Photo: Print
പുറമേനിന്നു നോക്കുമ്പോൾ പകൽ മുഴുവൻ അന്നപാനീയങ്ങൾ ഒഴിവാക്കുന്നതാണ് മുസ്‌ലിങ്ങളുടെ നോമ്പെന്നു തോന്നും. എന്നാൽ, അത് നോമ്പിന്റെ ബാഹ്യരൂപങ്ങളിൽ ഒരു ഘടകം മാത്രമേ ആകുന്നുള്ളൂ. അതൊന്നുകൊണ്ടുമാത്രം ഒരാൾ നോമ്പുകാരനായിത്തീരുന്നില്ല. ‘‘ചില നോമ്പുകാരുണ്ട്, വിശപ്പും ദാഹവുമല്ലാതെ മറ്റൊന്നും അവർ നേടുന്നില്ല.’’ എന്ന് പ്രവാചകൻതന്നെ മുന്നറിയിപ്പുനൽകുന്നുണ്ട്. നോമ്പെന്നാൽ കേവലം ഭക്ഷണം ഉപേക്ഷിക്കൽ മാത്രമല്ലെന്നു സാരം. പിന്നെയെന്താണ് അന്നപാനീയങ്ങളിൽനിന്നുള്ള മുസ്‌ലിങ്ങളുടെ ഈ മാറിനില്പിനെ സവിശേഷമാക്കുന്നത്?
നമസ്കാരം, ഹജ്ജ്, സകാത്ത് തുടങ്ങിയ ഇസ്‌ലാമിലെ മറ്റു മൂന്ന് നിർബന്ധ ആരാധനകളുടെയും നിർവഹണം പ്രകടമാകുന്നത് ഒരു കൂട്ടം പ്രവൃത്തികളിൽക്കൂടിയാണ്. എന്നാൽ, നോമ്പാകട്ടെ, ഒട്ടനേകം പ്രവൃത്തികളിൽനിന്നുള്ള മാറിനില്പാണ്. ആസക്തി ജനിപ്പിക്കുന്ന എല്ലാത്തിൽനിന്നുമുള്ള ഒഴിഞ്ഞു നിൽക്കൽ. മനുഷ്യന്റെ അടിസ്ഥാനപരമായ ജൈവികഭാവത്തെ ഇല്ലാതാക്കുന്ന പലതരം ആസക്തികളിലേക്കുള്ള പിശാചിന്റെ ക്ഷണത്തിന്റെ തുടക്കമാണ് ഭക്ഷണമെന്ന പ്രലോഭനം. വിലക്കപ്പെട്ട കനിയിൽ പ്രലോഭിതരായാണല്ലോ ആദിമ മനുഷ്യരായ ആദമും ഹവ്വയും സ്വർഗത്തിൽനിന്നും ഭൂമിയിലേക്ക് പോരുന്നത്. ആ ആദിമ പ്രലോഭനത്തെ നിയന്ത്രിക്കാനുള്ള കൈയടക്കവും മനഃസാന്നിധ്യവും പരിശീലിക്കുകവഴി സ്വർഗത്തിലേക്ക് തിരിച്ചുപോകാനുള്ള വഴിയൊരുക്കുകയാണ് റംസാൻ കാലത്തെ നോമ്പ്. റംസാൻ വിരുന്നെത്തിയാൽ സ്വർഗത്തിന്റെ പ്രധാന കവാടമായ റയ്യാന്റെ വാതിലുകൾ നോമ്പുകാർക്കുവേണ്ടി തുറന്നിടുമെന്ന ദൈവത്തിന്റെ ഉണർത്തൽ ആ തിരിച്ചുപോക്കിലേക്കുള്ള സൂചനയാണല്ലോ.
‘‘വിശപ്പുകൊണ്ട് സ്വർഗത്തിന്റെ വാതിൽ മുട്ടിത്തുറക്കൂ.’’ എന്ന് പ്രിയപ്പെട്ട പത്നി ആയിഷാ ബീവിയോട് പ്രവാചകൻ ഒരിക്കൽ പറയുന്നുണ്ട്. സ്രഷ്ടാവുമായുള്ള ബന്ധത്തിൽ വിശപ്പ് സവിശേഷമായ ഒരു പദവി വഹിക്കുന്നുണ്ട് എന്ന് സാരം.
നോമ്പിനെ സഹനശീലവുമായാണ് ഇസ്‌ലാം ബന്ധിപ്പിക്കുന്നത്. ‘നോമ്പെന്നാൽ സഹനത്തിന്റെ പകുതിയാണ്. സഹനമാകട്ടെ, വിശ്വാസത്തിന്റെ പകുതിയും’ എന്നാണ് പ്രവാചകൻ പഠിപ്പിച്ചത്. പട്ടിണി ശരീരത്തിന്റെ അവസ്ഥയാണ്. സഹനവും പരിത്യാഗവുമാവട്ടെ ആത്മാവിന്റെ പ്രവൃത്തികളും. ശരീരത്തിന്റെ പട്ടിണിയിലൂടെ ആത്മാവിനെ വിരുന്നൂട്ടുകയാണ് വിശ്വാസികൾ ചെയ്യുന്നത്. പട്ടിണിയെന്ന പരിദേവനത്തിനപ്പുറം വിശപ്പിനും ദാഹത്തിനും വിമോചനാത്മകമായ ഭവവും ഭാവവും നൽകുകയാണ് ഇതിലൂടെ ഇസ്‌ലാം ചെയ്യുന്നത്.
