കോടതികയറിയ വാക്കുകൾ


4 min read
Read later
Print
Share

സുപ്രീംകോടതിവരെ എതിരായി നിന്നിട്ടും പറഞ്ഞതിൽ ഉറച്ചുനിന്ന് പിഴ ഏറ്റുവാങ്ങിയ നേതാവാണ് ഇ.എം.എസ്. അതേസമയം, പറഞ്ഞവാക്ക് അയോഗ്യതയ്ക്ക് വഴിവെച്ചതിന്റെ ചരിത്രം ആർ. ബാലകൃഷ്ണപിള്ളയ്ക്കാണ്

Photo: Print

പഞ്ചാബ് മോഡൽ പ്രസംഗം
കേരളകോൺഗ്രസുകാരെല്ലാം ഒന്നായി എറണാകളം രാജേന്ദ്ര മൈതാനത്ത്‌ നടത്തിയ ഒരുസമ്മേളനത്തിൽ ആവേശം കയറിയുള്ള ആർ. ബലകൃഷ്ണപിള്ളയുടെ പ്രസംഗമാണ് അദ്ദേഹത്തിന് വിനയായത്. 1984 മേയ് 25-നായിരുന്നു അത്. പിന്നീട് ‘പഞ്ചാബ് മോഡൽ’ എന്ന പേരിലാണിത് അറിയപ്പെട്ടത്. പഞ്ചാബിൽ ഭിന്ദ്രൻവാലയുടെ നേതൃത്വത്തിൽ വിഘടനവാദം ശക്തിപ്പെട്ട കാലമായിരുന്നു അത്. വ്യവസായ വികസനത്തിൽ കേന്ദ്രം കേരളത്തെ അവഗണിക്കുന്നതായിരുന്നു അന്ന് വൈദ്യുതി മന്ത്രിയായിരുന്ന ബാലകൃഷ്ണപിള്ളയുടെ പ്രസംഗത്തിന്റെ ഊന്നൽ. കേരളത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ച റെയിൽവേ കോച്ച് ഫാക്ടറി പഞ്ചാബിന് നൽകിയ സന്ദർഭം ഓർമിപ്പിച്ച് അദ്ദേഹം പറഞ്ഞു: ‘‘പഞ്ചാബിന്റെ ശൈലിയാണ് വ്യവസായത്തിനും വികസനത്തിനും ആവശ്യമെങ്കിൽ നമുക്ക് അതേപ്പറ്റി ആലോചിക്കാം, -തീവ്രവിഘടനവാദത്തിന് മന്ത്രി ആഹ്വാനം ചെയ്യുന്നതായി ഇത് വ്യാഖ്യാനിക്കപ്പെട്ടു. അത് സത്യപ്രതിജ്ഞാലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ കേസ് വന്നു. ബാലകൃഷ്ണപിള്ളയ്ക്ക് എതിരായ പരാമർശം കോടതിയിൽനിന്നുണ്ടായതോടെ അദ്ദേഹം രാജിവെച്ചു.

