വായ്പയെടുക്കൽ തിരുത്തേണ്ടത്‌ കേന്ദ്രമോ സംസ്ഥാനമോ?


ഡോ. ടി.എം. തോമസ് ഐസക്

കേരളസർക്കാർ പെൻഷൻ കമ്പനി വഴിയും കിഫ്ബി വഴിയും എടുത്തിരിക്കുന്ന വായ്പകൾ സർക്കാരിന്റെ വായ്പക്കണക്കിൽ ഉൾപ്പെടുത്തണമെന്ന്‌ സി.എ.ജി.ക്ക്‌ വലിയ ശാഠ്യമാണ്‌

തോമസ് ഐസക്ക് | Photo: Mathrubhumi

കേന്ദ്രസർക്കാരിന്റെയും സംസ്ഥാനസർക്കാരിന്റെയും കടമെടുപ്പ് നിയന്ത്രിക്കുന്നതിന്‌ പാർലമെന്റും നിയമസഭയും ധനഉത്തരവാദിത്വ നിയമം പാസാക്കിയിട്ടുണ്ട്‌. അതുപ്രകാരം ജി.ഡി.പി.യുടെ മൂന്നു ശതമാനത്തിനപ്പുറം ഒരുവർഷം വായ്പയെടുക്കാൻ പാടില്ല. അതോടൊപ്പം വായ്പയെടുക്കുന്ന തുക സർക്കാരിന്റെ ദൈനംദിന റവന്യൂച്ചെലവിനായി ഉപയോഗിക്കാനും പാടില്ല. അഥവാ ധനക്കമ്മി മൂന്നുശതമാനത്തിൽ അധികരിക്കാൻപാടില്ല. റവന്യൂകമ്മി പൂജ്യമായിരിക്കണം.

ആരാണ്‌ ഈ നിയമങ്ങൾ പാലിച്ചത്‌?
കേന്ദ്രം ഒരിക്കൽപ്പോലും ഈ നിയമത്തെ അനുസരിച്ചിട്ടില്ല. 2002-’04 കാലയളവിലാണ്‌ ധനഉത്തരവാദിത്വ നിയമങ്ങൾ പാസാക്കിയത്‌. അതിനുശേഷം സംഭവിച്ചത്‌ നോക്കൂ.
പത്തുവർഷംകൊണ്ട്‌ സംസ്ഥാനങ്ങൾ റവന്യൂകമ്മി ഇല്ലാതാക്കി. ചില സംസ്ഥാനങ്ങൾ റവന്യൂ മിച്ചസംസ്ഥാനങ്ങളായി. എന്നാൽ, കേന്ദ്രസർക്കാരിന്റെ റവന്യൂകമ്മി 25-35 ശതമാനമായി തുടർന്നു.അഞ്ചുവർഷംകൊണ്ട്‌ സംസ്ഥാനങ്ങളുടെ ധനക്കമ്മി അനുവദനീയപരിധിയായ മൂന്നു ശതമാനത്തിനു താഴെയായി. ഒരു ഘട്ടത്തിൽ രണ്ടുശതമാനത്തിനും താഴെയായി. എന്നാൽ, കേന്ദ്രത്തിന്റെ ധനക്കമ്മിയാകട്ടെ 5.0-3.5 ശതമാനത്തിനിടയിൽ ഉയർന്നുനിന്നു.സംസ്ഥാനങ്ങളുടെ കടബാധ്യത 25 ശതമാനമായി താഴ്ന്നു. കേന്ദ്രത്തിന്റേത്‌ ഇപ്പോഴും 50 ശതമാനമാണ്‌.

കേരളത്തിന്‌ റവന്യൂകമ്മിഎന്തുകൊണ്ട്‌?
ഭൂരിപക്ഷം സംസ്ഥാനങ്ങളിൽനിന്നും വ്യത്യസ്തമായി കേരളത്തിന്‌ ഇപ്പോഴും വലിയ റവന്യൂകമ്മിയുണ്ട്‌. വായ്പയെടുക്കുന്നതിന്റെ പകുതി റവന്യൂച്ചെലവിനാണ്‌ വിനിയോഗിക്കുന്നത്‌. 2006-’07/2013-’14 കാലത്ത്‌ കേരളത്തിന്റെ വാറ്റ്‌ നികുതി ഏതാണ്ട്‌ 20 ശതമാനംവെച്ച്‌ പ്രതിവർഷം ഉയർന്നുവന്നു. ഈ വളർച്ചനിരക്ക്‌ നിലനിർത്താൻ കഴിഞ്ഞിരുന്നെങ്കിൽ കേരളത്തിന്റെ നിലയും മറ്റുസംസ്ഥാനങ്ങളെപ്പോലെയായേനേ. എന്നാൽ, പ്രവേശനനികുതി സുപ്രീംകോടതി അസ്ഥിരപ്പെടുത്തിയതോടെ വാറ്റ്‌ നികുതിവർധന 10 ശതമാനമായി താഴ്ന്നു. ജി.എസ്‌.ടി. വന്നിട്ടും ഇതിൽ മാറ്റമുണ്ടായിട്ടില്ല. ഉപഭോക്തൃസംസ്ഥാനമെന്നനിലയിൽ ഈ ദൗർബല്യം വലിയൊരുപരിധിവരെ ഭാവിയിൽ മറികടക്കാനാവുമെന്ന ശുഭാപ്തിവിശ്വാസമാണ്‌ എനിക്കുള്ളത്‌.

