അഞ്ചുവർഷത്തിലൊരിക്കൽ നടക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന (സി.പി.സി.) പാർട്ടി കോൺഗ്രസിന് ഞായറാഴ്ച തുടക്കമാകുകയാണ്. നിലവിലെ ദേശീയ-അന്തർദേശീയ സാഹചര്യത്തിൽ ചൈനയുടെ പാർട്ടികോൺഗ്രസിന് അത്രമേൽ പ്രാധാന്യമുണ്ട്. വരുന്ന അഞ്ചുവർഷത്തേക്കും അതിനുശേഷവും നാടിന്റെയും പാർട്ടിയുടെയും സാമ്പത്തിക-രാഷ്ട്രീയ ചട്ടക്കൂടുകൾ ഒരുക്കുന്നതിൽ ഇത് നിർണായകമാകും.
പാർട്ടിയുടെ 38 ഇലക്ടറൽ യൂണിറ്റുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 2296 പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ഇലക്ടറൽ യൂണിറ്റുകളിൽ പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ.), സായുധ പോലീസ് തുടങ്ങിയ സംവിധാനങ്ങളും ഉൾപ്പെടും. നിലവിൽ സി.പി.സി.ക്ക് 9.6 കോടി അംഗങ്ങളുണ്ടെന്നാണ് കണക്ക്.
കോൺഗ്രസിൽ തൊഴിലാളികളുടെയും കർഷകരുടെയും സ്ത്രീയൂണിറ്റുകളുടെയും പ്രാതിനിധ്യം താരതമ്യേന കുറഞ്ഞതായി പരാമർശമുണ്ടെങ്കിലും ചൈനയിലെ വ്യാവസായികമേഖലയിലെ ഉയർന്ന വിദ്യാഭ്യാസനിലവാരവും സാങ്കേതികവിദ്യയുടെ വിപുലമായ മുന്നേറ്റവും കാണിച്ചുകൊണ്ട് പാർട്ടി ഇതിനെ ന്യായീകരിക്കുന്നു.
ഷി ജിൻ പിങ്ങിന് ഇത് മൂന്നാം അവസരം
പാർട്ടി ജനറൽ സെക്രട്ടറി ഷി ജിൻ പിങ്ങിന് മൂന്നാമതും അവസരം നൽകുക എന്നതാണ് പാർട്ടികോൺഗ്രസിന്റെ പ്രധാന അജൻഡകളിലൊന്ന്. മുൻ ചെയർമാൻ മാവോ സേ തുങ്ങിന്റെ മരണശേഷം കീഴ്‌വഴക്കങ്ങൾ അനുസരിച്ച്, ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള മുതിർന്ന പാർട്ടി പ്രവർത്തകർക്ക് രണ്ടു തവണമാത്രമേ സ്ഥാനംലഭിക്കാറുള്ളൂ. എന്നാൽ, ഇത്തവണത്തെ തീരുമാനം ഭാവിയിൽ പാർട്ടിയിലും സർക്കാരിലും മാറ്റങ്ങളുണ്ടാക്കിയേക്കാം.
ശക്തമായ നേതൃത്വത്തെ ഉൾക്കൊള്ളുന്ന 200 കേന്ദ്രകമ്മിറ്റി (സി.സി.) അംഗ തിരഞ്ഞെടുപ്പാണ് പാർട്ടി കോൺഗ്രസിലെ സംഘടനാവിഷയങ്ങളിലെ പ്രധാന നടപടി. ഇരുപത്തഞ്ചോളം അംഗങ്ങൾ അടങ്ങുന്ന പൊളിറ്റ് ബ്യൂറോയെ തിരഞ്ഞെടുക്കുന്നത് ഈ കേന്ദ്ര കമ്മിറ്റിയായിരിക്കും. പാർട്ടിയുടെയും ഭരണസംവിധാനത്തിന്റെയും കരുത്തുറ്റ നേതൃത്വമായാണ് ഈ കമ്മിറ്റി പരിഗണിക്കപ്പെടുന്നത്.
ചൈനയും അമേരിക്കയും
നിലവിൽ ചൈനയും അമേരിക്കയും സമ്പദ്‌വ്യവസ്ഥയുടെയും സാങ്കേതികവിദ്യയുടെയും മേഖലകളിൽ ഒരേസമയം കടുത്ത മത്സരത്തിലാണ്. സി.പി.സി.യുടെ സൈദ്ധാന്തിക മുഖപത്രമായ ‘ക്യുഷി’ (സത്യം തേടൽ) 2018-ൽ പാർട്ടി ജനറൽ സെക്രട്ടറി ഷി ജിൻ പിങ് നടത്തിയ ഒരു പ്രസംഗം ഉദ്ധരിച്ച് ഒരു പ്രധാന ലേഖനം അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു. ലോകത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്കുശേഷം അമേരിക്കൻ ആധിപത്യത്തെ നേരിടുന്നത് ചൈനയാവുമെന്നാണ് ലേഖനത്തിൽ പറയുന്നത്.
