ആശുപത്രിക്കിടക്കയിലും രക്ഷയില്ലേ ?


2 min read
Read later
Print
Share

സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ വാർത്തയേ അല്ലാതായിട്ടുണ്ട് കേരളത്തിൽ. വലിയ പ്രതികരണങ്ങളൊന്നുമില്ലാതെയാണ് ഓരോ സംഭവവും ഉണ്ടാവുന്നതും ഓർമയാവുന്നതും

ഏതു സ്ത്രീയും ലൈംഗികാഗ്രഹ പൂർത്തീകരണത്തിനുള്ള ഉപകരണമാണെന്നു കരുതുന്ന മാനസികരോഗികൾ പെരുകുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കോഴിക്കോട് മെഡിക്കൽ കോളേജ്
സർജിക്കൽ ഐ.സി.യു.വിൽ രോഗിയായ യുവതിക്കുണ്ടായ ദുരനുഭവം. ആശുപത്രിക്കിടക്കയിൽപ്പോലും സ്ത്രീക്ക് രക്ഷയില്ലെന്ന അവസ്ഥ കേരളത്തിൽത്തന്നെയാണെന്നത് ഞെട്ടിക്കുന്നൊരു
യാഥാർഥ്യമാണ്. അതിക്രമത്തിനിരയായ സ്ത്രീ, അതേ ആശുപത്രിക്കിടക്കയിൽത്തന്നെ കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുള്ള ഭീഷണിക്കും വിധേയയാവുന്നത് അതിലേറെ ഞെട്ടിക്കുന്ന കാര്യമാണ്. പ്രതികരണങ്ങൾ....

ചികിത്സ ആവശ്യമുള്ള രോഗം

ഡോ. ഖദീജാ മുംതാസ്, എഴുത്തുകാരി
കോഴിക്കോട് മെഡിക്കൽ കോളേജ് സർജിക്കൽ ഐ.സി.യു.വിൽ രോഗിയുടെ നേർക്കുണ്ടായ ലൈംഗികാക്രമണം വലിയ ആശങ്കയുളവാക്കുന്നതാണ്‌. പ്രതിരോധിക്കാനോ ശബ്ദമുയർത്താനോ കഴിയുമായിരുന്നില്ലെങ്കിലും തന്റെ ശരീരത്തിനുമേലുള്ള കൈയേറ്റം പൂർണമായി മനസ്സിലാക്കാനാവുന്ന ബോധാവസ്ഥയിൽത്തന്നെയാണ് ആ സ്ത്രീ തിയേറ്ററിൽനിന്ന് ഐ.സി.യു.വിലേക്ക് മാറ്റപ്പെട്ടിട്ടുണ്ടാവുക. അതുകൊണ്ട് അവരുടെ പരാതിയെപ്പറ്റി സംശയത്തിനിടയില്ല. പരാതിയിൽനിന്ന് പിന്മാറ്റാൻ പ്രതിയുടെ സഹപ്രവർത്തകർ ശ്രമിച്ചു എന്നത് കൈയേറ്റത്തോളംതന്നെ ഹീനമായ പ്രവൃത്തിണ്‌. രോഗിയെ തിയേറ്ററിൽനിന്ന് മാറ്റുമ്പോഴും ഐ.സി.യു.വിലെ സുരക്ഷിതത്തിലെത്തുവോളവും വനിതാജീവനക്കാർ കൂടെ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത സത്യമാണെങ്കിലും ജീവനക്കാരുടെ അപര്യാപ്തത അതിനു വിഘാതമാവുന്നുണ്ടാവും, മെഡിക്കൽ കോളേജ് പോലെയുള്ള രോഗീബാഹുല്യംകൂടിയ ഇടങ്ങളിൽ. അടിയന്തരമായി പരിഹരിക്കേണ്ടതുതന്നെയാണ് ഇക്കാര്യം.
വികലമായ ലൈംഗികബോധ്യങ്ങളുള്ള മനുഷ്യർ എല്ലാ മേഖലകളിലും കൂടിവരുകതന്നെയാണ്. ചികിത്സ ആവശ്യമുള്ള സാമൂഹികമായ രോഗമാണത്. അരക്ഷിതമായ പരിതഃസ്ഥിതിയിൽ കാണപ്പെടുന്ന ഏതു സ്ത്രീയെയും തന്റെ ലൈംഗിക പൂർത്തീകരണത്തിനുള്ള ഉപകരണമാക്കാമെന്ന പുരുഷാധികാര യുക്തിയാണത്. പ്രത്യേകിച്ച് മെഡിക്കൽ സേവന രംഗത്താവുമ്പോൾ ഇത് കൂടുതൽ ഗുരുതരമായ കുറ്റമാകുന്നുണ്ട്.

