ഓർമത്തെറ്റുകളെ ഓർമകളാക്കുന്ന എഴുത്ത്


ജയകൃഷ്ണൻ

ചിലപ്പോൾ എനിക്കവന്റെ മുഖം സങ്കല്പിക്കാൻ കഴിഞ്ഞേക്കും, ക്ഷണനേരത്തേക്കുമാത്രം. ഇതാ, എനിക്കത്‌ നഷ്ടപ്പെട്ടുകഴിഞ്ഞു. അവന്റെ കണ്ണുകൾ, ചുണ്ടുകളുടെ ആകൃതി, പല്ലുകൾ അതൊക്കെ എനിക്കറിയാം, പക്ഷേ, അതൊന്നും പൂർണമാകുന്നില്ല. അവന്റെ ശരീരത്തെ മാത്രമേ തിരിച്ചറിയാൻ കഴിയൂ. പക്ഷേ, കൈകൾ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. കണ്ണീരിന്റെ വക്കിലെത്തുന്നതുവരെ ഞാൻ ആസക്തിയാൽ വിഴുങ്ങപ്പെട്ടിരിക്കുന്നു. ‘ഒരു സ്ത്രീയുടെ കഥ’ എന്ന പുസ്തകത്തിലൂടെ എഴുത്തിൽ ഒരുതരം പൂർണത കൈവന്നിരിക്കുന്നുവെന്ന് വിശ്വസിക്കുന്നതിനാൽ പ്രണയത്തിൽ എനിക്ക് പരിപൂർണത കൂടിയേതീരൂ. മുൻകരുതലുകളെല്ലാം കാറ്റിൽപ്പറത്തുന്നതിലൂടെമാത്രമേ അത് സംഭവിക്കൂ.

.

സാഹിത്യത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം നേടിയ ആനി എർനൊ(Annie Ernaux)വിന്റെ Getting Lost എന്ന പുസ്തകത്തിലെ ഒരു ഭാഗമാണ്‌ മുകളിൽ. ആത്മകഥാപരമായ ഈ പുസ്തകത്തിൽ 1988-ൽ എർനൊ സോവിയറ്റ് യൂണിയനിലേക്കുനടത്തിയ യാത്രയും അവിടെവെച്ച് ഒരു റഷ്യക്കാരനുമായി പ്രണയത്തിലാകുന്നതുംമറ്റുമാണ് ഇതിവൃത്തം. നഗ്നമായ, ലജ്ജാഹീനമായ പ്രണയത്തിന്റെയും കാമത്തിന്റെയും തുറന്നെഴുത്തുകൂടിയാണ് ഈ പുസ്തകം.

എഴുത്തും പ്രണയവും കാമവും എർനൊവിന് രണ്ടുധ്രുവങ്ങളല്ല, ഒരേ ആയുധത്തിന്റെ മൂർച്ചയേറിയ ഇരുതലകൾമാത്രമാണെന്ന് മുകളിൽക്കൊടുത്ത ഭാഗത്തുനിന്നുതന്നെ വ്യക്തമാകുന്നുണ്ട്. രണ്ടിലും അവർ മുറുകെപ്പിടിച്ചിരിക്കുന്നു. രണ്ടും അവരെ കീറിമുറിക്കുന്നു. എഴുത്തിൽ പരിപൂർണത കൈവരിച്ചതുകൊണ്ട് പ്രണയത്തിലും അതുവേണമെന്ന് അവർ ശഠിക്കുന്നു. പക്ഷേ, പ്രണയം ശാരീരികംകൂടിയാണ്. 48-കാരിയായ അവരെ 35-കാരനായ റഷ്യൻ കാമുകൻ നിരാകരിക്കുന്നു. അവർ പരാജയപ്പെടുന്നു.എഴുത്തിൽ ഒരുതരം പൂർണത കൈവരിച്ചെന്ന് അവർ കരുതുന്ന A woman's Story എന്ന പുസ്തകത്തിൽനിന്ന് ഒരു ഭാഗം: പിന്നീട്, 1940-ന്റെ തുടക്കത്തിൽ, ജീവിതം ഒരിക്കൽക്കൂടി: അവൾ രണ്ടാമത്തെ കുട്ടിയെ ഗർഭംധരിച്ചിരിക്കയായിരുന്നു. സെപ്റ്റംബറിൽ ജനിക്കേണ്ടതായിരുന്നു ഞാൻ. എന്റെ അമ്മയെക്കുറിച്ചാണ് ഞാൻ എഴുതുന്നതെന്നാണ് എന്റെ വിശ്വാസം. കാരണം അവളെ ഈ ലോകത്തിലേക്ക് കൊണ്ടുവരേണ്ടത് ഇപ്പോൾ എന്റെ ഊഴമാണ്.

