പ്രതീകാത്മകചിത്രം
സംസ്ഥാനവരുമാനത്തിന്റെ മൂന്നുശതമാനം പൊതുകടമെടുക്കാൻ സംസ്ഥാനത്തിന് അവകാശമുണ്ട്. 2022-‘23 വൈദ്യുതിപരിഷ്‌കാരങ്ങളുടെ പേരിൽ 0.5 ശതമാനം അധികവായ്പയെടുക്കാം. അങ്ങനെ 3.5 ശതമാനം.
എന്നാൽ, രണ്ടുശതമാനം വായ്പയേ അനുവദിക്കൂവെന്നാണ് കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന സൂചന. കഴിഞ്ഞവർഷവും ഇതുതന്നെയായിരുന്നു സ്ഥിതി. അർഹതയുള്ള 3.5 ശതമാനത്തിനു പകരം 2.2 ശതമാനമേ വായ്പയെടുക്കാൻ അനുവദിച്ചുള്ളൂ.
ഇതിന്റെ സാമ്പത്തികപ്രത്യാഘാതം വളരെ വലുതാണ്. ഈ രണ്ടുവർഷവുംകൂടി ചേർത്താൽ ഏതാണ്ട് 25,000 കോടി രൂപയുടെ വായ്പവരുമാനനഷ്ടമാണ് കേരള ബജറ്റിൽ ഉണ്ടായിട്ടുള്ളത്. ഇങ്ങനെ വായ്പ വെട്ടിക്കുറയ്ക്കുന്നതിന് കേന്ദ്രസർക്കാർ പറയുന്ന ന്യായം കേരളം അനധികൃതമായി വായ്പയെടുത്തുവെന്നാണ്. സർക്കാരുകളും സർക്കാർസ്ഥാപനങ്ങളും എടുക്കുന്ന വായ്പകളെ അഞ്ചായിത്തിരിക്കാം.
പൊതുകടം വായ്പ
സംസ്ഥാനസർക്കാർ ബോണ്ടുകൾ ഇറക്കി കമ്പോളത്തിൽനിന്നോ ധനകാര്യസ്ഥാപനങ്ങളിൽനിന്നോ കേന്ദ്രസർക്കാർ വഴി വിദേശത്തുനിന്നോ കേന്ദ്രസർക്കാരിൽനിന്നോ എടുക്കുന്ന വായ്പകളെയാണ് പൊതുകടം വായ്പ അഥവാ പബ്ലിക് ബോറോയിങ് എന്നു വിളിക്കുന്നത്. ഈ വായ്പകൾ സർക്കാരിന്റെ സഞ്ചിതനിധിയിലേക്കാണ് വരുന്നത്. അതിൽനിന്നാണ് ചെലവഴിക്കുന്നത്.
പബ്ലിക് അക്കൗണ്ട് വായ്പ
സർക്കാരിന് രണ്ടുതരത്തിലുള്ള അക്കൗണ്ടുകളാണുള്ളത് -സഞ്ചിതനിധി അക്കൗണ്ടും പബ്ലിക് അക്കൗണ്ടും. സർക്കാരിനു ലഭിക്കുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റുകളും ട്രഷറി സേവിങ്‌സ് ബാങ്കിലെ ഡെപ്പോസിറ്റുകളും ജനങ്ങൾ സർക്കാരിനെ സൂക്ഷിക്കാൻ ഇത്തരത്തിൽ ഏൽപ്പിക്കുന്ന മറ്റു തുകകളും പബ്ലിക് അക്കൗണ്ടിലാണ് വരുക. ഈ അക്കൗണ്ടിൽ അതതു വർഷം ഉണ്ടാകുന്ന അസൽ വർധനമാത്രമാണ് സംസ്ഥാന സർക്കാരിന്റെ മൂലധനവരുമാനമായി കണക്കാക്കപ്പെടുക. ബജറ്റിൽ ഇത് പ്രത്യേകം രേഖപ്പെടുത്തും.
