മാന്ദ്യത്തിനു പുറത്തേക്ക്‌ ഇന്ത്യ വഴികാട്ടണം


ഡോ. ടി.ജി. അരുൺ

മാന്ദ്യം സ്റ്റാർട്ടപ്പുകൾക്ക്‌ നല്ലൊരവസരമാണെന്നാണ്‌ ചരിത്രം പഠിപ്പിക്കുന്നത്‌. 1970-കളിൽ അമേരിക്ക നേരിട്ട മാന്ദ്യത്തിനിടയിലാണ്‌ ­മൈക്രോസോഫ്‌റ്റും ആപ്പിളും മറ്റും ജന്മംകൊണ്ടത്‌

പ്രതീകാത്മക ചിത്രം

സ്വതന്ത്ര ഇന്ത്യയുടെ എഴുപത്തഞ്ചുവർഷത്തെ സാമ്പത്തികവളർച്ച ശ്രദ്ധേയമാണ്. ആഗോളവരുമാനത്തിന്റെ മൂന്നുശതമാനംമാത്രം സംഭാവനചെയ്തിരുന്ന, നെഗറ്റീവ് വളർച്ചനിരക്കുള്ള അതിദരിദ്രരാജ്യങ്ങളുടെ കൂട്ടത്തിൽനിന്നാണ് മുൻനിരയിലേക്കെത്തിയത്. പ്രായോഗികതയിൽ ഊന്നിയുള്ള നയങ്ങളിലൂടെയാണ് ആ മുന്നേറ്റം സാധ്യമായത്.

വിദേശനയത്തിലെന്നപോലെ സ്വദേശിവത്കരണത്തിലും ഉദാരീകരണത്തിലും ദൃശ്യമായ പ്രയോഗിക സമീപനം, അതതുകാലത്തെ ആഭ്യന്തരകമ്പോളത്തിന്റെ പരിമിതികളും വളർച്ചാസാധ്യതകളും പരിഗണിച്ചായിരുന്നു. നയംമാറ്റങ്ങൾ നിശിതമായ ചർച്ചകൾക്ക് വിധേയമായി. അതിലൂടെ നയങ്ങളുടെ ഗുണനിലവാരം ഉയർന്നു. ജനാധിപത്യബോധം തന്നെയാണ് നമ്മുടെ സമ്പദ്ഘടനയുടെചാലകശക്തി. വളരുന്ന ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി, ആഗോള ചാഞ്ചാട്ടങ്ങളുടെ അനുരണനങ്ങളെ എത്രത്തോളം ചെറുക്കാനാകും എന്നതാണ്.

ആഗോളമാന്ദ്യം

സാമ്പത്തികമാന്ദ്യത്തെക്കുറിച്ചുള്ള വാർത്തകൾ ലോകമെമ്പാടും ആശങ്കപരത്തുന്ന ദിനങ്ങളാണ് കടന്നുപോകുന്നത്. തുടർച്ചയായ രണ്ടു പാദങ്ങളിലെ വളർച്ചനിരക്കിലുണ്ടാകുന്ന കുറവാണ് സാമ്പത്തികമാന്ദ്യമായി കണക്കാക്കുക. കോവിഡനന്തര വെല്ലുവിളികളും യുക്രൈൻപ്രതിസന്ധിയും വിതരണശൃംഖലകളിലുണ്ടാവുന്ന അസ്ഥിരതയും എണ്ണവിലക്കയറ്റവും മറ്റും മാന്ദ്യത്തിന് കാരണമാകുന്നു. മാന്ദ്യത്തിന്റെ ആഘാതത്തിൽനിന്ന് പൂർണമായി രക്ഷപ്പെടുന്ന രാജ്യങ്ങളുണ്ടാവില്ല. എന്നാൽ മാന്ദ്യം ബാധിക്കുന്ന രീതിയും മാന്ദ്യത്തിൽനിന്ന് കരകയറാൻ വേണ്ട സമയവും ഓരോ രാജ്യത്തിനും വ്യത്യസ്തമാണ്. കൃത്യമായ നയരൂപവത്കരണത്തിലൂടെ ആഘാതത്തിന്റെ തോത് കുറയ്ക്കാനാകും.