ഈ രണ്ടാമത്തെ ഖണ്ഡികയിൽ എർനൊവിന്റെ എഴുത്തിന്റെ മുഴുവൻ സാരാംശവുമുണ്ടെന്നുതോന്നുന്നു. ആരുമറിയാത്ത അമ്മയെ തന്റെ എഴുത്തിലൂടെ അവർ ലോകത്തിലേക്ക്‌ കൊണ്ടുവരുന്നു. എല്ലാ എഴുത്തിന്റെയും ആകത്തുക അതുതന്നെയായിരിക്കാം. ചരിത്രത്തിന്റെ ഇരുട്ടിൽ ആരുമറിയാതെ മറഞ്ഞുപോകുന്ന ജന്മങ്ങളെ അത് ലോകത്തിന്റെ വെളിച്ചത്തിലേക്ക്‌ കൊണ്ടുവരുന്നു. അതുകൊണ്ടാവാം ആ പുസ്തകം എഴുതിയതിലൂടെ എഴുത്തിൽ ഒരുതരം പൂർണത കൈവരിച്ചെന്ന് എർനൊ കരുതുന്നതും. അമ്മയെപ്പറ്റി അഭിമാനിക്കാൻ ഒന്നുംതന്നെയില്ല. പക്ഷേ, അവരെ ചരിത്രത്തിന്റെ ഭാഗമാക്കുമ്പോൾമാത്രമേ-എഴുത്തിലൂടെ-വാക്കുകളും ആശയങ്ങളും ഭരിക്കുന്ന ഈ ലോകത്തിൽ അത്രയൊന്നും ഒറ്റയ്ക്കല്ലെന്ന് എഴുത്തുകാരിക്ക് തോന്നുന്നുള്ളൂ.

എലേന ഫെറാന്റെയെപ്പോലെ സ്ത്രീകളുടെ ആന്തരലോകത്തിന് ഊന്നൽ കൊടുക്കുന്ന എഴുത്തുകാരിയല്ല ആനി എർനൊ. ബാഹ്യലോകം അതിന്റെ എല്ലാ കരാളതയോടുംകൂടി അവരുടെ ഒപ്പംതന്നെയുണ്ട്; ഒരിക്കലും വിട്ടുമാറാതെ. A Girl’s Story എന്ന പുസ്തകത്തിൽ അവർ എഴുതുന്നു:

മറ്റുള്ളവരുടെ യാഥാർഥ്യങ്ങൾ, അവരുടെ സംസാരശൈലി, അവർ കാലുകൾ പിണച്ചുവെക്കുന്ന രീതി, സിഗരറ്റ് കത്തിക്കൽ എന്നിവയിൽ പൂർണമായി പരാജയപ്പെട്ടുപോകുന്ന ചില ജീവികളുണ്ട്. മറ്റുള്ളവരുടെ സാന്നിധ്യത്തിൽ അവർ ചെളിയിൽ പൂഴ്ന്നതുപോലെയായിത്തീരുന്നു. ഒരു പകലിൽ അതിനെക്കാൾ ഒരു രാത്രിയിൽ അപരന്റെ ആഗ്രഹത്തിനകത്ത് അവർ ഒലിച്ചുപോകുന്നു. അവർ അവരെപ്പറ്റി വിശ്വസിച്ചിരുന്നതെല്ലാം അപ്രത്യക്ഷമാകുന്നു. അവർ അലിഞ്ഞില്ലാതാകുന്നു; എന്നിട്ട് അജ്ഞേയമായ സംഭവഗതികളിൽ അവർ പ്രവർത്തിക്കുന്നതിന്റെയും അനുസരിക്കുന്നതിന്റെയും തുടച്ചുമാറ്റപ്പെടുന്നതിന്റെയും പ്രതിബിംബങ്ങളെ നോക്കിനിൽക്കുന്നു. എപ്പോഴും ഒരടി മുന്നിൽനിൽക്കുന്ന ആ അപരന്റെ പിന്നിലായിരിക്കും അവരെപ്പോഴും. അവർ ഒരിക്കലും ഒപ്പമെത്തുകയില്ല.
ബാഹ്യലോകം അങ്ങനെയാണ്; അതിന്റെ ചെറുചലനങ്ങൾപോലും, ഒരു കാൽമടക്കലോ സിഗരറ്റ് കത്തിക്കലോപോലും പലപ്പോഴും ഹിംസാത്മകമായിത്തീരുന്നു.