ഇ.എം.എസിന്റെ പിഴ
1967 നവംബർ 19-ന് അന്ന് മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് പത്രസമ്മേളനത്തിൽ നടത്തിയ പരാമർശം സുപ്രീംകോടതിവരെ എത്തി. നീതിന്യായ സംവിധാനത്തെ വിമർശിച്ചുകൊണ്ടുള്ളതായിരുന്നു പരാമർശം. മുഖ്യമന്ത്രി പദത്തിലിരുന്ന് ഇ.എം.എസ്. നടത്തിയ പരാമർശം നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത പൊതുജനങ്ങളിൽ നഷ്ടപ്പെടുത്തുന്നതാണെന്ന് ഹൈക്കോടതി വിലയിരുത്തി.
ഇ.എം.എസിന് 1000 രൂപയോ ഒരുമാസം വെറും തടവോ ആണ് ഹൈക്കോടതി ഫുൾബെഞ്ച് വിധിച്ചത്. പരാമർശം തിരുത്താനോ ഖേദപ്രകടനത്തിനോ ഇ.എം.എസ്. തയ്യാറായില്ല. പകരം, തന്റെ വാദത്തിന് കമ്യൂണിസ്റ്റ് വ്യാഖ്യാനം നൽകാനാണ് അദ്ദേഹം ശ്രമിച്ചത്. സ്റ്റേറ്റിന്റെ ഒരു ഭാഗമെന്ന നിലയ്ക്ക് ജുഡീഷ്യറി ഒരു മർദനോപകരണമാണെന്ന മാർക്സിസ്റ്റ് തത്ത്വം വിശദീകരിക്കുകയാണ് താൻ ചെയ്തതെന്നായിരുന്നു ഇ.എം.എസിന്റെ വാദം. ഇത് സുപ്രീംകോടതിയും അംഗീകരിച്ചില്ല. മാർക്സിന്റെയും ഏംഗൽസിന്റെയും കൃതികൾ ജുഡീഷ്യറിയെ ആക്ഷേപിച്ചിട്ടില്ലെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. അങ്ങനെ ഇ.എം.എസ്. പിഴ അടയ്ക്കണമെന്ന് സുപ്രീംകോടതിയും വിധിച്ചു. ഹൈക്കോടതി 1000 രൂപ പിഴയിട്ടത് 50 രൂപയാക്കി കുറച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരുമാസം തടവ്. ഇതാണ് സുപ്രീംകോടതി വരുത്തിയമാറ്റം.

നായനാർ പിടിച്ച പൊല്ലാപ്പുകൾ
സരസമായ പ്രയോഗങ്ങൾ കടുത്തുപോയി വിനയായി നായനാരും കോടതികയറിയിട്ടുണ്ട്. അതിൽ പ്രധാനമായിരുന്നു ‘ഹരിജൻ കുട്ടപ്പൻ’ പ്രയോഗം. 1996 സെപ്‌റ്റംബറിൽ തലശ്ശേരി ഉപതിരഞ്ഞെടുപ്പിനുള്ള പ്രചാരണക്കമ്മിറ്റി രൂപവത്കരണ യോഗത്തിലായിരുന്നു ഇത്. ‘നിയമസഭയുടെ മേശപ്പുറത്ത് ഡാൻസ് കളിച്ച ഹരിജൻ എം.എൽ.എ.’ എന്നായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന നായനാരുടെ പരാമർശം. ഇതിനെതിരേ കോൺഗ്രസ് എം.എൽ.എ.യായിരുന്ന ഡോ. എം.എ. കുട്ടപ്പൻ തലശ്ശേരി സ്പെഷ്യൽ കോടതിയിൽ കേസ് ഫയൽ ചെയ്തു. കീഴ്‌ക്കോടതി കേസ് ഫയലിൽ സ്വീകരിച്ച് നടപടിയിലേക്ക് കടന്നെങ്കിലും ഹൈക്കോടതി ഇതു റദ്ദാക്കി. സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് ശരിവെച്ചു.
നായനാരെ കുഴക്കിയ മറ്റുരണ്ട് പ്രയോഗങ്ങൾ കൂടിയുണ്ട്. അതിലൊന്ന്, 1997 നവംബർ 23-ന് സി.പി.എം. കോഴിക്കോട് ജില്ലാസമ്മേളനത്തിന്റെ സമാപന പൊതുയോഗത്തിൽ നടത്തിയ പരാമർശമാണ്. കോഴിക്കോട് പെൺവാണിഭക്കേസിനെ പരാമർശിക്കുന്നതിനിടയിൽ ‘പെണ്ണുങ്ങളുള്ളിടത്തൊക്കെ വാണിഭവുമുണ്ടാകും’ എന്ന് അദ്ദേഹം പറഞ്ഞു. ‘‘സൂര്യനെല്ലിയിലും വിതുരയിലും കാസർകോട്ടും തിരുരൂമെല്ലാം പെൺവാണിഭമുണ്ടായില്ലേ. കോഴിക്കോട്ട് മാത്രമുള്ളതാണോ ഈ പെൺവാണിഭം. ഇതാ ഞാൻ പറഞ്ഞത് സ്ത്രീകളുള്ളിടത്തെല്ലാം വാണിഭവുമുണ്ടാകുമെന്ന്.’’ - ഇതായിരുന്നു നായനാരുടെ പരാമർശം. പാതിരാമണൽ പ്രസംഗം എന്നപേരിലും മറ്റൊരു വിവാദകുരിശ് നായനാർക്ക് ചുമക്കേണ്ടിവന്നിട്ടുണ്ട്. അമേരിക്കയിൽ ഒരുമിനിറ്റിൽ ഒരു ബലാത്സംഗം നടക്കുന്നതും ചായകുടിക്കുന്നതും ഒരുപോലെയാണെന്നായിരുന്നു അത്. കോഴിക്കോട് പാതിരാമണലിൽ ഒരു റിസോർട്ട് ഉദ്ഘാടനത്തിന് നടത്തിയ പ്രസംഗമാണിത്. ഇത് സ്ത്രീവിരുദ്ധമായി വ്യാഖ്യാനിക്കപ്പെട്ടു. അമേരിക്കയിലെ സംസ്കാരമല്ല കേരളത്തിലേതെന്ന് പറയുകയാണ് താൻ ചെയ്തതെന്ന് വിശദീകരിച്ച് അന്ന് മുഖ്യമന്ത്രിയായിരുന്നു നായനാർ അതിനെ മറികടന്നു.

