ഇ.കെ.നായനാർ, എം.പി.വീരേന്ദ്രകുമാർ, കെ. ചന്ദ്രശേഖരൻ എന്നിവർക്കൊപ്പം അരങ്ങിൽ ശ്രീധരൻ
സ്വാതന്ത്ര്യസമര സേനാനിയും പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായിരുന്ന അരങ്ങിൽ ശ്രീധരന്റെ ഒരുവർഷം നീണ്ട ജന്മശതാബ്ദി ആഘോഷങ്ങൾ മാർച്ചിൽ അവസാനിക്കുകയാണ്. കേരളത്തിലെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലെ ധൈഷണികസൗന്ദര്യത്തിന്റെയും സമരതീക്ഷ്ണതയുടെയും പ്രതീകമായിരുന്ന അരങ്ങിൽ ശ്രീധരൻ കക്ഷിഭേദമെന്യേ എല്ലാവർക്കും ശ്രീധരേട്ടനായിരുന്നു. കോഴിക്കോട്ട് അരങ്ങിൽ ഡോ. ഗോപാലന്റെയും മാധവി അമ്മയുടെയും മകനായി 1923 മാർച്ച് 23-നാണ് അദ്ദേഹത്തിന്റെ ജനനം. വടകര ബി.ഇ.എം. സ്കൂളിൽ പഠിക്കുമ്പോൾ വിദ്യാർഥിസമരത്തിൽ പങ്കെടുത്തതിന് സ്കൂളിൽനിന്ന് പുറത്താക്കപ്പെട്ട ശ്രീധരൻ പിന്നീട് മംഗലാപുരം സെയ്‌ൻറ് അലോഷ്യസ് സ്കൂളിൽചേർന്ന് സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കി. മലബാർ ക്രിസ്ത്യൻ കോളേജിലെയും ബെംഗളൂരുവിലെയും പഠനത്തിനുശേഷം മധുര അമേരിക്കൻ കോളേജിൽ ഇംഗ്ലീഷ് ഓണേഴ്സ് കോഴ്‌സിന് പഠിച്ചുകൊണ്ടിരിക്കേ, രാഷ്ട്രീയപ്രവർത്തനത്തിന്റെ പേരിൽ പുറത്താക്കപ്പെട്ടു. സോഷ്യലിസ്റ്റ് പാർട്ടിയുടെ മുഴുവൻസമയ പ്രവർത്തകനായി മാറാനായിരുന്നു തീരുമാനം. കെ. കുഞ്ഞിരാമക്കുറുപ്പ് ആത്മകഥയിൽ ഇപ്രകാരം എഴുതി:, ‘ഞാനും ശ്രീധരനും ആയിരുന്നു മലബാറിലെ ആദ്യകാല മുഴുവൻസമയ പ്രവർത്തകർ. കെ.ബി. മേനോനും പി.എം. കുഞ്ഞിരാമൻ നമ്പ്യാരും ഞങ്ങൾക്ക് പ്രോത്സാഹനം തന്നു. ഞങ്ങളുടെ തലസ്ഥാനംതന്നെയും ഓർക്കാട്ടേരി ആണെന്ന് പറയാം’. ആദ്യകാലത്ത് ഇംഗ്ലീഷിൽ പ്രസംഗിക്കാനായിരുന്നു വശം. എന്നാൽ, ക്രമേണ മലയാളത്തിലേക്ക് ചുവടുമാറിയപ്പോൾ കെ.ടി. മുഹമ്മദ് എഴുതിയതുപോലെ അത് കടലുണ്ടിപ്പുഴപോലെ അനർഗളപ്രവാഹമായി.
സമരമുഖങ്ങളിലെ തലയെടുപ്പ്
രാജ്യത്തെ ആദ്യ പൊതു തിരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റുകൾക്ക് നേരിട്ട പരാജയത്തിനുശേഷം സോഷ്യലിസ്റ്റ് പാർട്ടിയും ആചാര്യ കൃപലാനിയുടെ നേതൃത്വത്തിലുള്ള കിസാൻ മസ്ദൂർ പ്രജാ പാർട്ടിയും തമ്മിൽ യോജിച്ച് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി എന്ന പേര് സ്വീകരിച്ചു. കേളപ്പജി കേരളത്തിലെ പി.എസ്.പി.യുടെ അധ്യക്ഷനായി നിയോഗിക്കപ്പെട്ടപ്പോൾ അരങ്ങിൽ ശ്രീധരൻ ജോയന്റ് സെക്രട്ടറിയായി. തുടർന്ന് മുഖ്യമന്ത്രി പട്ടം താണുപിള്ള പാർട്ടി ചെയർമാനായപ്പോൾ അരങ്ങിൽ ശ്രീധരൻ സെക്രട്ടറി സ്ഥാനത്തേക്കു നിയമിക്കപ്പെട്ടു. അത് രണ്ടു തലമുറകൾതമ്മിലുള്ള അഭിമുഖമായിരുന്നു. കൃഷിക്കാരെ കുടിയിറക്കുന്നതിനുനേരെ 1954-ൽ മുതുകാട്ടും 1964-ൽ കാട്ടാമ്പള്ളിയിലും സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന കർഷകസമരങ്ങളിൽ അരങ്ങിൽ ശ്രീധരനും കഠിനമായ മർദനമേറ്റു. പാവപ്പെട്ടവരുടെ ഏത് സമരത്തിലും അദ്ദേഹം തലയെടുപ്പോടെ മുന്നിൽനിന്നു.
