കർഷകരുടെ കുരുതിനിലമായി മഹാരാഷ്ട്ര


By എൻ. ശ്രീജിത്ത്

2 min read
Read later
Print
Share

മഹാരാഷ്ട്ര കത്ത്

നാസിക്കിൽനിന്ന്‌ മുംബൈയിലെ വിധാൻസഭയിലേക്ക് കാൽനടജാഥ നടത്തുന്ന കർഷകർ. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതോടെ സമരം പിൻവലിച്ചു | ഫോട്ടോ: പി.ടി.ഐ.

മഹാരാഷ്ട്രയിൽ കർഷക ആത്മഹത്യ തുടർക്കഥയാവുകയാണ്. പ്രതിദിനം എട്ട് കർഷകർ ആത്മഹത്യ ചെയ്യുന്നതായാണ് പുതിയ റിപ്പോർട്ട്.
ഏക്‌നാഥ് ഷിന്ദേ ഭരണത്തിന്റെ ഏഴു മാസത്തിനിടെ 1203 കർഷകർ ആത്മഹത്യചെയ്തു. ഉദ്ധവ് താക്കറെയുടെ രണ്ടരവർഷ കാലയളവിൽ 1660 കർഷകർ ജീവനൊടുക്കി. 2014 മുതൽ ’19 വരെ ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രിയായിരുന്ന കാലയളവിൽ 5061 കർഷകർ ജീവിതം അവസാനിപ്പിച്ചു. കഴിഞ്ഞ രണ്ടുമാസത്തിനിടെ മറാത്ത്‌വാഡ മേഖലയിൽ മാത്രം 62 കർഷകർ ആത്മഹത്യചെയ്തു. ബീഡ് ജില്ലയിൽ 22 കർഷകർ ജീവനൊടുക്കി.

കർഷക ആത്മഹത്യകൾ പുതിയ വിഷയമല്ലെന്നും എത്രയോ വർഷങ്ങളായി അവ മഹാരാഷ്ട്രയിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവമാണെന്നുമായിരുന്നു കൃഷിമന്ത്രി അബ്ദുൾ സത്താറിന്റെ പ്രതികരണം. കർഷകരിൽ ഭൂരിഭാഗവും കടക്കെണികാരണം ആത്മഹത്യ ചെയ്തവരാണ്. ആത്മഹത്യ ഇല്ലാതാക്കാനുള്ള എല്ലാ സർക്കാർപദ്ധതികളും പാളി. കാർഷിക കടം എഴുതിത്തള്ളൽ വാഗ്ദാനങ്ങളിൽ ഒതുങ്ങി.

ഏറ്റവും കൂടുതൽ കർഷക ആത്മഹത്യ നടക്കുന്ന വിദർഭയിൽ 2022-ൽ ആത്മഹത്യചെയ്ത കർഷകരുടെ എണ്ണം 1170 ആണ് സർക്കാർ കണക്കിൽ. വിദർഭമേഖലയിൽ ഇത്തവണ പെയ്ത റെക്കോഡ്‌ മഴയിൽ വൻകൃഷിനാശം റിപ്പോർട്ട് ചെയ്തിരുന്നു. കർഷകർക്കു വൻനഷ്ടംപറ്റി. ഇത് ആത്മഹത്യകൾക്ക് കാരണമായെന്ന് കാർഷിക ക്ഷേമത്തിനായി മഹാരാഷ്ട്ര സർക്കാർ നിയമിച്ച വസന്തറാവു നായിക് ഷെട്ടി സ്വവ്‌ലാംബൻ മിഷൻ ചെയർപേഴ്‌സൺ കിഷോർ തിവാരി പറയുന്നു.

മന്ത്രിക്ക് സമാനപദവി ലഭിച്ചതോടെ കിഷോർ തിവാരിയും വിദർഭമേഖലകളിലെ കർഷക ആത്മഹത്യയെപ്പറ്റി കൃത്യമായ കണക്കുകൾ അവതരിപ്പിക്കുന്നില്ലെന്ന് കർഷകർ ആരോപിക്കുന്നു.

