ജയലളിതയും ശിവശങ്കരി ചന്ദ്രശേഖരനും
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനും ഒന്നിച്ചുള്ള അപൂർവചിത്രം എന്നവാദവുമായി ഒരു ഫോട്ടോ സാമൂഹികമാധ്യമങ്ങളിൽ കറങ്ങിനടക്കുന്നുണ്ട്. ഒരേനിറത്തിലുള്ള വസ്ത്രംധരിച്ച് കൈകൾ ചേർത്തുപിടിച്ചിരിക്കുന്ന യുവതികൾ. വർഷങ്ങൾ പഴക്കമുള്ള ഈ ചിത്രത്തിൽ ജയലളിതയെ പെട്ടെന്ന് തിരിച്ചറിയാം. ഒപ്പമുള്ള സ്ത്രീയ്ക്ക് നിർമലാ സീതാരാമനുമായി ചെറിയ മുഖസാദൃശ്യമുള്ളതായി ഒറ്റനോട്ടത്തിൽ തോന്നും. എന്നാൽ, ഇത് നിർമലാ സീതാരാമനല്ല.
തമിഴ് എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ ശിവശങ്കരി ചന്ദ്രശേഖരനാണ് ആ യുവതി. ഇരുവരും തമ്മിലുള്ള സൗഹൃദം ബാല്യകാലംതൊട്ടുള്ളതാണ്. വർഷങ്ങൾ കടന്ന് സിനിമാമേഖലയുംവിട്ട് ജയലളിത സജീവരാഷ്ട്രീയത്തിൽ മുഴുകുംവരെ ഇത് തുടർന്നു. ശിവശങ്കരി അടുത്തിടെ പുറത്തിറക്കിയ ഓർമക്കുറിപ്പുകളുടെ സമാഹാരമായ ‘സൂര്യവംശം’ എന്നപുസ്തകത്തിലും ഈ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെന്നൈയിലെ പോയസ് ഗാർഡനിലുള്ള ജയലളിതയുടെ വേദനിലയം എന്ന വീട്ടിൽവെച്ച് 1970-കളിലാണ് ഈ ഫോട്ടോ എടുത്തതെന്ന് ശിവശങ്കരിയോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
തുർക്കിയിൽ സുനാമിയോ?
ഭൂകമ്പത്തിൽ തകർന്ന തുർക്കിയെ ദുരന്തത്തിന്റെ പടുകുഴിയിലാക്കി സുനാമിത്തിരമാലകൾ വിഴുങ്ങിയോ? അതിജീവനത്തിന് ഇടവേളപോലും ലഭിക്കാതെ ഒന്നിനുപിറകെ മറ്റൊന്നായി പ്രകൃതിക്ഷോഭം നേരിടുകയാണ് തുർക്കി എന്നപ്രചാരണങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ ഇപ്പോൾ. തീരം കടന്നുകയറുന്ന കൂറ്റൻതിരമാലയുടെ ഭയാനകദൃശ്യങ്ങൾക്കൊപ്പമാണിത്.
കടൽത്തീരത്തിനു സമീപമുള്ള നടപ്പാതയിലേക്ക് അടിച്ചുകയറുന്ന കൂറ്റൻ തിരമാലയുടെ ദൃശ്യമാണ് പ്രചരിക്കുന്ന ഒന്ന്. മറ്റൊന്ന് കടൽ ഉഗ്രരൂപത്തിൽ തീരം വിഴുങ്ങുന്നതിന്റെ ദൃശ്യം. പക്ഷേ, ഈ ദൃശ്യങ്ങൾക്ക് തുർക്കിയുമായി യാതൊരുബന്ധവുമില്ല. അമേരിക്കയിലെ കാലിഫോർണിയയിലുള്ള സാൻഡിയേഗോ നഗരത്തിൽനിന്നുള്ളതാണ് ആദ്യത്തെ വീഡിയോ. ജനുവരി ഏഴിന് അവിടെ വീശിയടിച്ച ശീതക്കൊടുങ്കാറ്റിനെ തുടർന്നുണ്ടായ കടലേറ്റത്തിന്റേതാണ് ആ ദൃശ്യം. രണ്ടാമത്തെ വീഡിയോ ദക്ഷിണാഫ്രിക്കയിലെ ഡർബനിൽനിന്നുള്ളതാണ്.