കോടിയേരിക്ക് പിഴ
പറഞ്ഞ വാക്ക് പിഴയായിക്കണ്ട് കോടതിയിൽനിന്ന് 1000 രൂപ പിഴശിക്ഷ ഏറ്റുവാങ്ങിയ അനുഭവം കോടിയേരി ബാലകൃഷ്ണനുണ്ട്. 1996 മാർച്ച് 10-ന് കണ്ണൂരിലെ കാപ്പാട് ഒരു പൊതുയോഗത്തിൽ പ്രസംഗിച്ചതാണ് കോടിയേരിയെ കുഴക്കിയത്. കോൺഗ്രസുകാരനായ കാപ്പാട് വസന്തനെ കൊന്ന കേസിലെ വിധിക്കെതിരേ കോടിയേരി നടത്തിയ പ്രസ്താവനയാണ് കാരണം. ‘തെളിവില്ലാത്ത കേസിൽപോലും സ്ഥാനലബ്ദി പ്രതീക്ഷിച്ച് സി.പി.എമ്മുകാരെ ശിക്ഷിക്കുന്നുവെന്നായിരുന്നു’ പ്രസ്താവന.

മാപ്പിലും തീരാതെ പാലോളി
മന്ത്രിയായിരിക്കുമ്പോൾ പാലോളി മുഹമ്മദ് കുട്ടി നടത്തിയ പരാമർശവും കോടതിയലക്ഷ്യക്കേസിന് വഴിയൊരുക്കി. ‘നോട്ടുകെട്ടുകളുടെ കനം അനുസരിച്ച് വിധിപറയുന്ന ലജ്ജാകരമായ അവസ്ഥയിലേക്ക് നമ്മുടെ കോടതികൾ മാറിക്കൊണ്ടിരിക്കുന്നു’ എന്നായിരുന്നു പാലോളിയുടെ പരമാർശം. 2007 ജനുവരി 31ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്റെ യോഗത്തിൽ നടത്തിയ പ്രസംഗത്തിലായിരുന്നു ഇത്. ഈ പരാമർശം താൻ നടത്തിയിട്ടുണ്ടെന്ന് പാലോളി ഹൈക്കോടതിയിൽ സമ്മതിക്കുകയും മാപ്പുപറയുകയും ചെയ്തിരുന്നു. മാപ്പ് പറയേണ്ടത് പൊതുജനങ്ങൾ മുമ്പാകെ നിരുപാധികമായിട്ടാണെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പരസ്യമാപ്പ് പാലോളി പറഞ്ഞില്ല. പകരം പിഴ ഏറ്റുവാങ്ങി.

