തമിഴകത്ത് ക്ഷേത്രപ്രവേശനവിപ്ലവം വാതിലുകൾ തുറക്കപ്പെടുമ്പോൾ


പ്രശാന്ത് കാനത്തൂർ

3 min read
Read later
Print
Share

തിരുവണ്ണാമലൈ മുത്തുമാരിയമ്മൻ ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ ഘോഷയാത്രയായി വരുന്നവർക്കൊപ്പം കളക്ടർ ബി. മുരുകേഷും എസ്.പി. കെ. കാർത്തികേയനും

സവർണർക്കുമാത്രം പ്രവേശനമുണ്ടായിരുന്ന ക്ഷേത്രവാതിലുകൾ ദളിതർക്കുമുന്നിൽ തുറക്കപ്പെടുന്നു. അബ്രാഹ്മണർ പൂജാദികർമങ്ങൾ ചെയ്യുന്നു. സ്ത്രീകൾ അർച്ചകരുടെ വേഷമണിയുന്നു. സംസ്കൃതത്തിനുപകരമായി തമിഴിൽ പൂജകൾക്കും അർച്ചനകൾക്കും ശ്ലോകങ്ങൾ വരുന്നു. വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദിവേളയിലാണ് തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ ശക്തമാവുന്നത്. കഴിഞ്ഞമാസം തിരുവണ്ണാമലൈ തെൻമുടിയന്നൂർ വരദരാജപെരുമാൾ ക്ഷേത്രത്തിലേക്ക് എട്ടുപതിറ്റാണ്ടിനുശേഷം മുന്നൂറോളം ദളിതർ പ്രവേശിച്ചത് ചരിത്രസംഭവമായി. ക്ഷേത്രം മുദ്രവെക്കാനാവശ്യപ്പെട്ടുള്ള പ്രബലസമുദായങ്ങളുടെ പ്രതിഷേധങ്ങൾ കാറ്റിൽപ്പറന്നു. ആരാധനാസ്വാതന്ത്ര്യത്തിന്റെ പുതിയ വായു ശ്വസിക്കാൻ ദളിതർക്കായി.

കഴിഞ്ഞവർഷം പുതുക്കോട്ടയിൽ കളക്ടറുടെ നേതൃത്വത്തിൽ ഒരുസംഘം ദളിതർ ക്ഷേത്രത്തിൽ പ്രവേശിച്ചു. ഇതേവർഷം ഡിസംബറിൽ സേലം വിരുദാസംപട്ടി ശക്തിമാരിയമ്മൻ ക്ഷേത്രത്തിലേക്കുള്ള ദളിതരുടെ പ്രവേശനം തടഞ്ഞതിന് റവന്യൂവകുപ്പ് ക്ഷേത്രം മുദ്രവെച്ചു. കോവിഡ് വ്യാപനം കുറഞ്ഞതിനുശേഷം ദളിതർക്ക് ചിദംബരം നടരാജക്ഷേത്രത്തിലെ പൂജാരികൾ പ്രവേശനം നിഷേധിച്ചതും വിവേചനത്തിന്റെ മുഖമായി. ഇതേവർഷം ദളിത് യുവതിയെ ജാതിപ്പേരുവിളിച്ച് പുറത്താക്കിയതിന് ചിദംബരം ക്ഷേത്രത്തിലെ 20 പൂജാരിമാരുടെപേരിൽ കേസെടുത്തു. വിദ്യാഭ്യാസത്തിൽ പിന്നാക്കംനിൽക്കുന്ന ദളിതരെ ‘ദൈവകോപം’ എന്ന മിത്തുപയോഗിച്ച് ഉയർന്ന ജാതിക്കാർ ഇന്നും ഭീഷണിപ്പെടുത്തുന്നു. കീഴ്ജാതിക്കാരെ വിവാഹംചെയ്ത സ്ത്രീകളെ ക്ഷേത്രത്തിൽ കയറ്റുന്നില്ല.

