ദൂരം താണ്ടാൻ ഇനിയുമേറെ


ഡോ. വി.കെ. വിജയകുമാർ

ദീർഘകാലം നീണ്ടുനിൽക്കുന്ന ഉയർന്ന സാമ്പത്തികവളർച്ചയും ഫലപ്രദമായ സാമൂഹികക്ഷേമപരിപാടികളും സമ്മേളിപ്പിച്ചുമാത്രമേ, കൂടുതൽ മെച്ചപ്പെട്ട ഒരു സമൂഹമായി മാറാൻ നമുക്കുകഴിയൂ

ഒരു രാജ്യത്തിന്റെ നയങ്ങൾ, പ്രത്യേകിച്ച് സാമ്പത്തികനയങ്ങൾ, പ്രധാനമായും അവ രൂപവത്കരിക്കുന്ന കാലഘട്ടത്തിന്റെ സന്തതികളാണ്.

നെഹ്രുയുഗം
നെഹ്രുവിന്റെ ഫാബിയൻ സോഷ്യലിസ്റ്റ് ചിന്തയും റഷ്യൻ സാമ്പത്തികമാതൃകയോടുള്ള അദ്ദേഹത്തിന്റെ മതിപ്പും ഇന്ത്യൻ സമ്പദ്നയങ്ങൾക്ക് ഇടതുപക്ഷ ചായ്‌വുണ്ടാകുന്നതിൽ മുഖ്യപങ്കുവഹിച്ചു. ഇന്ത്യയുടെ പുതിയ സാമ്പത്തികനയത്തിന്റെ ആധാരശിലകൾ പൊതുമേഖലയ്ക്ക് നൽകിയ പ്രാമുഖ്യവും കേന്ദ്രീകൃത ആസൂത്രണവുമായിരുന്നു. മിശ്രസമ്പദ്‌വ്യവസ്ഥ എന്ന ആശയം ഇന്ത്യ സ്വീകരിക്കുകയും സോവിയറ്റ് മാതൃക അടിസ്ഥാനമാക്കി പഞ്ചവത്സരപദ്ധതികൾ നടപ്പാക്കുകയുംചെയ്തു. നെഹ്രു അക്കാലത്തെ ഏറ്റവും തലപ്പൊക്കമുള്ള നേതാവായിരുന്നതിനാൽ രാജാജിയെപ്പോലുള്ള നേതാക്കളുടെ വിമർശനങ്ങൾക്ക് ഭൂരിപക്ഷത്തിന്റെ പിന്തുണലഭിച്ചില്ല. ‘‘താജ്മഹൽ മരിച്ചവർക്കുവേണ്ടിയാണ്; ഭക്രാനംഗൽ ജീവിച്ചിരിക്കുന്നവർക്കുവേണ്ടിയും’’ എന്ന നെഹ്രുവിന്റെ പ്രസിദ്ധമായ വാചകം അദ്ദേഹത്തിന്റെ യുക്തിചിന്തയുടെയും വൻകിടപദ്ധതികളോടുള്ള ആഭിമുഖ്യത്തിന്റെയും പ്രതിഫലനമാണ്. മികവിനോടുള്ള നെഹ്രുവിന്റെ താത്പര്യമാണ് മികവിന്റെ കേന്ദ്രങ്ങളായ ഐ.ഐ.ടി.കളും മറ്റും രൂപവത്കരിക്കപ്പെട്ടതിനുപിന്നിൽ. ഐ.ഐ.ടി.കൾ പിന്നീട് ഐ.ടി. തുടങ്ങിയ വ്യവസായങ്ങളുടെ വളർച്ചയിൽ പ്രധാനപങ്കുവഹിച്ചിട്ടുണ്ട്.
സർക്കാരിന് നൽകിയ മേൽക്കോയ്മ, സമഗ്രമായ ആസൂത്രണം, ലൈസൻസിങ്‌, സ്വകാര്യ സംരംഭങ്ങൾക്കുമേലുള്ള വലിയ നിയന്ത്രണങ്ങൾ എന്നിവ, രാജാജിയുടെ ഭാഷ കടമെടുത്തുപറഞ്ഞാൽ ‘‘ലൈസൻസ്-പെർമിറ്റ്-ക്വാട്ട രാജ്’’ സൃഷ്ടിച്ചു. ലൈസൻസ് രാജ് സ്വകാര്യസംരംഭകത്വത്തെയും സംരംഭങ്ങളെയും ശ്വാസംമുട്ടിക്കുന്ന സംവിധാനമായി മാറിയെന്നാണ് പ്രമുഖ നിയമജ്ഞനായ നാനി പാൽക്കിവാല വിലയിരുത്തിയത്.ഇന്ദിരാഗാന്ധിയുടെ കാലഘട്ടം
എഴുപതികളുടെ കാലഘട്ടം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം കഠിനമായിരുന്നു. ഈ പന്ത്രണ്ടുവർഷത്തിനിടയിൽ രാജ്യത്തിന് മൂന്നു യുദ്ധങ്ങളിൽ ഏർപ്പെടേണ്ടിവന്നു; രണ്ടു ഗുരുതരമായ വരൾച്ചകളും അഭിമുഖീകരിക്കേണ്ടിവന്നു. ഈ കാലഘട്ടം രാഷ്ട്രീയരംഗത്തും ഭൂകമ്പങ്ങളുടെ കാലമായിരുന്നു. കോൺഗ്രസിലെ പിളർപ്പും മാസ്മരികപ്രഭാവമുള്ള നേതാവായി ഇന്ദിരാഗാന്ധിയുടെ വളർച്ചയും ഇന്ത്യൻ സാമ്പത്തികനയങ്ങളെ ഏറെ സ്വാധീനിക്കുകയും കൂടുതൽ ഇടതുപക്ഷത്തേക്കു നയിക്കുകയുംചെയ്തു. 1969-ൽ ബാങ്ക് ദേശസാത്കരണവും പിന്നീട് എം.ആർ.ടി.പി., ഫെറ നിയമങ്ങളും നിലവിൽവന്നു. കോർപ്പറേറ്റ് നികുതി കുത്തനെ ഉയർത്തി. വ്യക്തിഗത ആദായനികുതി ഒരു നീതീകരണവുമില്ലാതെ 97.5 ശതമാനമാക്കി ഉയർത്തി. 1970-കൾ ഇന്ത്യയിൽ സാമ്പത്തികമരവിപ്പിന്റെ കാലമായിരുന്നു. എന്നാൽ, രാജ്യത്തെ ഭക്ഷ്യസ്വയംപര്യാപ്തതയിലേക്കു നയിച്ച ഹരിതവിപ്ളവം ഒരു വൻവിജയമായി.

