാണുന്നു
= പൊതുജനങ്ങളുടെ പ്രതികരണം അസാധാരണമായിരുന്നു. ഇത്രയും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ജാഥ കോൺഗ്രസിനെ അദ്‌ഭുതപ്പെടുത്തി, സി.പി.എമ്മിനെ നടുക്കി, ബി.ജെ.പി.യെ പരിഭ്രാന്തരാക്കി. കേരളം എന്നും കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നുവെന്നത് ശരി. പക്ഷേ, പ്രശ്നങ്ങളുടെ നടുവിൽ നിന്നിട്ടും, കോൺഗ്രസിനെ പിന്തുണയ്ക്കാത്തവർപോലും ജാഥയെ പിന്തുണച്ച് മുന്നോട്ടുവന്നു. ഉജ്ജ്വലമായ തുടക്കമാണിത്. അധികാരംപോലുമില്ലാത്ത കേരളത്തിൽ 18 ദിവസം എങ്ങനെ പിടിച്ചുനിൽക്കുമെന്നതായിരുന്നു ഞങ്ങളുടെ ഉത്‌കണ്ഠ. പക്ഷേ, ഓരോ ദിവസവും മികച്ചതായിരുന്നു. എല്ലാ സായാഹ്നങ്ങളിലും 40,000-50,000 പേർ വരുകയാണ്. ഓപ്പണിങ്ങിൽത്തന്നെ സിക്സറടിച്ച അനുഭവം. അത് വല്ലാത്ത ആത്മവിശ്വാസമാണ് തന്നത്. അതേസമയം, ഭാരത് ജോഡോ ട്വന്റി 20 അല്ല, മാരത്തണാണ്. കേരളത്തിലെ സ്വീകാര്യത കർണാടകത്തിലും നിലനിർത്തുകയാണ് ഇനിയുള്ള വെല്ലുവിളി. അവിടെ ബി.ജെ.പി.യാണ് ഭരിക്കുന്നത്. പക്ഷേ, കോൺഗ്രസ് ശക്തമാണ്. ഞങ്ങൾക്ക് ഒട്ടേറെ മുഖ്യമന്ത്രിസ്ഥാനാർഥികൾപോലുമുണ്ട് (ചിരി)

