കൊടിത്തണലിൽ വഴിപിഴയ്ക്കുമ്പോൾ


3 min read
Read later
Print
Share

പ്രതീകാത്മകചിത്രം

എന്തു സഹായത്തിനുമായി ഓടിയെത്തുന്ന എണ്ണമില്ലാത്ത രാഷ്ട്രീയപ്രവർത്തകരുള്ള നാടാണ് കേരളം. പ്രളയകാലത്തും കോവിഡ് കാലത്തും നാം അവരെക്കണ്ടു. വെള്ളം മുടങ്ങിയാൽ, പാചകവാതകവണ്ടി വൈകിയാൽ, റേഷൻ യന്ത്രം മെല്ലെപ്പോക്ക് നടത്തിയാൽ, ലൈൻ ബസ് നിർത്താതെ പോയാൽ, മുനിസിപ്പാലിറ്റിയിൽ കരം കെട്ടാൻ... മടി കൂടാതെ പൊതുജനങ്ങളെ സഹായിക്കാൻ ഓടിയെത്തുന്നവർ എത്രയെത്ര. പക്ഷേ, ചിലരുണ്ട്‌. അധികാരവും കൊടിയും സ്വന്തം നേട്ടങ്ങൾക്ക് മറയാക്കുന്നവർ. രാഷ്ട്രീയപ്രവർത്തനത്തിന്‌ പേരുദോഷമുണ്ടാക്കുന്നവർ. ഇത്തിക്കണ്ണികൾ. അവരെക്കുറിച്ചാണ് ഈ പരമ്പര പറയുന്നത്. അവരെ മാത്രമാണ് ഉദ്ദേശിക്കുന്നത്.


അധികാരവും പ്രത്യയശാസ്ത്രവും ഇഴചേരാതെ വരുമ്പോഴാണ് പാർട്ടികൾ കലഹകൂടാരങ്ങളായി മാറുന്നത്. പരസ്പരം കാലുവാരലും കുതികാൽവെട്ടലും. രാഷ്ട്രീയചരിത്രം പഠിക്കുമ്പോൾ ഓരോ അധ്യായവും തരുന്ന പാഠങ്ങളാണവ. എന്നാൽ, പാർട്ടികളുടെ ലേബൽ മറയാക്കി ഒരുവിഭാഗം രാഷ്ട്രീയക്കാർ നടത്തിവരുന്ന സാമൂഹികവിരുദ്ധ, ചട്ടവിരുദ്ധ പ്രവർത്തനങ്ങളാണ് സംഘടനകൾക്ക് പുതിയ തലവേദനയായി മാറുന്നത്. എസ്.എഫ്.ഐ. യെവിവാദക്കുരുക്കിലായ ഇപ്പോഴത്തെ സംഭവങ്ങൾ ഒരുദാഹരണം.

എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച് ജോലി നേടിയ എസ്.എഫ്.ഐ. വനിതാനേതാവ് കെ. വിദ്യ നിയമക്കുരുക്കിലായി. ഗസ്റ്റ് ലക്ചറർ നിയമനത്തിനാണ് ഇവർ മഹാരാജാസിൽ പഠിപ്പിച്ചുവെന്ന് വ്യാജ രേഖയുണ്ടാക്കിയത്.
എസ്.എഫ്.ഐ. സംസ്ഥാനസെക്രട്ടറി പി.എം. ആർഷോ എഴുതാത്ത പരീക്ഷ ജയിച്ചതാണ് വിദ്യാഭ്യാസമേഖലയ്ക്ക് ഞെട്ടലുണ്ടാക്കിയത്. മാർക്ക് ഷീറ്റിൽ ഒരു വിഷയത്തിലും ഇദ്ദേഹത്തിന് മാർക്കില്ല. പക്ഷേ, പാസ്ഡ് എന്ന് രേഖപ്പെടുത്തി. കാട്ടാക്കട ക്രിസ്ത്യൻ കോളേജ് തിരഞ്ഞെടുപ്പിലെ ആൾമാറാട്ടമാണ് സമീപകാലത്ത് ജനാധിപത്യത്തിന് നാണക്കേടായ മറ്റൊരു സംഭവം. ഇതെല്ലാം സംഘടന നിയമവിരുദ്ധ പ്രവർത്തനത്തിന് ­തണലാകുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങൾ.