എർനൊവിന് ജീവിതം പലപ്പോഴും പേടിസ്വപ്നങ്ങൾമാത്രം സമ്മാനിക്കുന്ന ഒന്നാണ്. ഒരുപാട് കാല്പനികവത്‌കരിക്കപ്പെട്ട മാതൃത്വം എന്ന ആശയത്തെ Happening എന്ന നോവലിൽ അവർ കീറിയെറിയുന്നുണ്ട്:
ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അതില്ലാതാക്കാൻ ഡോക്ടർ കുത്തിവെപ്പുകൾ നൽകി. അതിന്റെ ഫലപ്രാപ്തിയെക്കുറിച്ച് അദ്ദേഹത്തിനുതന്നെ സംശയമുണ്ടായിരുന്നു. വാതിൽപ്പടിയിൽവെച്ച് അദ്ദേഹം എന്റെ നേരെ പുഞ്ചിരിച്ചു, ‘കുട്ടികളെ സ്നേഹിക്കുന്നതാണ് ഏറ്റവും മനോഹരം’ എന്നൊരു ഭയാനകമായ പ്രസ്താവന.
താമസസ്ഥലത്തേക്ക് ഞാൻ തിരിച്ചു നടന്നു. ഡയറിയിൽ ഞാൻ ഇങ്ങനെ എഴുതി: ‘ഗർഭിണിയാണ് ഞാൻ. അതൊരു പേടിസ്വപ്നമാണ്.’
പിന്നീട് അവർ ഗർഭച്ഛിദ്രത്തിന് ശ്രമിക്കുന്നു. ആദ്യം ഒരു തുന്നൽസൂചി ഉപയോഗിച്ചുള്ള ശ്രമം വിഫലമാകുന്നു. ഫ്രാൻസിൽ ഗർഭച്ഛിദ്രം നിയമവിരുദ്ധമായിരുന്നു അന്ന്. ഒടുവിൽ ഗർഭം അലസിപ്പിക്കുന്ന ഒരുവനെ അവർ കണ്ടെത്തുന്നു. മൂന്നുമാസം വളർച്ചയെത്തിയ ഭ്രൂണം കുളിമുറിയിൽവെച്ച് ഒടുവിൽ പുറത്തുവരുന്നു. അതിനെ ടോയ്‌ലറ്റിലിട്ട് അവർ ഫ്ലഷ്ചെയ്ത് കളയുന്നു. ക്രൂരതയോളമെത്തുന്ന നിർമമത-അതാണ് എർനൊവിന്റെ എഴുത്ത്. അല്ലെങ്കിൽ മനുഷ്യചരിത്രത്തിൽ ക്രൂരതയല്ലാതെ എന്താണുള്ളതെന്ന് ആ എഴുത്തുകൾ നമ്മളോട് ചോദിച്ചേക്കാം. കറുപ്പാണ് കൂടുതൽ, വെളിച്ചത്തിന്റെ ചെറിയ പൊട്ടുകളുണ്ടെങ്കിൽ അത് അണയാനുള്ളതാണ്.