ജി.എസ്‌.ടി. വരുമാനം ഉയരുമോ
മറ്റ്‌ ഉപഭോക്തൃസംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായി കേരളത്തിന്റെ വ്യവസായ അടിത്തറ ദുർബലമാണ്‌. അതുകൊണ്ട്‌ ഉപഭോക്തൃ ഉത്‌പന്നങ്ങളെല്ലാം പുറത്തുനിന്നു വരുന്നവയാണ്‌. ഇത്തരത്തിലുള്ള വ്യാപാരത്തിനുമേൽ അന്തഃസംസ്ഥാന ജി.എസ്‌.ടി. നികുതിയാണുള്ളത്‌. ഇതു വർധിക്കാത്തതാണ്‌ ജി.എസ്‌.ടി. വരുമാനം ഉയരാത്തതിനു കാരണം. ഈ ചോർച്ചയുടെ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണ്‌ സംസ്ഥാന നികുതിവകുപ്പ്‌. ഒരുപക്ഷേ, ഇൻപുട്ട്‌ ക്രെഡിറ്റ്‌ കൊടുക്കുന്ന ഇന്നത്തെ രീതിയിലും ചില മാറ്റങ്ങൾ വേണ്ടിവന്നേക്കാം.
കടപ്പേടി വേണ്ട
ധനക്കമ്മിയുടെ കാര്യത്തിൽ ഇപ്പോൾ കേന്ദ്രസർക്കാർ പുതിയ നിലപാട്‌ സ്വീകരിച്ചിട്ടുണ്ട്‌. ഏതെങ്കിലുമൊരു വർഷം അനുവദനീയ പരിധിയെക്കാൾ കൂടുതൽ പബ്ലിക്‌ അക്കൗണ്ട്‌ വഴിയോ മറ്റേതെങ്കിലും മാർഗേനയോ വായ്പയെടുത്താൽ ഈ അധികവായ്പ പിറ്റേവർഷം കുറവുചെയ്യും. അതുകൊണ്ട്‌ ഒരു സംസ്ഥാനത്തിനും ജി.ഡി.പി.യുടെ മൂന്നു ശതമാനത്തിനപ്പുറം വായ്പയെടുക്കാനാവില്ല. അതുകൊണ്ടാണ്‌ കോവിഡുകാലത്ത്‌ കേരളത്തിന്റെ കടബാധ്യത സംസ്ഥാന ­ജി.ഡി.പി.യുടെ 37 ശതമാനമായി ഉയർന്നതുകണ്ട്‌ ഉറക്കം നഷ്ടപ്പെടുത്തേണ്ടതില്ലെന്നു പറയുന്നത്‌. കോവിഡ്‌ തകർച്ചയെ പ്രതിരോധിക്കാൻ ഏഴു ശതമാനംവരെ വായ്പപ്പരിധി ­ഉയർത്തിയത്‌ പൂർണമായും ഉപയോഗപ്പെടുത്തി സർക്കാർ ജനങ്ങളെ സഹായിച്ചു. ഇക്കാലയളവിൽ ജി.ഡി.പി. തകർന്നു. അതുകൊണ്ടാണ്‌ കടബാധ്യതയും ജി.ഡി.പി.യും തമ്മിലുള്ള അനുപാതം കുത്തനെ ഉയർന്നത്‌. ഇതു പടിപടിയായി 30 ശതമാനത്തിലേക്ക്‌ ഏതാനും വർഷംകൊണ്ടു താഴും.

