സഭാ ടി.വി.യിൽ കാണാതെപോയ പ്രതിഷേധങ്ങൾ


3 min read
Read later
Print
Share

കഴിഞ്ഞദിവസങ്ങളിൽ നിയമസഭ സാക്ഷ്യംവഹിച്ച പ്രതിപക്ഷ പ്രതിഷേധത്തിന് സഭാ ടി.വിയും ഒരു കാരണമായിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തിനുനേരെ അവർ കണ്ണടയ്ക്കുന്നുവെന്നായിരുന്നു ആക്ഷേപം. സഭയിൽ നടക്കുന്നത് ജനം കാണുന്നുവെന്നാണ് സ്പീക്കർ പറഞ്ഞതെങ്കിലും ഒരു ഭാഗം മാത്രമേ സഭാ ടി. വി. കാണിക്കുന്നുള്ളൂ എന്നായിരുന്നു പ്രതിപക്ഷം പറഞ്ഞത്....

Photo: Print

അടിയന്തര പ്രമേയത്തിന് തുടർച്ചയായി അനുമതി നിഷേധിക്കുന്നെന്ന ആക്ഷേപവുമായി പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങളാണ് സഭാ ടി.വി. പലപ്പോഴും കാണാതെപോയത്. പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങിയതും സ്പീക്കറുടെമുന്നിൽ മുഖം കാണാനാവാത്ത തരത്തിൽ ബാനറുകൾ പിടിച്ചതുമൊക്കെ സഭാ ടി.വി. സംപ്രേഷണത്തിൽനിന്ന് മറച്ചു. പ്രതിഷേധക്കാരുടെ പ്ലക്കാർഡുകൾ ഉൾപ്പെടാതെ സ്പീക്കറെ കാണിക്കാൻ ക്യാമറ ബുദ്ധിമുട്ടി. സഭാ ടി.വി.യുടെ രീതികളെ പ്രതിപക്ഷം എതിർക്കുകയും സ്പീക്കർക്ക് കത്തുനൽകുകയും ചെയ്തു.
ഇതിനിടെ സഭാ നടപടികൾ സ്തംഭിപ്പിക്കുന്നതിനുള്ള കാരണങ്ങളിലൊന്നുമായി സഭാ ടി.വി.യുടെ ഈ നിലപാട്. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങളായ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, റോജി എം. ജോൺ, എം. വിൻസെന്റ്, മോൻസ് ജോസഫ് എന്നിവർ സഭാ ടി.വി.യുടെ ഉന്നതാധികാര സമിതിയിൽനിന്ന് രാജിവെച്ചു.
മാർച്ച് ഒന്നിന് ഐ.ജി.എസ്.ടി. സംബന്ധിച്ച അടിയന്തരപ്രമേയ നോട്ടീസിനും തൊട്ടടുത്ത ദിവസം കെ.എസ്.ആർ.ടി.സി.യിലെ ശമ്പളപ്രതിസന്ധി ചർച്ചചെയ്യണമെന്ന ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസിനും അനുമതി നൽകാത്തത് ബഹളത്തിനിടയാക്കി. പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയും ചെയ്തു.

13 മാർച്ച്
ബ്രഹ്മപുരം തീപ്പിടിത്തം സഭയിലും പുകഞ്ഞ ദിവസം. ശൂന്യവേളയിൽ ടി.ജെ. വിനോദിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മന്ത്രിമാരായ വീണാ ജോർജും എം.ബി. രാജേഷുമാണ് മറുപടി നൽകിയത്. ഇരുവരും സഭയിൽ നൽകിയ വിവരങ്ങളിൽ പ്രതിപക്ഷ പ്രതിഷേധമുണ്ടായി. നീണ്ടനേരത്തെ ബഹളത്തെത്തുടർന്ന് പ്രതിപക്ഷം സഭാനടപടികൾ ബഹിഷ്കരിച്ചു. പ്രതിഷേധങ്ങൾ സഭാ ടി.വി.യിലുണ്ടായില്ല.

