370-ാം അനുച്ഛേദം ഓർമിക്കേണ്ട പാഠം


ശശി തരൂർ

.

ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കി, സംസ്ഥാനമായിരുന്ന ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി കേന്ദ്രസർക്കാർ വെട്ടിമുറിച്ചിട്ട് ഓഗസ്റ്റ്‌ അഞ്ചിന്‌ മൂന്നുവർഷമാകുന്നു. അതിനുശേഷം, വൈരുധ്യമെന്നു പറയട്ടെ, കശ്മീർ താഴ്‌വരയിലെ സ്ഥിതി ഒരേസമയം മെച്ചവും മോശപ്പെട്ടതുമായിക്കൊണ്ടിരിക്കുന്നു. മെച്ചപ്പെട്ടുവെന്ന് പറയാൻ കാരണം, ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികൾ വലിയതോതിൽ കശ്മീരിലെത്തുകയും അതിലൂടെ ആ മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടാകുകയും ചെയ്തു. ഇതുവഴി സമ്പദ്‌വ്യവസ്ഥയിലേക്ക് പണമൊഴുകുകയും ചെയ്യുന്നു.
എന്നാൽ, അതേസമയംതന്നെ കശ്മീരി മുസ്‌ലിങ്ങളോടുള്ള അന്യവത്കരണത്തിന്റെ കഥകൾ വർധിച്ചുവരുന്നു. കശ്മീരിലെ നിലവിലെ സ്ഥിതിയെക്കുറിച്ചുള്ള ചോദ്യം മാറ്റിവെച്ചാൽ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടി നമ്മെ പഠിപ്പിച്ച പാഠങ്ങളെന്തെല്ലാമാണ്?

നിയമത്തിലെ പഴുതുകൾ കണ്ടെത്തി നിർലജ്ജമാണ് ജമ്മുകശ്മീരിന്റെ സംസ്ഥാനപദവി എടുത്തുകളഞ്ഞതെന്നത് നാം മറക്കരുത്. രാഷ്ട്രപതിഭരണത്തിലായിരിക്കുമ്പോഴാണ് കേന്ദ്രഭരണപ്രദേശമായി വിഭജിക്കാനുള്ള ജമ്മുകശ്മീരിന്റെ ‘സമ്മതം’ നേടിയത്. അതും കേന്ദ്രംതന്നെ നിയമിച്ച ഗവർണറെ ‘സംസ്ഥാന’മായി കണക്കാക്കി ഭരണഘടന ഭേദഗതിചെയ്യാനുള്ള സമ്മതം സർക്കാർ വാങ്ങിയെടുത്തു. സ്വന്തം തീരുമാനത്തിന് സ്വന്തം സമ്മതം വാങ്ങുന്നതുപോലെ! പ്രാദേശികപ്പാർട്ടികളുമായിപ്പോലും കൂടിയാലോചിക്കാതെയായിരുന്നു തീരുമാനം.

ജനാധിപത്യമര്യാദ ലംഘിക്കപ്പെട്ടയിടം

ഈ വിഷയം ഒത്തുതീർന്നുവെന്ന് എല്ലാവരും കരുതണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. എന്നാൽ, മൂന്നുവർഷത്തിനിപ്പുറവും അതിന്റെ നിയമപരമായ പ്രശ്നങ്ങൾ കൂടുതൽ വിശദമായ ചർച്ചകൾക്ക് വിധേയമാക്കേണ്ടതുണ്ട്‌. മാത്രമല്ല, ഈ തീരുമാനത്തെ കൈയടിച്ചു സ്വീകരിച്ച പൊതുജനങ്ങളെ ഇതിനുപിന്നിലുള്ള നിയമപരമായ അഴിമതിയെക്കുറിച്ച് ബോധ്യപ്പെടുത്തേണ്ടതും അനിവാര്യമാണ്.