യു.എസിലെ സാമ്പത്തികമാന്ദ്യത്തിനുശേഷം, പ്രത്യേകിച്ച് ബാങ്കിങ്, റിയൽ എസ്റ്റേറ്റ് മേഖലകളിലുണ്ടായ ഇടിവ്, ലോക സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇത് ചൈനയെയും പലതരത്തിൽ സ്വാധീനിച്ചു. പടിഞ്ഞാറൻ രാജ്യങ്ങളിലെ പല വിദഗ്ധരും ചൈനയുടെ വാണിജ്യരീതികളുടെയും സാങ്കേതികവിദ്യയുടെയും നേരെയാണ് ഈ വിഷയത്തിൽ വിരൽചൂണ്ടിയത്. ട്രംപും അദ്ദേഹത്തിന്റെ പിൻഗാമി ബൈഡൻ ഭരണകൂടവും ചൈനയെ കൂടുതൽ ഒറ്റപ്പെടുത്തുന്നതിനും വിവിധ മുന്നണികളിൽ സമ്മർദം ചെലുത്തുന്നതിനുമുള്ള മാർഗമായി ഇതുപയോഗിച്ചു.
ആഭ്യന്തരപ്രശ്നങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കും
രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങൾക്ക് സാമ്പത്തികമായി വലിയ ഉന്നമനമുണ്ടാക്കാനായി എന്നതാണ് ചൈനയിലെ ഭരണകക്ഷി എന്നനിലയിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വിലയിരുത്തൽ. പാർട്ടിക്ക് കരുത്തോടെ മുന്നോട്ടുനീങ്ങാനുള്ള പ്രധാന ഘടകങ്ങളായി ഇത് വ്യാഖ്യാനിക്കപ്പെടുന്നു. പൊതുവേ ബെയ്ജിങ്ങിലെ അധികാരകേന്ദ്രങ്ങൾ രാജ്യത്തെ അസംതൃപ്തിയോ കുഴപ്പങ്ങളോ ഇഷ്ടപ്പെടുന്നില്ല. അവർ അത് വെറുക്കുന്നു എന്നുതന്നെ പറയാം. കോവിഡ് വരുത്തിയ പ്രതിസന്ധി ചൈനയെ നന്നേ ബാധിച്ചിരുന്നു. പാർട്ടിയുടെ വിലയിരുത്തലനുസരിച്ച് രാജ്യത്തെ സാമ്പത്തികനേട്ടങ്ങളും ക്ഷേമവും സി.പി.സി. ഭരണകക്ഷിയായി തുടരുന്നതിനെ തീരുമാനിക്കുന്ന പ്രധാന ഘടകമാണ്. ജനകീയമുന്നേറ്റങ്ങളിലൂടെ ഭരണകൂടം താഴെവീണ ചരിത്രമുള്ള രാജ്യമാണ് ചൈന. അതുകൊണ്ട് ചൈന നേടിയ സാമ്പത്തികവളർച്ച നിലനിർത്താനുള്ള പദ്ധതികൾ പാർട്ടി കോൺഗ്രസ് ആവിഷ്കരിക്കുമെന്ന് പ്രതീക്ഷിക്കാം. രാജ്യത്തിന്റെ പൊതുവായ പുരോഗതി എന്ന ആശയത്തിലൂന്നിയായിരിക്കും ഷി ജിൻ പിങ്ങിന്റെ നേതൃത്വത്തിലുള്ള ഭരണസംവിധാനത്തിന്റെ പ്രചാരണം. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിലായി രാജ്യം കൈവരിച്ച സാമ്പത്തിക പുരോഗതി ഉയർത്തിക്കാണിച്ചായിരിക്കും ഇതിനുള്ള നീക്കങ്ങൾ. അസമത്വങ്ങളെ കുറച്ചുകാണിക്കാനുള്ള ശ്രമമായും ഇതിനെ വ്യാഖ്യാനിക്കാം.
അന്താരാഷ്ട്ര വ്യാപാര-വിപണന പ്രശ്നങ്ങളും പാർട്ടി കോൺഗ്രസിൽ ചർച്ചയാകുമെന്നതിനാൽ ഇന്ത്യ സൂക്ഷ്മമായി ഇതിനെ കാണേണ്ടതുണ്ട്. ഏഷ്യയിലേതുൾപ്പെടെ ലോകത്തിന്റെ പലഭാഗത്തെയും വ്യാപാര-സാമ്പത്തിക വികസനങ്ങളിൽ ചൈന പ്രധാന പങ്കുവഹിക്കാൻ സാധ്യതയേറെയാണ്. അതുകൊണ്ട് ചൈനയുമായുള്ള ബന്ധം സൂക്ഷിക്കുന്നത് നമ്മുടെ രാജ്യത്തിന്റെ താത്‌പര്യങ്ങൾ സംരക്ഷിക്കുന്നതിനും അത്യാവശ്യമാണ്.
ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈനീസ്
സ്റ്റഡീസിലെ ഒാണററി െഫലോയാണ് ലേഖകൻ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..