വിലക്കയറ്റം

കണക്കുകൾ പ്രകാരം പല വികസിതരാജ്യങ്ങളിലും കഴിഞ്ഞവർഷത്തെ ആദ്യപാദത്തെക്കാളും പണപ്പെരുപ്പം ഇരട്ടിയാണ്. 1991 മുതൽ 2019 വരെ ശരാശരി 2.3 ശതമാനമായിരുന്ന അമേരിക്കയിലെ പണപ്പെരുപ്പനിരക്ക് 8.6 ശതമാനമായി ഉയർന്നിട്ടുണ്ട്. ഇംഗ്ളണ്ടിൽ ഇത് 9.1 ശതമാനമാണ്‌. യൂറോസോണിൽ 8 ശതമാനത്തിൽ കൂടുതലായും ഉയർന്നുകഴിഞ്ഞു. താരതമ്യേന പണപ്പെരുപ്പം വളരെ കുറവായ ചൈനയിൽപ്പോലും കഴിഞ്ഞ രണ്ടുവർഷത്തെ ഉയർന്നനിരക്കായ 2.7 ശതമാനത്തിലേക്ക് പണപ്പെരുപ്പമെത്തി. 2014 മുതൽ ശരാശരി 4.92 ശതമാനമായിരുന്ന ഇന്ത്യയിലെ പണപ്പെരുപ്പം 6.7 ശതമാനമായി. പ്രധാനപ്പെട്ട ഏഷ്യൻരാജ്യങ്ങളിൽ തായ്‌ലാൻഡിന്‌ ശേഷമുള്ള ഉയർന്നനിരക്ക് ഇന്ത്യയുടേതാണ്.

എണ്ണയിൽ വഴുതി ലോകം

കുതിച്ചുയരുന്ന എണ്ണവില പലരാജ്യങ്ങളിലും ജനജീവിതത്തിന്റെ താളംതെറ്റിക്കുന്നു. ബാങ്ക് ഓഫ് ഇംഗ്ളണ്ടിന്റെ കണക്കുപ്രകാരം അടുത്തവർഷം ശരാശരി പ്രതിമാസവരുമാനം 2054 പൗണ്ടും വാർഷിക ഇന്ധനച്ചെലവ് 4200 പൗണ്ടുമാകും. രണ്ടുമാസത്തെ ശമ്പളം വീട്ടിലെ ഇന്ധനച്ചെലവുകൾക്ക് വേണമെന്നത് ഭയപ്പെടുത്തുന്ന സ്ഥിതിവിശേഷമാണ്.

നിലവിലുള്ള പ്രൈസ് കാപ്പ് റെഗുലേഷൻ കമ്പനികളെ അമിതലാഭമെടുക്കുന്നതിൽനിന്ന്‌ നിയന്ത്രിക്കുന്നുണ്ടെങ്കിലും മൊത്തത്തിലുള്ള വിലവർധനയെ നേരിടാൻ പ്രായോഗികമല്ല. ബ്രിട്ടനിൽ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവിനെ തിരഞ്ഞെടുക്കാനുള്ള പ്രചാരണത്തിലും വിലവർധനതന്നെയാണ് മുഖ്യവിഷയം.