അടിസ്ഥാനപരമായ കുറച്ചുകാര്യങ്ങൾ: ജമ്മുകശ്മീരിൽ ഭരണഘടനാ അസംബ്ലി നിലവിൽവരുന്നതുവരെയുള്ള താത്കാലിക സംവിധാനമായാണ് 370-ാം അനുച്ഛേദം വിഭാവനംചെയ്തത്. അതിനുശേഷം ഇന്ത്യയുടെ മറ്റുഭാഗങ്ങളുമായി സംസ്ഥാനത്തിനുണ്ടായിരിക്കേണ്ട ഭരണഘടനാപരമായ ബന്ധം എങ്ങനെയാകണം എന്നു നിർണയിക്കേണ്ട അവകാശം ഭരണഘടനാ അസംബ്ലിക്ക് കൈമാറി. അത്തരം കാര്യങ്ങളിൽ പ്രഥമപരിഗണന ജനങ്ങൾക്കാണ്. ജമ്മുകശ്മീർ ഭരണഘടനാ അസംബ്ലിയുടെ അനുമതിനേടിയശേഷം രാഷ്ട്രപതിയുടെ ഉത്തരവിലൂടെ മാത്രമേ 370-ാം ആർട്ടിക്കിൾ റദ്ദാക്കാനാകൂവെന്ന് ­370-ാം അനുച്ഛേദത്തിന്റെ മൂന്നാംവകുപ്പിൽ വ്യക്തമാക്കുന്നു.

ജമ്മുകശ്മീർ ഭരണഘടനാ അസംബ്ലി ആ സംസ്ഥാനത്തിനുവേണ്ടിയുള്ള ഭരണഘടന സജ്ജമാക്കി. ഇന്ത്യയുമായുള്ള ഭരണഘടനാപരമായ ബന്ധത്തെ ബാധിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിൽനിന്ന് ജമ്മുകശ്മീർ നിയമസഭയെ തടയുന്ന 147 (സി) അനുച്ഛേദവും അവർ ആ ഭരണഘടനയിൽ ഉൾപ്പെടുത്തി. ഇന്ത്യയുമായി സ്ഥിരമായ ബന്ധം നിലനിർത്താൻ 370-ാം അനുച്ഛേദവും അവർ സ്വീകരിച്ചു. തുടർന്നുള്ള സുപ്രീംകോടതിവിധികളും ഈ തീരുമാനത്തെ ശരിവെച്ചു.

370-ാം അനുച്ഛേദം വാഗ്ദാനംചെയ്യു ന്ന പ്രത്യേകപദവിയിൽ ഭേദഗതിവരുത്തണമെങ്കിൽ ഏതൊരു സർക്കാരിനും ജമ്മുകശ്മീർ ജനതയുടെ സമ്മതം അവരുടെ തിരഞ്ഞെടുക്കപ്പെട്ട നിയമസഭ മുഖാന്തരം നേടേണ്ടതുണ്ട്. ഭരണഘടനാ അസംബ്ലിയുടെ ശുപാർശയില്ലാതെ ആർക്കും ഈ അനുച്ഛേദം ഭേദഗതി ചെയ്യാനാവില്ലെന്ന് മൂന്നാം വകുപ്പിൽ വ്യക്തമായി പറയുന്നുമുണ്ട്. എന്നാൽ, ഭരണഘടനാ അസംബ്ലി നിർജീവമായിട്ട് ഏറെക്കാലമായി.

എന്തിനീ വളഞ്ഞവഴി?

