തടങ്കൽപ്പാളയത്തിൽ ഉയർന്ന ത്രിവർണപതാക


കെ. ബാലകൃഷ്‌ണൻ

4 min read
Read later
Print
Share

സ്വാതന്ത്ര്യ സ്മൃതി ഝംഡാ ഊംചാ രഹേ ഹമാരാ

.

ലഹോറിൽ 1929 ഡിസംബർ 19-ന് നടന്ന കോൺഗ്രസ് രാഷ്ട്രീയസമ്മേളനം പൂർണസ്വരാജ് പ്രമേയം അംഗീകരിക്കുന്നതിന് കൃത്യം ഒരുകൊല്ലംമുമ്പ് പയ്യന്നൂരിൽ ജവാഹർലാൽ നെഹ്രുവിന്റെ അധ്യക്ഷതയിൽ ചേർന്ന കേരളരാഷ്ട്രീയ സമ്മേളനത്തിൽ കെ. മാധവൻ നായർ അവതരിപ്പിച്ച പൂർണസ്വരാജ് പ്രമേയം അംഗീകരിച്ചു. ലഹോർ കോൺഗ്രസിന്റെ ആഹ്വാനപ്രകാരം 1930 മുതൽ ജനുവരി 26 പൂർണ സ്വാതന്ത്ര്യപ്രഖ്യാപനദിനമായി. സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി ത്രിവർണപതാക ഉയർത്തിക്കൊണ്ടുള്ള സമരം. പൂർണസ്വരാജ് പ്രഖ്യാപനത്തിന്റെ ഒന്നാം വാർഷികദിവസം കണ്ണൂർ സെൻട്രൽ ജയിലിൽ സൂപ്രണ്ടിന്റെ ഓഫീസ് പ്രവർത്തിക്കുന്ന വാച്ച് ടവർ കെട്ടിടത്തിൽ ത്രിവർണപതാക ഉയർന്നു. ദേശീയതലത്തിൽത്തന്നെ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ ഒരധ്യായമാണത്‌.

വാസുദേവറാവു എന്ന സാഹസികൻ

തടവുകാർ ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുമ്പോഴാണ് ‘ഭാരതമാതാ കീ ജയ്, മഹാത്മാഗാന്ധി കീ ജയ്, ഹിന്ദു-മുസ്‌ലിം മൈത്രി കി ജയ്’ എന്ന മുദ്രാവാക്യം കേൾക്കുന്നത്. കാര്യമെന്തെന്നറിയാതെ തടവുകാർ അതേറ്റുവിളിക്കാൻ തുടങ്ങി.
തോക്കുമായി പാറാവ് നിൽക്കുന്നവരുടെയെല്ലാം കണ്ണുവെട്ടിച്ച് സൂപ്രണ്ടിന്റെ ഓഫീസിനകത്ത് മുകളിലത്തെ നിലയിൽക്കയറി അവിടെ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ പതാക പാറിക്കുകയാണ്‌ ഒരു ചെറുപ്പക്കാരൻ. ആ അതിസാഹസപ്രവർത്തനം നടത്തിയ ധീരദേശാഭിമാനി കർണാടകത്തിൽനിന്നുള്ള കോൺഗ്രസ് സേവാദൾ ക്യാപ്റ്റൻ വാസുദേവറാവുവായിരുന്നു. റാവുവിനെ വാച്ച്ടവറിൽനിന്ന് താഴെയിറക്കി സൂപ്രണ്ട് കാണ്ഡുവാല ഭേദ്യം തുടങ്ങി. ‘‘ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. എന്റെ രാജ്യത്തോടും കോൺഗ്രസിനോടുമുള്ള കടമയാണ് ചെയ്തത്. നിങ്ങൾക്ക് എന്നെ എന്തും ചെയ്യാം’’ എന്നായിരുന്നു റാവുവിന്റെ മറുപടി. കാൽവിലങ്ങും കൈവിലങ്ങുമിട്ട് റാവുവിനെ ക്വാറന്റീൻ വാർഡിലേക്ക് തള്ളി. ശിക്ഷിക്കപ്പെട്ടെത്തുന്നവരെ, അവർക്ക് പകർച്ചവ്യാധിയുണ്ടോ എന്നറിയുന്നതിന് പാർപ്പിക്കുന്ന ബ്ലോക്കാണ് മെയിൻ റോഡിനടുത്തായുള്ള ക്വാറന്റീൻ വാർഡ്.