രാജീവ് ഗാന്ധിയുടെ പുതിയതുടക്കം
സ്വാതന്ത്ര്യാനന്തരമുള്ള മൂന്നുപതിറ്റാണ്ടിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ശരാശരി വാർഷികവളർച്ച 3.5 ശതമാനം മാത്രമായിരുന്നു. ഇതേക്കുറിച്ച് മൻമോഹൻ സിങ്‌ പിന്നീട് അഭിപ്രായപ്പെട്ടത് സ്വകാര്യസംരംഭങ്ങളിലും കയറ്റുമതിയിലും ഊന്നിയുള്ള സാമ്പത്തികതന്ത്രം പ്രയോഗിച്ച കിഴക്കനേഷ്യൻ രാജ്യങ്ങളുടെ വളർച്ചയുമായി താരതമ്യംചെയ്യുമ്പോൾ ഇന്ത്യയുടെ ഈ കാലഘട്ടത്തിലെ വളർച്ച തീരെ തൃപ്തികരമായിരുന്നില്ല എന്നായിരുന്നു. രാജീവ് ഗാന്ധിയുടെ കാലത്താണ് ഇന്ത്യയിൽ ചെറിയതോതിൽ ഉദാരീകരണം ആരംഭിച്ചത്. വിദേശവായ്പയിലൂന്നിയ ഈ ഉദാരീകരണവും 1991-ലെ ക്രൂഡോയിൽ ഷോക്കുംകൂടിയായപ്പോൾ ഇന്ത്യ വലിയ സാമ്പത്തികപ്രതിസന്ധിയിലായി. അടിസ്ഥാനപരമായി ഇതൊരു വിദേശവിനിമയപ്രതിസന്ധിയായിരുന്നു. ഇന്ത്യ ബാങ്ക് ഓഫ് ഇംഗ്ളണ്ടിൽ സ്വർണം പണയംവെക്കുകയും വായ്പയ്ക്കായി ഐ.എം.എഫിനെ സമീപിക്കുകയുംചെയ്തു.