14 മാർച്ച്
ബ്രഹ്മപുരം പ്രശ്നവുമായി ബന്ധപ്പെട്ട് എറണാകുളത്തുണ്ടായ പോലീസ് നടപടിയിൽ റോജി എം. ജോൺ നൽകിയ അടിയന്തരപ്രമേയ നോട്ടീസാണ് ബഹളത്തിന് വഴിവെച്ചത്. ഇത് നിയമസഭയിൽ പ്രതിപക്ഷം സമാന്തരസഭ നടത്തുന്നതിലേക്ക് നയിച്ചു. പ്രതിപക്ഷത്തിന്റെ അപൂർവരീതിയിലുള്ള പ്രതിഷേധ പരിപാടിക്കെതിരേ സ്പീക്കറുടെ ഭാഗത്തുനിന്നുൾപ്പെടെ കടുത്ത എതിർപ്പുണ്ടായി. സ്പീക്കറുടെ മുഖംമറയ്ക്കാൻ അംഗങ്ങൾ ബാനറുകളും പ്ലക്കാർഡുകളും പിടിച്ചു. പി.സി. വിഷ്ണുനാഥ് അധ്യക്ഷനായിനടന്ന സമാന്തര അടിയന്തരപ്രമേയ നോട്ടീസ് അവതരണവും സഭാ ടി.വി. കാണിച്ചില്ല.

15 മാർച്ച്
ചെങ്കോട്ടുകോണത്ത് വിദ്യാർഥിനി ആക്രമണത്തിന് ഇരയായ സംഭവത്തെ അടിയന്തരപ്രമേയമായി കൊണ്ടുവരാൻ ഉമാ തോമസ് നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസും അനുവദിക്കാതിരുന്നതോടെ പ്രതിപക്ഷം പ്രതിഷേധവുമായെത്തി. സഭയ്ക്കകത്തുള്ള പ്രതിഷേധങ്ങളൊന്നും സഭാ ടി.വി. വഴി പുറത്തെത്തിയില്ല. പിന്നീട് പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ ഓഫീസിനുമുന്നിൽ പ്രതിഷേധിച്ചത് കൈയാങ്കളിയിലേക്കെത്തി. സ്പീക്കറുടെ ഓഫീസിനുമുന്നിൽനടന്ന ഈ കൈയാങ്കളി മൊബൈൽഫോണിൽ ചിത്രീകരിച്ചത് ചാനലുകൾ ഉൾപ്പെടെയുള്ളവ സംപ്രേഷണംചെയ്തു.

16 മാർച്ച്
സ്പീക്കറുടെ ഓഫീസിനു മുന്നിലുണ്ടായ സംഘർഷത്തിൽ പ്രതിപക്ഷത്തെ വനിതാ നേതാക്കൾ ഉൾപ്പെടെയുള്ളവരുടെപേരിൽ പോലീസ് കള്ളക്കേസെടുത്തു എന്ന ആരോപണം സഭയിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കി. ചോദ്യോത്തര വേളമുതൽതന്നെ പ്രതിപക്ഷ പ്രതിഷേധം ആരംഭിച്ചിരുന്നു. പ്ലക്കാർഡുകളുമായി സ്പീക്കറുടെ മുഖം മറയ്ക്കുന്ന പ്രതിപക്ഷരീതി അന്നും തുടർന്നു. പ്രതിഷേധക്കാരെ ഒഴിവാക്കി സ്പീക്കറെ സ്‌ക്രീനിൽ കാണിക്കുന്നതിന് സഭാ ടി.വി. ബുദ്ധിമുട്ടി. പ്രതിപക്ഷാംഗങ്ങൾ സംസാരിക്കുമ്പോൾ ഭരണപക്ഷ അംഗങ്ങളും മുഖംകാണിച്ചു. പിന്നീട് ചോദ്യോത്തരവേള റദ്ദാക്കി.

17 മാർച്ച്
തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നുകാട്ടിയുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധം സഭയിൽ തുടർന്നു. ചോദ്യോത്തര വേളമുതൽത്തന്നെ ബഹളം ആരംഭിച്ചു. പ്രതിപക്ഷം പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി.

20 മാർച്ച്
പ്രതിപക്ഷബഹളം ചോദ്യോത്തരവേള മുതൽത്തന്നെ ആരംഭിച്ചു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ സഭാനടപടികൾ തത്കാലത്തേക്ക് നിർത്തിവെച്ചു. ഒന്നരമണിക്കൂറിനുശേഷം സഭ വീണ്ടും ആരംഭിച്ചെങ്കിലും ബഹളത്തിന് കുറവുണ്ടായില്ല. പ്രതിപക്ഷ പ്രതിഷേധം തുടർന്നതോടെ നടപടികൾ വേഗത്തിലാക്കി സഭ പെട്ടെന്നുപിരിഞ്ഞു.

