മലയാളത്തിന്റെ ദുരവസ്ഥ


ആർ. നന്ദകുമാർ

2 min read
Read later
Print
Share

ഇന്ന് മാതൃഭാഷാ ദിനം

.

കേരളമൊഴികെ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളും മാതൃഭാഷയിൽ ഭരണനിർവഹണം എന്ന തത്ത്വം 1969 ആയപ്പോഴേക്കും പാലിച്ചുകഴിഞ്ഞു. കേരളം നാളിതുവരെ ആ ജനാധിപത്യ്രകിയ പൂർത്തീകരിച്ചിട്ടില്ല. 1969-ൽ നമ്മളും ഉണ്ടാക്കി ഔദ്യോഗികഭാഷാനിയമം. സംസ്ഥാനത്തിന്റെ ഔദ്യോഗികഭാഷ ഇംഗ്ലീഷും മലയാളവും ആയിരിക്കും എന്നായിരുന്നു ആ നിയമം. 1973-ൽ അതിന്‌ ഭേദഗതി വരുത്തി. കേരളത്തിന്റെ ഔദ്യോഗികഭാഷ ഇംഗ്ലീഷോ മലയാളമോ ആയിരിക്കും എന്നായിരുന്നു ആ ഭേദഗതി. എന്നു വെച്ചാൽ ഉദ്യോഗസ്ഥരുടെ സൗകര്യംപോലെ എന്നർഥം. സ്വാഭിമാനമില്ലാത്ത ഈ നിയമനിർമാണങ്ങളിലൂടെ സംഭവിച്ച തെറ്റുതിരുത്തി സംസ്ഥാനത്തിന്റെ ഔദ്യോഗികഭാഷ 97.46 ശതമാനം കേരളീയരുടെയും മാതൃഭാഷയായ മലയാളമായിരിക്കും എന്നു നിർവചിക്കാനുള്ള പരിശ്രമമായിരുന്നു 2015-ലെ മലയാളഭാഷ-വ്യാപനവും പരിപോഷണവും എന്ന ബിൽ. 2015 ഡിസംബർ 17-ന്‌ 13-ാം കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ ഈ ബിൽ അതു തയ്യാറാക്കിയ നിയമവകുപ്പുതന്നെ പ്രസിഡന്റിന്റെ അനുമതിക്കായി അയച്ചുകൊടുത്തു. എട്ടുവർഷമായി അനുമതി ലഭിച്ചിട്ടില്ല. ഇപ്പോഴറിയുന്നത്‌ കേന്ദ്ര നിയമങ്ങളുമായി വൈരുധ്യവും സംഘർഷ വുമുള്ളതിനാൽ ബിൽ പിൻവലിക്കാനുള്ള നിർദേശം കേന്ദ്രത്തിൽനിന്നു വരുമെന്നാണ്‌. നമ്മുടെ മാതൃഭാഷയെ സംബന്ധിച്ച ബിൽ സംസ്ഥാനത്തിന്റെമാത്രം കാര്യമാണ്‌. ഇത്‌ തയ്യാറാക്കുന്നതിലും പിന്തുടരുന്നതിലും സംസ്ഥാന നിയമവകുപ്പിന്‌ വീഴ്ച സംഭവിച്ചിട്ടുണ്ട്‌. കൺകറന്റ്‌ പട്ടികയിലെ വിഷയമായ ഈ ബില്ലിൽ രാഷ്ട്രപതിക്കയക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഈ ബിൽ നിയമമാകരുത്‌ എന്ന നിഗൂഢ നിർബന്ധബുദ്ധി നിയമവകുപ്പിനുണ്ടായിരുന്നിരിക്കണം. ഡൽഹിയിൽ സർക്കാരിന്‌ പി.ആർ.ഒ.മാരുണ്ടായിട്ട്‌ ഒരു കാര്യവുമില്ലെന്നുംകൂടി ഈ അനുഭവം വൃക്തമാക്കുന്നു.