ഓഫ് ബജറ്റ് ബോറോയിങ്
സർക്കാർ ബജറ്റ് അക്കൗണ്ടിൽ ഉൾപ്പെടുത്തി നടത്തുന്ന ചില സ്‌കീമുകൾക്ക് സർക്കാരിന്റെ കീഴിൽ തത്‌കാലത്തേക്ക് പണം ഉണ്ടാകണമെന്നില്ല. അപ്പോൾ ബന്ധപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളും ഏജൻസികളും വഴി ആ തുകകൾ ചെലവഴിക്കുകയും പിന്നീട് സർക്കാർ ഈ തുക ബജറ്റിൽനിന്ന് ഏജൻസികൾക്ക് നൽകുകയും ചെയ്യും. ഉദാഹരണത്തിന് കേന്ദ്രസർക്കാർ ധാന്യം സംഭരിക്കുമ്പോൾ പലപ്പോഴും എഫ്.സി.ഐ. വഴി വായ്പയെടുത്താണ് പണം നൽകുക. ഇത് ഓഫ് ബജറ്റ് ബോറോയിങ്ങാണ്. കേരളത്തിലെ പെൻഷൻ കമ്പനിയുടെ വായ്പ ഓഫ് ബജറ്റ് ബോറോയിങ്ങിന് ഉദാഹരണമാണ്.
എക്‌സ്ട്രാ ബജറ്ററി വായ്പ
ബജറ്റ് അക്കൗണ്ടിൽ ഉൾപ്പെടുത്താത്തതും എന്നാൽ, സർക്കാരിന്റെ ഗാരന്റിയുടെയും ധനസഹായത്തിന്റെയും അടിസ്ഥാനത്തിൽ പൊതുമേഖലാസ്ഥാപനങ്ങൾ എടുക്കുന്നതുമായ വായ്പകളെ എക്‌സ്ട്രാ ബജറ്ററി വായ്പ എന്നുവിളിക്കുന്നു. കിഫ്ബി വായ്പകൾ ഇതിന് ഉദാഹരണമാണ്. കിഫ്ബി പ്രോജക്ടുകളൊന്നും ബജറ്റിന്റെ ഭാഗമല്ല. കിഫ്ബിയുടെ വരുമാനമോ ചെലവോ സർക്കാർ ബജറ്റ് രേഖകളിൽ വരുന്നില്ല. ചില പ്രോജക്ടുകൾ നടപ്പാക്കാൻ സർക്കാർ കിഫ്ബിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. കിഫ്ബി വായ്പയെടുത്ത് പ്രോജക്ടുകൾ നടപ്പാക്കും. സർക്കാർ ആന്വിറ്റി മോഡലിൽ കിഫ്ബിക്ക് എല്ലാ വർഷവും മോട്ടോർവാഹന നികുതിയുടെ പകുതി ഗ്രാന്റായി നൽകും.
മറ്റു പൊതുമേഖലാ സ്ഥാപന വായ്പകൾ
സർക്കാർ ഗാരന്റിയോ സഹായധനമോ ഇല്ലാതെ പൊതുമേഖലാ സ്ഥാപനങ്ങൾ നേരിട്ടെടുക്കുന്ന വായ്പകൾ. ഈ വായ്പകളുടെ ബാധ്യതകൾ ഒരു കാരണവശാലും സർക്കാരിനുമേൽ വരുന്നില്ല. എക്‌സ്ട്രാ ബജറ്ററി വായ്പകൾ പൊതുമേഖലാ സ്ഥാപനം തിരിച്ചടയ്ക്കുന്നത് സർക്കാരിന്റെ സഹായത്തോടെയാണ്. തിരിച്ചടച്ചില്ലെങ്കിൽ അതിനുള്ള ബാധ്യത സർക്കാരിന്റെ ചുമലിൽവരും. ഇത്തരത്തിലുള്ള ബാധ്യതകൾ സൃഷ്ടിക്കാത്ത പൊതുമേഖലാ വായ്പകളാണ് ഈ ഇനത്തിൽപ്പെടുത്തുക.
ഏതൊക്കെയാണ് കടബാധ്യതകൾ
ഇതുവരെയുള്ള അംഗീകൃത കണക്കെഴുത്തു രീതിപ്രകാരം സർക്കാരിന്റെ കടബാധ്യതകൾ ഒന്നും രണ്ടും ഇനങ്ങളിൽപ്പെട്ട വായ്പകളാണ്. ഈ രണ്ടിനങ്ങളെയും ബജറ്റ് കണക്കുകളിൽ പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇവ രണ്ടും ചേരുന്നതാണ് സർക്കാരിന്റെ ഒരു വർഷത്തെ മൂലധനവരുമാനം.