വൺ, ടു, ത്രിയും ശുംഭനും
കോടതി കയറിയ വാക്കുകളും നേതാക്കളും പിന്നെയും ഏറെയുണ്ട്. എം.എം.മണിയുടെ വൺ ടു ത്രി പ്രസംഗം മുതൽ മന്ത്രിയായിരിക്കെ സജി ചെറിയാൻ നടത്തിയ ഭരണഘടന അധിക്ഷേപം വരെ ഇതിലുണ്ട്. ശുംഭന് പ്രകാശം പരത്തുന്നവൻ എന്ന അർത്ഥം നൽകി എം.വി.ജയരാജൻ നടത്തിയ വ്യാഖ്യാനവും കേരളം ഏറെ ചർച്ച ചെയ്തതാണ്.

നടപടി സ്വീകരിക്കുക ലോക്‌സഭാ സെക്രട്ടേറിയറ്റ്‌

30 ദിവസത്തിനുള്ളിൽ ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയില്ലെങ്കിൽ രാഹുലിന് എം.പി. സ്ഥാനം നഷ്ടപ്പെടും. ഒപ്പം, ശിക്ഷാകാലാവധി ഉൾപ്പെടെ എട്ടുവർഷം അയോഗ്യതയും ലഭിക്കും.
ലോക്‌സഭാ സെക്രട്ടേറിയറ്റാകും ഇതിനുള്ള നടപടികൾ സ്വീകരിക്കുകയെന്ന് സഭാ മുൻ സെക്രട്ടറി ജനറൽ പി. ശ്രീധരൻ പറഞ്ഞു. ജനപ്രതിനിധി ക്രിമിനൽക്കേസിൽ ശിക്ഷിപ്പെട്ടുവെന്നും അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് സ്പീക്കറുടെ നിർദേശപ്രകാരം രാഷ്ട്രപതിയുടെ അനുമതിയോടെ, കേന്ദ്ര തിരഞ്ഞെടുപ്പുകമ്മിഷന് ലോക്‌സഭാ സെക്രട്ടേറിയറ്റ് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് പരിശോധിച്ചശേഷം അയോഗ്യനായി പ്രഖ്യാപിച്ചുള്ള വിജ്ഞാപനം കമ്മിഷൻ ലോക്‌സഭാ സ്പീക്കർക്ക് അയക്കും. സ്പീക്കർ വിജ്ഞാപനത്തിൽ ഒപ്പുവെക്കുന്നതോടെ അയോഗ്യത പ്രാബല്യത്തിൽ വരും. എം.പി.സീറ്റിൽ ഒഴിവും രേഖപ്പെടുത്തും.

പാർലമെന്റിൽ കയറാനാകാതെ ലക്ഷദ്വീപ് എം.പി.

ലക്ഷദ്വീപ് എം.പി.യായിരുന്ന മുഹമ്മദ് ഫൈസലിന്റെ പേരിലുള്ള വധശ്രമക്കേസിലെ ശിക്ഷ ഹൈക്കോടതി സസ്പെൻഡ് ചെയ്തെങ്കിലും എം.പി. സ്ഥാനത്തുനിന്ന് അസാധുവാക്കിയ നടപടിയിൽ തീർപ്പില്ലാതെ തുടരുകയാണ്. അദ്ദേഹത്തിന്‌ ഇതുവരെ പാർലമെന്റിൽ കയറാനോ സഭയുടെ ഭാഗമാകാനോ കഴിഞ്ഞിട്ടില്ല. അംഗത്വം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം സ്പീക്കറെ സമീപിക്കുന്നുണ്ടെങ്കിലും നടപടിയുണ്ടാകുന്നില്ലെന്ന് മുഹമ്മദ് ഫൈസൽ പറഞ്ഞു.