പക്ഷേ, പരുപരുത്ത യാഥാർഥ്യങ്ങൾ കാണാതെപോകരുതെന്ന് അവരുടെ എഴുത്ത് പറയുന്നു. അനുഭവങ്ങളുടെ കയ്പ്‌ കൂടുമ്പോൾ ഓർമകൾ ചിലപ്പോൾ ഓർമത്തെറ്റുകളായി മാറുന്നു. മറവിരോഗംബാധിച്ച്‌ മരിച്ച അമ്മയെ മറക്കാതിരിക്കാൻകൂടിയാവാം ഫിക്‌ഷനിൽനിന്ന് അവരുടെ എഴുത്ത് ഓർമകളിലേക്ക് കൂടുമാറുന്നത്. അതുകൊണ്ടായിരിക്കാം സ്വീഡിഷ് അക്കാദമി വ്യക്തിപരമായ ഓർമകളുടെ വേരുകളും വിയോഗങ്ങളും ഒന്നിച്ചുള്ള നിയന്ത്രണങ്ങളും വെളിവാക്കുന്നതിൽ അവർ കാണിച്ച ധൈര്യത്തിനും ക്ലിനിക്കൽ സൂക്ഷ്മതയ്ക്കും നൊേബൽ പുരസ്കാരം നൽകാൻ ശുപാർശ ചെയ്തത്.

പക്ഷേ, വേരുകളെയല്ല വേരറക്കലിനെയാണ് അവരുടെ എഴുത്തുകൾ തുറന്നുകാണിക്കുന്നത് എന്നത് വേറൊരുകാര്യം. ഇത്രമാത്രം ഇരുണ്ടതാണോ ലോകമെന്ന് വായനക്കാർ സംശയിച്ചുപോകുന്നത് രണ്ടാമത്തെ കാര്യം.

പ്രധാന കൃതികൾ

  • എ വുമൺസ് സ്റ്റോറി
  • പൊസിഷൻസ്
  • സിംപിൾ പാഷൻ
  • പാഷൻ പെർഫെക്ട്
  • ഐ റിമെയ്ൻ ഇൻ ഡാർക്ക്‌നസ്
  • എ ഫ്രോസൻ വുമൺ
  • ഷെയിം
  • എ ഗേൾസ് സ്റ്റോറി

ജീവിതം | എഴുത്ത്‌

1940-ൽ ഫ്രാൻസിലെ നോർമൻഡിയിലെ യിവെറ്റോ പട്ടണത്തിൽ
തൊഴിലാളികുടുംബത്തിൽ ജനനം
1974-ൽ പുറത്തിറങ്ങിയ ലെസ് ആർമൊയേഴ്‌സ് വൈഡ്‌സ് (ക്ലീൻഡ് ഔട്ട്) ആണ് ആദ്യ നോവൽ. വിദ്യാർഥിയായിരിക്കെ ഗർഭച്ഛിദ്രം ചെയ്യേണ്ടിവന്ന സംഭവം ഭാവനാത്മകമായി ഇതിൽ അവതരിപ്പിച്ചു.
2000-ത്തിൽ പുറത്തിറങ്ങിയ ഹാപ്പനിങ് എന്ന കൃതിയിലും ഗർഭച്ഛിദ്രമായിരുന്നു പ്രമേയം. 2021-ൽ ഹാപ്പനിങ്ങിന്റെ ചലച്ചിത്രാവിഷ്കാരം ഏറെ പ്രശംസനേടി.
2008-ലെ ‘ദ ഇയേഴ്‌സ്’ എന്ന പുസ്തകമാണ് എർനൊയെ ലോകപ്രശസ്തയാക്കിയത്. ഈ പുസ്തകം 2019-ലെ മാൻ ബുക്കർ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടിരുന്നു
പല രചനകളും ഫ്രാൻസിൽ പാഠപുസ്തകങ്ങളുടെ ഭാഗമായിട്ടുണ്ട്. തൊഴിലാളിവർഗ രാഷ്ട്രീയപ്രചാരക, സ്ത്രീപക്ഷവാദി എന്ന നിലകളിലും ആനി എർനൊ പ്രശസ്തയാണ്

എഴുത്തുകാരനും പരിഭാഷകനുമാണ്‌ ലേഖകൻ

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..