റാവുവിന്റെ ധീരമായ പരിഷ്കാരം
ഈ പ്രതിസന്ധി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഘടനാപരമായി വലിയ മാറ്റത്തിന്‌ തിരികൊളുത്തി. സോവിയറ്റ് യൂണിയന്റെ തകർച്ചയും കിഴക്കൻ യൂറോപ്പിൽനിന്ന് കമ്യൂണിസത്തിന്റെ പടിയിറക്കവും ചൈനയിൽ ഡെങ്‌സിയാവോ പിങ്ങിന്റെ നേതൃത്വത്തിൽ സാമ്പത്തികനയത്തിൽ വരുത്തിയ മാറ്റവും ഇന്ത്യയിൽ മാറ്റത്തിനനുകൂലമായ സാഹചര്യം സൃഷ്ടിച്ചു. ലിബറലൈസേഷൻ, പ്രൈവറ്റൈസേഷൻ, ഗ്ളോബലൈസേഷൻ എന്നതിന്റെ ചുരുക്കപ്പേരായ എൽ.പി.ജി. പുതിയ ആപ്തവാക്യമായിത്തീർന്നു. പ്രധാനമന്ത്രി നരസിംഹറാവു അദ്ദേഹത്തിന്റെ പ്രാപ്തനായ ധനമന്ത്രി മൻമോഹൻസിങ്ങിന്റെ പിന്തുണയോടെ ധീരമായി നടപ്പാക്കിയ ഈ പരിഷ്കാരങ്ങൾ രാജ്യത്ത് ഉയർന്ന സാമ്പത്തികവളർച്ചയുടെ ഒരു യുഗത്തിന് അടിത്തറയിടുകയായിരുന്നു. അടുത്ത 30 വർഷക്കാലം ഇന്ത്യ ജി.ഡി.പി. വളർച്ചയിൽ ലോകത്ത് രണ്ടാംസ്ഥാനത്ത് കുതിച്ചെത്തി; ചൈനമാത്രമാണ് മുമ്പിലുണ്ടായിരുന്നത്. റാവു സർക്കാരിനുശേഷം വന്ന എല്ലാസർക്കാരുകളും ഉദാരീകരണത്തിന്റെ ഈ പാത തന്നെ പിന്തുടർന്നു.