കാരണം ഒന്നുമാത്രം, കൃഷിനഷ്ടം

സബ്‌സിഡി, കാർഷിക വായ്പ എന്നിവയിൽ മാറ്റം വരണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. വിള ഇൻഷുറൻസ് പദ്ധതി കാര്യക്ഷമമാക്കണമെന്ന നിർദേശവും അവർ മുന്നോട്ടുവെക്കുന്നു. പടിഞ്ഞാറൻ വിദർഭയിലെ പരുത്തി, സോയാബീൻ കർഷകർക്കിടയിൽ കഴിഞ്ഞ പത്തുവർഷത്തിനിടയിൽ പതിനായിരത്തിലധികം കർഷക ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാലിപ്പോൾ കിഴക്കൻ വിദർഭയിലെ നെൽക്കർഷകർക്കിടയിൽ ആത്മഹത്യാപ്രവണത കൂടുകയാണെന്നും പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. കടം, വിളകൾക്കുണ്ടാവുന്ന നാശനഷ്ടം, വിളയിൽനിന്ന് ലഭിക്കുന്ന കുറഞ്ഞ വരുമാനം, കുടുംബാംഗങ്ങൾക്കുണ്ടാകുന്ന രോഗാവസ്ഥ ഉൾപ്പെടെ ഒട്ടേറെ ഘടകങ്ങൾ കർഷക ആത്മഹത്യയിലേക്ക് നയിക്കുന്നുണ്ടെന്ന് മുംബൈയിലെ ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് റിസർച്ച് നടത്തിയ പഠനവും ചൂണ്ടിക്കാണിക്കുന്നു.

കർഷകർ അനുഭവിക്കുന്ന മാനസിക സംഘർഷത്തെപ്പറ്റിയോ അവരുടെ പ്രശ്നങ്ങൾ പഠിക്കാനോ സർക്കാർസംവിധാനം തയ്യാറാവുന്നില്ലെന്ന് യങ്‌ വിസിൽബ്ലോവേഴ്‌സ് ഫൗണ്ടേഷന്റെ ജിതേന്ദ്ര ഗാഡ്‌ഗെ പറയുന്നു. മഹാരാഷ്ട്രയിലെ 20 ജില്ലകളിലെ 20,000-ത്തോളം കർഷകഗ്രാമങ്ങൾ മിക്കപ്പോഴും കടുത്തവരൾച്ചയുടെ പിടിയിലാണ്. ഇതിൽ ഭൂരിഭാഗവും വിഭർഭ, മാറാത്ത്‌വാഡ മേഖലയിലാണ്.

മുന്നറിയിപ്പായി സമരം

ഉള്ളിരംഗത്തെ കർഷകരും ഇപ്പോൾ കടുത്ത പ്രതിസന്ധി നേരിടുകയാണ്. സോളാപ്പുർ ബോർഗാവിലെ രാജേന്ദ്ര തുക്കാറാം ചവാൻ എഴുപത് കിലോമീറ്റർ അകലെയുള്ള എ.പി.എം.സി. വിപണിയിൽ 512 കിലോ ഉള്ളി വിറ്റശേഷം അദ്ദേഹത്തിന് കിട്ടിയത് രണ്ടു രൂപയുടെ ചെക്കാണ്. ഉള്ളിക്കർഷകർ നേരിടുന്ന പ്രതിസന്ധിയുടെ ചിത്രം ഇത് നൽകുന്നുണ്ട്.

2022-ൽ കർഷകരുടെ വരുമാനം ഇരട്ടിയാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ വാഗ്ദാനം ജലരേഖയായി അവശേഷിക്കുകയാണെന്ന് മഹാരാഷ്ട്ര സ്റ്റേറ്റ് ഒനിയൻ ഗ്രോവേഴ്‌സ് അസോസിയേഷൻ അധ്യക്ഷൻ ഭാരത് ഡിഗോളെ കുറ്റപ്പെടുത്തി.

ഇതിനിടെ നാസിക്കിൽ നിന്ന് കർഷകരുടെ നേതൃത്വത്തിൽ ആരംഭിച്ച ജാഥ മുംബൈയിലെത്തുന്നതിന് മുമ്പ് സർക്കാരുമായി നടത്തിയ ചർച്ചയിൽ ഒത്തുതീർപ്പിലെത്തി. ഓൾ ഇന്ത്യ കിസാൻ സഭയുടെ 80 ശതമാനം ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു.

നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ മുൻനിർത്തി സർക്കാരിന് പ്രതിസന്ധി സൃഷ്ടിക്കരുത് എന്ന മുൻകരുതലോടെയാണ് സർക്കാർ ഈ സമരം അവസാനിപ്പിക്കാൻ മുൻകൈയെടുത്തത്.

Content Highlights: edit page

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..