പ്രതികരണങ്ങളും സാധ്യതകളും


കെ. ഗോപാലകൃഷ്ണൻ

3 min read
Read later
Print
Share

രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കുശേഷം കോൺഗ്രസിനകത്ത് ഒരു ഉണർവുണ്ടായിട്ടുണ്ട്. പ്രതിപക്ഷത്തെ എല്ലാവരും കൂടിയോ, ഇവരിൽ ഭൂരിഭാഗം പാർട്ടികളോ ഒരുമിച്ചാൽ ഭാരതീയ ജനതാപാർട്ടിക്ക് വെല്ലുവിളിയുയർത്താനാകും. ഈയൊരു സന്ധിയിലാണ് ഗുജറാത്ത്, രാമജന്മഭൂമി, ഹിന്ദുത്വ തുടങ്ങിയ വിഷയങ്ങൾ അവർക്ക്‌ ഏറെ ഉപകാരപ്പെടുക എന്നോർക്കുക

.

ഏതാനും ആഴ്ചകൾക്കുമുമ്പ് ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്നപേരിൽ ബി.ബി.സി. പുറത്തുവിട്ട ഡോക്യുമെന്ററിക്ക് വളരെ പെട്ടെന്നുതന്നെ ഓൺലൈൻപ്രവേശനം നിഷേധിക്കപ്പെടുകയും ബന്ധപ്പെട്ട ട്വീറ്റുകൾ തടയപ്പെടുകയും ചെയ്തു. പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയോടെ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യാനുള്ള ചില സംഘടനകളുടെ ശ്രമം ദൗർഭാഗ്യകരമായ സംഭവങ്ങൾക്ക് വഴിവെച്ചു. കേന്ദ്രസർക്കാർ സമീപനത്തിൽ അയവുവരുത്തരുതെന്ന നിലപാടിലായിരുന്നു ഭാരതീയ ജനതാപാർട്ടി. ഡോക്യുമെന്ററി റിലീസ് ചെയ്യാനുള്ള ശ്രമങ്ങൾക്ക് രാജ്യത്താകമാനം എതിർപ്പുകൾ നേരിടേണ്ടിവന്നു. ഇക്കാര്യത്തിൽ രാഷ്ട്രീയതാത്പര്യങ്ങൾ കൂടിയുണ്ടായിരുന്നു.

അധികൃതരുടെ നിലപാടിനെ അസഹിഷ്ണുതയുടെ നഗ്നമായ പ്രതിഫലനമായും വിയോജിപ്പുകളെ സഹിക്കാനുള്ള വിമുഖതയുമായി വിശേഷിപ്പിച്ചുകൊണ്ട് വിവിധ മാധ്യമസ്ഥാപനങ്ങളും മുതിർന്ന പത്രപ്രവർത്തകരും രംഗത്തെത്തി. എന്നാൽ, ഡോക്യുമെന്ററി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്നും 2002-ലെ ഗുജറാത്ത് കലാപകാലത്തുണ്ടായിരുന്ന അവസ്ഥയെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും ബി.ജെ.പി.യിലെ പലരും ശക്തമായിത്തന്നെ വാദിച്ചു. ഫലത്തിൽ, വൈകാരിക പ്രകടനങ്ങളോടെയുള്ള രാഷ്ട്രീയപ്രശ്നമായത് മാറി. ഇതിന്റെ പ്രതിഫലനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താഴെത്തട്ടിലേക്കുകൂടി വ്യാപിച്ചു. ജനാധിപത്യസംവിധാനത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും ഭീഷണിയായേക്കാവുന്ന തരത്തിലേക്കാണ് പ്രതികരണങ്ങൾ നയിച്ചത്.