മുദ്രാവാക്യംവിളിച്ച് തടവുകാർ മർദിച്ചൊതുക്കി അധികാരികൾ

പൂർണമായും ബന്ധനസ്ഥനാക്കി തങ്ങളുടെ ഇടയിലേക്ക് തള്ളപ്പെട്ട വാസുദേവറാവുവിന്റെ ചുറ്റും മറ്റ് തടവുകാർ കൂടിനിന്ന് മുദ്രാവാക്യംവിളി തുടങ്ങി. വൈകീട്ട് ലോക്കപ്പ് സമയമായിട്ടും ആരും പിരിഞ്ഞുപോയില്ല. മുദ്രാവാക്യം വിളിയുടെ കാര്യം ജയിലിലെ എല്ലാ വാർഡിലും എല്ലാ സെല്ലിലും അറിഞ്ഞു. ലോക്കപ്പിന് വഴങ്ങേണ്ടതില്ലെന്ന് തീരുമാനമായി. രാത്രി എട്ടുമണിയായിട്ടും ആരും സെല്ലിൽ കയറിയില്ല. വാസുദേവറാവുവിന്റെ ചങ്ങലക്കെട്ടുകൾ മുറിച്ചുമാറ്റിയാലല്ലാതെ സെല്ലിൽ പ്രവേശിക്കില്ലെന്ന് തടവുകാർ.

പിന്നീടുനടന്ന സംഭവം അന്ന് ക്വാറന്റീൽ ബ്ലോക്കിലുണ്ടായിരുന്ന എൻ.സി. ശേഖർ അഗ്നിവീഥികൾ എന്ന ആത്മകഥയിൽ വിവരിക്കുന്നതിങ്ങനെ: ‘രാത്രി എട്ടുമണിയോടെ ജയിൽ ഗേറ്റിലെ വട്ടമണി മുഴങ്ങി. കുളമ്പടികൾപോലെ ബൂട്ട്‌സിന്റെ ശബ്ദംകേൾക്കാം. തലശ്ശേരി സബ് കളക്ടറും സൂപ്രണ്ടും ജയിലറും മൂന്നാംതവണയും ക്വാറന്റീൽ ഗേറ്റിൽ പ്രവേശിക്കുന്നു. ‘‘നിങ്ങൾ ലോക്കപ്പിൽ കേറുന്നോ ഇല്ലയോ’’ -സൂപ്രണ്ടിന്റെ ഉഗ്രമായ ചോദ്യം. ‘‘വാസുദേവറാവുവിന്റെ ചങ്ങലക്കെട്ടുകൾ മുറിച്ചുമാറ്റൂ. ഇല്ലെങ്കിൽ ലോക്കപ്പിൽ പോകുന്നതല്ല.’’ -ഉറക്കെ എല്ലാവരും വിളിച്ചുപറഞ്ഞു. ‘‘ചാർജ്’’ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഉഗ്രമായ ആജ്ഞ. ആജ്ഞപുറത്തുവന്നതും റിസർവ് പോലീസും വാർഡന്മാരും കൺവിക്ട് വാർഡന്മാരും ഞങ്ങളുടെമേൽ ചാടിവീണതും ഒപ്പംകഴിഞ്ഞു. ഇരുട്ടിന്റെ മറവിൽ തയ്യാറെടുത്തുനിന്ന മാരകശക്തിയുടെ സംഹാരതാണ്ഡവം.

