ജോഷിമഠ്‌ പഠിപ്പിക്കുന്നത്‌


 ഡോ. സി.പി. രാജേന്ദ്രൻ

ഹിമാലയൻ മേഖലയിലെ നിർമാണപ്രവർത്തനങ്ങളുടെ ഫലമായി പ്രദേശത്തെ ഉറവകൾ വറ്റിപ്പോകുമെന്നും കാലക്രമേണ ജോഷിമഠ് താഴ്ന്നു പോകുമെന്നും 2010-ൽ കറന്റ് സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ പറയുന്നു

Photo: Print

ഇന്ത്യയിലെ പ്രധാന തീർഥാടനകേന്ദ്രമായ ജോഷിമഠിൽ ഭൂമി ഇടിഞ്ഞുതാഴുന്നു എന്ന വാർത്ത കഴിഞ്ഞ കുറെ ദിവസങ്ങളായി മാധ്യമങ്ങളിൽ ഇടം പിടിച്ചുകൊണ്ടിരിക്കുന്നു. അറുനൂറിലേറെ വീടുകളിൽ വിള്ളൽ വീണു. അവിടെ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാനുള്ള മാർഗങ്ങൾ സംസ്ഥാനസർക്കാർ തേടിക്കൊണ്ടിരിക്കുകയുമാണ്. ജോഷിമഠിലെ പ്രധാന റോഡിൽ വിള്ളൽ വീഴുന്നത് അവിടേക്കുള്ള യാത്രക്കാരെയും ബാധിക്കുന്നു. ജോഷിമഠിൽ സംഭവിക്കുന്നതിനു കാരണമന്വേഷിച്ചാൽ ആ പ്രദേശത്തു നടക്കുന്ന പലതരത്തിലുള്ള നിർമാണപദ്ധതികളുടെ അശാസ്ത്രീയതയിലാകും നാം എത്തിച്ചേരുക. കേദാർനാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ തീർഥാടന കേന്ദ്രങ്ങളിൽ ഭക്തർക്ക് എളുപ്പം എത്തിച്ചേരാവുന്ന ‘ചാർധാം ഹൈവേ’ നിർമാണപദ്ധതി സർക്കാരിന്റെ നേതൃത്വത്തിൽ നടന്നുവരുകയാണ്. ഈ സ്ഥലങ്ങളിലേക്കുള്ള ഏഴോളം റോഡുകളുടെ വീതി പത്തുമീറ്ററോളം കൂട്ടുകയും അവയെല്ലാം രണ്ടുവരിപ്പാതയാക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.

ഭൂമിയെ മനസ്സിലാക്കാത്ത വികസനം
ഈ പദ്ധതിയുടെ ആലോചനകൾ മോദിസർക്കാർ അധികാരത്തിൽ വരുന്നതിനുമുമ്പുതന്നെ ആരംഭിച്ചിരുന്നെങ്കിലും അതോടനുബന്ധിച്ചു നടത്തിയ പരിസ്ഥിതിയാഘാതപഠനങ്ങൾ ഒന്നുംതന്നെ പദ്ധതിയെ അനുകൂലിക്കുന്ന താരത്തിലുള്ളവയല്ലായിരുന്നു. അതുകൊണ്ടുതന്നെ പദ്ധതിയുടെ പുരോഗതി മന്ദഗതിയിലായിരുന്നു. എന്നാൽ, മോദിസർക്കാർ അധികാരത്തിൽ വന്നതോടുകൂടി ഈ പദ്ധതിക്ക്‌ തുടക്കമിട്ടു. ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ സാമ്പത്തികരംഗത്തെ ഉണർവിന് ഈ പദ്ധതി ആക്കം കൂട്ടുമെന്ന വാദം ശക്തിപ്രാപിച്ചു. പരിസ്ഥിതി പഠന റിപ്പോർട്ട്‌ തയ്യാറാക്കിയ വിദഗ്‌ധരിൽ ചിലർ ഈ പദ്ധതിയെ എതിർത്തെങ്കിലും മറ്റു ചിലർ സർക്കാരിനെ അനുകൂലിച്ചു. പിന്നീട് ഈ പദ്ധതിക്ക് നാഷണൽ ഹരിത ട്രിബ്യൂണലിന്റെ അനുമതിയും ലഭിച്ചു. എന്നാൽ, പാരിസ്ഥിതിക പ്രശ്നങ്ങളുന്നയിച്ച് പദ്ധതി വീണ്ടും സുപ്രീംകോടതിയിൽ ചോദ്യംചെയ്യപ്പെടുകയുണ്ടായി. തുടർന്നു നടന്ന ചർച്ചകളിൽ സർക്കാർ പ്രധാനമായും ഉന്നയിച്ചത് രാജ്യസുരക്ഷസംബന്ധിച്ച വാദങ്ങളായിരുന്നു. ചൈനയുമായുള്ള അതിർത്തിപ്രദേശത്തേക്ക്‌ ദ്രുതഗതിയിൽ എത്താൻപറ്റുന്ന പാത സായുധസേനയ്ക്ക് ആവശ്യമാണെന്നായിരുന്നു സർക്കാരിന്റെ പ്രധാനവാദം. അങ്ങനെ സുപ്രീംകോടതിയിൽനിന്ന് അനുകൂലമായ വിധി ലഭിച്ചതോടെ ‘ചാർധാം’ ഹൈവേ പദ്ധതി നടപ്പാക്കാൻ മറ്റു തടസ്സങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല.