സംഘടന ഒരു ചവിട്ടുപടി

സംഘടനയെ ചവിട്ടുപടിയാക്കി സമാന്തരലോകം പടുത്തുയർത്തുന്നതാണ് മറ്റൊരു രീതി. അംഗത്വം നേടി കേഡറാകുന്നതിനൊപ്പം അതിന്റെ ബലത്തിൽ കറുത്ത കച്ചവടങ്ങൾ തുടർന്നുപോവുകയും ചെയ്യും. മറിച്ചും സംഭവിക്കുന്നുണ്ട്. പാർട്ടിനേതാക്കൾ രഹസ്യ ഇടപാടുകൾക്കും ക്വട്ടേഷനും പ്രയോജനപ്പെടുത്താൻ വളർത്തിയെടുക്കുന്നവർ പിന്നീട് വരം നേടിയ അസുരന്മാരായി വളർന്നുപോകുന്ന കാഴ്ച.
ടി.പി. ചന്ദ്രശേഖരൻ വധത്തിലും കൊടകര കുഴൽക്കേസിലുമെല്ലാം കാണാൻ കഴിയുന്നത് രാഷ്ട്രീയ, ക്വട്ടേഷൻ, കള്ളക്കടത്ത് സംഘങ്ങളുടെ ആഴത്തിലുള്ള ബന്ധങ്ങളാണ്. ഈ ബാന്ധവം ഏറ്റവും ശക്തമായി കാണാൻ കഴിയുക സി.പി.എമ്മിലാണ്. ഭരണത്തുടർച്ചയുണ്ടാക്കിയ ആലസ്യത്തിൽ ചുമതലക്കാർ മുഴുകിയതോടെ ഒരു വിഭാഗം വഴിതെറ്റിപ്പോയി. അഴിമതി, ലഹരിക്കടത്ത്, സ്വജനപക്ഷപാതം ഒക്കെയായി പരാതികൾ വ്യാപകമായതോടെ പാർട്ടി തെറ്റുതിരുത്തൽ പ്രഖ്യാപിച്ചു.

വിവിധ രാഷ്ട്രീയകക്ഷികളുടെ ഇടത്തട്ടിലെ ഒരു കൂട്ടം നേതാക്കന്മാർ ഉൾപ്പെട്ട ഈ സംഭവങ്ങളിൽ എന്തുണ്ടായി എന്നുള്ള അന്വേഷണത്തിൽ വ്യക്തമായത് ഒന്നാണ്. നീതിക്ക് രണ്ടു പന്തിയാണ്. സാധാരണ പൗരന്മാർ ­സമാനസംഭവങ്ങളിൽ ഉൾപ്പെട്ടാൽ കർശന നടപടി. ആരോപിതരായ രാഷ്ട്രീയക്കാരോട് മൃദുസമീപനവും.

ആസ്ഥാനത്തുതന്നെ വഴിവിട്ടു

സി.പി.എമ്മിന്റെ ആസ്ഥാനമാണ് തിരുവനന്തപുരത്തെ എ.കെ.ജി. സെന്റർ. തിരുവനന്തപുരം കോർപ്പറേഷനിലെ നിയമനക്കത്ത് വിവാദം പാർട്ടിയെ പിടിച്ചുലച്ചു. സഖാക്കൾക്ക് ജോലി നൽകാൻ മേയറുടെ പേരിലിറങ്ങിയ കത്ത് വഴിവിട്ട പോക്കിന്റെ ഉദാഹരണമായി എതിരാളികൾ ആഘോഷിച്ചു. തുടർച്ചയായ വിവാദം ശമിപ്പിക്കാൻ നേതൃത്വം ഇടപെട്ടു. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ നേരിട്ട് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗം കാര്യങ്ങൾ വിലയിരുത്തി. നേതാക്കൾ പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചു. മേയർ മുഖ്യമന്ത്രിക്ക് പരാതി നൽകിയതും കേസെടുത്ത് അന്വേഷിക്കാൻ നിർദേശിച്ചതും വിവാദം ശമിപ്പിക്കാനാണ്. പക്ഷേ, കേസ് എവിടെയും എത്തിയിട്ടില്ല. ആരുടെ കത്ത്, എന്ത് അന്വേഷണം എന്ന രീതിയിലായി പോലീസും. ദിവസങ്ങളോളം തലസ്ഥാനത്തെ സ്തംഭിപ്പിച്ച വിഷയം എതിർകക്ഷികളും ഉപേക്ഷിച്ചു.