സർക്കാരിന്‌ ഇടപെടാം

ഇന്ത്യയിലും ഇന്ധനവിലവർധന അടിയന്തരമായ ശ്രദ്ധ ആവശ്യമുള്ള മേഖലയാണ്. ആഗോള ഡിമാൻഡും വിതരണവും അനുസരിച്ച് പെട്രോളിയം ഉത്പന്നങ്ങളുടെ വില മാറുന്നു എന്ന പല്ലവി ഇന്ത്യക്കാർക്ക് പരിചിതമാണ്. കാര്യം ശരിയാണെങ്കിൽക്കൂടി ജനജീവിതം ദുരിതപൂർണമാക്കാത്തരീതിയിൽ ഒരു നിശ്ചിതശതമാനത്തിനപ്പുറമുള്ള വിലവർധന അംഗീകരിക്കില്ലെന്ന സമീപനം സർക്കാരുകൾ എടുക്കേണ്ടതാണ്. തീരുവകൾ വീതിച്ചെടുക്കുമ്പോഴും ഇത്തരമൊരു നയം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കൈക്കൊള്ളാവുന്നതാണ്. ഫ്രാൻസിൽ നാലുശതമാനത്തിൽ കൂടുതലുള്ള വിലവർധന നിയന്ത്രിക്കാനുതകുന്ന രീതിയിൽ നിയമംതന്നെയുണ്ട്‌. ഈയൊരു വിഷയത്തിൽ കൂട്ടായ ചർച്ചകൾക്ക്‌ സമയം അതിക്രമിച്ചിരിക്കുന്നു.

വിലക്കയറ്റം പിടിച്ചുകെട്ടാൻ

കഴിഞ്ഞ കുറച്ച്‌ ദശകങ്ങളായി പലിശനിരക്ക്‌ ഉയർത്തി ഡിമാൻഡിനെ പിടിച്ചുകെട്ടുക എന്ന നയമാണ്‌ വിലക്കയറ്റത്തിനെതിരേ ലോകരാജ്യങ്ങൾ ഉപയോഗിക്കുന്നത്‌. 1995-നുശേഷമുള്ള ഏറ്റവും വലിയ ഒറ്റതവണ വർധനയിലൂെട ഇംഗ്ലണ്ടിലെ പലിശനിരക്ക്‌ 1.75 ശതമാനമായി ഉയർന്നു. തുടരെയുള്ള രണ്ടുവർധനകളിലൂടെ അമേരിക്കയിലിത്‌ 2.25-2.5 ശതമാനമായി ഉയർന്നിട്ടുണ്ട്‌. ഇന്ത്യയുൾപ്പെടെ മറ്റു പല രാജ്യങ്ങളിലും പലിശനിരക്ക്‌ ഉയർത്തിയിട്ടുണ്ട്‌.പലിശനിരക്കിലെ വ്യതിയാനം വികസിതരാജ്യങ്ങളിലെ ഭവനവായ്പരംഗത്ത്‌ പ്രതിഫലനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്‌. അമേരിക്കയിൽ 15 ശതമാനത്തോളം കുറവ്‌ മോർട്ട്‌ഗേജുകളുടെ എണ്ണത്തിലുണ്ടായി. വ്യത്യസ്തമായ കാരണമാണെങ്കിൽക്കൂടി ചൈനയുടെ ഭവനനിർമാണരംഗവും വെല്ലുവിളികൾ നേരിടുകയാണ്‌. ഈസ്റ്റ്‌ ഏഷ്യൻ പ്രതിസന്ധിക്കും കാരണമായ ഈ സെക്ടറിലെ മാറ്റങ്ങൾ കരുതലോടെ കാണണം.

വിതരണത്തിലെ അനിശ്ചിതത്വം പലിശനിരക്കിലെ വർധനകൊണ്ട്‌ പരിഹരിക്കാനാകുമോ എന്ന ചിന്ത ഇന്ന്‌ ശക്തമാണ്‌. ഉത്‌പാദനത്തിലും വിതരണത്തിലുമുള്ള അസമത്വങ്ങൾ ഒഴിവാക്കുന്നതാണ്‌ വിലക്കയറ്റം നേരിടാനുള്ള ശാശ്വതപരിഹാരമെന്ന്‌ വാദിക്കുന്നവരുടെ എണ്ണം കൂടിവരുന്നു.ആഗോളീകരണമാണ്‌ ഒരു പരിധിവരെ വികസിത രാജ്യങ്ങളിലെ വിലക്കയറ്റം പിടിച്ചുനിർത്തിയിരുന്നതെന്ന ചിന്തയും ശക്തമാണ്‌. വികസ്വരരാജ്യങ്ങളിൽനിന്നുള്ള താരതമ്യേന വിലകുറഞ്ഞ ഇറക്കുമതികൾ ഇതിന്‌ സഹായകമായി. എന്നാൽ, ഇന്ന്‌ സ്വയംപര്യാപ്തതയ്ക്ക്‌ പലരാജ്യങ്ങളും നൽകുന്ന പ്രാധാന്യവും ഇതിന്‌ തുടർച്ചയായി തീരുവകളിൽ വരുന്ന നിയന്ത്രണവും ആഗോളീകരണത്തിന്‌ ബദലായി ഉയർന്നുവരുന്ന ചിന്തകളാണ്‌. ഈ ചുവടുമാറ്റം വിലക്കയറ്റത്തിൽ ചെലുത്തുന്ന സ്വാധീനം കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യ പുതുവഴി വെട്ടണം