മനുഷ്യന്റെ ഉപഭോഗരീതികൾ പുനർവിചിന്തനം ചെയ്യപ്പെടുന്ന കാലംകൂടിയാണ് റംസാൻ. ഈ ഭൂമിയിലുള്ളതെല്ലാം നമുക്ക് മാത്രമുള്ളതല്ലെന്നും നമ്മൾ ആഗ്രഹിക്കുന്ന സമയത്തൊക്കെയും നമുക്ക് ലഭ്യമാവുകയില്ലെന്നും നോമ്പുകാരൻ മനസ്സിലാക്കുന്നു. മിതമായ ഉപഭോഗ രീതിയെ പ്രയോഗവത്കരിക്കാൻ ഇതിലൂടെ സാധിക്കുകയും ചെയ്യുന്നു.
ചുറ്റുമുള്ള മനുഷ്യരുടെ പരാധീനതകൾ മനസ്സിലാക്കി അവരെ സഹായിക്കുകയെന്നത് നോമ്പുകാലത്തെ പ്രധാനപ്പെട്ട പുണ്യങ്ങളിൽ ഒന്നാണ്. നോമ്പിന്റെ അവസാനദിവസം, പെരുന്നാളിന് മുമ്പായി, ആ ദിവസത്തെ ചെലവ് കഴിച്ച് ബാക്കി പണം െെകയിലുള്ളവരൊക്കെയും ആവശ്യക്കാർക്ക് ധാന്യങ്ങൾ കൊടുക്കുന്നത് ഈ സാമൂഹിക ബോധത്തിന്റെ പൂർണതയെ കുറിക്കാനാണ്. വീടുകളിൽ വരുന്ന മനുഷ്യരെയെല്ലാം സാമ്പത്തിക സഹായങ്ങൾ നൽകി ചേർത്തുപിടിക്കുന്നതും നോമ്പുകാലത്തെ സൗന്ദര്യങ്ങളിൽ പ്രിയപ്പെട്ടതാണ്.
നമ്മുടെ നൈമിഷികമായ സന്തോഷത്തിനു വേണ്ടി ആരെയും നോവിക്കരുതെന്നത് നോമ്പുകാരനിൽ ഉണ്ടാവേണ്ട പ്രധാനപ്പെട്ട മൂല്യങ്ങളിൽ ഒന്നാണ്. ശരീരംകൊണ്ടും മനസ്സുകൊണ്ടും അവരോടൊപ്പം ജീവിക്കുമ്പോഴേ നമ്മുടെ നോമ്പ് പൂർണമാവുകയുള്ളൂ. നോമ്പുകാലത്തെ പ്രധാനപ്പെട്ട പുണ്യങ്ങളിൽ ഒന്നായി ഇഫ്താറിനെ പരിചയപ്പെടുത്തുന്നതും ഈ സാമൂഹികബോധത്തിൽ നിന്നുകൊണ്ടാണ്.
സഹനം മനുഷ്യനെ പിന്നോട്ടടിപ്പിക്കുകയല്ല, മുന്നോട്ടു നയിക്കുകയാണ് ചെയ്യുന്നത്. സഹനത്തിലൂടെ അവൻ ശരീരത്തെ പ്രവർത്തന ക്ഷമമാക്കുന്നു, ആത്മാവിനെ ചൈതന്യവത്താക്കുന്നു. അതുവഴി മനുഷ്യകുലത്തിന്റെ മുന്നോട്ടുപോക്കിൽ ഒരു കുതിച്ചുചാട്ടം നടത്തുന്നു. അതിലൂടെ മനുഷ്യന്റെ ജൈവികാവസ്ഥയെ കൈവരിക്കാൻ പരിശ്രമിക്കുന്നു. ഈ ജൈവികതയെ പ്രാപിക്കുമ്പോഴാണ് നോമ്പ് ഒരു കാരുണ്യഭാവമായിത്തീരുന്നത്, സഹജീവികളോടുള്ള കരുതലും മനുഷ്യവംശത്തോടുള്ള പ്രതിബദ്ധതയുമായി വളരുന്നത്. നോമ്പ് മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായ അനുഭവമാണെങ്കിലും അതുണ്ടാക്കുന്ന ആന്തരിക ചലനങ്ങൾ സാമൂഹികാനുഭവമാണ്. ഈ സാമൂഹിക ഭാവം ഉൾക്കൊള്ളുമ്പോഴാണ് വിശപ്പിനും ദാഹത്തിനുമപ്പുറം സ്വർഗത്തിന്റെ വാതിലുകൾ മുട്ടിത്തുറക്കുന്ന താക്കോലായി നോമ്പ് മാറുന്നത്.
ജാമിഉൽ ഫുതൂഹ് ഗ്രാൻഡ് മസ്ജിദ് ഇമാമും സമസ്ത കേരള സുന്നി യുവജനസംഘം ജനറൽ സെക്രട്ടറിയുമാണ് ലേഖകൻ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..