കൈയൂക്കിന്റെ ഹുങ്ക്‌

കോഴിക്കോടാണ്‌ സംഭവം. ഡി.വൈ.എഫ്.ഐ. സംസ്ഥാനകമ്മിറ്റിയംഗം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സന്ദർശകവിലക്കുള്ള സമയത്ത് പ്രവേശിക്കാൻ വരുന്നു. സുരക്ഷാ ജീവനക്കാർ തടയുന്നു. തർക്കത്തിനിടെ മൂന്ന് സുരക്ഷാ ജീവനക്കാർക്ക് ക്രൂരമായി മർദനമേൽക്കേണ്ടി വന്നു. ഡി.വൈ.എഫ്.ഐ.സംസ്ഥാന കമ്മിറ്റി അംഗം കെ. അരുണിന്റെ നേതൃത്വത്തിൽ ഏഴുപേർ‌ക്കെതിരേയാണ് ആരോപണം വന്നത്. ജീവനക്കാരിലൊരാൾ നട്ടെല്ലിന് പരിക്കേറ്റ് ശസ്ത്രക്രിയ കഴിഞ്ഞയാളാണെന്ന് പറഞ്ഞിട്ടും പ്രതികൾ അദ്ദേഹത്തെ നിലത്തിട്ട് ചവിട്ടി. തുടക്കംമുതലേ പരസ്യമായി പ്രതികൾക്കൊപ്പം നിൽക്കുകയാണ് പാർട്ടിനേതൃത്വം ചെയ്തത്. പ്രതികൾ ഒളിവിൽ സുഖവാസം നടത്തി. പോലീസിനുനേരെ ശക്തമായ വിമർശനമുയരുകയും സുരക്ഷാ ജീവനക്കാർ പരസ്യമായ പ്രക്ഷോഭത്തിലേക്ക് പോവുകയും ചെയ്തതോടെ ഒരാഴ്ചയ്ക്കുശേഷം അരുൺ ഉൾപ്പെടെയുള്ളവർ കീഴടങ്ങി. സി.പി.എം. ജില്ലാകമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് എന്നിവർക്കൊപ്പമാണ് ക്രിമിനൽ കേസിൽ പ്രതികളായ നേതാക്കൾ പരസ്യമായി കീഴടങ്ങാനെത്തിയത്. ബാക്കിയുള്ള രണ്ട് പ്രതികൾക്കെതിരേ പോലീസ് അന്വേഷണം തുടങ്ങിയതോടെ തടയിടാൻ മുതിർന്ന നേതാവുതന്നെ സിറ്റിപോലീസ് മേധാവിക്കെതിരേ രംഗത്തെത്തി. പോലീസിനെ പ്രതിരോധത്തിലാക്കാൻ സിറ്റിപോലീസ് മേധാവിക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ചു. ഇത് വലിയ വിമർശനങ്ങൾക്കിടയാക്കി. നിൽക്കക്കള്ളിയില്ലാതെ പ്രതികളെ ജില്ലാസെക്രട്ടറിക്കുതന്നെ പരസ്യമായി തള്ളിപ്പറയേണ്ട അവസ്ഥ വന്നു.

ആലപ്പുഴയിലെ ‘നികത്തുമുന്നണി’

ആലപ്പുഴ ജില്ലയിൽ നിലം നികത്തിക്കൊടുക്കാൻ കക്ഷിരാഷ്ട്രീയ ഭേദമെന്യേ രാഷ്ട്രീയക്കാരുടെ മുന്നണിതന്നെ രംഗത്തുണ്ട്. പ്രത്യയശാസ്ത്രമല്ല, കാശാണ് അടിത്തറ. ഒറ്റരാത്രികൊണ്ട് വയൽ കരപ്രദേശമായി മാറ്റും. പത്തും പതിനഞ്ചും ടിപ്പറുകളിൽ മണ്ണുമായി ഏതെങ്കിലും പ്രദേശത്ത് തമ്പടിക്കും. മിന്നലായെത്തി നികത്തിപ്പോരും. സമാനരീതിയിലാണ് തീരത്തുനിന്നും കരിമണൽ കടത്തുന്നതും. ഏതെങ്കിലും കെട്ടിടത്തിനുവേണ്ടി പ്രദേശം കുഴിച്ചാൽ ആ മണ്ണ് ഇവർ സ്വന്തമാക്കും. തമിഴ്നാട്ടിലേക്ക് കരിമണൽ കടത്തുന്നതിന് ആലപ്പുഴ. തോട്ടപ്പള്ളി, ഹരിപ്പാട് എന്നിവിടങ്ങളിലെ പാർട്ടിനേതാക്കൾ ചുക്കാൻപിടിച്ചിരുന്നു. ആർ.എസ്.പി.യിലെ ഒരു നേതാവ് ഇതിനായി പ്രത്യേക പാക്കേജുതന്നെ മുമ്പ് തയ്യാറാക്കി നൽകിയിരുന്നു. ആലപ്പുഴയിലെ ഒരു നേതാവിന്റെ മറ്റൊരു പരിപാടി വർഷങ്ങളായി ആൾ താമസമില്ലാത്ത സ്ഥലവും പുരയിടവും സ്വന്തമാക്കലാണ്. ഇതിനായി ആർ.ഡി.ഒ. ഓഫീസുമുതൽ ജീവനക്കാർ ഇദ്ദേഹത്തിനായി പ്രവർത്തിക്കും. ആലപ്പുഴ ചുങ്കം, പുന്നമട എന്നിവിടങ്ങളിലായി ഇത്തരത്തിൽ ഭൂമി നഷ്ടപ്പെട്ടത് ഒട്ടേറെ പേർക്കാണ്. ഇവർ പരാതിയുമായി റവന്യൂ ഓഫീസുകൾ കയറിയിറങ്ങുന്നിണ്ടിപ്പോൾ.

തയ്യാറാക്കിയത്‌: കെ.ആർ. പ്രഹ്ലാദൻ, കെ. രാജേഷ് കുമാർ, കെ. എ. ബാബു, കെ.പി. ഷൗക്കത്തലി, രാജേഷ് ജോർജ്‌, രാകേഷ് കെ. നായർ, കെ. കെ. ശ്രീരാജ്

(തുടരും)

Content Highlights: edit page

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..