പുതിയ ആകാശം, അവബോധം
ഇത്തരം വിവേചനങ്ങളൊക്കെ പതുക്കെ മാറി പുതിയ ആകാശം തെളിയുകയാണ് തമിഴ്‌നാട്ടിൽ. 2021-ൽ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി.എം.കെ. സർക്കാർ അധികാരത്തിൽവന്നശേഷമാണിത്. തിരുവണ്ണാമലൈയിൽ മുന്നൂറോളം ദളിതരുടെ ക്ഷേത്രപ്രവേശനത്തിന്‌ ഇടയാക്കിയതിനുപിന്നിൽപ്പോലും ജില്ലാഭരണകൂടത്തിനും പോലീസിനും സർക്കാർ പകർന്നുനൽകിയ ധൈര്യമാണ്. തമിഴ്‌നാട്ടിൽ ഹിന്ദു റിലിജസ് ആൻഡ്‌ ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിനുകീഴിൽ 38,000 ക്ഷേത്രങ്ങളുണ്ട്. ഏതുജാതിക്കാർക്കും ഇവിടെ പ്രവേശിക്കാം. എന്നാൽ, നൂറ്റാണ്ടുകളായി സവർണഹിന്ദുക്കൾ ക്ഷേത്രങ്ങളിൽ പലതും വരുതിയിലാക്കി. അതിനാൽ അവ സവർണരുടെ ഉടമസ്ഥതയിലുള്ള ക്ഷേത്രങ്ങളാണെന്ന് ദളിതർ കരുതി. സർക്കാരിനുകീഴിലാണെന്ന്‌ തിരിച്ചറിഞ്ഞതോടെയാണ് പോരാട്ടം ശക്തമാക്കിയത്.

നേരത്തേ ക്ഷേത്രവിഷയങ്ങളിൽ ജില്ലാഭരണകൂടവും പോലീസും കാട്ടിയ നിസ്സംഗത ഇപ്പോൾ കുറെയേറെ മാറുകയും പരാതികളിൽ സത്വരനടപടികളുണ്ടാവുകയും ചെയ്യുന്നു. ഹിന്ദു റിലിജസ് ആൻഡ്‌ ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിനുകീഴിലുള്ള 25 ശതമാനം ക്ഷേത്രങ്ങളിലും ഇപ്പോഴും ദളിതർക്ക്‌ പ്രവേശനമില്ലെന്ന് സന്നദ്ധസംഘടനയായ തമിഴ്‌നാട് അൺടച്ചബിലിറ്റി ഇറാഡിക്കേഷൻ ഫ്രണ്ട് വ്യക്തമാക്കുന്നു. മധുര മീനാക്ഷി, തിരുച്ചെന്തൂർ, തഞ്ചാവൂർ തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളിൽ ഈ നിഷ്കർഷകളില്ല. തിരക്കുള്ള ക്ഷേത്രങ്ങളിൽ ദളിതരെ തിരഞ്ഞുപിടിച്ച് പടികടത്താനാവില്ലെന്നതാണ് പ്രധാന കാരണം. 15 വർഷമായി നടത്തിയ പോരാട്ടത്തിലൂടെ മുപ്പതോളം ക്ഷേത്രങ്ങളിൽ ദളിതർക്ക് പ്രവേശനം നൽകിയിട്ടുണ്ടെന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി സാമുവൽരാജ് പറയുന്നു.

