ഇമ്രാൻ ഖാൻ | Photo: Rahmat Gul/ AP Photo
പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐ.യുടെ (ഇന്റർസർവീസസ് ഇന്റലിജൻസ്) ഡയറക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ നദീം അഞ്ജും 2022 ഒക്ടോബർ 27-ന് ഒരു പത്രസമ്മേളനംനടത്തി. ഒരൊറ്റ വ്യക്തിയായിരുന്നു ഒന്നരമണിക്കൂറോളംനീണ്ട ആ പത്രസമ്മേളനത്തിലെ വിഷയം. മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ (പി.ടി.ഐ.) അധ്യക്ഷനുമായ ഇമ്രാൻ ഖാൻ. ആ വർഷം ഏപ്രിലിൽ പാർലമെന്റ് അവിശ്വാസപ്രമേയത്തിലൂടെ പ്രധാനമന്ത്രിപദത്തിൽനിന്ന് ഇമ്രാൻ ഖാനെ പുറത്താക്കിയിരുന്നു. അതിനുകാരണം സൈന്യമാണെന്ന് അന്നുമുതൽ ആരോപിച്ചുകൊണ്ടിരുന്നു ഇമ്രാൻ. ഇക്കാര്യത്തിൽ സൈന്യത്തിന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു ഐ.എസ്.ഐ. മേധാവിയുടെ അസാധാരണ പത്രസമ്മേളനത്തിന്റെ ഉദ്ദേശ്യം.
പത്രസമ്മേളനംനടന്ന് ഏഴാംനാൾ നവംബർ മൂന്നിന് വസീറാബാദിൽവെച്ച് ഇമ്രാന് കാലിന് വെടിയേറ്റു. തനിക്കുനേരെയുണ്ടായ വധശ്രമമാണതെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നു. വധഗൂഢാലോചന നടത്തിയത് പ്രധാനമന്ത്രി ഷഹബാസ് ഷരീഫും സർക്കാരിലെ ഉന്നതരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമാണെന്ന് ആരോപിച്ചു. ഐ.എസ്.ഐ.യിലെ മേജർ ജനറൽ ഫൈസൽ നസീറിന്റെ പേരെടുത്തുപറഞ്ഞ് ഈ മാസം ആറിന് ഇതേ ആരോപണം ഇമ്രാൻ ഉന്നയിച്ചു. പതിവില്ലാത്തവിധം പരസ്യപ്രസ്താവനയിറക്കിയാണ് സൈന്യം ഇമ്രാന് മറുപടിനൽകിയത്. നിയമനടപടിയെടുക്കുമെന്ന് ഭീഷണിയും മുഴക്കി. ഇതിനുപിന്നാലെയാണ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ വാറന്റിൽ ചൊവ്വാഴ്ച ഇസ്‌ലാമാബാദിലെ കോടതിയിൽനിന്ന് ഇമ്രാൻ അറസ്റ്റിലായതും പാകിസ്താൻ കലാപകലുഷമായതും. പാകിസ്താനിൽ അറസ്റ്റിലാകുന്ന ഏഴാമത്തെ മുൻപ്രധാനമന്ത്രിയാണ് ഇമ്രാൻ. 1962-ൽ അറസ്റ്റിലായ ഹുസൈൻ ഷഹീദ് സുഹ്‌റവർദി മുതൽ തുടങ്ങുന്നു ആ നിര.
ആദ്യം മിത്രം, പിന്നെ ശത്രു
സൈന്യമാണ് പാകിസ്താന്റെ പരമോന്നത നേതൃത്വം. പ്രധാനമന്ത്രിമാരെ വാഴിക്കുന്നതും പുറത്താക്കുന്നതും സൈന്യംതന്നെ. ‘അനുസരണക്കേട്’ കാട്ടുന്നവർക്ക് ജയിലും പ്രവാസവും മരണവുംവരെയാണ് ശിക്ഷ. 2007-ൽ കൊല്ലപ്പെട്ട ബേനസീർ ഭൂട്ടോയും സ്വദേശത്തേക്ക് തിരിച്ചുവരാൻ ധൈര്യമില്ലാതെ ലണ്ടനിൽ പ്രവാസജീവിതം നയിക്കുന്ന നവാസ് ഷരീഫും സമീപകാല ഉദാഹരണങ്ങൾ.
