പ്ലാച്ചിമട ഇനിയും സഹിക്കണോ?


എൻ.കെ. പ്രേമചന്ദ്രൻ എം.പി.

3 min read
Read later
Print
Share

പ്ലാച്ചിമട സ്പെഷ്യൽ ട്രിബ്യൂണൽ ബില്ലിന്റെ ദുരവസ്ഥ

-

നിയമനിർമാണസഭകൾക്ക് നിയമനിർമാണത്തിന്‌ ഭരണഘടനനൽകിയിട്ടുള്ള പരമാധികാരത്തെ ചോദ്യംചെയ്യുന്നതരത്തിൽ സ്വാധീനശക്തിയായി ബഹുരാഷ്ട്രകുത്തകകൾ ഇന്ത്യൻ ജനാധിപത്യത്തിൽ മാറിയിരിക്കുന്നു. ഇതിനുതെളിവാണ് കേരള നിയമസഭ പാസാക്കിയ പ്ലാച്ചിമട കൊക്കകോള ദുരിതാശ്വാസവും നഷ്ടപരിഹാരവും സ്പെഷ്യൽ ട്രിബ്യൂണൽ ബില്ലിന്റെ ദുരവസ്ഥ. 2011 ഫെബ്രുവരി 24-ന്‌ കേരളനിയമസഭ പാസാക്കിയ ബില്ലിന് 11 വർഷം കഴിഞ്ഞിട്ടും പ്രസിഡന്റിന്റെ അനുമതി ലഭിച്ചിട്ടില്ല. പ്രസിഡന്റിന്റെ അനുമതിക്കായി കേന്ദ്രസർക്കാർ ഇതുവരെ ബിൽ സമർപ്പിച്ചിട്ടില്ല.

പാലക്കാട് ജില്ലയിലെ പ്ലാച്ചിമട വില്ലേജിലും പെരുമാട്ടി പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും കൊക്കകോള കമ്പനിയുടെ ജലചൂഷണത്തിന്റെയും അനുബന്ധപ്രവർത്തനത്തിന്റെയും ഫലമായുണ്ടായ ദുരന്തബാധിതർക്ക് ദുരിതാശ്വാസം കൊടുക്കുന്നതിനുള്ള നിയമനിർമാണത്തിനാണ് അനുമതി ലഭിക്കാത്തത്. വിദഗ്ധസമിതിയുടെ പഠനത്തിനുശേഷമാണ് നിയമനിർമാണം നടത്തിയത്. ഇതിനായി നിയമിച്ച സമിതി, കമ്പനിയുടെ പ്രവർത്തനംമൂലമുണ്ടായ നഷ്ടങ്ങളും ദുരിതങ്ങളും വ്യക്തമാക്കിയാണ് സർക്കാരിന് റിപ്പോർട്ടുനൽകിയത്. പരിസ്ഥിതിനശീകരണം, മണ്ണിന്റെ ശിഥിലീകരണം, ജലമലിനീകരണം, കാർഷികോത്‌പാദനത്തിലെ കുറവ്, കാഡ്മിയം, ലെഡ്, ക്രോമിയം എന്നീ മാലിന്യങ്ങൾമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ തുടർന്നുണ്ടായ സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങൾ എന്നിവ കമ്മിറ്റി വസ്തുനിഷ്ഠമായി വിലയിരുത്തി. കൃഷിനഷ്ടം 84.16 കോടി, ആരോഗ്യപരമായുണ്ടായ ദുരിതങ്ങൾക്കുള്ള നഷ്ടപരിഹാരം 30 കോടി, കുടിവെള്ളം ലഭ്യമാക്കുന്നതിന് 20 കോടി, തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടതിന് 20 കോടി, ജലസ്രോതസ്സുകളുടെ മലിനീകരണംമൂലമുണ്ടായ നഷ്ടപരിഹാരത്തിന് 62.10 കോടി എന്നിങ്ങനെ 216.26 കോടിയുടെ നഷ്ടമാണ് കമ്മിറ്റി തിട്ടപ്പെടുത്തിയത്.