ഭാഷാനിയമം ചട്ടം അനുച്ഛേദം 7 അനുസരിച്ച്‌ പത്താംതരത്തിലെ എസ്‌.എസ്‌.എൽ.സി. പരീക്ഷയ്ക്ക്‌ മലയാളത്തിന്‌ മികച്ചവിജയം നേടുന്ന അഞ്ചുശതമാനം വിദ്യാർഥികൾക്ക്‌ സാഹിത്യത്തിലെ മികച്ച കൃതികൾ വാങ്ങി വായിക്കാനും സാഹിത്യത്തെയും സംസ്കാരത്തെയും സംബന്ധിച്ച അവബോധം വളർത്താനുംവേണ്ടി ഒരു സ്കോളർഷിപ്പ്‌ നൽകേണ്ടതാണെന്ന്‌ അനുശാസിക്കുന്നു. നാലുവർഷം കഴിഞ്ഞിട്ടും വിദ്യാഭ്യാസവകുപ്പോ ഡയറക്ടറോ ഇക്കാര്യം അറിഞ്ഞമട്ടില്ല. ദോഷംപറയരുത്‌. ഉറുദു, അറബിക്‌, സംസ്കൃതം എന്നീ ഭാഷകൾക്കൊക്കെ സ്കോളർഷിപ്പ്‌ നൽകുന്നുണ്ട്‌. 2011-ൽ ഇറക്കിയ ഒന്നാംഭാഷാ ഉത്തരവിൽ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള പിരീഡുകൾ മലയാളത്തിനു നൽകുന്നില്ല. പരീക്ഷകൾ എങ്ങനെ നടത്ത ണമെന്നു നിശ്ചയിക്കേണ്ടത്‌ അധ്യാപകരാണ്‌. കേരളത്തിൽ അതിപ്പോൾ നിശ്ചയിക്കുന്നത്‌ ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥരാണ്‌. പരീക്ഷാ ടൈംടേബിൾ പോലും മാറ്റിമറിച്ചു. എസ്‌.എസ്‌.എൽ.സി. പരീക്ഷ തുടങ്ങിയകാലം മുതൽക്ക്‌ മലയാളമാണ്‌ ആദ്യദിവസം നടത്തിക്കൊണ്ടിരിക്കുന്നത്‌. കുട്ടികൾക്ക്‌ സർഗാത്മകമായി, പേടികൂടാതെ പരീക്ഷയെ സമീപിക്കാൻ വേണ്ടിയായിരുന്നു അത്‌. ഇപ്പോൾ ഉദ്യോഗസ്ഥർക്കു തോന്നിയ മാതിരി പരിഷ്കരിച്ച്‌ പുറത്തിറക്കിയിരിക്കുന്നു. ഈ സ്വേച്ഛാഭരണത്തിന്‌ മന്ത്രിയുടെ സമ്മതമുണ്ടോ എന്നാണ്‌ അറിയേണ്ട കാര്യം. 2018-ൽ ഭാഷാനിയമത്തിന്‌ ചട്ടങ്ങളുണ്ടായി കൃത്യം ഒരാഴ്ച തികഞ്ഞപ്പോൾ എൽ.പി.-യു.പി. അധ്യാപകതസ്തികയ്ക്ക്‌ അപേക്ഷിക്കുന്നവർ മലയാളം പഠിച്ചിരിക്കണമെന്ന നിബന്ധന എടുത്തുകളഞ്ഞുകൊണ്ട്‌ ഡയറക്ടറേറ്റ്‌ ഒരു ഉത്തരവിറക്കി. പല്ലും ചൊല്ലും ഉറയ്ക്കാത്ത കുഞ്ഞുങ്ങളെ പഠിപ്പിക്കാനെത്തുന്നവർക്ക്‌ മലയാളം അറിയണമെന്നു നിർബന്ധമില്ല.


സർക്കാർ മുൻകൈയെടുത്ത്‌ മാതൃഭാഷയ്ക്കായി ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നാണ്‌ അവകാശവാദം. അക്ഷരമാല പാഠപുസ്തകത്തിലുൾപ്പെടുത്തിയത്രേ. അത്‌ തെറ്റു തിരുത്തിയതല്ലേ? പുതിയ കാര്യമല്ലല്ലോ? പക്ഷേ, അതു പഠിപ്പിക്കാൻ അധ്യാപകരുണ്ടോ? അടുത്തവാദം ലിപി പരിഷ്കരിച്ചെന്നാണ്‌. ലിപി മാനകീകരണം വേണ്ടതുതന്നെ. അത്‌ ഭാഷയുടെ അംഗാസൂത്രണമാണ്‌. കോർപ്പസ്‌ പ്ലാനിങ്‌. ആദ്യം ഭാഷയുടെ പദവി ആസൂത്രണമാണ്‌ നടക്കേണ്ടത്‌. പിന്നെ മതി അംഗാസൂത്രണം. ആ ആസൂത്രണവും പൂർണമാണോ? തമിഴർക്ക്‌ അവരുടെ അക്ഷരങ്ങൾ ഉയിരും മെയ്യുമാണ്‌. ക എന്ന ഒരൊറ്റ അക്ഷരമെഴുതി മുകളിലിടുന്ന കുത്തുകൾക്കനുസരിച്ച്‌ ഉച്ചാരണഭേദം വരുത്തുന്ന തമിഴ്‌ രീതി എത്ര സൗകര്യപ്രദമാണ്‌? ഇതെല്ലാം കാട്ടിക്കൂട്ടലാണോ? അവരുടെ ഭാഷാസൂത്രണം പഠി ക്കാൻപോലും ആരും മുതിർന്നില്ല.
കവി വി. മധുസൂദനൻ നായരുടെ ‘അച്ഛൻ പിറന്ന വീട്‌’ എന്ന കാവ്യത്തിലെ വരികളാണ്‌ ഓർമ വരുന്നത്‌.
‘തന്മൊഴിത്തായ്‌വേരു വെട്ടി, നാവും വിറ്റു
തൻ തറ തോണ്ടി, ത്തികഞ്ഞെന്നു ഭാവിച്ചു
പൊയ്ക്കാലു വെച്ചു നടക്കവേ, യക്കരേ-
യ്ക്കക്കരെയെത്തിക്കഴിഞ്ഞെന്ന തോന്നലായ്‌,
സ്വപ്നങ്ങൾ പോലും കടംകൊണ്ട പൊങ്ങച്ച-
മിക്കരെത്തന്നെത്തളഞ്ഞു നിൽപ്പെങ്കിലും’

(ഐക്യമലയാള പ്രസ്ഥാനം കൺവീനറാണ് ലേഖകൻ)

Content Highlights: editpage

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..