ക്വാറന്റീൽ വാർഡിൽ മാത്രമല്ല, ബോസ്റ്റൽ സ്കൂളിലും ഇതാവർത്തിച്ചു. നൂറുകണക്കിന് തടവുകാർക്ക് പരിക്കേറ്റു. എൻ.സി. ശേഖറിന്റെ ഒരു പല്ലുപോയി. ഉപ്പുസത്യാഗ്രഹിയായിരുന്ന പതിനഞ്ചുവയസ്സുകാരൻ കെ. മാധവനും പരിക്കേറ്റവരിലുൾപ്പെടുന്നു. സിംഗിൾ സെല്ലിലായിരുന്ന കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് ജയിലിലെ ചെറുത്തുനിൽപ്പിൽ പങ്കാളിയായിരുന്നില്ലെങ്കിലും കൂടുതൽ മർദനമേറ്റത് അദ്ദേഹത്തിനാണ്. മുഖത്തടിച്ച് കണ്ണട പൊട്ടിച്ചു. കണ്ണടച്ചില്ല് കണ്ണിൽ തറച്ച് ഗുരുതരാവസ്ഥയിലായി. ചികിത്സയ്ക്കായി വെല്ലൂർ ജയിലിലേക്ക് മാറ്റേണ്ടിവന്നു.’

നിശ്ചയദാർഢ്യത്തിൽ അഴിഞ്ഞുവീണ ചങ്ങലകൾ

മർദനത്തിൽ പ്രതിഷേധിച്ച് രാഷ്ട്രീയത്തടവുകാർ ഒന്നടങ്കം ഭക്ഷണം ബഹിഷ്കരിച്ചു. ചികിത്സകിട്ടാതെ പലരും അവശനിലയിലായി. മൂന്നാം ദിവസമായപ്പോൾ എന്തുചെയ്യണമെന്നറിയാതെ വേവലാതിയിലായ സൂപ്രണ്ട് ജയിലിലെ എ ക്ലാസ് സെല്ലിൽ കഴിയുന്ന ആന്ധ്ര കേസരി ടി. പ്രകാശത്തെ ചെന്നുകണ്ട് സഹായാഭ്യർഥന നടത്തി. പ്രകാശത്തെയുംകൂട്ടി സൂപ്രണ്ട് കാണ്ഡുവാല ഓരോ തടവുകാരനെയും കണ്ടു. ജയിലിൽ സ്വാതന്ത്ര്യത്തിന്റെ ത്രിവർണപതാക ഉയർത്തിയ വാസുദേവറാവുവിനെ ബന്ധനത്തിൽനിന്ന് മുക്തനാക്കിയാലേ നിരാഹാരം പിൻവലിക്കുകയുള്ളൂ, ചികിത്സയ്ക്ക് വിധേയരാവൂ എന്ന ഒരേയൊരുത്തരമാണ് എല്ലാവർക്കും പ്രകാശത്തോട് പറയാനുണ്ടായിരുന്നത്. പ്രകാശവും അതേകാര്യം ഉന്നയിച്ചു. പിന്നെ വൈകിയില്ല, വാസുദേവറാവുവിന്റെ കാലിലെ ചങ്ങലയും കൈവിലങ്ങും അഴിച്ചുമാറ്റപ്പെട്ടു.

ചരിത്രംമിടിക്കുന്ന കണ്ണൂർ ജയിൽ

കേരളത്തിലെ സ്വാതന്ത്ര്യസമരത്തിന്റെ ആദ്യത്തെ ഏറ്റവുംവലിയ സ്മാരകവും കണ്ണൂർ സെൻട്രൽജയിൽതന്നെയാണ്. ബ്രിട്ടീഷ് ഭരണപ്രദേശങ്ങളിൽ മാത്രമാണ് ആദ്യഘട്ടത്തിൽ പ്രത്യക്ഷസമരം നടന്നതെന്നതിനാൽ ഇവിടെ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായ മലയാളപ്രദേശങ്ങളിലേ ശക്തമായ സമരം നടന്നുള്ളൂ. മലബാർമേഖലയുടെയും ദക്ഷിണ കനറയുടെയും ജയിൽ കണ്ണൂർ സെൻട്രൽ ജയിലായതിനാൽ സ്വാതന്ത്ര്യസമരനേതാക്കളെല്ലാം കണ്ണൂർജയിലിലെത്തി.