ഓഫ്‌ ബജറ്റും കിഫ്‌ബിയും
ഓഫ്‌ ബജറ്റെന്നാൽ, ബജറ്റ് കണക്കിൽ ചെലവായി വകയിരുത്തിയിട്ടുള്ളതും എന്നാൽ, ഇതിന്‌ സർക്കാരിന്റെ വരുമാനം മതിയാവാതെവരുന്നതുകൊണ്ട്‌ ഏതെങ്കിലും സർക്കാർ ഏജൻസി വഴി വായ്പയെടുത്ത്‌ ചെലവാക്കുന്നതുമായ തുകയാണ്‌. ശ്രദ്ധിക്കേണ്ട കാര്യം ഇങ്ങനെയെടുക്കുന്ന വായ്പ സർക്കാർ നേരിട്ടല്ല എടുക്കുന്നത്‌. പ്രത്യേക സർക്കാർ ഏജൻസികൾ വഴിയാണ്‌. അവയാകട്ടെ സർക്കാരിന്റെ അക്കൗണ്ടിൽ വരവായി ചേർക്കുന്നുമില്ല. പിന്നീട്‌, വരുമാനത്തിൽനിന്ന്‌ ഏജൻസിക്ക് പണം സർക്കാർ നൽകുകയും ചെയ്യും. അപ്പോൾ മാത്രമാണ്‌ ചെലവായി ബുക്കുചെയ്യുന്നത്‌. ഇത് അനൗപചാരികമായ ഒരു താത്‌കാലിക വായ്പാസൗകര്യമാണ്‌. ഇപ്രകാരം ചെയ്യുന്നതിനെ നിരുത്സാഹപ്പെടുത്തേണ്ട ഒരു പ്രവണതയായിട്ടാണ് കരുതപ്പെടുന്നത്‌.കേരളത്തിലെ പെൻഷൻവിതരണ കമ്പനി ഇതിന്‌ ഉദാഹരണമാണ്‌. ഇതിൽനിന്ന്‌ വ്യത്യസ്തമാണ്‌ കിഫ്ബി. അത്‌ പശ്ചാത്തലസൗകര്യ സൃഷ്ടിക്കുവേണ്ടിയുള്ള ഒരു പൊതുമേഖലാ സ്ഥാപനമാണ്‌. സർക്കാർ നൽകുന്ന ആന്വിറ്റികൊണ്ട്‌ നടപ്പാക്കാൻ കഴിയുന്ന നിർമാണ പ്രോജക്ടുകളേ കിഫ്ബി ഏറ്റെടുക്കുകയുള്ളൂ. അതുകൊണ്ട്‌ കിഫ്ബി നിയമത്തിൽ വ്യവസ്ഥചെയ്തിട്ടുള്ള ആന്വിറ്റി ബാധ്യതയ്ക്കപ്പുറം സർക്കാരിന്‌ ബാധ്യത സൃഷ്ടിക്കില്ല. സംസ്ഥാനത്തെ കടക്കെണിയിലാക്കുകയുമില്ല.

കേന്ദ്രസർക്കാരിന്റെ ഓഫ്‌ ബജറ്റ്‌ വായ്പ
കേന്ദ്രസർക്കാരും ഇത്തരം അഡ്ജസ്റ്റ്മെന്റുകൾ നടത്താറുണ്ട്‌. കഴിഞ്ഞ ഏതാനും വർഷങ്ങളായി കേന്ദ്രബജറ്റിന്റെ അനുബന്ധമായി ഇപ്രകാരം വായ്പയെടുക്കുന്ന തുകയുടെ കണക്കുകൾ നൽകുന്നുണ്ട്‌. 2019-’20-ൽ ഇത്‌ 1.48 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ, ഇതിൽ ഉൾപ്പെടുത്താതെ 1.69 ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ ഒളിപ്പിച്ചെന്നാണ്‌ ഈ മാസം പുറത്തിറങ്ങിയ ­സി.എ.ജി.യുടെ പ്രത്യേക റിപ്പോർട്ടിൽ പറയുന്നത്‌.എയർ ഇന്ത്യ അസറ്റ്‌ ഹോൾഡിങ്‌ കമ്പനിയുടെ 14,985 കോടി രൂപയും ഇന്ത്യൻ റെയിൽവേ ഫിനാൻസ്‌ കോർപ്പറേഷന്റെ 36,440 കോടി രൂപയും ഫുഡ്‌ കോർപ്പറേഷൻ ഓഫ്‌ ഇന്ത്യയുടെ 43,483 കോടി രൂപയും നാഷണൽ ഹൈവേ അതോറിറ്റിയുടെ 74,988 കോടി രൂപയുമുണ്ട്‌. ഇവകൂടി ചേർത്താൽ കേന്ദ്രസർക്കാരിന്റെ ഓഫ്‌ ബജറ്റ്‌ ബോറോയിങ്‌ 3.17 ലക്ഷം കോടി രൂപവരും!