ഇപ്പോഴത്തെ കണക്കനുസരിച്ച് മൊത്തം 889 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതിയുടെ ചെലവ് 11,700 കോടി രൂപയാണ്. 15 ഫ്ലൈ ഓവറുകൾ, 101 പാലങ്ങൾ, 3596 കൾവെർട്ടുകൾ, 12 ബൈപ്പാസ് റോഡുകൾ തുടങ്ങിയവയും ഈ പദ്ധതിയുടെ ഭാഗമായി നിർമിക്കേണ്ടിവരും. അതോടൊപ്പമാണ് ചാർധാം റെയിൽവേ പദ്ധതിക്കും തുടക്കമിട്ടത്. ഋഷികേശ് മുതൽ കർണപ്രയാഗ് വരെ 126 കിലോമീറ്റർ നീളത്തിൽ പണിയുന്ന ഈ പദ്ധതിയും തീർഥാടകരെ ലക്ഷ്യംവെച്ചുള്ളതാണ്. ഇതിനുവേണ്ടിയും കിലോമീറ്ററോളം പർവതങ്ങൾ തുരന്ന് ടണലുകൾ നിർമിക്കേണ്ടിവരും. ഏതാണ്ട് 105 കിലോമീറ്റർ ടണലുകളിലൂടെയായിരിക്കും സഞ്ചരിക്കുക. ഹൈവേകൾക്കും ​െറയിൽപ്പാതയ്ക്കും ഒപ്പം നടക്കുന്ന ഒന്നാണ് പന്ത്രണ്ട്‌ ജലവൈദ്യുതപദ്ധതികൾക്കു വേണ്ടിവരുന്ന നിർമാണപ്രവർത്തനങ്ങൾ.

ഇവിടെനടക്കുന്ന വൻതോതിലുള്ള നിർമാണപ്രവർത്തനങ്ങൾ പർവതത്തിന്റെ പരിസ്ഥിതിയെ അപ്പാ​ടെ തകിടംമറിക്കുമെന്നും വർധിതമായ തോതിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാകുമെന്നും ജനജീവിതം ദുസ്സഹമാകുമെന്നും അഭിപ്രായപ്പെട്ട ശാസ്ത്രകാരന്മാരെയും പരിസ്ഥിതി പ്രവർത്തകരെയും വികസനവിരോധികൾ എന്നാരോപിച്ച് പാർശ്വവത്‌കരിച്ചു. ലാഭേച്ഛമാത്രം ലക്ഷ്യംെവച്ചുകൊണ്ടു നടത്തുന്ന ഈ പ്രവർത്തനങ്ങൾ ഇന്ന് പലതരത്തിലുള്ള ദുരന്തങ്ങൾക്ക് സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് 2021 ഫെബ്രുവരിയിൽ ധൗളി ഗംഗാനദിയിൽ സംഭവിച്ച വെള്ളപ്പൊക്കവും നാശനഷ്ടങ്ങളും അവിടത്തെ ഋഷി ഗംഗ ജലവൈദ്യുതപദ്ധതിയെ തകർത്തുകളഞ്ഞു.

ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ വേണം ജോഷിമഠിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ദുരന്തത്തെ നാം കാണേണ്ടത്. ഇത്‌ വെറുതേയങ്ങ് സംഭവിക്കുന്നതല്ല. തുരങ്കങ്ങളുടെയും റോഡുകളുടെയും നിർമാണത്തിനിടയിൽ നടക്കുന്ന വൻ തോതിലുള്ള സ്ഫോടനങ്ങൾ കുത്തനെയുള്ള മലഞ്ചെരിവുകളെ ദുർബലപ്പെടുത്തുന്നു. ഈ പദ്ധതികൾ ആരംഭിച്ചതിനുശേഷം ആ പ്രദേശത്തെ മണ്ണിടിച്ചിലുകൾ മുമ്പത്തെക്കാൾ പതിന്മടങ്ങു വർധിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായി നടക്കുന്ന മേഘവിസ്ഫോടനങ്ങളും അവയെ തുടർന്നു സംഭവിക്കുന്ന അതിവൃഷ്ടിയും മണ്ണിടിച്ചിലുകളുടെ ആക്കം കൂട്ടുന്നു.

കുന്നുകൾ തുരക്കുമ്പോൾ
കുന്നുകളിലേക്കു തുരന്നുകയറി, പാറകൾ നീക്കംചെയ്യുമ്പോൾ അവയ്ക്കുള്ളിൽ മർദവ്യത്യാസങ്ങൾ സംഭവിക്കാം. കൂടാതെ പാറകൾക്കിടയിലുള്ള ജലഭൃതങ്ങളെ (aquifer ) അസ്ഥിരമാക്കാനും ഇത്കാരണമാകുന്നു. 2009-ൽ ജോഷിമഠിനടുത്തുള്ള തപോവൻ വിഷ്ണുഗഢ് എന്ന് പേരുള്ള വലിയ ജലവൈദ്യുതി പദ്ധതിയുടെ നിർമാണത്തിന്റെ ഭൂമിക്കടിയിലൂടെയുള്ള തുരങ്കനിർമാണത്തിനു തുടക്കമിടുകയുണ്ടായി. അത് ജോഷിമഠിലെ ഭൂഗർഭജലത്തിന്റെ പ്രധാന ഉറവിടമായ ജലഭ്യതയ്ക്കു വിള്ളൽ വീഴ്‌ത്തി. വൻതോതിൽ ജലം ഒഴുകിപ്പോയി. ഓരോ ദിവസവും 60 മുതൽ 70 ദശലക്ഷം ലിറ്റർവരെ വെള്ളം വൃഥാ ഒലിച്ചുപോയി എന്നാണ് ശാസ്ത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ ഫലമായി പ്രദേശത്തെ പല ഉറവകളും വറ്റിപ്പോകുമെന്നും കാലക്രമേണ ജോഷിമഠ് താഴ്ന്നു പോകുമെന്നും 2010-ൽ കറന്റ് സയൻസ് എന്ന ജേണലിൽ അവർ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിൽ പറയുന്നു. ഹിമാലയത്തിലെ അനേകം വരുന്ന ജലസ്രോതസ്സുകൾ അപ്രത്യക്ഷമാകും എന്നതാണ് ഈ തുരങ്കനിർമാണത്തിന്റെ മറ്റൊരു പ്രത്യാഘാതം. ഇപ്പോൾത്തന്നെ ജോഷിമഠിൽ മാത്രമല്ല, ഉത്തരാഖണ്ഡിലെ ഹിമാലയത്തിന്റെ പല ഭാഗങ്ങളിലും നീരുറവകൾ വറ്റിക്കൊണ്ടിരിക്കുകയാണ്. ഇതിനെക്കുറിച്ച് 2018-ൽ നിതി ആയോഗ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന് ഇതിൽ പങ്കുണ്ടെങ്കിലും തുരങ്കനിർമാണം ഉറവകളുടെ ക്ഷയത്തിന്‌ ആക്കം കൂട്ടുന്നു എന്ന് നമുക്ക് കാണാതിരിക്കാനാവില്ല.