21 മാർച്ച്
പ്രതിപക്ഷത്തിന്റെ ആവശ്യമൊന്നും അംഗീകരിക്കാതെ സ്പീക്കർ ചോദ്യോത്തരവേള ആരംഭിച്ചു. ഇതോടെ പ്രതിപക്ഷം ബഹളം തുടങ്ങി. തങ്ങളുടെ അഞ്ച് എം.എൽ.എ.മാർ സത്യാഗ്രഹം ആരംഭിക്കുന്നതായി പ്രതിപക്ഷനേതാവ് അറിയിച്ചു. തുടർന്ന് പ്രതിപക്ഷ എം.എൽ.എ.മാർ നടുത്തളത്തിലിരുന്ന് മുദ്രാവാക്യം വിളിച്ചു. ഇതിനിടെ ബജറ്റ് പാസാക്കൽ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി. സഭാസമ്മേളനം വെട്ടിച്ചുരുക്കുന്ന പ്രമേയം മുഖ്യമന്ത്രിയും അവതരിപ്പിച്ചു. ഇതിനിടെ സ്പീക്കർ ചരമോപചാരം അർപ്പിക്കുന്ന സമയത്തുമാത്രം ഇരിപ്പിടങ്ങളിലേക്ക് മടങ്ങിയെത്തിയ പ്രതിപക്ഷാംഗങ്ങൾ പിന്നീട് വീണ്ടുമെത്തി നടുത്തളത്തിലിരുന്നു.

സഭാചിത്രീകരണം പൂർവസ്ഥിതിയിലാവണം

: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ നിയമസഭാ നടപടികൾ നേരിട്ട് ചിത്രീകരിച്ച്‌ സംപ്രേഷണം ചെയ്യുന്നതിനുള്ള അനുമതി സഭാ ടി.വി.ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. അതിനുമുമ്പ് ചോദ്യോത്തരവേള ദൃശ്യമാധ്യമങ്ങൾക്ക് നേരിട്ടുചിത്രീകരിച്ച് സംപ്രേഷണം ചെയ്യാമായിരുന്നു. കോവിഡ് നിയന്ത്രണം മാറിയിട്ടും ചിത്രീകരണനിയന്ത്രണങ്ങൾ പിൻവലിക്കാഞ്ഞതിനെത്തുടർന്ന് പ്രതിപക്ഷനേതാവ് നേരത്തേ സ്പീക്കർക്ക് കത്ത് നൽകി. കൂടാതെ, സഭാ ടി.വി.യുടെ നടത്തിപ്പും ലോക്‌സഭാ ടി.വി.യുടെ രീതിയിലാകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി എ.പി. അനിൽകുമാറും സ്പീക്കർക്ക് കത്ത് നൽകി. 2005 മേയിൽ സ്പീക്കറുടെ നിർദേശപ്രകാരം ലോക്‌സഭാ നടപടികളുടെ സംപ്രേഷണക്കാര്യത്തിൽ വരുത്തിയ ഭേദഗതികൾ സഭാ ടി.വി.യിലും വരുത്തണമെന്നായിരുന്നു ആവശ്യം.
സഭയുടെ നടുത്തളത്തിലിറങ്ങൽ, ഇറങ്ങിപ്പോക്ക്, ബഹളം എന്നിവ ഉൾപ്പെടെ സഭയിൽ സംഭവിക്കുന്ന കാര്യങ്ങളുടെ യഥാർഥപ്രതിഫലനം ആയിരിക്കണം ലോക്‌സഭാ നടപടികളുടെ സംപ്രേഷണം, സഭയിൽ ബഹളമുണ്ടാകുമ്പോൾ ബഹളം നടക്കുന്ന സ്ഥലത്തേക്ക് ക്യാമറ ഫോക്കസ് ചെയ്യണം, അത്തരം സന്ദർഭങ്ങളിൽ സഭയിൽ അധ്യക്ഷതവഹിക്കുന്ന ആളിന്റെ ദൃശ്യങ്ങൾ ഇടയ്ക്കിടെ ഉൾപ്പെടുത്താം -ഈ ഭേദഗതികൾ സഭാ ടി.വി.യിലും വേണമെന്നായിരുന്നു ആവശ്യം. ഇക്കാര്യങ്ങൾ പരിശോധിക്കാമെന്ന് സ്പീക്കർ എ.എൻ. ഷംസീർ റൂളിങ്‌ നൽകുകയും ചെയ്തിരുന്നു.

തയ്യാറാക്കിയത്‌: എം. ബഷീർ

Content Highlights: edit page

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..