ഒറ്റയ്ക്കൊരു കപ്പിത്താൻ


മനോജ്‌ മേനോൻ

2 min read
Read later
Print
Share

Photo: Mathrubhumi

രാജസ്ഥാൻ മുഖ്യമന്ത്രി പുതിയ ബജറ്റിനു പകരം പഴയ ബജറ്റിന്റെ കടലാസുകളെടുത്ത് വായിച്ചതാണിപ്പോൾ മഹാപാതകം. ലോകമിടിഞ്ഞുവീണതുപോലെയാണ് ചിലരുടെ കൊള്ളിവാക്ക്. കടലാസെങ്കിൽ കടലാസ്, കിട്ടിയതെടുത്ത് എറിഞ്ഞേക്കാം എന്നുകരുതി ഇറങ്ങിപ്പുറപ്പെട്ടവരിൽ രാഷ്ട്രീയശത്രുക്കൾ മാത്രമല്ല, മിത്രങ്ങളായി നടിക്കുന്ന ശത്രുക്കളുമുണ്ടെന്ന് ആദ്യം മനസ്സിലാക്കിയത് ഗഹ്‌ലോതായിരിക്കും. എന്നിട്ടും ഇത്തരക്കാരിൽ സച്ചിൻ പൈലറ്റുണ്ടെന്നൊന്നും ഗഹ്‌ലോത്‌ പറഞ്ഞതേയില്ല. എന്നാൽ, ദോഷം പറയരുതല്ലോ. ചിലരൊക്കെ ന്യായീകരണക്കഷായവുമായും രംഗത്തുണ്ട്. ഒന്നാം യു.പി.എ. ഭരണകാലത്ത് വിദേശകാര്യമന്ത്രിയായിരുന്ന എസ്.എം. കൃഷ്ണ അന്താരാഷ്ട്രവേദിയിൽ, മറ്റൊരു നേതാവിന്റെ പ്രസംഗക്കടലാസ് വായിച്ച് പ്രഖ്യാപനങ്ങൾ നടത്തിയ കഥ ഉദ്ധരിച്ചാണവർ ന്യായീകരണം നിർമിച്ചത്. രണ്ടുപേരും ഒരേ പാർട്ടിയിൽ പിറന്നവരാണെന്ന് ചൂണ്ടിക്കാട്ടി ഒളിയമ്പെയ്ത് രസിക്കുന്നവരോട് എന്തുപറയാൻ?
മറിച്ചൊന്ന് ചിന്തിച്ചാലും തെറ്റില്ല. പുതിയതിൽ പുതുതൊന്നുമില്ലെന്ന് കണ്ടെത്തുമ്പോഴാണല്ലോ മനുഷ്യർ പഴയതിലേക്ക് മടങ്ങുന്നത്. പണ്ടൊക്കെ എന്തായിരുന്നു എന്നോർത്ത് നെടുവീർപ്പിടുന്നതും അതുകൊണ്ടുതന്നെ. പുതിയതിൽ കാര്യമില്ലെന്നുതോന്നുമ്പോൾ പഴയതിന്റെ പുതപ്പുചുറ്റുന്നു എന്നു സാരം. ഗഹ്‌ലോത്‌ പഴയ കടലാസെടുത്തു വായിച്ചതിന്റെപിന്നിൽ അത്തരം ചില ചെറുകിട തത്ത്വചിന്തയ്ക്ക് സാധ്യതയുണ്ട്.
പണ്ട്, പണ്ടെന്ന... കഥപറയാൻ കോൺഗ്രസിന് ശീലം ലഭിച്ചത് ഇത്തരത്തിലുള്ള ചില തത്ത്വചിന്തകളുടെ ബലത്തിലായിരിക്കുമെന്നാണ് കരുതേണ്ടത്. കോൺഗ്രസിന് ഉണർവേകാൻ ഭാരത് ജോഡോ യാത്രയുമായി കന്യാകുമാരിമുതൽ കശ്മീർവരെ രാഹുൽഗാന്ധി മൈലുകൾ താണ്ടിയപ്പോൾ, പാർട്ടിയിൽ പലരും ഈ യാത്രയോട് മണപ്പുറത്തുകണ്ട പരിചയംപോലും കാട്ടാതെനിന്നത് ഇങ്ങനെ പഴയ ഓർമകളിൽ കുടുങ്ങിനിന്നതുകൊണ്ടാകാനാണ് സാധ്യത! പണ്ടൊക്കെ എന്തായിരുന്നു, ഇങ്ങനെയായിരുന്നോ യാത്ര? പറഞ്ഞൊഴിയാൻ വാളും പരിചയും പണ്ടേ തയ്യാർ.
കാറ്റില്ലാത്ത കടൽ
2013-നും 2019-നും 2023-നും ഇടയിലുള്ള ദൂരമാണ് കഴിഞ്ഞ മാസങ്ങളിൽ രാഹുൽഗാന്ധി നടന്നുതീർത്തത്. താടിമീശകളില്ലാത്ത രാഹുലായിരുന്നു കന്യാകുമാരിയിൽനിന്ന് യാത്രതുടങ്ങിയതെങ്കിൽ കശ്മീരിലെത്തിയത് നരച്ചതാടിയുള്ള രാഹുൽ. ഛായയിലും പ്രതിച്ഛായയിലും മാറ്റം. 2013 ജൂൺ 19-ന് ജയ്‌പുരിൽനടന്ന പാർട്ടി ചിന്തൻ ശിബിറിൽ ഉപാധ്യക്ഷനായി ചുമതലയേറ്റശേഷം രാഹുൽ നടത്തിയ പ്രസംഗവും 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വൻ തിരിച്ചടിയേറ്റശേഷം നൽകിയ പ്രസ്താവനയും ഇക്കഴിഞ്ഞമാസം 30-ന് ശ്രീനഗറിൽ ഭാരത് ജോഡോ യാത്രയുടെ സമാനപനച്ചടങ്ങിൽ നടത്തിയ പ്രസംഗവും ഉള്ളടക്കങ്ങളിൽ സമാനം. പക്ഷേ, ലക്ഷ്യം പലത്.