ഉപ്പുസത്യാഗ്രഹം, അതിനെത്തുടർന്ന് കോഴിക്കോട്ട് കേന്ദ്രീകരിച്ച് നടന്ന സിവിൽ നിയമലംഘനപ്രസ്ഥാനം-കണ്ണൂർ സെൻട്രൽ ജയിൽ ആ ഘട്ടത്തോടെയാണ് സ്വാതന്ത്ര്യസമരത്തിന്റെ കേന്ദ്രമായി മാറിയത്. പിൽക്കാലത്ത് മദിരാശി മുഖ്യമന്ത്രിയായ ടി. പ്രകാശം, രാജഗോപാലാചാരി, കോൺഗ്രസ് പ്രവർത്തകസമിതി അംഗങ്ങളായിരുന്ന രാജാറാവു, കൊണ്ട വെങ്കിടപ്പയ്യ, സീതാരാമ ശാസ്ത്രി, അന്നപൂർണയ്യ എന്നിവർ അക്കാലത്ത് കണ്ണൂർ ജയിലിലെ തടവുകാരിലുൾപ്പെട്ടിരുന്നു. കെ. കേളപ്പൻ, പി. കൃഷ്ണപിള്ള, എൻ.സി. ശേഖർ, എ.കെ.ജി., സാമുവൽ ആറോൻ, ടി.വി. ചാത്തുക്കുട്ടി നായർ, കോഴിപ്പുറത്ത് മാധവമേനോൻ, കെ.എ. ദാമോദരമേനോൻ, കെ.പി. ഗോപാലൻ, വിഷ്ണുഭാരതീയൻ, കെ.എ. കേരളീയൻ, ഇ.എം.എസ്. തുടങ്ങിയവരെല്ലാം 1930-’32 കാലത്ത് കണ്ണൂർ ജയിലിൽക്കഴിഞ്ഞു. അവരെക്കൊണ്ട്‌ കുറ്റവാളികളായ തടവുകാരെപ്പോലെത്തന്നെ ലങ്കോട്ടി മാത്രം ധരിച്ചുകൊണ്ട് ചകിരിതല്ലൽ ജോലി ചെയ്യിച്ചു. ജയിൽച്ചട്ടം ലംഘിക്കരുതെന്ന് സമരസർവാധിപതിയായ (സമരനേതാവ് ഡിക്ടേറ്റർ എന്നാണക്കാലത്ത് അറിയപ്പെട്ടത്) ഗാന്ധിജി നിർദേശം നൽകിയിട്ടുള്ളതിനാൽ കേളപ്പനടക്കമുള്ളവർ ചകിരിതല്ലൽ ജോലിചെയ്തു. ആ ജോലിചെയ്യില്ലെന്ന് വാശിപിടിച്ച പി. കൃഷ്ണപിള്ളയെ മർദിച്ച് പരിക്കേൽപ്പിച്ച് കണ്ടംഡ് സെല്ലിലടച്ചു.

കണ്ണൂരിലെ തടവുകാർ

വാസ്തവത്തിൽ കേരളത്തിൽ സംഘടിതമായി സ്വാതന്ത്ര്യസമരം തുടങ്ങുന്നതിന് മുമ്പേതന്നെ കണ്ണൂർ ജയിൽ സ്വാതന്ത്ര്യസമരകേന്ദ്രമായിരുന്നു. ഉത്തരേന്ത്യയിലെ ഗദ്ദർ പാർട്ടി, ഹിന്ദുസ്ഥാൻ നാഷണൽ ആർമി, അനുശീലൻസമിതി തുടങ്ങിയ തീവ്രവാദിഗ്രൂപ്പുകളുമായി ബന്ധപ്പെട്ട കുറെപ്പേരെ കണ്ണൂരിലാണ് കരുതൽതടങ്കലിലാക്കിയത്. സുഭാഷ്ചന്ദ്രബോസിന്റെ ജ്യേഷ്ഠൻ ശരത്ചന്ദ്രബോസ്, പഞ്ചാബിലെ ബ്രിട്ടീഷ് വിരുദ്ധ തീവ്രവാദി നേതാവായിരുന്നു മാസ്റ്റർ മോട്ടാസിങ്, 1929 സെപ്റ്റംബറിൽ ലഹോർ ജയിലിൽ 63 ദിവസത്തെ നിരാഹാരത്തിനുശേഷം മരിച്ച ജതിൻദാസ് തുടങ്ങിയവരും ലഹോർ ഗൂഢാലോചനക്കേസിൽ ശിക്ഷിക്കപ്പെട്ട ഭഗത് സിങ്ങിന്റെ സഹപ്രവർത്തകരും കണ്ണൂർ ജയിലിലുണ്ടായിരുന്നു. ഏറനാട്ടിലെ കലാപത്തിന്റെപേരിൽ പിടിയിലായ നൂറുകണക്കിനാളുകളെ തടവിലിട്ടതും കണ്ണൂർജയിലിലാണ്. ജയിലിലെ മർദനത്തിൽ പ്രതിഷേധിച്ച് കലാപമുണ്ടാക്കിയ അവർക്കുനേരെയുണ്ടായ വെടിവെപ്പിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു.