സമാനതകളില്ലാത്ത വിവേചനം
ജാതിശക്തികളിൽനിന്നുള്ള അക്രമാസക്തമായ പ്രതികരണങ്ങളും പോലീസ് ലാത്തിച്ചാർജുമൊക്കെ മറികടന്നുള്ള വിജയമായിരുന്നു ഇത്. ഹിന്ദു റിലിജസ് ആൻഡ്‌ ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിനുകീഴിലുള്ള ക്ഷേത്രഭരണസമിതികളിൽ ഒരു ദളിത് അംഗത്തെ നിർബന്ധമാക്കിയതിനുപിന്നിലും ചില സംഘടനകളുടെ ശക്തമായ ഇടപെടലുണ്ട്‌. എന്നാൽ, ഇപ്പോഴും ദളിതരായ അംഗങ്ങളെ പ്രതികരിക്കാൻ അനുവദിക്കാറില്ല. അതിനാൽ ക്ഷേത്രഭരണസമിതികളിൽ ദളിതർക്ക് ചെയർമാൻ സ്ഥാനം അനുവദിക്കണമെന്ന് ശക്തമായ ആവശ്യമുയരുന്നുണ്ട്. ഇപ്പോഴും പലക്ഷേത്രത്തിലും രഥയാത്രകളിൽ ദളിതരെ പങ്കെടുപ്പിക്കാറില്ല.
ക്ഷേത്രങ്ങളിൽ ദളിതർക്ക് ഏറ്റവും വിവേചനം നേരിടേണ്ടിവരുന്നത് കോയമ്പത്തൂർ, ഈറോഡ്, സേലം, കൃഷ്ണഗിരി, കരൂർ ജില്ലകൾ ഉൾപ്പെടുന്ന പശ്ചിമതമിഴ്‌നാട്ടിലാണ്. ദളിത് സമുദായത്തിൽ 99 ശതമാനംപേരും കൂലിപ്പണിക്കാരും പ്രതികരിക്കാൻ ധൈര്യമില്ലാത്തവരുമായതാണ് കാരണമെന്ന്‌ പറയപ്പെടുന്നു. അതേസമയം, ചെന്നൈ, വിഴുപുരം തുടങ്ങിയ ജില്ലകൾ ഉൾപ്പെടുന്ന നോർത്ത് തമിഴ്‌നാട്ടിൽ 1990-ന്‌ ശേഷം സ്ഥിതി മെച്ചപ്പെട്ടു. കരുത്താർജിച്ച ദളിത് സംഘടനകളാണ് മധുര, രാമനാഥപുരം, തിരുനെൽവേലി ജില്ലകളിൽ ദളിതർക്ക് ക്ഷേത്രപ്രവേശനാവകാശം സ്ഥാപിക്കാൻ വഴിയൊരുക്കിയത്. തഞ്ചാവൂർ ഉൾപ്പെടെയുള്ള മേഖലകളിലാണ് ഏറ്റവും കൂടുതൽ ദളിതർ ക്ഷേത്രങ്ങളിൽ കയറുന്നത്. ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ സംഘടിതശക്തിയാണ് ഇതിലേക്ക്‌ നയിച്ചതെന്നാണ് പറയുന്നത്.

അല്പം ചരിത്രം
സാമൂഹികപരിഷ്കരണം നടപ്പാക്കുന്നതിൽ ദ്രാവിഡപാർട്ടികളുടെ സംഭാവന വിലപ്പെട്ടതാണ്. 1920 മുതൽ പെരിയാറിന്റെ അനുയായികൾ ക്ഷേത്രപ്രവേശനസമരങ്ങൾ തുടങ്ങി. 1921-ൽ ജെ.എൻ. രാമനാഥൻ, ടി.വി. സുബ്രഹ്മണ്യം, ജെ.എസ്. കണ്ണപ്പൻ എന്നിവർ ബ്രാഹ്മണരല്ലാത്തവരെ ഉൾപ്പെടുത്തി സമരം നടത്തി. അവർക്കെതിരേ കല്ലേറും ക്രിമിനൽകേസുകളും ചുമത്തപ്പെട്ടു. 1929-ൽ ഈറോഡിൽ ക്ഷേത്രപ്രവേശനത്തിനായി പ്രക്ഷോഭം നടത്തിയ നേതാക്കളുടെപേരിൽ കേസെടുത്തു. തിരുച്ചിറപ്പള്ളിയിൽ ജെ.എൻ. രാമനാഥൻ പിന്നാക്കവിഭാഗക്കാരായ ആദിദ്രാവിഡർക്കൊപ്പം ക്ഷേത്രത്തിൽ കയറിയപ്പോൾ റൗഡികൾ ആക്രമിച്ചു.
മധുര മീനാക്ഷിക്ഷേത്രം പിന്നാക്കക്കാർക്ക് തുറന്നുകൊടുത്തതിനുപിന്നിൽ സുപ്രധാന പങ്കുവഹിച്ചത് ദളിത് നേതാവും ഇന്ത്യൻ ഭരണഘടനാ അസംബ്ലിയിലെ അംഗവുമായിരുന്ന കക്കനായിരുന്നു. ഹരിജൻ സേവക് സംഘ് പ്രസിഡന്റായിരുന്ന എ. വൈദ്യനാഥ അയ്യരും മറ്റുചിലരും 1939 ജൂലായ്‌ എട്ടിന് മധുര മീനാക്ഷി ക്ഷേത്രത്തിലേക്ക് ദളിതരെ നയിച്ചതും വിപ്ലവകരമായ സംഭവമാണ്. എല്ലാജാതിയിലുംപെട്ട അർച്ചകരെ നിയമിക്കണമെന്നത് പെരിയാറിന്റെ അന്ത്യാഭിലാഷമായിരുന്നു. അന്നത്തെ മുഖ്യമന്ത്രി എം. കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി.എം.കെ. മന്ത്രിസഭ നിയമനിർമാണത്തിലൂടെ അത്‌ നടപ്പാക്കി. തുടർന്ന് ജയലളിതയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ. സർക്കാർ പിന്നീട് തിരുച്ചിറപ്പള്ളിയിൽ വേദ ആഗമ സ്കൂൾ സ്ഥാപിക്കുമെന്ന്‌ പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കിയത് 2006-ൽ ഡി.എം.കെ. സർക്കാർ ഭരണകാലത്തായിരുന്നു.