തികഞ്ഞ സമത്വവാദി
വടകരയിൽനിന്ന് 1967-ൽ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അരങ്ങിൽ ശ്രീധരൻ ഭാഷാപ്രാവീണ്യത്തിലും ഉള്ളടക്കത്തിന്റെ ഗാംഭീര്യത്തിലും സഭയുടെ ശ്രദ്ധയാകർഷിച്ചു. സോഷ്യലിസ്റ്റ് പാർട്ടിയുടെ പാർലമെന്ററി പാർട്ടിനേതാവായി റാം മനോഹർ ലോഹ്യയും ഏതാനും മാസങ്ങൾ ആ സഭയിലുണ്ടായിരുന്നു. പിന്നീട് രാജ്യസഭയിലും അംഗമായ അരങ്ങിൽ ശ്രീധരൻ വി.പി. സിങ് ഗവൺമെന്റിൽ വാണിജ്യകാര്യ സഹമന്ത്രിയായിരുന്നു.
ദേശീയ അടിയന്തരാവസ്ഥയിൽ പതിനെട്ടുമാസവും അദ്ദേഹം തടവിലായിരുന്നു. വിയ്യൂർ സെൻട്രൽ ജയിലിലായിരുന്നു അദ്ദേഹത്തെ പാർപ്പിച്ചിരുന്നത്. ദിവസവും മൂന്നു പാക്കറ്റ് വിൽസ് സിഗരറ്റ് മാത്രമായിരുന്നു പ്രിയം. അടിയന്തരാവസ്ഥയ്ക്ക് തൊട്ടുമുൻപ് ജയപ്രകാശ് നാരായൺ കോഴിക്കോട്ടെത്തിയപ്പോൾ ജെ.പി.യുടെ പ്രസംഗം തന്മയത്വത്തോടെ ഭാഷാന്തരം നടത്തിയത് അരങ്ങിലായിരുന്നു.
ജോർജ് ഫെർണാണ്ടസിനെ സോഷ്യലിസ്റ്റ് പാർട്ടി ചെയർമാനായി തിരഞ്ഞെടുത്ത, 1974-ൽ കോഴിക്കോട്ട് ചേർന്ന അഖിലേന്ത്യാ സമ്മേളനത്തിന്റെ സ്വാഗതസംഘം അധ്യക്ഷൻ അരങ്ങിൽ ശ്രീധരനും സെക്രട്ടറി എം.പി. വീരേന്ദ്രകുമാറുമായിരുന്നു. വീരേന്ദ്രകുമാറിനെ സഹോദരതുല്യനായാണ് എപ്പോഴും കരുതിയിരുന്നുവെങ്കിലും ‘എന്റെ നേതാവ്’ എന്നു മാത്രമേ വീരേന്ദ്രകുമാർ പൊതുവേദിയിൽ അരങ്ങിലിനെ വിശേഷിപ്പിക്കുമായിരുന്നുള്ളു. കേരളത്തിലെ സോഷ്യലിസ്റ്റ് പാർട്ടിയുടെയും ജനതാദളിന്റെയും അധ്യക്ഷനായും അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു.
അരങ്ങിലിന്റെ ഭാര്യ ഡോ. നളിനി പ്രശസ്തയായ ഗൈനക്കോളജിസ്റ്റായിരുന്നു. വലുപ്പച്ചെറുപ്പമില്ലാതെ എല്ലാവരോടും സൗമ്യസമഭാവനയോടെ പെരുമാറിയിരുന്ന അരങ്ങിൽ ശ്രീധരൻ ഒരു യഥാർഥ സമത്വവാദിതന്നെയായിരുന്നു.
എൽ.ജെ.ഡി. ദേശീയ ജനറൽ സെക്രട്ടറിയാണ് ലേഖകൻ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..