മീററ്റ് ഗൂഢാലോചനക്കേസിൽ ശിക്ഷിക്കപ്പെട്ട കമലാനാഥ് തിവാരി, ജയ്‌ദേവ് കപൂർ, ബംഗാളിലെ തീവ്രവിപ്ളവ പ്രസ്ഥാനമായ അനുശീലൻ ഗ്രൂപ്പിലെ രവീന്ദ്രമോഹൻ സെൻഗുപ്ത, ടി.എൻ. ചക്രവർത്തി, രമേഷ് ചന്ദ്ര ആചാര്യ എന്നിവരും ജയിലിലുണ്ടായിരുന്നു. കേരളത്തിൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയും രൂപവത്‌കരിക്കുന്നതിന്റെ വിത്തുവിതച്ചവർ ഇവരത്രേ. പിൽക്കാലത്ത് ബിഹാറിൽനിന്നുള്ള കോൺഗ്രസ് എം.പി.യായ കമലാനാഥ് തിവാരിയാണ് ആദ്യം കണ്ണൂർ ജയിലിൽനിന്നും പിന്നീട് വെല്ലൂർ ജയിലിൽനിന്നും കമ്യൂണിസ്റ്റ് ആശയത്തിലേക്ക്‌തന്നെ എത്തിക്കുന്നതിൽ പങ്കുവഹിച്ചതെന്ന് ഇ.എം.എസ്. ആത്മകഥയിൽ അനുസ്മരിക്കുന്നുണ്ട്‌.

കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് സംഘടന തിരുവനന്തപുരത്ത് എൻ.സി. ശേഖറിന്റെ നേതൃത്വത്തിൽ രൂപവത്‌കരിച്ചതും കണ്ണൂർ ജയിലിൽനിന്നുള്ള പ്രചോദനത്താലാണ്. 1930-ലെ നിയമലംഘനപ്രസ്ഥാനത്തിൽ പങ്കെടുത്ത് ഏകാന്തതടവിന് ശിക്ഷിക്കപ്പെട്ട തമിഴ്‌നാട് സ്വദേശി വേദാന്തമാണ് എൻ.സി.യെ അതിലേക്കാകർഷിച്ചത്. വേദാന്തത്തിൽനിന്ന് കിട്ടിയ പുസ്തകമാണ് കേരളത്തിൽ ആദ്യത്തെ കമ്യൂണിസ്റ്റ് വിജ്ഞാപനം അച്ചടിച്ച് പ്രസിദ്ധപ്പെടുത്താനും കമ്യൂണിസ്റ്റ് ലീഗ് രൂപവത്‌കരിക്കാനും എൻ.സി. ശേഖറിനും കൂട്ടർക്കും സഹായകമായത്.

ബംഗാളിലെ അനുശീലൻസമിതിയുടെ നേതാക്കളായ സെൻഗുപ്ത, ചക്രവർത്തി, ആചാര്യ എന്നിവരുടെ പ്രേരണയിൽ കെ.പി. ഗോപാലൻ, കെ.പി.ആർ. ഗോപാലൻ, വിഷ്ണുഭാരതീയൻ, കെ.എ. കേരളീയൻ എന്നിവർ കേരളത്തിൽ അനുശീലൻ സമിതിയുടെ ഘടകമുണ്ടാക്കി വിപ്ളവ പ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും വേഗത്തിൽത്തന്നെ അതിൽനിന്ന് പിന്മാറുകയായിരുന്നു. ഇവരാണ് പിന്നീട് മലബാറിലെ ആദ്യത്തെ കർഷകസംഘം രൂപവത്‌കരിച്ചത്.
കയ്യൂർ സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിക്കൊന്നത് 1943 മാർച്ച് 29-നാണ്.

Content Highlights: edit page

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..