പബ്ലിക് അക്കൗണ്ടിൽനിന്നുള്ള വായ്പവരുമാനം ബജറ്റിൽ പറഞ്ഞതിനെക്കാൾ അധികമായാലും മുൻകാലങ്ങളിൽ ഉദാരമായ സമീപനമാണ് സ്വീകരിച്ചുകൊണ്ടിരുന്നത്. എന്നാൽ, എൻ.ഡി.എ. സർക്കാർ വന്നശേഷം ഇതിൽ കർശനമായ നിലപാട് സ്വീകരിച്ചു. വർഷാദ്യം പറഞ്ഞതിനെക്കാൾ കൂടുതൽ തുക പബ്ലിക് അക്കൗണ്ട് വഴി സമാഹരിച്ചാൽ അത് ആനുപാതികമായി അടുത്തവർഷത്തെ വായ്പപ്പരിധിയിൽ കുറവുചെയ്യുന്ന സമ്പ്രദായം കൊണ്ടുവന്നു.
പുതിയ നിയമം
ഇപ്പോൾ കേന്ദ്രം പറയുന്നത് മൂന്നും നാലും ഇനങ്ങളിലായി പൊതുമേഖലാ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പകളും കടപരിധി നിശ്ചയിക്കുന്നതിൽ ഉൾപ്പെടുത്തുമെന്നാണ്. ഇതാണ് ഇപ്പോഴുള്ള വിവാദത്തിന്റെ കാതൽ. കേന്ദ്രസർക്കാരാണ് ഇപ്രകാരം ഓഫ് ബജറ്റ് വായ്പകളും എക്‌സ്ട്രാ ബജറ്റ് വായ്പകളും കൂടുതലായി എടുക്കുന്നത്. അവയൊന്നും കേന്ദ്രസർക്കാരിന്റെ കടബാധ്യതകളിൽ ഉൾപ്പെടുത്തുന്നില്ല. 2019-ൽ കേന്ദ്രസർക്കാരിന്റെ ഓഫ് ബജറ്റ് ബോറോയിങ് 3.17 ലക്ഷം കോടി രൂപയായിരുന്നു.
എന്നാൽ, സംസ്ഥാനങ്ങൾ ഇത്തരത്തിൽ എടുക്കുന്ന വായ്പകൾ തുടർന്നുള്ള വർഷത്തിൽ സംസ്ഥാനത്തിന്റെ വായ്പപ്പരിധിയിൽനിന്ന് കിഴിവുചെയ്യുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. തങ്ങൾക്ക് ആകാം. സംസ്ഥാനങ്ങൾക്ക് പാടില്ലായെന്നാണ് ആ ഇരട്ടത്താപ്പ്. അങ്ങനെ കേരളത്തിലെ പെൻഷൻ കമ്പനിയും കിഫ്ബിയും എടുത്തിട്ടുള്ള വായ്പകൾ സംസ്ഥാനസർക്കാരിന്റെ വായ്പപ്പരിധിയിൽനിന്ന് ഏതാനും തവണകളായി കുറയ്ക്കുന്നതിന് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുകയാണ്.
കിഫ്ബി-എക്‌സ്ട്രാ ബജറ്ററി വായ്പ
കിഫ്ബിയും ഒരു ഓഫ് ബജറ്റ് വായ്പാ പരിപാടിയായിട്ടാണ് കേന്ദ്രസർക്കാർ സി.എ.ജി. രേഖകളിൽ വിശദീകരിക്കുന്നത്. ഇത് തെറ്റാണ്. കിഫ്ബിയുടെ ഒരു പ്രോജക്ടും ബജറ്റ് അക്കൗണ്ടിൽ ഉൾപ്പെടുന്നതല്ല. അതുകൊണ്ടാണ് കിഫ്ബി വായ്പയ്ക്ക് എക്‌സ്ട്രാ ബജറ്ററി വായ്പ എന്ന് പേരുകൊടുത്തിരിക്കുന്നത്. ഇതിനു മറുപടിയായി കേന്ദ്രം പറയുന്നത് ഇതാണ്: ബജറ്റിൽ പേരില്ലെങ്കിലും കിഫ്ബി എടുക്കുന്ന വായ്പകൾ തിരിച്ചടയ്ക്കുന്നതിന് പൂർണമായും ബജറ്റിൽനിന്നാണല്ലോ പണം നൽകുന്നത്. ഈ പ്രസ്താവനയും തെറ്റാണ്. കിഫ്ബിയുടെ പ്രോജക്ടുകളിൽ ഏതാണ്ട് 30 ശതമാനത്തോളം സെൽഫ് ഫിനാൻസിങ്ങാണ്.
