നീയാകുന്നു എന്റെ മരണവും ഉയിർപ്പും ജീവനും...


ജയകൃഷ്ണൻ

2 min read
Read later
Print
Share

വാക്കോളം ജീവിതവും പ്രണയവും എരിച്ചുകളഞ്ഞ ചിലിയൻ കവി തെരേസയെക്കുറിച്ച്... ഇന്ന് ലോക കവിതാദിനം

തെരേസ വിംസ് മോൻത്

എഴുത്തുകാരി മാത്രമായിരുന്നില്ല, അതിസുന്ദരിയും അരാജകവാദിയും കൂടിയായിരുന്നു അവൾ. മറ്റുപലരെയുംപോലെ അവനും അവളുടെ ആരാധകനായി. ഹോർഹെ ലൂയിസ് ബോർഹെസ്, വിക്ടോറിയ ഒകാംപോ, വീസെന്തെ ഉയിദോവ്രോ തുടങ്ങിയ ലോകപ്രശസ്തരായിരുന്നു അവൾക്കുചുറ്റും. അവനുപക്ഷേ, അവളോട് വെറും ആരാധനയല്ല, കടുത്ത പ്രണയംതന്നെയായിരുന്നു.

എന്നാൽ, പ്രശസ്തരുടെ പിന്നിൽ ഒതുങ്ങിനിന്നിരുന്ന, അന്തർമുഖനും അത്രയൊന്നും അറിയപ്പെടാത്ത കവിയുമായ, വെറും പതിനെട്ടുവയസ്സുമാത്രമുള്ള ആ പയ്യനെ അവൾ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ഒടുവിൽ അവളൊരിക്കലും തന്നെ പ്രണയിക്കില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ, ഒരു വൈകുന്നേരം അവൻ അവളുടെ മുന്നിലേക്കുചെന്ന്‌ തന്റെ ഹൃദയം വെളിപ്പെടുത്തി, അതേ ഹൃദയത്തിലേക്ക് തോക്കെടുത്ത് നിറയൊഴിച്ചു.

ഈ ദുരന്തകഥയിലെ നായികയുടെ പേര് തെരേസ വിംസ് മോൻത് (Teresa Wilms Montt)എന്നായിരുന്നു. ഏത് സാങ്കല്പികകഥയെക്കാളും വിചിത്രമായിരുന്നു അവരുടെ ജീവിതം. ചിലിയിലെ മോൻത് എന്ന സമ്പന്ന പ്രഭുകുടുംബത്തിലായിരുന്നു തെരേസയുടെ ജനനം. പക്ഷേ, തുടക്കംമുതലേ കുടുംബപാരമ്പര്യങ്ങൾക്ക് വഴിപ്പെടുന്നവളായിരുന്നില്ല അവർ. ഹുസ്താവോ വാൽമസെദ വാൽദേസ് എന്നയാളുമായി അവർ പ്രണയത്തിലായി. ഒടുവിൽ വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെ അവരയാളെ വിവാഹം കഴിക്കുകയുംചെയ്തു.

വാൽദേസ് പക്ഷേ, മദ്യപനും സംശയരോഗിയുമായിരുന്നു. മറ്റൊരാളുമായുള്ള അടുപ്പത്തിന്റെ പേരിൽ വാൽദേസ് അവരെ വിചാരണചെയ്യുകയും തന്റെ മക്കളെ ഇനിയൊരിക്കലും കാണാൻപാടില്ലെന്ന നിബന്ധനയോടെ ഒരു കന്യാസ്ത്രീമഠത്തിലടയ്ക്കുകയും ചെയ്തു. ചിലിയൻ മഹാകവിയായ വീസെന്തേ ഉയിദോവ്രോയാണ് (Vicente Huidobro) അവരെ അവിടെനിന്ന് രക്ഷപ്പെടുത്തിയത്. അങ്ങനെ അവർ ചിലി വിട്ട് അർജന്റീനയിലേക്ക് പോയി.

തെരേസ വീണ്ടും കവിതകളെഴുതി, പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ബോർഹെസ് ഉൾപ്പെടെയുള്ളവർ അവരുടെ ആരാധകരായി. അവിടെവെച്ചാണ് ഒറേസിയോ റാമോസ് മെഹീയ എന്ന യുവകവി തെരേസയുമായി ഭ്രാന്തമായ പ്രണയത്തിലാവുന്നതും അവസാനം അവരുടെ മുന്നിൽവെച്ച് ആത്മഹത്യചെയ്യുന്നതും. മെഹീയയുടെ മരണം തെരേസയെ തരിപ്പണമാക്കി. അവർ അമേരിക്കയിലേക്കും പിന്നീട് സ്പെയിനിലേക്കും പലായനംചെയ്തു.