ജാതിയും രാഷ്ട്രീയവും

കൈയേറിയ ക്ഷേത്രഭൂമി തിരിച്ചുപിടിക്കാൻ ഡി.എം.കെ. സർക്കാർ ഊർജിതനടപടികൾ തുടങ്ങിയതും പ്രബലജാതിക്കാർക്ക്‌ തിരിച്ചടിയായി. ഇതിനകം ആയിരക്കണക്കിന് ഏക്കർ ക്ഷേത്രഭൂമി സർക്കാർ പിടിച്ചെടുത്തു. ബ്രാഹ്മണരല്ലാത്തവരെ നിലവിൽ ക്ഷേത്രങ്ങളിൽ പൂജാരികളായി നിയമിക്കുന്നുണ്ട്. ആഗമവേദശാസ്ത്രത്തിൽ പരിശീലനംനൽകാൻ പ്രത്യേകകേന്ദ്രങ്ങൾ തുടങ്ങി. എല്ലാ സമുദായങ്ങളിലെയും സ്ത്രീകൾ ക്ഷേത്രാചാരങ്ങളുടെ ഭാഗമാക്കുന്നുണ്ട്. അതേസമയം, ഡി.എം.കെ. സർക്കാരിന്റെ പലനടപടിയും ഹിന്ദുവിരുദ്ധമാണെന്നുള്ള ആക്ഷേപവുമായി ബി.ജെ.പി.യും ഹിന്ദുത്വസംഘടനകളും എത്തുന്നുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ ശ്രദ്ധിക്കുന്ന ഡി.എം.കെ. ഹിന്ദുവിരുദ്ധപാർട്ടിയായി തങ്ങളുടെ പ്രതിച്ഛായ ഉയർത്തിക്കാട്ടാൻ ആഗ്രഹിക്കുന്നില്ല.
തമിഴ്‌നാട്ടിലെ ജനസംഖ്യയുടെ 21 ശതമാനമുള്ള ദളിതർക്ക് ഇന്നും പല അവകാശങ്ങളും അന്യമാണ്. സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും പലയിടങ്ങളിലും ദളിത് പഞ്ചായത്ത് ഭാരവാഹികൾക്ക്‌ ദേശീയപതാക ഉയർത്താൻപോലും അനുവാദമില്ല. ഇരിക്കാൻ കസേരപോലും നൽകാറില്ല. ദുരഭിമാനത്തിന്റെപേരിൽ ജാതിക്കുപുറത്ത് വിവാഹംകഴിച്ചവർ ക്രൂരമായി കൊല്ലപ്പെടുന്നു. ചായക്കടകളിൽ രണ്ടുതരം ഗ്ളാസുകൾ കരുതുന്നു. ശ്മശാനത്തിലേക്ക്‌ മൃതദേഹം കൊണ്ടുപോകുന്ന വഴികളടയ്ക്കുന്നു. ബാർബർഷോപ്പിൽ മുടിവെട്ടുപോലും നിഷേധിക്കപ്പെടുന്നു. ഇത്തരം അയിത്തങ്ങളൊക്കെ പടികടത്തി തമിഴ്‌നാടിന് സമത്വത്തിന്റെ പുതിയമുഖം പകരാനാണ് ഡി.എം.കെ. സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

Content Highlights: editpage

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..