അനുബന്ധത്തിലുണ്ട്‌, കണക്കിലില്ല.
രസകരമായ മറ്റൊരു കാര്യം കൂടിയുണ്ട്‌. ബജറ്റിന്റെ അനുബന്ധത്തിൽ ഓഫ്‌ ബജറ്റ്‌ ബോറോയിങ്‌ പ്രത്യേകം എടുത്തുകൊടുക്കുന്നുണ്ട്‌ എന്നതു ശരിതന്നെ. എന്നാൽ, ആ തുക കേന്ദ്രസർക്കാരിന്റെ വാർഷികവായ്പയിൽ ഉൾപ്പെടുത്തിയിട്ടില്ല. സി.എ.ജി. കണ്ടുപിടിച്ചതുകൂടി ഉൾപ്പെടുത്തിയാൽ ധനക്കമ്മി കുത്തനെ ഉയരും. കേന്ദ്രബജറ്റിനെക്കുറിച്ചുള്ള സി.എ.ജി. റിപ്പോർട്ടിൽ എത്ര പരതിയിട്ടും ഇതു കേന്ദ്രത്തിന്റെ വാർഷിക വായ്പയിൽ ഉൾപ്പെടുത്തണമെന്നുള്ള നിർദേശം കണ്ടെത്താനായില്ല.പക്ഷേ, കേരളസർക്കാർ പെൻഷൻ കമ്പനി വഴിയും കിഫ്ബി വഴിയും എടുത്തിരിക്കുന്ന വായ്പകൾ സർക്കാരിന്റെ വായ്പക്കണക്കിൽ ഉൾപ്പെടുത്തണമെന്ന്‌ സി.എ.ജി.ക്ക്‌ വലിയ ശാഠ്യമാണ്‌. ഇങ്ങനെയുണ്ടോ ഇരട്ടത്താപ്പ്‌?

എന്താണ്‌ സംസ്ഥാനത്തിന്റെ വായ്പ
ഇപ്പോൾ കേരളസർക്കാരും കേന്ദ്രവുമായി നടക്കുന്ന തർക്കം സർക്കാരിന്റെ വായ്പയെക്കുറിച്ചുള്ള നിർവചനത്തെ ആസ്പദമാക്കിയാണ്‌. ഇതുവരെ സർക്കാർ എടുക്കുന്ന വായ്പ എന്നതിന്റെ പരിധിയിൽ താഴെപ്പറയുന്ന ഇനങ്ങളാണ്‌ ഉൾപ്പെടുത്തിയിരുന്നത്‌.ധനകാര്യസ്ഥാപനങ്ങളിൽനിന്ന്‌ ബോണ്ട്‌ ഇറക്കി സമാഹരിക്കുന്ന വായ്പ. ഇതിനെയാണ്‌ കമ്പോളവായ്പയെന്നു പറയുന്നത്‌. ഇതാണ്‌ സർക്കാർ വായ്പകളുടെ മുഖ്യപങ്ക്‌കേന്ദ്രസർക്കാരിന്റെ അനുവാദത്തോടുകൂടി വിദേശ ഏജൻസികളിൽനിന്നു വാങ്ങുന്ന വായ്പകൾദേശീയ സമ്പാദ്യപദ്ധതി, പ്രോവിഡന്റ്‌ ഫണ്ട്‌ തുടങ്ങിയ സംവിധാനങ്ങളിൽനിന്നുള്ള വായ്പകൾ പബ്ലിക്‌ അക്കൗണ്ടിൽ അതതുവർഷം ഉണ്ടാകുന്ന വർധന. (പബ്ലിക്‌ അക്കൗണ്ട്‌ എന്നാൽ, ട്രഷറിയിൽ ഡെപ്പോസിറ്റായും സെക്യൂരിറ്റിയായും മറ്റും ജനങ്ങൾ സൂക്ഷിക്കാൻ സർക്കാരിനെ ഏൽപ്പിക്കുന്ന പണമാണ്‌.)

കേന്ദ്ര സർക്കാർ നേരിട്ടുതരുന്ന വായ്പ
കഴിഞ്ഞവർഷം അവസാനം ­സി.എ.ജി. റിപ്പോർട്ടിനെ കരുവാക്കിക്കൊണ്ട്‌ ­കേന്ദ്രസർക്കാർ പുതിയൊരു വാദം മുന്നോട്ടുവെച്ചിരിക്കുകയാണ്‌. ­സംസ്ഥാനസർക്കാരുകൾ ഓഫ്‌ ­ബജറ്റായി എടുക്കുന്ന വായ്പയും സർക്കാർ പിന്തുണയോടെ പൊതുമേഖലാ സ്ഥാപനങ്ങൾ ­എടുക്കുന്ന വായ്പകളും സർക്കാർ ­എടുക്കുന്ന വായ്പകളായിത്തന്നെ പരിഗണിക്കണം


Content Highlights: editpage

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..