സൈന്യത്തിനുംമേലെയാണ് പ്രധാനമന്ത്രിയെന്ന് കരുതിപ്പോയ നവാസ് ഷരീഫിനെ താഴെയിറക്കാൻ സൈന്യം തിരഞ്ഞെടുത്തതായിരുന്നു ഇമ്രാൻ ഖാനെ. 2018-ലെ തിരഞ്ഞെടുപ്പിൽ ചെറുപാർട്ടികളെയും സ്വതന്ത്രരെയുംകൂട്ടി അദ്ദേഹത്തിന് സർക്കാരുണ്ടാക്കാൻവേണ്ട ഭൂരിപക്ഷം സംഘടിപ്പിച്ചെടുത്തതും സൈന്യംതന്നെ. പക്ഷേ, ഷരീഫിനെപ്പോലെ ‘ശരിക്കും’ പ്രധാനമന്ത്രിയാകാൻ ഇമ്രാനും നോക്കിയതോടെ സൈന്യം ഇടഞ്ഞു. നദീം അഞ്ജുമിനെ ഐ.എസ്.ഐ. തലവനാക്കാനുള്ള അന്നത്തെ കരസേനാമേധാവി ഖമർ ജാവേദ് ബാജ്‌വയുടെ നിർദേശത്തെ എതിർത്തതോടെ സൈന്യവും ഇമ്രാനും തമ്മിലുള്ള ബന്ധം നന്നേ വഷളായി. വൈകാതെ ഇമ്രാന്റെ പ്രധാനമന്ത്രിസ്ഥാനവും പോയി. നവാസ് ഷരീഫിന്റെ സഹോദരൻ ഷഹബാസ് ഷരീഫ് ഇടക്കാല പ്രധാനമന്ത്രിയായി. ബാജ്‌വ വിരമിച്ചു. അസിം മുനീർ സേനാധിപനായി. സൈന്യം രാഷ്ട്രീയത്തിലിടപെടുന്നില്ല എന്ന പ്രതീതിയുണ്ടായി.
നിരന്തരകലഹം
തന്റെ പുറത്താക്കലിന്റെ നിയമസാധുതയെ ചോദ്യംചെയ്യുന്ന ഇമ്രാനാകട്ടെ അടിയന്തരമായി പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് പ്രചാരണം നടത്തിക്കൊണ്ടിരുന്നു. തിരഞ്ഞെടുപ്പിനായി സർക്കാരിൽ സമ്മർദംചെലുത്താൻ പി.ടി.ഐ. ഭരിച്ചിരുന്ന പഞ്ചാബ്, ഖൈബർ പഖ്തൂൺക്വ പ്രവിശ്യാനിയമസഭകൾ ഇമ്രാന്റെ തീരുമാനപ്രകാരം ജനുവരിയിൽ പിരിച്ചുവിട്ടു. എന്നാൽ, നിലവിലെ നാഷണൽ അസംബ്ലിയുടെ (പാർലെന്റിന്റെ അധോസഭ, ഇന്ത്യയിലെ ലോക്‌സഭയ്ക്കുതുല്യം) കാലാവധി കഴിയാതെ തിരഞ്ഞെടുപ്പില്ല എന്ന നിലപാടിലാണ് സർക്കാർ.
പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് പുറത്തായ ഇമ്രാന്റെ പേരിൽ കൊലപാതകം, ഭീകരപ്രവർത്തനം, അഴിമതി, ദൈവനിന്ദ തുടങ്ങി 140-തിലേറെ കേസുകളുണ്ട്. വിദേശത്തുനിന്നുകിട്ടിയ സമ്മാനങ്ങൾ സർക്കാരിൽനിന്ന് ചുളുവിലയ്ക്കുകൈപ്പറ്റി വൻതുകയ്ക്കുവിറ്റ് കാശാക്കിയെന്ന (തോഷഖാന അഴിമതി) കേസിൽ ലഹോറിലെ വീട്ടിൽനിന്ന് ഇമ്രാനെ അറസ്റ്റുചെയ്യാൻ പഞ്ചാബ് പോലീസിന്റെയും അതിർത്തികാക്കുന്ന അർധസൈന്യമായ പാകിസ്താൻ റേഞ്ചേഴ്‌സിന്റെയും സഹായത്തോടെ ഇസ്‌ലാമാബാദ് പോലീസ് ഇക്കൊല്ലം മാർച്ചിൽ ശ്രമിച്ചിരുന്നു. എന്നാൽ, പി.ടി.ഐ. അംഗങ്ങളുടെ അക്രമാസക്തമായ ചെറുത്തുനിൽപ്പിൽ അത് നടന്നില്ല.