ഭരണഘടനാ അസംബ്ലിയെന്ന അർഥത്തിൽ നിയമനിർമാണസഭയും ഉൾപ്പെടുമെന്ന ന്യായം പറഞ്ഞ് 370-ാം അനുച്ഛേദത്തെ പരോക്ഷമായി ഭേദഗതിചെയ്യാൻ കേന്ദ്രസർക്കാർ അതിസമർഥമായി 367-ാം അനുച്ഛേദം ഭേദഗതിചെയ്തു. ഇത്തരമൊരു ഭേദഗതിയുടെ ആവശ്യമെന്തായിരുന്നു? കാരണം, സംസ്ഥാനത്ത് രാഷ്ട്രപതിഭരണം നിലവിൽവന്നതിനാൽ നിയമസഭയായി പ്രവർത്തിക്കേണ്ട ഉത്തരവാദിത്വം പാർലമെന്റിനാണെന്ന് കേന്ദ്രസർക്കാരിന് വാദിക്കാം. നിയമസഭ പിരിച്ചുവിട്ടതിനാൽ, അതിന്റെ സ്ഥാനത്തുനിന്ന് ശുപാർശകൾ നൽകാൻ കേന്ദ്രത്തിനാകും.

എന്തായാലും, നിങ്ങൾക്ക് നേരിട്ട് നേടാനാകാത്ത കാര്യം വളഞ്ഞവഴിയിലൂടെ നേടാനാവില്ലെന്ന നിയമത്തിലെ വിഖ്യാതനിലപാടിനെ കേന്ദ്രസർക്കാർ പൂർണമായും അവഗണിച്ചു. ജമ്മുകശ്മീർ ജനതയുടെ അനുമതിയില്ലാതെ അവർക്ക് 370-ാം അനുച്ഛേദം റദ്ദാക്കാനുള്ള അവകാശമില്ലായിരുന്നു. അതുകൊണ്ടുതന്നെ അവരുടെ അനുമതിയില്ലാതെ പരോക്ഷമായും അത് ഭേദഗതിചെയ്യാനാവില്ലെന്ന നിലപാട് സർക്കാർ മറന്നു. ചില കാര്യങ്ങൾ ഔപചാരികമായി നിയമപരമാകുമെങ്കിലും അതിന്റെ അന്തഃസത്ത ഭരണഘടനാവിരുദ്ധമായിരിക്കുമെന്ന് സുപ്രീംകോടതി തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ ജമ്മുകശ്മീർ വിഷയത്തിൽ ഏറ്റുമുട്ടലിന് നിൽക്കേണ്ടതില്ലെന്ന് സുപ്രീംകോടതി ബുദ്ധിപരമായ തീരുമാനമെടുത്തു.

ചുരുക്കത്തിൽ, ജമ്മുകശ്മീർ രാഷ്ട്രപതിഭരണത്തിലായിരിക്കുമ്പോൾ, സംസ്ഥാനമെന്നാൽ മോദിസർക്കാർ നിയമിച്ച ഗവർണർ എന്ന അർഥത്തിലേക്ക് ചുരുക്കുകയും നിയമസഭയെന്നാൽ കശ്മീർ ജനതയുടെ വീക്ഷണങ്ങളെ പ്രതിനിധാനം ചെയ്യുന്ന തിരഞ്ഞെടുക്കപ്പെട്ട സഭയല്ല, മറിച്ച്‌ ന്യൂഡൽഹിയിലെ പാർലമെന്റാണെന്ന് വ്യാഖ്യാനിക്കുകയും ചെയ്തു. ശേഷം ജമ്മുകശ്മീർ ജനതയുടെ അനുമതിയോടെയാണ് പ്രത്യേകപദവി റദ്ദാക്കിയതെന്ന് അവകാശപ്പെടുന്നത് അവിടത്തെ ജനങ്ങളോടും നമ്മുടെ രാഷ്ട്രീയസംസ്കാരത്തെ ജീവസ്സുറ്റതാക്കിനിർത്തുന്ന ജനാധിപത്യമര്യാദയുടെ മൂല്യങ്ങളോടുമുള്ള തികഞ്ഞ അവജ്ഞയാണ് കാണിക്കുന്നത്. ഇക്കാര്യങ്ങളെയെല്ലാം അവഗണിക്കുന്ന, കണ്ടില്ലെന്നു നടിക്കുന്ന രാജ്യത്തെ മറ്റു ഭാഗങ്ങളിലെ പൊതുജനങ്ങൾ ഇതിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധീരവും നിർണായകവുമായ തീരുമാനമെന്ന് ശ്ലാഘിച്ചു. ഈ മാതൃക ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിന് ഏതൊരു സംസ്ഥാനത്തും രാഷ്ട്രപതിഭരണം പ്രഖ്യാപിക്കുകയും അതിന്റെ പദവിയെയും പ്രദേശങ്ങളെയും ഇഷ്ടംപോലെ മാറ്റി കേന്ദ്രം നിയമിക്കുന്ന ഗവർണറുടെ ‘സമ്മത’ത്തോടെ അവിടത്തെ ഭരണസംവിധാനത്തെ അട്ടിമറിക്കാനുമാകില്ലേ? നമ്മുടെ ഫെഡറലിസത്തിൽ പിന്നെയെന്താണ് ബാക്കിയുള്ളത്?