? വ്യക്തിപരമായ അനുഭവം പറഞ്ഞാൽ
= കേരളത്തിൽ ജാഥപോയ സ്ഥലത്തെല്ലാം കേന്ദ്രമന്ത്രി എന്നനിലയിൽ ഞാൻ പലവട്ടം വന്നിട്ടുണ്ട്. പക്ഷേ, നടക്കുകയെന്നത് വേറിട്ടൊരു അനുഭവമാണ്. ഔദ്യോഗികകാറിൽ സഞ്ചരിക്കുന്നതിൽനിന്ന് തികച്ചും വ്യത്യസ്തം. ഹോട്ടലിനുപകരം കണ്ടെയ്‌നറിൽ 18 ദിവസം കിടന്നുറങ്ങുന്നത് വേറിട്ട അനുഭവമല്ലേ. കേരളത്തിലെ മിക്കവർക്കും കുറച്ചെങ്കിലും ഹിന്ദി അറിയാമെന്നത് എനിക്ക് മറ്റൊരു അദ്‌ഭുതമായി. തമിഴ്‌നാടുപോലെ കേരളത്തിൽ ഹിന്ദിയോട് അകൽച്ചയില്ല. ആ അർഥത്തിൽ കേരളംതന്നെ മിനി ജോഡോയാത്രയാണ്. പക്ഷേ, ­ഇവിടത്തെ സെൽഫിസംസ്കാരം! ദൈവമേ, അത് മാനേജ്ചെയ്യാൻ വലിയ പാടായിരുന്നു. കോവിഡിനുശേഷം നേരിട്ട മറ്റൊരു പകർച്ചവ്യാധി (ചിരി).? സി.പി.എം. പ്രതികരണത്തെക്കുറിച്ച്
= കേരളത്തിൽ സി.പി.എമ്മിന് വേവലാതിയുണ്ടായി. പക്ഷേ, സീതാറാം യെച്ചൂരി യാത്രയെ സ്വാഗതംചെയ്തു. അദ്ദേഹം പ്രതിപക്ഷ ഐക്യത്തിനുവേണ്ടി നിലകൊള്ളുന്നയാളാണ്. പിണറായി വിജയൻ കേരളത്തിൽ കോൺഗ്രസിനോട് ഏറ്റുമുട്ടുന്നയാളാണ്. അതുകൊണ്ട് അദ്ദേഹത്തിന്റെ പ്രതികരണം വേറിട്ടതാകുക സ്വാഭാവികം. യെച്ചൂരി കൂടുതൽ ജനാധിപത്യവാദിയാണ്. സി.പി.എമ്മിൽ കേരളലോബിയും ബംഗാൾ ലോബിയും ഉണ്ടെന്നറിയാമല്ലോ. യെച്ചൂരി കേരളലോബിയിൽ​പ്പെടില്ല. പ്രകാശ് കാരാട്ടും വൃന്ദാ കാരാട്ടും ബംഗാൾ ലോബിയാണ്. യാത്രയിൽ സി.പി.എമ്മിനെ ആക്രമിക്കാൻ ഞാൻ ഉദ്ദേശിച്ചതല്ല. പക്ഷേ, കേരളത്തിലെത്തിയ ആദ്യദിവസംതന്നെ അവർ ട്വിറ്ററിലൂടെ ചോദിച്ചു, ‘എന്തുകൊണ്ട് യു.പി.യിൽ രണ്ടുദിവസവും കേരളത്തിൽ 18 ദിവസവു’മെന്ന്. ഞങ്ങളെ ആക്രമിച്ചാൽ തിരിച്ചടിക്കാതിരിക്കാൻ കഴിയില്ല. അതുകൊണ്ടാണ് സി.പി.എം. കേരളത്തിൽ ബി.ജെ.പി.യുടെ എ ടീമാണെന്ന് പറഞ്ഞത്. ദേശീയതലത്തിൽ ഭാരത് ജോഡോ യാത്രയിൽനിന്ന് ശ്രദ്ധതിരിക്കാൻ ബി.ജെ.പി. ഓരോ തന്ത്രങ്ങൾ നടപ്പാക്കിയിരുന്നു. സി.പി.എം. ഇവിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രശ്നങ്ങൾ പൊക്കിക്കൊണ്ടുവന്നു. കേരളത്തിൽ ബി.ജെ.പി.ക്ക് 12 ശതമാനം വോട്ടുമാത്രമേയുള്ളൂ. കോൺഗ്രസിന്റെ കുറച്ചുവോട്ടുകൾ ബി.ജെ.പി.ക്ക് പിടിച്ചുകൊടുക്കാൻപറ്റുമോ എന്നാണ് അവർ നോക്കുന്നത്. ബംഗാളിൽ കോൺഗ്രസിനെയും സി.പി.എമ്മിനെയും ദുർബലപ്പെടുത്തുന്നതിൽ മമത വിജയിച്ചു. പക്ഷേ, പകരം ഭസ്മാസുരനായ ബി.ജെ.പി.യെയാണ് വളർത്തിയത്. അവരതിൽ ഖേദിക്കുന്നുണ്ട്. ആ പരീക്ഷണമാണ് സി.പി.എം. കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഞാൻ പറയും. ഇങ്ങനെയൊക്കെയാണെങ്കിലും ദേശീയതലത്തിൽ ഞങ്ങളും സി.പി.എമ്മും വളരെ യോജിപ്പിലാണ്. യെച്ചൂരി സി.പി.എമ്മിന്റെ ജനറൽ സെക്രട്ടറിയും കോൺഗ്രസിന്റെ വിസിറ്റിങ്‌ ജനറൽ സെക്രട്ടറിയുമാണെന്ന് ഞാൻ പറയാറുണ്ട്. എനിക്ക് അദ്ദേഹത്തെ ഏറെ ഇഷ്ടമാണ്‌; പ്രകാശ് കാരാട്ടിനെയും. രണ്ടുപേരും നന്നായി വായിക്കും പഠിക്കും.