മാതൃഭൂമിയും വീരേന്ദ്രകുമാറും വഹിച്ച പങ്ക്

പ്ലാച്ചിമടയിലെ ഐതിഹാസികസമരങ്ങളാണ് വിഷയം പഠിക്കുന്നതിനും നിയമനിർമാണത്തിനും കാരണമായത്. പ്ലാച്ചിമടസമരത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ തുടക്കംമുതൽ ഒടുക്കംവരെ സമരത്തിന് ഊർജവും ഓജസ്സും നൽകിയ എം.പി. വീരേന്ദ്രകുമാറിനെയും മാതൃഭൂമിയെയും വിസ്മരിക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെയും മാതൃഭൂമിയുടെയും നേതൃത്വമില്ലായിരുന്നെങ്കിൽ പ്ലാച്ചിമടയിലെ ജനങ്ങൾക്ക് ദുരന്തത്തിൽനിന്ന്‌ ഒരുകാലത്തും മോചനം പ്രതീക്ഷിക്കാൻ കഴിയില്ലായിരുന്നു.

പ്ലാച്ചിമടസമരത്തെ പ്രാദേശികസമരം എന്നതിലുപരി ജലവിഭവത്തിൻമേലുള്ള ജനാധികാരത്തിന്റെ സമരമായിമാറ്റിയതും മാതൃഭൂമിയും ­വീരേന്ദ്രകുമാറുമാണ്. ഈ വിഷയം ആദ്യമായി ജനശ്രദ്ധയിൽകൊണ്ടുവന്ന പത്രം മാതൃഭൂമിയാണ്. 2003 നവംബർ 21-ന് ശരദ്‌ പവാർ അധ്യക്ഷനായ പാർലമെന്ററികമ്മിറ്റിയുടെമുന്നിൽ ­വീരേന്ദ്രകുമാർ നൽകിയ ഒമ്പതുപേജുള്ള കത്ത്, വിഷയം സമഗ്ര ശാസ്ത്രീയപഠനത്തിന്റെ അടിസ്ഥാനത്തിൽ വിശകലനംചെയ്ത റിപ്പോർട്ടിന് സമാനമായിരുന്നു. 2004 ജനുവരി 21 മുതൽ 24 വരെ പ്ലാച്ചിമടയിൽചേർന്ന ലോക ജലസമ്മേളനം ചരിത്രപ്രാധാന്യമുള്ളതാണ്. അതിന്റെ ­സംഘാടനവും വീരേന്ദ്രകുമാറായിരുന്നു.

സർക്കാർ ആരുടെകൂടെ

നിലവിലെ വ്യവസ്ഥകൾപ്രകാരം വിവിധ മന്ത്രാലയങ്ങളുടെ അഭിപ്രായം ശേഖരിച്ച് പരിശോധിച്ചശേഷം ബിൽ പ്രസിഡന്റിന് സമർപ്പിക്കേണ്ടതാണ്. മന്ത്രാലയങ്ങൾ അഭിപ്രായമറിയിക്കുന്നതിന് അറിയിച്ചിട്ടുള്ള സമയം ആറാഴ്ചയാണ്. എന്നാൽ, പ്ലാച്ചിമട ട്രിബ്യൂണൽ ബില്ലിൽ വ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണ് നടന്നത്. ആറാഴ്ചയ്ക്കുള്ളിൽ ബന്ധപ്പെട്ട മന്ത്രാലയം അഭിപ്രായം അറിയിച്ചില്ലെങ്കിൽ പ്രസ്തുത മന്ത്രാലയത്തിന്റെ അഭിപ്രായംകൂടാതെതന്നെ നിയമസഭ പാസാക്കിയ ബില്ലുകളിൻമേൽ തുടർ നടപടി സ്വീകരിക്കാൻ വ്യവസ്ഥയുണ്ട്. എന്നാൽ, ഈ ബില്ലിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സമയം നീട്ടിക്കൊടുക്കുകയാണ് ചെയ്തത്.