ഇക്കൊല്ലം ഡിസംബറിൽ ജി.20 നേതൃത്വം ഏറ്റെടുക്കുന്നതോടെ ആഗോളവളർച്ചയ്ക്ക്‌ സഹായകമായ പുതിയ വഴികൾ ഉയർത്തിക്കാട്ടേണ്ട ചരിത്രപരമായ നിയോഗം ഇന്ത്യക്കു കൈവരികയാണ്. ആഭ്യന്തര വിപണിയിലെ നമ്മുടെ നയങ്ങളുടെ സാധ്യതകൾ ഇത്തരം ചർച്ചകളിൽ പ്രതിഫലിക്കേണ്ടതുണ്ട്‌. പുതിയ വളർച്ചാ സാധ്യതകൾ തേടുമ്പോൾ നമുക്ക്‌ മുൻതൂക്കമുള്ള രണ്ടുമേഖലകളെക്കുറിച്ചുകൂടി പറയേണ്ടതുണ്ട്‌.നൂതന ആശയങ്ങളുടെയും ടെക്‌നോളജികളുടെയും ഉറവിടം സ്റ്റാർട്ടപ്പുകളിലാണ്‌. നിക്ഷേപത്തിലുള്ള വൻ ഇടിവ്‌ സ്റ്റാർട്ടപ്പുകളുടെ പ്രവർത്തനത്തെ ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഇതിനെത്തുടർന്ന്‌ തൊഴിലവസരങ്ങളിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്‌. എന്നാൽ, മാന്ദ്യം സ്റ്റാർട്ടപ്പുകൾക്ക്‌ നല്ലൊരവസരമാണെന്നാണ്‌ ചരിത്രം പഠിപ്പിക്കുന്നത്‌. 1970-കളിൽ അമേരിക്ക നേരിട്ട മാന്ദ്യത്തിനിടയിലാണ്‌ മൈക്രോസോഫ്‌റ്റും ആപ്പിളും മറ്റും ജന്മംകൊണ്ടത്‌. ആപ്പിളിന്റെ രണ്ടാംവരവും ഡോട്ട്‌കോം ബബിളുകളുടെ തകർച്ച കണ്ട 2001-ലായിരുന്നു. മാന്ദ്യം പിന്തിരിഞ്ഞോടാനുള്ളതല്ലെന്ന്‌ കോർപ്പറേറ്റ്‌ ഭീമന്മാരുടെ ചരിത്രത്തിൽനിന്ന്‌ നാം പഠിക്കണം. കഴിഞ്ഞ കുറെ വർഷങ്ങളായി സ്റ്റാർട്ടപ്പുകൾക്ക്‌ ഇന്ത്യ ശക്തമായ പിന്തുണ നൽകുന്നുണ്ട്‌. നൂറിൽപ്പരം സ്റ്റാർട്ടപ്പുകൾ യൂണികോൺ അംഗീകാരം നേടിക്കഴിഞ്ഞു. സ്റ്റാർട്ടപ്പുകളിലുള്ള നമ്മുടെ പരിചയം മറ്റു വികസ്വരരാജ്യങ്ങൾക്കും ലോകത്തിന്‌ തന്നെയും മുതൽക്കൂട്ടാണ്‌. സ്റ്റാർട്ടപ്പുകളിലൂടെ ലോകം നേരിടുന്ന വലുതും ചെറുതുമായ വെല്ലുവിളികൾക്ക്‌ വൈവിധ്യമാർന്ന പരിഹാരം കണ്ടെത്താനുള്ള ഒരു സംസ്കാരം വളർത്തിയെടുക്കാനും അതനുസരിച്ചുള്ള നയരൂപവത്‌കരണത്തിലും ജി-20-ലെ ഇന്ത്യയുടെ നേതൃത്വത്തിന്‌ കഴിയുമെന്ന്‌ കരുതുന്നു.