നടപടിയുണ്ടാവും

പി. സതീദേവി, സംസ്ഥാന വനിതാകമ്മിഷൻ അധ്യക്ഷ
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പീഡനത്തിനിരയായ യുവതിയെ മൊഴിമാറ്റാനാവശ്യപ്പെട്ട് പ്രതിയുടെ സഹപ്രവർത്തകർ ഭീഷണിപ്പെടുത്തിയ സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

സ്ത്രീസൗഹൃദപരമല്ല പൊതുയിടങ്ങൾ

കെ.കെ. രമ, എം.എൽ.എ.
സ്ത്രീകൾക്കു നേരെയുള്ള കടന്നാക്രമണങ്ങൾ നാൾക്കുനാൾ വർധിച്ചുവരുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. പൊതു മണ്ഡലത്തിലാകെ വർധിച്ചുവരുന്ന സ്ത്രീ പ്രാതിനിധ്യമുണ്ടെങ്കിലും അതനുസരിച്ച് സ്ത്രീസൗഹൃദപരമല്ല നമ്മുടെ പൊതുയിടങ്ങളൊന്നും. മനസ്സ് മരവിക്കാത്ത മനുഷ്യർക്കാർക്കും സ്വസ്ഥതയോടെ കേൾക്കാൻ കഴിയാത്ത സംഭവമാണ് കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടായത്.
ഞെട്ടിക്കുന്ന തുടർ ഇടപെടലുകളാണ് ഈ സംഭവവുമായി ബന്ധപ്പെട്ട് അവിടെ ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ആശുപത്രിജീവനക്കാർ സംഘടിതമായി പരാതിക്കാരിയായ സ്ത്രീയെ സമ്മർദത്തിലാക്കാനും പരാതി പിൻവലിപ്പിക്കാനും ശ്രമിക്കുന്നു എന്നാണ് അവർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ പറഞ്ഞത്. അങ്ങനെ ശ്രമിക്കുന്നവരിൽ വനിതാജീവനക്കാർ പോലുമുണ്ടെന്നാണ് അവർ പറയുന്നത്. ഇതൊരു ഭീകരാവസ്ഥയാണ്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആരോഗ്യമന്ത്രിയുമായി സംസാരിക്കുകയും വിഷയത്തിന്റെ ഗൗരവം ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പ്രതിയെന്നുപറയുന്ന ജീവനക്കാരനെ സസ്പെൻഡ് ചെയ്തതായി അറിയുന്നു. എന്നാൽ, അതുകൊണ്ടുമാത്രം ഈ പ്രശ്നമവസാനിക്കുകയില്ല. അടിയന്തരമായി പൗരസമൂഹത്തിന്റെയും സ്ത്രീസംഘടനകളുടെയും ശ്രദ്ധപതിയേണ്ട പ്രശ്നമായി ഈ കേസ് നിൽക്കുന്നു. വഞ്ചിയൂരിൽ കഴിഞ്ഞദിവസം രാത്രി അതിക്രമത്തിനിരയായ സ്ത്രീയെ വീട്ടിലെത്തി കണ്ടിരുന്നു. അതിക്രൂരമായി, അജ്ഞാതനാൽ ആക്രമിക്കപ്പെട്ട ഇവർക്ക് പോലീസിന്റെയോ മറ്റോ സഹായം സമയത്തിന് ലഭിച്ചില്ല എന്നത് ഏറെ ഗൗരവകരമായ പ്രശ്നമാണ്.

തയ്യാറാക്കിയത്‌: അനുഷാ ഗോവിന്ദ്‌

Content Highlights: edit page

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..