തെരേസ വീണ്ടും ആരാധകരുടെ വലയത്തിലായി. നൊബേൽ പുരസ്കാരംനേടിയ ഹുവാൻ റാമോൺ ഹിമേനെസ് ഉൾപ്പെടെയുള്ളവർ അവരുടെ കവിതകളെ പ്രശംസിച്ചു. ചിത്രകാരനായ ഹുലിയോ റൊമേരോ ദെ ടോറെസ് അവരുടെ അതിസൗന്ദര്യം തന്റെ ചിത്രങ്ങളിൽ പകർത്തിവെച്ചു. ഇതൊന്നും പക്ഷേ, തെരേസ വിംസ് മോൻതിന്റെ മനസ്സിനെ ശാന്തമാക്കിയില്ല. ആത്മഹത്യചെയ്ത മെഹീയയുടെ മുഖമായിരുന്നു എപ്പോഴും അവരുടെ കൺമുൻപിൽ. അവരവന് ‘അന്വാരി’ എന്നുപേരിട്ടു. എന്നിട്ട് അവനെപ്പറ്റി ഒരു കാവ്യമെഴുതി: ‘വെണ്ണക്കല്ലിന്റെ നിശ്ചലതയിൽ’ (In the Stillness of Marble) എന്ന, ലോകത്തെ ഏറ്റവും തീവ്രമായ പ്രണയവിലാപകാവ്യം അങ്ങനെയുണ്ടായി.

‘എനിക്കുചുറ്റുമുള്ളതെല്ലാം നിഗൂഢതയിൽ മുങ്ങിക്കിടക്കുന്നു. ഗൃഹോപകരണങ്ങൾ ദുരന്തംനിറഞ്ഞ രഹസ്യങ്ങൾ പരസ്പരം പറയുന്നു. എപ്പോഴും കടങ്കഥപോലെ തോന്നിക്കുന്ന, വരാത്ത ഒരാളെ പ്രതീക്ഷിച്ചിരിക്കുന്ന ഉമ്മറപ്പടികളെപ്പറ്റി വാതിലുകൾ പരാതിപ്പെടുന്നു. വിളക്കിൽ, നിശ്ശബ്ദമാക്കപ്പെട്ട ഒരു നൈരാശ്യത്തെ കാണാൻ കഴിയുന്നതുപോലെ തോന്നുന്നു. ഛായാപടങ്ങൾ ഹൃദയം നുറുക്കുന്ന സങ്കടത്തോടെ എന്നെ നോക്കുന്നു. അന്വാരി, അന്വാരി! എനിക്കറിയാം, ശൂന്യതയുടെ ദയാരഹിതമായ പാതാളത്തിൽ എന്റെ കരച്ചിൽ മറ്റൊലിപോലുമില്ലാതെ നഷ്ടപ്പെടുന്നുവെന്ന്.

‘എന്നിൽ ജനിച്ചവനാണ് നീ; എനിക്കുവേണ്ടിമാത്രം എന്നിൽ നീ ജീവിക്കുകയും ചെയ്യുന്നു. കാരണം, മറ്റെല്ലാവർക്കും നീ മരിച്ചവനാണ്. ജീവിതത്തിൽനിന്ന് നിന്റെ ശവക്കല്ലറയിലേക്ക്, നിന്റെ ശവക്കല്ലറയിൽ നിന്ന് വീണ്ടും ജീവിതത്തിലേക്ക്, അതാണെന്റെ വിധി.’

ചില ഭാഗങ്ങൾമാത്രം അടർത്തിയെടുത്തെഴുതിയത് അങ്ങനെചെയ്യുന്നത് ശരിയല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ്. ഒരു വരിപോലും വിടാതെ വായിച്ചെങ്കിൽമാത്രമേ മരണത്തെയും അതിലംഘിക്കുന്ന ഈ കവിതയുടെ ചുട്ടുപൊള്ളിക്കുന്ന തീവ്രത മനസ്സിലാകൂ.

അഞ്ചുവർഷത്തിനുശേഷം പാരീസിൽവെച്ച് തെരേസ തന്റെ മക്കളെ വീണ്ടും കണ്ടു. പക്ഷേ, കുട്ടികൾ തിരിച്ച് നാട്ടിലേക്കുപോയപ്പോൾ ആ വിയോഗം അവർക്ക് താങ്ങാനായില്ല. ഉറങ്ങുന്നതിനുള്ള മരുന്ന് അമിതമായി കഴിച്ച് തെരേസ ആത്മഹത്യക്ക് ശ്രമിച്ചു. മരണവും അവരോട് കനിവ് കാണിച്ചില്ല. ഒടുവിൽ ആറുമാസത്തെ നരകയാതനയ്ക്കുശേഷം, ഇരുപത്തിയെട്ടാമത്തെ വയസ്സിൽ അവർ ഈ ലോകംവിട്ടുപോയി.

‘കവികളേ, പനിനീർപ്പൂവിനെപ്പറ്റി എന്തിനു പാടണം?/ അവ നിങ്ങളുടെ കാവ്യങ്ങളിൽ വിടരട്ടെ/ കവി ചെറിയ ഒരു ദൈവമാണ്’ എന്ന വീസെന്തെ ഉയിദോവ്രോയുടെ വരികളെ അക്ഷരാർഥത്തിൽ ശരിവെക്കുന്നതാണ് തെരേസ വിംസ് മോൻതിന്റെ കവിത. ദൈവത്തെപ്പോലെ വാക്കുകളിലൂടെ അവർ, മരിച്ച ഒരുവന് ജീവൻ നൽകി.

Content Highlights: edit page

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..