മറ്റൊരു മേഖല പാരമ്പര്യേതര ഊർജത്തിന്റേതാണ്‌. ഇതൊരു ആഗോളാവശ്യമാണെങ്കിൽക്കൂടി നമ്മുടെയും പ്രധാനവിഷയമാണ്‌. യുക്രൈൻ അനിശ്ചിതത്വത്തിന്‌ മുൻപുതന്നെ നമ്മുടെ ഇറക്കുമതിയുടെ മുപ്പതു ശതമാനം ഇന്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏഷ്യയിലെ മുൻനിര രാജ്യങ്ങളിൽ ഇത്‌ 15 ശതമാനമാണെന്നോർക്കണം. ഉയർന്ന വ്യാപാര വിടവ്‌ സമ്പദ്‌ഘടന വളരുന്നതിന്റെ സൂചനയായി കാണാറുണ്ടെന്നത്‌ മറക്കുന്നില്ല. എന്നാൽപ്പോലും ഇന്ധന ഇറക്കുമതിയുമായി ബന്ധപ്പെട്ട വ്യാപാര വിടവ്‌ പരിഹരിക്കപ്പെടേണ്ടതുണ്ട്‌. റഷ്യയിൽനിന്നുള്ള ഇറക്കുമതി വർധിപ്പിച്ചതുപോലുള്ള തീരുമാനങ്ങൾ അവസരോചിതമാണെങ്കിലും പാരമ്പര്യേതര ഊർജ ഉത്‌പാദനത്തിന്റെ സാധ്യതകൾ വ്യാപാര വിടവിലെ ഇന്ധനത്തിന്റെ പങ്ക്‌ കുറയ്ക്കും.
കോവിഡനന്തര കാലത്ത്‌ ഏതു തൊഴിലും ചെയ്യുന്ന രീതിയിൽ കാര്യമായ മാറ്റം വന്നിട്ടുണ്ട്‌. അതോടൊപ്പം അതിരുകളില്ലാത്ത വിപണിയും സാധ്യമായിട്ടുണ്ട്‌. ഇത്തരം മാറ്റങ്ങൾ ഉൾക്കൊള്ളാൻ തൊഴിൽദാതാക്കൾ തയ്യാറാകണം. ആദ്യ സൂചനകൾ പ്രകാരം മാന്ദ്യം ഇന്ത്യക്ക്‌ ഒരല്പം അകലെയാണ്‌. എന്നാൽ, ആദ്യംപറഞ്ഞതുപോലെ നമ്മളെ ബാധിക്കില്ലെന്ന ഉറപ്പുമില്ല. നമ്മുെട അയൽരാജ്യങ്ങളിലെ പ്രതിസന്ധി ചടുലമായ നയങ്ങളുടെ പ്രസക്തി ഓർമിപ്പിക്കുന്നു. മാന്ദ്യം ഒരവസരമായിക്കണ്ട്‌ ആഗോള സാമ്പത്തിക വളർച്ച തിരിച്ചുപിടിക്കാനുള്ള ധിഷണാപരമായ ആശയങ്ങളുടെ നേതൃത്വം ഇന്ത്യക്ക്‌ നൽകാനാവും.

(ലണ്ടനിലെ എസക്സ്‌ സർവകലാശാലയിൽ ഗ്ലോബൽ ​െഡവലപ്‌മെന്റ്‌ അക്കൗണ്ടബിലിറ്റി പ്രൊഫസറാണ്‌ ലേഖകൻ)

Content Highlights: editpage

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..