കിഫ്ബി മറ്റൊരു ആന്വിറ്റി സ്‌കീം
കിഫ്ബി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന ആന്വിറ്റി മാതൃകയിലുള്ള പദ്ധതിപോലൊന്നാണ്. റോഡോ പാലമോ പോലുള്ള നിർമാണപ്രവൃത്തികൾ ടെൻഡർ ചെയ്യുമ്പോൾത്തന്നെ പതിനഞ്ചോ ഇരുപതോ വർഷങ്ങൾകൊണ്ടേ പൂർണതുക നൽകിത്തീർക്കുകയുള്ളൂ എന്ന് വ്യക്തമാക്കിയിരിക്കും. ഇവിടെ പൂർണബാധ്യത സർക്കാരിന്റേതാണ്. ഗഡുക്കളായി കൊടുത്തുതീർക്കുന്നുവെന്നുമാത്രം. എന്നുവെച്ച് കേന്ദ്രസർക്കാരോ ഏതെങ്കിലും സംസ്ഥാനസർക്കാരോ ആന്വിറ്റി കരാർ തുക വായ്പയായി ബജറ്റ് കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ? 2019 അവസാനത്തിൽ കേന്ദ്രസർക്കാരിന് ഇത്തരത്തിൽ ഏതാണ്ട് ഒരു ലക്ഷം കോടി രൂപയ്ക്കുള്ള 93 പദ്ധതികളുണ്ടായിരുന്നു.
കേരളം ഒന്നിക്കണം
കേന്ദ്രസർക്കാർ കേരളത്തിനെതിരേ ഏർപ്പെടുത്തുന്ന ഈ ഉപരോധത്തിന്റെ ലക്ഷ്യം വികസനത്തെ അട്ടിമറിക്കലാണ്. പക്ഷേ, ഇത്ര വലിയ അനീതി നടന്നിട്ടും എന്തുകൊണ്ടാണ് കേരളത്തിൽ വലിയൊരു പ്രതിഷേധമുയരാത്തത്? ഉത്തരം വ്യക്തമാണ്. കേരളം കടക്കെണിയിലാണെന്നും ശ്രീലങ്കയുടെ പാതയിലൂടെയാണ് സഞ്ചാരമെന്നും മറ്റുമുള്ള ഒരു പൊതുബോധ്യം കേരളത്തിൽ ചിലർ സൃഷ്ടിച്ചിരിക്കുകയാണ്. ഇതാണ് കേരളത്തിനുമേൽ കുതിരകയറുന്നതിന് കേന്ദ്രസർക്കാരിന് അവസരമൊരുക്കിയത്. ഇനിയെങ്കിലും സംസ്ഥാന ധനകാര്യസ്ഥിതിയെ തുരങ്കംവെക്കുന്നതിനുള്ള നീക്കത്തിനെതിരേ കേരളം ഒന്നിക്കണം.
ധനപരമായ അച്ചടക്കം -കേന്ദ്രമോ സംസ്ഥാനങ്ങളോ?
കേന്ദ്രസർക്കാരും സംസ്ഥാനസർക്കാരും കടമെടുക്കുന്നത് നിയന്ത്രിക്കുന്നതിന് പാർലമെന്റും നിയമസഭയും ധനഉത്തരവാദിത്വ നിയമം പാസാക്കിയിട്ടുണ്ട്. അതുപ്രകാരം ജി.ഡി.പി.യുടെ മൂന്നുശതമാനത്തിനപ്പുറം ഒരു വർഷം വായ്പയെടുക്കാൻ പാടില്ല. അതോടൊപ്പം വായ്പയെടുക്കുന്ന തുക സർക്കാരിന്റെ ദൈനംദിന റവന്യു ചെലവിനായി ഉപയോഗിക്കാനും പാടില്ല. അഥവാ ധനക്കമ്മി മൂന്നു ശതമാനത്തിൽ അധികമാകാൻ പാടില്ല. റവന്യു കമ്മി പൂജ്യവും ആയിരിക്കണം. 2002-04 കാലയളവിൽ ഈ നിയമം പാസാക്കിയതിനുശേഷം കേന്ദ്രം ഒരിക്കൽപ്പോലും ഈ നിയമത്തെ അനുസരിച്ചിട്ടില്ല. സംസ്ഥാനങ്ങൾ മൊത്തത്തിൽ എടുത്താൽ നിയമാനുസൃതമാണ് ബജറ്റുകൾ നടപ്പാക്കിയത്. ഇങ്ങനെ തുടർച്ചയായി നിയമലംഘനം നടത്തിയ കേന്ദ്രസർക്കാരാണ് കേരളം പോലുള്ള ചില സംസ്ഥാനങ്ങൾ നിയമംലംഘിച്ചുവെന്നു പറഞ്ഞ് വാളെടുത്തിരിക്കുന്നത്.
Content Highlights: edit page


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..