അയോഗ്യതയും തിരഞ്ഞെടുപ്പും
ഇമ്രാനെ അറസ്റ്റുചെയ്യുന്നതിനെക്കാൾ, വരുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാതിരിക്കാനുള്ള വഴിയാണ് ഷരീഫ് സർക്കാർ ആദ്യം നോക്കിയത്. തോഷഖാന കേസിൽ പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒക്ടോബറിൽ ഇമ്രാനെ അയോഗ്യനാക്കി. എന്നാൽ, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും സർക്കാരിൽ സ്ഥാനങ്ങൾ വഹിക്കുന്നതിനുമുള്ള ഈ അയോഗ്യത നിലവിലെ നാഷണൽ അസംബ്ലിയുടെ കാലാവധി കഴിയുന്ന ഇക്കൊല്ലം ഓഗസ്റ്റുവരെയേ നിലനിൽക്കൂ എന്നാണ് നിയമവിദഗ്ധരെ ഉദ്ധരിച്ച് അന്ന് ‘ഡോൺ’ പത്രം റിപ്പോർട്ട് ചെയ്തത്. പ്രവിശ്യാതിരഞ്ഞെടുപ്പുകളും പാർലമെന്റ് തിരഞ്ഞെടുപ്പും ഒന്നിച്ച് ഒക്ടോബറിൽ നടത്താനാണ് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ ആഗ്രഹം. അങ്ങനെയെങ്കിൽ ഒക്ടോബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇമ്രാന് മത്സരിക്കാൻ കഴിയും. ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ അറസ്റ്റ്. ഇമ്രാൻ ആവശ്യപ്പെട്ടതുപോലെ മേയ് 14-ന് പഞ്ചാബ് പ്രവിശ്യാതിരഞ്ഞെടുപ്പ് നടത്തണമെന്ന സുപ്രീംകോടതി ഉത്തരവ് ഷഹബാസ് സർക്കാർ ചെവിക്കൊണ്ടിട്ടില്ല. രാഷ്ട്രീയപ്രതിസന്ധിക്കൊപ്പം ഇത്തരമൊരു ഭരണഘടനാപ്രതിസന്ധിയും പാകിസ്താനിലുണ്ട്.
സേനാപ്പേടി പോയി
അതിനിടെയാണ് പാകിസ്താന്റെ സമീപകാലചരിത്രത്തിലൊന്നും കാണാത്തവിധം സേനാ ആസ്ഥാനങ്ങൾവരെ ആക്രമിക്കുന്നതരത്തിലുള്ള ക്രമസമാധാനപ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. റാവൽപ്പിണ്ടിയിലെ സേനാ ആസ്ഥാനത്തും ലഹോറിലെ സേനാ കമാൻഡറുടെ വസതിയിലും ചൊവ്വാഴ്ച തള്ളിക്കേറിയ പി.ടി. ഐ.ക്കാർ അക്രമം അഴിച്ചുവിട്ടു. സർക്കാർ മന്ദിരങ്ങൾക്കും പൊതുമുതലുകൾക്കും തീയിട്ടു. ലഹോറിൽ കമാൻഡറുടെ വസതിയിലെ മയിലിനെവരെ പ്രക്ഷോഭകർ പിടിച്ചുകൊണ്ടുപോയി. ‘ജനങ്ങളുടെ പണമാണിത്. അവർ കട്ടത് ഞങ്ങൾ തിരിച്ചെടുക്കുന്നു’ എന്നാണ് മയിലിനെ കൊണ്ടുപോയയാൾ പറഞ്ഞത്.
ഭയവും ബഹുമാനവുമായിരുന്നു ഇക്കാലമത്രയും പാകിസ്താനിലെ ജനങ്ങൾക്ക് സൈന്യത്തോടുണ്ടായിരുന്ന വികാരം. എന്നാൽ, തത്കാലത്തേക്കെങ്കിലും അതെവിടെയോ മറഞ്ഞെന്ന് തോന്നിപ്പിക്കുന്നു ഈ ദിവസങ്ങളിലെ ദൃശ്യങ്ങൾ. സൈന്യത്തിനുനേരെ ഇമ്രാൻ നിരന്തരം നടത്തിയ കടന്നാക്രമണവും അവയോട് ഇത്രയുംനാൾ സൈന്യം പുലർത്തിയ മൗനവുമാകാം പ്രക്ഷോഭകർക്ക് ധൈര്യമേകിയത്. 48.1 ശതമാനമാണ് പാകിസ്താനിലെ ഭക്ഷ്യവിലക്കയറ്റം, ഇക്കൊല്ലം 0.5 ശതമാനം സാമ്പത്തികവളർച്ചയേ ഉണ്ടാകൂ എന്നാണ് പ്രചാരണം. 6.3 ലക്ഷം കോടി രൂപയുടെ വായ്പകൾ 2026 ജൂണോടെ തിരിച്ചടയ്ക്കാനുണ്ട്. അന്താരാഷ്ട്ര നാണ്യനിധിയിൽനിന്ന് കിട്ടാനുള്ള വായ്പഗഡു ഉടൻ കിട്ടുന്ന ലക്ഷണമില്ല. അതിനിടെയാണ് രാജ്യം അരക്ഷിതമായിരിക്കുന്നത്. വീണ്ടുമൊരു പട്ടാള അട്ടിമറിയിലേക്ക് ഈ സ്ഥിതി രാജ്യത്തെ എത്തിക്കുമോ? ഇമ്രാന്റെ അണികളെ അടക്കിനിർത്താൻ തിരഞ്ഞെടുപ്പ് നേരത്തേ എന്ന വഴി സർക്കാരും സൈന്യവും സ്വീകരിക്കുമോ? കാത്തിരിക്കാം.
Content Highlights: edit page on pakistan issue


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..