ചില മാധ്യമസ്ഥാപനങ്ങൾ നിലപാടു മാറ്റി; മതേതരമൂല്യങ്ങളിലും മൗലികാവകാശങ്ങളിലും ശക്തമായ നിലപാട് സ്വീകരിച്ച ചില വ്യക്തികളും സ്ഥാപനങ്ങളും പക്ഷേ, മലക്കംമറിയുന്ന സങ്കടകരമായ കാഴ്ചയും നാം കാണുകയുണ്ടായി. ബി.ബി.സി.യുടെ വിശ്വാസ്യതയെ പുകഴ്ത്തുകയും ഭിന്നമായ കാഴ്ചപ്പാടുകളെ അംഗീകരിക്കാനുള്ള അധികാരികളുടെ ശേഷിയില്ലായ്മയെ വിമർശിക്കുകയും ചെയ്ത ചിലരും ഇവിടെയുണ്ടായിരുന്നു.
ബി.ബി.സി. നികുതി വെട്ടിക്കുന്നതിനായി രാജ്യത്തെ ട്രാൻസ്ഫർ പ്രൈസിങ് ചട്ടങ്ങൾ (ടി.പി.ആർ.) ലംഘിച്ചുകൊണ്ട് ലാഭം വഴിതിരിച്ചുവിട്ടെന്ന ആരോപണങ്ങൾ പരിശോധിക്കാൻ കഴിഞ്ഞയാഴ്ച ആദായനികുതിവകുപ്പ് ബി.ബി.സി.യുടെ ഡൽഹി, മുംബൈ ഓഫീസുകളിലെത്തുകയുണ്ടായി. ഈ വിവരശേഖരണം മൂന്നുദിവസം തുടർന്നു. ഡോക്യുമെന്ററി റിലീസുചെയ്ത ഉടനെത്തന്നെ നടന്ന ഈ നീക്കം കേന്ദ്രസർക്കാരിനെ വിമർശിക്കുന്നവരെ വിരട്ടാനുള്ള മാർഗമായാണ് നിരീക്ഷിക്കപ്പെടുന്നത്. ഈ വിഷയത്തിൽ ഇരുവിഭാഗങ്ങൾക്കും അവരവരുടേതായ വാദങ്ങൾ ഉണ്ടെങ്കിലും അന്വേഷണം പൂർത്തിയാവുകയും വിഷയം ജുഡീഷ്യറിക്കുമുമ്പാകെ എത്തുകയും ചെയ്യുമ്പോൾ, അന്തിമതീർപ്പ് എന്താണെന്ന് അറിയാനാകും.

ഉത്തരംവേണ്ട ചില ചോദ്യങ്ങൾ
അതിനിടെ, ബി.ബി.സി. ഡോക്യുമെന്ററി റിലീസുചെയ്ത സമയം സംബന്ധിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഡോക്യുമെന്ററിയുടെ ഉള്ളടക്കം പ്രധാനമായും ബ്രിട്ടീഷ് വിദേശകാര്യാലയത്തിൽനിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതും നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കേയുള്ള 2002-ലെ ഗുജറാത്ത് സംഭവവികാസങ്ങളുമായി ബന്ധപ്പെടുത്തിയുള്ളതുമാണ്. ഈ വിഷയം ഇപ്പോൾ ഉയർത്തിക്കൊണ്ടുവന്നതിന് വല്ല കാരണവുമുണ്ടോ? അല്ലെങ്കിൽ, ചില സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി, വോട്ടർമാരെ സ്വാധീനിക്കുകയെന്ന ഉദ്ദേശ്യത്തോടെ ചെയ്തതാണോ ഇത്? ഒരു ഉത്തരത്തിനായി നാം കാത്തിരിക്കേണ്ടിയിരിക്കുന്നു.

ഇതേപോലെത്തന്നെ, കഴിഞ്ഞയാഴ്ചനടന്ന സർവേയുടെ കാരണവും വ്യക്തമല്ല. അത്തരം ആരോപണങ്ങൾ നേരത്തേത്തന്നെ ആദായവകുപ്പിലെത്താമായിരുന്നു; അന്വേഷണം നേരത്തേത്തന്നെ തുടങ്ങാമായിരുന്നതുമാണ്. ഇപ്പോഴൊരു വിശദമായ അന്വേഷണത്തിലേക്ക് വകുപ്പിനെ നയിച്ചതെന്തായിരിക്കാം? ഡോക്യുമെന്ററി റിലീസ് ചെയ്തതുകൊണ്ട് അധികാരികൾ ബി.ബി.സി.ക്കു നൽകിയ താക്കീതായിരിക്കാം ഇതെന്ന് പലരും കരുതുന്നു. എന്നാൽ, ഇത്തരം നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വിദേശമാധ്യമങ്ങൾ ഇനിയും കയറുപൊട്ടിക്കുമെന്നും ചിലർ വാദിക്കുന്നു.
എന്തായാലും ഭാരതീയ ജനതാപാർട്ടിയെ വിഷമവൃത്തത്തിലാഴ്ത്തുന്ന, അദാനി എന്റർപ്രൈസസിന്റെ വളർച്ചയും വികാസവും സംബന്ധിച്ച അന്വേഷണാത്മക വാർത്തകൾ ഒരുപക്ഷേ, ഇനിയും വന്നേക്കാം. അതിനാൽ നിലവിലെ നടപടി എല്ലാ മാധ്യമസ്ഥാപനങ്ങൾക്കുമുള്ള ഒരു ചെറിയ താക്കീതുകൂടിയാണ്. പ്രധാനപ്പെട്ട മറ്റൊരുകാര്യം, ആദായനികുതി റെയ്ഡുകൾ നടക്കുന്നത് പലപ്പോഴും സുതാര്യമല്ലാത്ത വഴിയിലൂടെയാണ് എന്നതാണ്. ശരിയാണ്, ഏതു കടുത്തവെല്ലുവിളികൾക്കും ‘പരിഹാരമാർഗ’മുണ്ടെന്നത് ഉന്നതതലത്തിലിരിക്കുന്ന ചിലർക്കെങ്കിലും അറിയാം.