ആദ്യത്തെ പ്രസംഗം നടക്കുമ്പോൾ കോൺഗ്രസ് രാജ്യഭരണത്തിലായിരുന്നു. ‘‘ഇരുട്ടിൽ പ്രതീക്ഷയുടെ ഒരു പ്രകാശനാളം തെളിയുന്നത് എനിക്കു കാണാം. അതാണ് ഇന്ത്യയെ ഈ രീതിയിൽ വളർത്തിയത്. ആ പ്രതീക്ഷയുടെ പ്രതീകം കോൺഗ്രസാണ്’’ -എന്നായിരുന്നു ജയ്‌പുർ ശിബിരത്തിൽ രാഹുൽ പറഞ്ഞത്. 2019-ൽ കോൺഗ്രസ് രണ്ടാംവട്ടവും പരാജയപ്പെട്ട് മെലിഞ്ഞപ്പോൾ രാഹുൽ പറഞ്ഞതിൽ മറ്റൊരു ചരിത്രം. ‘‘എല്ലാത്തിനെയും കൈയടക്കിയ ആർ.എസ്.എസിനോടും പ്രധാനമന്ത്രിയോടും ഞാൻ വ്യക്തിപരമായി പോരാടി. ഇന്ത്യയെ നിർമിച്ച ആശയങ്ങളെ പ്രതിരോധിക്കാനായി യുദ്ധംചെയ്തു. ആ സമയത്തെല്ലാം ഞാൻ ഒറ്റയ്ക്കായിരുന്നു.’’ -പ്രസിഡന്റ് പദവി രാജിവെച്ചുകൊണ്ട് രാഹുൽ പറഞ്ഞു. പരിഭവമുയർന്നതല്ലാതെ പാർട്ടിയിൽ വലിയ മാറ്റങ്ങളുണ്ടായില്ല, തിരഞ്ഞെടുപ്പെന്ന പുറംകുപ്പായത്തിനുള്ളിൽ നാമനിർദേശങ്ങൾ നിർബാധം നടന്നതല്ലാതെ.
കന്യാകുമാരിയിൽനിന്ന് 3220 കിലോമീറ്റർ നടന്ന് കശ്മീരിലെത്തിയ രാഹുൽ, ശ്രീനഗറിൽ നടത്തിയ പ്രസംഗത്തിൽ പക്ഷേ, കോൺഗ്രസ് രാഷ്ട്രീയമായിരുന്നില്ല പരാമർശം. യാത്ര കോൺഗ്രസിനുവേണ്ടിയല്ല രാജ്യത്തിനുവേണ്ടിയാണെന്നു പറഞ്ഞ രാഹുൽ, വിദ്വേഷത്തിന്റെ ചന്തയിൽ സ്നേഹത്തിന്റെ കടതുറക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് എതിർപക്ഷ രാഷ്ട്രീയത്തെ വിമർശിക്കുകയായിരുന്നു. തന്റെ ജീവിതം കടന്നുപോയ ദുരന്തങ്ങളെക്കുറിച്ച് വിശദീകരിച്ച് ആവേശമുയർത്തിയ പ്രസംഗം.
പക്ഷേ, യാത്രയുടെ ആവേശം ഏറ്റുവാങ്ങാൻ പാർട്ടിയോ പരിവാരങ്ങളോ പതിവുപോലെ രംഗത്തില്ല. അക്കാര്യത്തിൽ പാരമ്പര്യം വിടാൻ കോൺഗ്രസ് തയ്യാറല്ല. സംഘടനാസംവിധാനം കടലാസിൽ ഉറങ്ങുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാറ്ററിഞ്ഞിട്ടേയില്ല. തുടർചലനങ്ങളുമില്ല. നാമനിർദേശം വേണോ, തിരഞ്ഞെടുപ്പ് വേണോ എന്ന ഗഹനവിഷയം തർക്കിച്ച് തീർന്നിട്ടുവേണം തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകാൻ എന്ന് ചിന്തിച്ചപ്പോഴേക്കും ത്രിപുരയിൽ തിരഞ്ഞെടുപ്പ് കഴിഞ്ഞു. സി.പി.എമ്മുമായി ചങ്ങാത്തമുണ്ടാക്കിയെന്ന ആരോപണവടി ബി.ജെ.പി.യുടെ കൈയിൽ കൊടുത്തതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. പതിവുപോലെ, ഇനി റായ്‌പുരിലെ അങ്കത്തട്ടിൽ കാണാം.

Content Highlights: editpage

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..