2017-ൽ ദക്ഷിണാഫ്രിക്കൻതീരത്ത് ആഞ്ഞടിച്ച ‘എനാവ’ ചുഴലിക്കാറ്റിനെത്തുടർന്ന് ഡർബനിലെ വെഡ്ജ് ബാങ്ക് ബീച്ചിലുണ്ടായ കടലേറ്റത്തിന്റെ ദൃശ്യമാണിത്. ഭൂകമ്പത്തിന്റെ തുടർച്ചയെന്നോണം തീരങ്ങളിൽ സുനാമിയുണ്ടാകാൻ സാധ്യതയില്ലെന്നും ഭയാശങ്കകൾ വേണ്ടെന്നും ഭൂകമ്പമുണ്ടായ അന്നുതന്നെ തുർക്കിയിലെ ദുരന്തനിവാരണ അതോറിറ്റി ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.
മദ്രസാ അധ്യാപകർക്ക് ശമ്പളവും പെൻഷനും നൽകുന്നത് സംസ്ഥാനസർക്കാരോ?
കേരളത്തിലെ മദ്രസാ അധ്യാപകർക്ക് സംസ്ഥാനസർക്കാരാണ് ശമ്പളവും പെൻഷനും നൽകുന്നതെന്നതരത്തിലൊരു പ്രചാരണം സാമൂഹികമാധ്യമങ്ങളിൽ കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്.
കുറച്ചുവർഷങ്ങളായി പലരൂപത്തിലും ഭാവത്തിലും പ്രചരിക്കുന്നതാണ് ഈ ആരോപണം. മുൻ ന്യൂനപക്ഷകാര്യ മന്ത്രി കെ.ടി. ജലീൽ നിയമസഭയിൽ നൽകിയ വിവരങ്ങളാണെന്ന വ്യാജേനയും പ്രചരിച്ചിരുന്നു. എന്നാൽ, വാസ്തവം മറ്റൊന്നാണ്.സംസ്ഥാന സർക്കാർ മദ്രസാ അധ്യാപകർക്ക് ശമ്പളമോ പെൻഷനോ നൽകുന്നില്ല. നൽകുന്നത് അതത് മദ്രസാ കമ്മിറ്റികളോ പള്ളിക്കമ്മിറ്റികളോ ആണ്. അവർക്കുള്ള പെൻഷൻനൽകുന്നത് കേരള മദ്രസാ അധ്യാപക ക്ഷേമനിധി ബോർഡാണ്. ഇതിൽ അംഗമായവർക്കുമാത്രമേ പെൻഷൻ ലഭിക്കുകയുള്ളൂ. ഓരോ ക്ഷേമനിധി അംഗങ്ങളും അവരുൾപ്പെടുന്ന മദ്രസാ മാനേജ്മെന്റുകളും പ്രതിമാസവിഹിതം ബോർഡിന് നൽകും. ഇത് സംസ്ഥാന ട്രഷറിയിലാണ് നിക്ഷേപിക്കുന്നത്. ഇതിൽനിന്ന് ലഭിക്കുന്ന ഇൻസെന്റീവ് ഉപയോഗിച്ചാണ് പെൻഷൻ നൽകുന്നത്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ 2021 ജൂലായ് 28-ന് നിയമസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ബോർഡ് രൂപവത്കരണ സഹായം എന്നനിലയ്ക്ക് സർക്കാരിൽനിന്ന് കോർപ്പസ് ഫണ്ടും ഓഫീസ് എസ്റ്റാബ്ലിഷ്‌മെന്റ് ചെലവുകൾക്കുള്ള ഫണ്ടും മാത്രമാണ് നൽകിയിട്ടുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..