കാരണം ഭൂഗർഭ ജലശോഷണം
വളരെ കാലത്തിനുള്ളിൽ രൂപപ്പെടുന്ന ഒരു പ്രതിഭാസമാണ് മണ്ണിടിച്ചിൽ. ഇതിനൊരു പ്രധാനകാരണം ഭൂഗർഭ ജലത്തിന്റെ ശോഷണമാണ്. ഇത് പലകാരണങ്ങൾകൊണ്ട് സംഭവിക്കാം. ജോഷിമഠിനടുത്തുള്ള ഭൂഗർഭ തുരങ്കം സമീപത്തുള്ള ജലഭൃത സ്രോതസ്സിന്റെ ശോഷണത്തിനു കാരണമായത് നേരത്തേ സൂചിപ്പിച്ചിരുന്നുവല്ലോ. ഭൂഗർഭ ജലവിതാനം ക്ഷയിക്കുമ്പോൾ അത് മണ്ണിന്റെ ഘടനാപരമായ ദൃഢതയെ ബാധിക്കുന്നു. തുടർന്നുണ്ടാകുന്ന സങ്കോചം (shrinking) ഉപരിതലം താഴാനും വിള്ളലുകൾ രൂപപ്പെടാനും കാരണമാകുന്നു. ഉത്തരാഖണ്ഡ് ഹിമാലയത്തിൽത്തന്നെ നൈനിറ്റാളിലും കർണപ്രയാഗിലുമൊക്കെ ഇതുപോലുള്ള പ്രതിഭാസങ്ങൾ ഉണ്ടാകുന്നുണ്ട്.ഹിമാലയത്തിന്റെ ഘടനാപരമായ അവസ്ഥ മനസ്സിലാക്കിയാൽ ഇപ്പോൾ നടക്കുന്നത് അപ്രതീക്ഷിതമെന്ന് പറയാനാവില്ല. ഭൗമശാസ്ത്രപ്രകാരം ഹിമാലയപർവതം നന്നേ ചെറുപ്പമാണ്. ഏതാണ്ട് 40 ദശലക്ഷം വർഷങ്ങൾക്കുമുമ്പു മാത്രമാണ് ഇന്ന് നാം കാണുന്ന പർവതനിരകൾ ഉയർന്നുവന്നത്. പർവതനിർമിതിക്കു കാരണമായ ഇന്ത്യ-യൂറേഷ്യ ഭൂവൽക്കപാളികൾ തമ്മിലുള്ള സംഘർഷണം (collision) തുടർന്നുകൊണ്ടിരിക്കുന്നു. ഇന്ത്യൻ ഭൂവൽക്കപാളി വർഷത്തിൽ ഏതാണ്ട് രണ്ടു സെന്റിമീറ്റർ ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു എന്ന് പഠനങ്ങൾ തെളിയിക്കുന്നു. തുടർന്നുകൊണ്ടിരിക്കുന്ന ഭൂഭൗതിക പ്രക്രിയകളാണ് ഈ പർവതനിരകളെ അസ്ഥിരവും അപകടകാരികളുമാകുന്നത്. സ്വതവേ ചലനാത്മകമായ ഈ പർവതനിരകളിൽ അടിക്കടി ഭൂകമ്പങ്ങളുണ്ടാകുന്നതും ഈ പ്രദേശത്തു നിലനിൽക്കുന്ന അസ്ഥിരതകൊണ്ടാണ്. വളർന്നുകൊണ്ടിരിക്കുന്ന ഒരു പർവതം സ്വാഭാവികമായും ബലഹീനമായിരിക്കും. ഈ പ്രക്രിയകൾ വേണ്ടവിധം മനസ്സിലാക്കിയാൽ ജോഷിമഠിൽ നടക്കുന്നതിന്റെ കാരണങ്ങൾ വ്യക്തമാകും.
എന്താണ് ജോഷിമഠിന്റെ ഭാവി? ഇപ്പോൾ നടക്കുന്ന ഭൂമി ഇടിഞ്ഞുതാഴൽ പ്രക്രിയ എത്രയോ വർഷങ്ങൾക്കുമുമ്പ് തുടങ്ങിയതാവാം. അതിന്റെ മൂർധന്യാവസ്ഥയാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രക്രിയ കുറച്ചുകാലം കൂടി തുടരുകതന്നെ ചെയ്യും. വർഷങ്ങൾക്കുശേഷം ആ പ്രദേശം പുതിയ ഒരു തുലനാവസ്ഥയിൽ എത്തിയേക്കാം. ഹിമാലയത്തിൽ ഇപ്പോൾ നടക്കുന്ന മനുഷ്യപ്രചോദിതമായ നിർമാണപ്രവർത്തനങ്ങൾ നിർത്തിെവക്കുക എന്നതാണ് ഇപ്പോൾ ചെയ്യാവുന്ന ഒരു കാര്യം. ആ പ്രദേശത്തിന്റെ പരിസ്ഥിതിയെ കണക്കിലെടുത്തുകൊണ്ട് നടത്താവുന്ന വികസനപ്രവർത്തനങ്ങൾക്കുമാത്രമേ ഇനി അവിടെ സാംഗത്യമുള്ളൂ.

പ്രമുഖ ഭൗമശാസ്ത്രജ്ഞനാണ്‌ ലേഖകൻ

Content Highlights: editpage

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..