പുലർന്നോ സമാധാനം?

ജമ്മുകശ്മീരിൽ ജനാധിപത്യപ്പാർട്ടികളെയും അതിന്റെ നേതാക്കളെയും ആദ്യം തടവിലിടുകയും പിന്നീട് പാർശ്വവത്കരിക്കുകയും ചെയ്തു. മൂന്നുവർഷത്തിനുശേഷവും അവിടെ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. മാത്രമല്ല, ജനാധിപത്യവിരുദ്ധ ശക്തികൾക്ക് അവിടേക്ക് വഴിതുറക്കുകയും ചെയ്തു. ഭീകരരെ തുടച്ചുനീക്കിയെന്ന് അവകാശപ്പെടുമ്പോഴും ഭീകരരാൽ ഇന്ത്യൻ സൈനികരും പോലീസുകാരും കൊല്ലപ്പെടുന്നെന്ന വാർത്ത നമ്മൾ നിരന്തരം കേൾക്കുന്നു. കശ്മീരി പണ്ഡിറ്റുകളെയും മറ്റ് ഹിന്ദുവിഭാഗക്കാരെയും തിരഞ്ഞുപിടിച്ചു കൊല്ലുന്നത് കൂടിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മേഖലയിൽ സമാധാനം നിലനിർത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിൽനിന്ന് അവിടത്തെ പ്രാദേശിക നേതാക്കളെ കേന്ദ്രത്തിന്റെ നടപടി അപ്രസക്തരാക്കി. അവരെ തീവ്രവാദത്തെ തടയാൻകഴിയാത്തവിധം അശക്തരാക്കി. ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ വിജയിക്കുന്നെന്നായിരുന്നു കേന്ദ്രത്തിന്റെ അവകാശവാദം. എന്നാൽ, ഇന്ന് ഭീകരർക്ക് അവർ പുതുജീവനേകി, കേന്ദ്രം കാട്ടിയ അനീതി ഭീകരർക്ക് പുനരുജ്ജീവിക്കാനുള്ള വഴിയായി.

370-ാം അനുച്ഛേദം ഇന്ന് വെറും ചരിത്രമാണ്. അതിനെ പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യയിൽ അത്രയേറെ പൊതുജന പിന്തുണയുണ്ടാകില്ലെന്നതും വ്യക്തം. കശ്മീരിലെ രാഷ്ട്രീയക്കാർപോലും ഇക്കാര്യത്തിൽ ഇപ്പോൾ നിശ്ശബ്ദരാണ്. എന്നാൽ, 370-ാം അനുച്ഛേദത്തെ തുടച്ചുമാറ്റിയ രീതി ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലുള്ളവർക്ക് സുപ്രധാനമായ പാഠമാണ്. എന്നാൽ, നാമെല്ലാം പഠിച്ചിരിക്കണമെന്ന് സർക്കാർ ആഗ്രഹിച്ച വെറുമൊരു പാഠം മാത്രമല്ല അത്.

Content Highlights: edit page

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..