വെല്ലുവിളികളെ അവഗണിക്കാനാവുമോ
രാഷ്ട്രീയമായ ഒരു മാനംകൂടി ഇക്കാര്യത്തിലുണ്ട്. രാജ്യത്തെ ഒട്ടുമിക്ക കുടുംബങ്ങളെയും വിലക്കയറ്റം ബുദ്ധിമുട്ടിലാക്കുകയും തൊഴിലില്ലായ്മവർധന തൊഴിൽരഹിതരായ യുവാക്കളുടെ സ്വപ്നങ്ങൾക്ക് വിഘാതമാവുകയും ചെയ്യുന്ന സാഹചര്യത്തിൽ, ഭാരതീയ ജനതാപാർട്ടിക്കുപോലും തിരഞ്ഞെടുപ്പിനെ നേരിടുക അത്രയെളുപ്പമല്ല. തിരഞ്ഞെടുപ്പ് സംവിധാനം കൈകാര്യംചെയ്യാൻ വൻതോതിലുള്ള വിഭവങ്ങളുള്ള, താരപ്രചാരകരാലും തിരഞ്ഞെടുപ്പ് വിദഗ്ധരാലും അനുഗൃഹീതവുമായ പാർട്ടിയാണതെന്ന് ഓർക്കണം. എന്തിനധികം പറയുന്നു, വെല്ലുവിളികൾ ഇഷ്ടപ്പെടുന്ന, വാഗ്‌വൈഭവത്തിൽ പേരുകേട്ട നരേന്ദ്രമോദിയെ പോലെയുള്ള അനുഭവസമ്പന്നനാണ് പാർട്ടിയുടെ നേതാവ്. പ്രസിഡന്റ് പാർലമെന്റിനെ അഭിസംബോധന ചെയ്തതിനുള്ള നന്ദിപ്രമേയത്തിൽ ‘ചെളി വാരിയെറിയൽ താമരവളരാൻ സഹായിക്കു’മെന്ന് പറഞ്ഞുകൊണ്ട്, ആരോപണങ്ങൾക്കെതിരേ അദ്ദേഹം കൂടുതൽ ആക്രമണോത്സുകതയോടെയും പ്രകോപനപരമായും സംസാരിച്ചുതുടങ്ങിയിരിക്കുന്നു.

ഇങ്ങനെയൊക്കെയായാലും വെല്ലുവിളികളെ അവഗണിക്കാനാവില്ല. സംസ്ഥാനങ്ങൾക്കകത്തും പുറത്തുമായി നടക്കുന്ന ചെറുപ്രശ്നങ്ങളിന്മേൽ വലിയതോതിൽ വോട്ടുകൾ മറിക്കാൻ സാധിക്കുന്ന ധാരാളം പ്രാദേശികപ്പാർട്ടികളുണ്ട്. ജാതി, വർഗീയ പിൻബലങ്ങളെ കൂട്ടിയിണക്കാൻകഴിയുന്ന ദേശീയ പാർട്ടികൾ രാജ്യത്ത് കുറവാണ്. രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കുശേഷം കോൺഗ്രസിനകത്ത് ഒരു ഉണർവുണ്ടായിട്ടുണ്ട്. പ്രതിപക്ഷത്തെ എല്ലാവരും കൂടിയോ, ഇവരിൽ ഭൂരിഭാഗം പാർട്ടികളോ ഒരുമിച്ചാൽ ഭാരതീയ ജനതാപാർട്ടിക്ക് വെല്ലുവിളിയുയർത്താനാകും. ഈയൊരു സന്ധിയിലാണ് ഗുജറാത്ത്, രാമജന്മഭൂമി, ഹിന്ദുത്വ തുടങ്ങിയ വിഷയങ്ങൾ അവർക്ക്‌ ഏറെ ഉപകാരപ്പെടുക എന്നോർക്കുക.

(മാതൃഭൂമി മുൻ പത്രാധിപരാണ് ലേഖകൻ)

Content Highlights: editpage

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..