? രാഹുൽ പദയാത്രയ്ക്കുവേണ്ട ഊർജം ആവാഹിക്കുന്നതിനെക്കുറിച്ച്
= അദ്‌ഭുതാവഹം. സുരക്ഷാപ്രശ്നങ്ങളെ മുഴുവൻ അവഗണിച്ച് തെരുവിലിറങ്ങിയിരിക്കയാണ് അദ്ദേഹം. രാത്രി പന്ത്രണ്ടരയ്ക്കാണ് കിടക്കുന്നത്. എന്നിട്ടും രാവിലെ അഞ്ചരയ്ക്ക് റെഡിയാകും. ദിവസവും 20-25 കിലോമീറ്റർ നടക്കുക മാത്രമല്ല, അതുകഴിഞ്ഞുള്ള സമയത്ത് വിവിധ വിഭാഗങ്ങളെ കാണുന്നു, നേതാക്കളുമായി ചർച്ചനടത്തുന്നു, ഫോട്ടോയ്ക്ക് നിന്നുകൊടുക്കുന്നു. നൂറുമീറ്റർ സ്‌പ്രിന്റ്‌ ചാമ്പ്യനല്ല, മാരത്തൺ ചാമ്പ്യനാണ് രാഹുൽ. ഭാരത് ജോഡോ യാത്ര ഒരു സഹനംകൂടിയാണ്. ഏഴുദിവസത്തിലൊരിക്കലേ വിശ്രമമുള്ളൂ. രാവിലെയും വൈകീട്ടും നാലുനാലര മണിക്കൂർ നടക്കുമ്പോൾ ശാരീരികമായി മാത്രമല്ല, മാനസികമായും തളരും. പക്ഷേ, രാഹുൽ കൂടുതൽ ഊർജസ്വലനാവുകയാണ് ദിവസവും. ശരിയായ രാഹുൽ ഗാന്ധി ഇപ്പോഴാണ് പുറത്തുവരുന്നതെന്ന് എനിക്ക് തോന്നുന്നു. നിങ്ങൾ അദ്ദേഹത്തിന്റെ ചിത്രങ്ങളിലേക്ക് നോക്കൂ. ആളുകളെ കെട്ടിപ്പിടിക്കുന്നത് നോക്കൂ. അതിൽ ഒട്ടും കൃത്രിമത്വമില്ല. മോദി അഭിനയിച്ചുകൂട്ടുന്നതുപോലെയല്ല അത്. 80 വർഷംമുമ്പ് ഗാന്ധിജി ഭാരത് ഛോടോ (ക്വിറ്റ് ഇന്ത്യ ) സമരത്തിന് ആഹ്വാനം ചെയ്തെങ്കിൽ ഇപ്പോൾ കോൺഗ്രസ് ഭാരത് ജോഡോ യാത്രയാണ് നടത്തുന്നത്. കേരളത്തിൽ ചില സ്ഥലങ്ങളിലെങ്കിലും ‘ഭാരത് ഛോടോ’ എന്ന് ഞങ്ങളുടെ പ്രവർത്തകർ തെറ്റിച്ച് പാടിപ്പോകുന്നതുകേട്ട് ഞാൻ ചിരിച്ചുപോയിട്ടുണ്ട്.

? കേരളത്തിലെ സ്വീകാര്യത മറ്റുസംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച്‌ ഉത്തരേന്ത്യയിൽ കിട്ടുമോ
= തെലങ്കാനയും ആന്ധ്രയുമാണ് ആദ്യവെല്ലുവിളിയാവുക. മഹാരാഷ്ട്രയിൽ മാനേജ്ചെയ്യാം. മധ്യപ്രദേശിലും രാജസ്ഥാനിലും ഹരിയാണയിലും പ്രശ്നമില്ല. യു.പി.യിൽ അഞ്ചുശതമാനം വോട്ടേയുള്ളൂ. അത് പ്രശ്നമാണ്. പഞ്ചാബിലേത് കാണാനിരിക്കുന്നതേയുള്ളൂ.

? യാത്രനടക്കുന്നതിനിടെ രാജസ്ഥാനിലുണ്ടായ പ്രശ്നത്തെക്കുറിച്ച്
= അത് സെൽഫ്ഗോളാണെന്ന് ഞാൻ സമ്മതിക്കുന്നു; ഒഴിവാക്കാമായിരുന്നു. ഞങ്ങൾ സിക്സറടിക്കുന്നുണ്ട്, പക്ഷേ, സെൽഫ് ഗോളും വരുന്നുണ്ട്. എന്നിരുന്നാലും പാർട്ടി സംഘടനാസംവിധാനം ശക്തമാണ്. കോൺഗ്രസ് സ്വാഭാവിക ഭരണപ്പാർട്ടിയായിരുന്നു. എട്ടുവർഷമായി ഭരണത്തിലില്ലാതിരിക്കുന്നത് കോൺഗ്രസ് ചരിത്രത്തിൽ ആദ്യമാണ്. അതിന്റേതായ പ്രശ്നങ്ങളുണ്ട്. 2015-ലോ 16-ലോ ഭാരത് ജോഡോ യാത്ര നടത്തിയിരുന്നെങ്കിലെന്ന് ഞങ്ങൾ ഇപ്പോൾ ഖേദത്തോടെ ആലോചിക്കാറുണ്ട്.

പാർട്ടിയധ്യക്ഷതിരഞ്ഞെടുപ്പ് കാമരാജ് മാതൃകയാണ് എനിക്ക് താത്‌പര്യം

എല്ലാവരുമായും ചർച്ചചെയ്ത് സമവായത്തിലെത്തുക. ഗാന്ധിജിയും അതേ അഭിപ്രായക്കാരനായിരുന്നു. മത്സരം വന്നാൽ എന്തുതന്നെയായാലും ശത്രുതവരും, ഗ്രൂപ്പിസം വരും. 137 വർഷത്തെ കോൺഗ്രസ് ചരിത്രത്തിൽ നാലുതവണമാത്രമേ മത്സരമുണ്ടായിട്ടുള്ളൂ. കോൺഗ്രസിന് ആശയങ്ങളാണുള്ളത്; പ്രത്യയശാസ്ത്രങ്ങളല്ല. ബി.ജെ.പി.യിൽനിന്നും സി.പി.എമ്മിൽനിന്നും അതിനെ വ്യത്യസ്തമാക്കുന്നത് അതാണ്.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..