കുറ്റവും ശിക്ഷയും

രാഹുൽഗാന്ധി മോദിസമുദായത്തെ അപകീർത്തിപ്പെടുത്തി എന്ന ക്രിമിനൽക്കുറ്റത്തിൽ ശിക്ഷിച്ചുകൊണ്ടുള്ള ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് അഭിപ്രായസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന നിയമതീരുമാനമെന്ന നിലയിൽ ചില ചോദ്യങ്ങളുയർത്തുന്നു.
വിശദമായ ഉത്തരവിന്റെ അഭാവത്തിൽ വിശകലനത്തിനു പരിമിതികൾ ഉണ്ടെങ്കിലും, രാഹുൽഗാന്ധിയുടെ ‘എല്ലാ മോഷ്ടാക്കൾക്കും മോദി എന്ന സർനെയിം എങ്ങനെ വന്നു’ എന്ന പ്രസ്താവനകൊണ്ട് മോദി എന്ന പേരോടുകൂടിയവർ എല്ലാവരും മോഷ്ടാക്കളാണ് എന്ന അർഥം വരുന്നുണ്ടോ എന്നത് സംശയകരമാണ്. നിർണയസാധ്യമായ ഒരു വിഭാഗത്തിനോ ഒരു വ്യക്തിക്കോ മാനഹാനി ഉണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ നടത്തുന്ന ഒരു പരാമർശംമാത്രമേ ശിക്ഷാർഹമാകുകയുള്ളൂ.

അയോഗ്യതാ വിഷയം

ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പിന്റെ മൂന്നാം ഉപവകുപ്പനുസരിച്ച്‌, രാഹുൽ ഗാന്ധിക്ക് ലഭിച്ച ശിക്ഷ രണ്ടുവർഷമോ അതിലധികമോ ആണെന്ന കാരണത്താൽ, അയോഗ്യനാക്കപ്പെടുക എന്നതാണ് നിയമം. പക്ഷേ, അപ്പീൽക്കോടതി, കുറ്റക്കാരനാണെന്ന കണ്ടെത്തൽ മരവിപ്പിച്ചാൽ, അയോഗ്യനാക്കപ്പെട്ടുകഴിഞ്ഞാൽക്കൂടിയും അംഗത്വം അപ്പീൽനടപടികൾ പൂർത്തിയാകുന്നതുവരെ തിരിച്ചുകിട്ടും. അപ്പീലിൽ വിചാരണക്കോടതി തീരുമാനം അസാധുവാകുകയാണെങ്കിൽ അംഗത്വം അഭംഗുരം തുടരും. മറിച്ചാണെങ്കിൽ സ്ഥിരമായി നഷ്ടപ്പെടും.
ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 500-ാം വകുപ്പിൽ നൽകാൻകഴിയുന്ന പരമാവധി ശിക്ഷ നൽകപ്പെട്ടതുകൊണ്ടാണ് അയോഗ്യനാക്കപ്പെടുന്നത്. അതിനാൽത്തന്നെ കേസിന്റെ ശക്തിക്കും ദൗർബല്യത്തിനും അതീതമായി കൊടുത്ത ശിക്ഷയുടെ കാഠിന്യവും ഈയൊരവസരത്തിൽ പരിശോധിക്കപ്പെടണം. പരമാവധി ശിക്ഷയായതുകൊണ്ട് അംഗത്വം നഷ്ടപ്പെടുന്നു എന്നതുകൊണ്ട് അപ്പീൽ ഘട്ടത്തിൽ, ഹർജിക്കാരനെ കോടതി സംരക്ഷിച്ചേക്കും.

തകരുന്ന സംവാദസംസ്കാരം

രാഹുൽഗാന്ധിയുടെ വിവാദ പരാമർശം അപക്വമായിരുന്നു. പ്രധാനമന്ത്രിപദത്തിലേക്ക്‌ ഉയർത്തിക്കാട്ടപ്പെടുന്ന വ്യക്തി എന്ന നിലയിൽ പ്രകടിപ്പിക്കപ്പെടേണ്ട രാഷ്ട്രീയദർശനവും ഇച്ഛാശക്തിയും ഇത്തരത്തിൽ തുലനം ചെയ്യപ്പെടുന്നത് ആരോഗ്യകരമായ രാഷ്ട്രീയത്തിന്‌ ചേർന്നതല്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്നോട്ടടിച്ചു എന്ന് വിലയിരുത്തപ്പെടുന്ന അദ്ദേഹത്തിന്റെ ‘ചൗക്കിദാർ കള്ളനാണ്’ എന്ന പരാമർശം ഒരു പുനർവിചിന്തനത്തിനു വഴിതെളിച്ചില്ല എന്നത് ദൗർഭാഗ്യകരമാണ്.

തയ്യാറാക്കിയത്‌: ബിജു പരവത്ത്

Content Highlights: edit page

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..