നിയമം പ്രാബല്യത്തിൽവന്നാൽ നഷ്ടപരിഹാരം കൊടുക്കേണ്ട ബാധ്യത കൊക്കകോള കമ്പനിക്കാണ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം കേരളനിയമസഭ പാസാക്കിയ നിയമത്തെക്കാൾ പ്രാധാന്യംനൽകിയത് കൊക്കകോള കമ്പനിക്കുലഭിച്ച നിയമോപദേശത്തിനാണ്. നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ നിയമത്തിന് അനുമതിനൽകാൻ ആവശ്യമായ നടപടി സ്വീകരിച്ച് പ്രസിഡന്റിന്റെ അനുമതിക്കായി ബിൽ സമർപ്പിക്കാൻ ബാധ്യതയുള്ള കേന്ദ്രസർക്കാർ അതുചെയ്തില്ല. പകരം, കൊക്കകോള കമ്പനി സമർപ്പിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തോട് വിശദീകരണം ചോദിക്കുകയാണ് ചെയ്തത്.

അധികാരം ആർക്ക്‌

ഭരണഘടനയുടെ അനുച്ഛേദം 201 പ്രകാരം ബില്ലിന് അനുമതിനൽകണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം പ്രസിഡന്റിനാണ്. ബില്ലിന് അനുമതി നൽകുന്നെന്നോ നൽകുന്നില്ലെന്നോ പ്രസിഡന്റ് പ്രഖ്യാപിക്കണം. പ്ലാച്ചിമട ബില്ലിന്റെ കാര്യത്തിൽ ബില്ലിന് അനുമതി നിഷേധിച്ചുകൊണ്ട് ഒരു പ്രഖ്യാപനം പ്രസിഡന്റിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ബിൽ പിൻവലിക്കണമെന്ന് സംസ്ഥാനസർക്കാരിനെയോ നിയമസഭയെയോ ഉപദേശിക്കാനോ അപ്രകാരം ആവശ്യപ്പെടാനോ എക്സിക്യുട്ടീവിന്റെ ഭാഗമായ കേന്ദ്രസർക്കാരിന് ഭരണഘടന അധികാരമോ അവകാശമോ നൽകിയിട്ടില്ല. ഭരണഘടനാപരമായി കേന്ദ്രസർക്കാരിൽ നിക്ഷിപ്തമല്ലാത്ത അധികാരം വിനിയോഗിച്ചുകൊണ്ടാണ് നിയമം പിൻവലിക്കണമെന്ന നിർദേശം സംസ്ഥാന സർക്കാരിന് നൽകിയത്. സംസ്ഥാന നിയമനിർമാണസഭകൾ പാസാക്കുന്ന ബില്ലുകളിൻമേൽ പ്രസിഡന്റിന്റെ അധികാരത്തെ സംബന്ധിച്ച് സുപ്രീംകോടതി ഒട്ടേറെ കേസുകളിൽ വിധി പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് കൈസർ ഐ ഹിന്ദ് പ്രൈവറ്റ് ലിമിറ്റഡും മറ്റുള്ളവരും V/S നാഷണൽ ടെക്‌സ്റ്റൈൽ കോർപ്പറേഷൻ. ഈ കേസിലെ വിധിന്യായത്തിൽ പ്രസിഡന്റിന്റെ ക്രിയാത്മകമായ പരിശോധനയ്ക്ക് നിയമസഭ പാസാക്കുന്ന ബില്ലുകൾ വിധേയമാക്കണമെന്ന് സംശയാതീതമായി പ്രസ്താവിച്ചിട്ടുണ്ട്. എന്നാൽ, ബിൽ പ്രസിഡന്റിന്റെ പരിഗണനയ്ക്കുപോലും വിടാതെയാണ് കേന്ദ്രസർക്കാർ ബിൽ പിൻവലിക്കാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്. ബില്ലിന് അനുമതി ലഭിക്കാൻ സംസ്ഥാനസർക്കാർ ആത്മാർഥമായ സമീപനം സ്വീകരിച്ചിട്ടുണ്ടോ എന്നതും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്.

Content Highlights: edit page

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..