മോദിയുഗം
ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്ന ഉദാരീകരണനയങ്ങളുടെ വക്താവായ മോദി പരിഷ്കരണനടപടികളുമായി മുന്നോട്ടുപോകുന്നുണ്ട്. എങ്കിലും പരിഷ്കാരങ്ങളുടെ അടിയൊഴുക്കുകളിൽ ചില മാറ്റങ്ങളുണ്ട്. ഉദ്ദേശ്യശുദ്ധിയോടെയാണെങ്കിലും വേണ്ടത്ര തയ്യാറെടുപ്പില്ലാതെ നടപ്പാക്കിയ നോട്ടുനിരോധനം പ്രതീക്ഷിച്ച ഫലം നൽകിയില്ല. പാപ്പർ നിയമഭേദഗതി, റിയൽ എസ്റ്റേറ്റ് രംഗം ശുദ്ധീകരിക്കാനായി കൊണ്ടുവന്ന റിയൽ എസ്റ്റേറ്റ് റെഗുലേഷൻ ആക്ട്, ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ എന്നിവ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും ശുദ്ധീകരിക്കാനും ലക്ഷ്യമിട്ടുള്ളവയാണ്. ഉപഭോക്തൃ ഇലക്‌ട്രോണിക്സ് മേഖലയിൽ വൻശക്തിയായി ഇന്ത്യ ഉയരുകയാണ്. ഇതോടൊപ്പം ഐ.ടി. കയറ്റുമതിയിലും അടിസ്ഥാനവികസന സൗകര്യമേഖല, നിർമാണ, വാഹന, ഫാർമസ്യൂട്ടിക്കൽ രംഗങ്ങളിലുണ്ടായ വളർച്ച എന്നിവ കോവിഡ്കാലത്തുപോലും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കു കരുത്തുപകർന്നു. സൗദി അറേബ്യ 2021-’22 കാലത്ത് ക്രൂഡോയിൽ കയറ്റുമതിയിലൂടെ നേടിയതിനെക്കാൾ ഉയർന്നവരുമാനമാണ് ഇതേകാലയളവിൽ ഇന്ത്യ ഐ.ടി. രംഗത്തെ സേവനകയറ്റുമതിയിലൂടെ നേടിയത്. വികസിതരാഷ്ട്രങ്ങൾ ഇപ്പോൾ പിന്തുടരുന്ന ചൈന പ്ളസ് വൺ നയം ഇന്ത്യക്കനുകൂലമായിത്തീർന്നിട്ടുണ്ട്. നമ്മുടെ അയൽരാജ്യങ്ങളായ ശ്രീലങ്കയും പാകിസ്താനും അടുത്തദിവസം ബംഗ്ളാദേശും ഐ.എം.എഫിൽനിന്ന്‌ വിദേശനാണയവായ്പയ്ക്കു ശ്രമിക്കുന്ന ഈ പ്രയാസകരമായ കാലത്ത്, ഇന്ത്യയ്ക്ക് 570 ബില്യൺ ഡോളറിനു മുകളിൽ വിദേശനാണയ കരുതൽശേഖരമുണ്ട്. സാമ്പത്തികമായി നാം ഭദ്രമായ നിലയിലാണ്. ലോകത്തിലെ മൂന്നാമത്തെ ഏറ്റവുംവലിയ സ്റ്റാർട്ടപ്പ്‌ ആവാസവ്യവസ്ഥയാണ് നമ്മുടേത്. ഒരു ബില്യൺ ഡോളറിനു മുകളിൽ വിപണിമൂല്യമുള്ള യൂണികോണുകളുടെ സ്ഫോടനാത്മകമായ വളർച്ച ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ശക്തിയേകുന്നു.
പരിഷ്കരണനടപടികളെത്തുടർന്ന് ദാരിദ്ര്യം വലിയൊരളവോളം കുറയ്ക്കാനായിട്ടുണ്ടെങ്കിലും നമുക്കിനിയും ദീർഘദൂരം സഞ്ചരിക്കാനുണ്ട്. ദീർഘകാലം നീണ്ടുനിൽക്കുന്ന ഉയർന്ന സാമ്പത്തികവളർച്ചയും ഫലപ്രദമായ സാമൂഹികക്ഷേമപരിപാടികളും സമ്മേളിപ്പിച്ചുമാത്രമേ, കൂടുതൽ മെച്ചപ്പെട്ട ഒരു സമൂഹമായി മാറാൻ നമുക്കുകഴിയൂ.
ഇന്ത്യ 2027-ഓടെ അഞ്ച്‌ ട്രില്യൺ ഡോളറിന്റെയും 2030-ഓടെ ഏഴ്‌-എട്ട്‌ ട്രില്യൺ ഡോളറിന്റെയും 2040-ഓടെ 20 ട്രില്യൺ ഡോളറിന്റെയും സമ്പദ്‌വ്യവസ്ഥയായി മാറുന്നതോടെ സർവാശ്ലേഷിയായ വളർച്ചയുള്ള ഒരു വൻ സാമ്പത്തികശക്തിയായിത്തീരുമെന്ന് നമുക്കു പ്രതീക്ഷിക്കാം.

ജിയോജിത് ഫിനാൻഷ്യൽ സർവീസസിൽ
ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ്‌
ലേഖകൻ

Content Highlights: editpage

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..