കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ
കാൾ മാർക്സും ഏംഗൽസും ചേർന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധപ്പെടുത്തിയതിന്റെ പിറ്റേന്നാണ് 1848-ലെ ഫ്രഞ്ച് വിപ്ളവം പൊട്ടിപ്പുറപ്പെട്ടതെന്നത് യാദൃച്ഛികമാണ്. വിപ്ലവങ്ങൾ സ്വപ്നംകാണുകയും വിഭാവനംചെയ്യുകയുംചെയ്തുകൊണ്ട് സ്ഫോടനാത്മകമായി പുറത്തുവന്ന മാനിഫെസ്റ്റോയുടെ പ്രാഗ് രൂപം ഏംഗൽസ് തയ്യാറാക്കിയ ‘കമ്യൂണിസ്റ്റ് കൺഫെഷൻ ഓഫ് ഫെയ്‌ത്ത്’ എന്ന ലഘുലേഖയാണ്. 1747 നവംബർ 29 മുതൽ ഡിസംബർ എട്ടുവരെ ലണ്ടനിൽ ചേർന്ന കമ്യൂണിസ്റ്റ് ലീഗിന്റെ സമ്മേളനത്തിൽ ചർച്ചചെയ്ത ആ ലഘുലേഖ കുറെക്കൂടി വ്യക്തതയോടെ തിരുത്തിയെഴുതാൻ നിർദേശിക്കപ്പെട്ടു. ഏംഗൽസ് തന്നെ ‘പ്രിൻസിപ്പിൾസ് ഓഫ് കമ്യൂണിസം’ എന്നപേരിൽ ചോദ്യോത്തരരൂപത്തിൽ അവതരിപ്പിക്കുകയായിരുന്നു. ചർച്ചയിൽ ഉരുത്തിരിഞ്ഞ കാര്യങ്ങൾകൂടി ഉൾപ്പെടുത്തിയും ഭാഷാപരമായി ആവേശകരമാക്കിയും പുതുക്കിയെഴുതാനാണ് സമ്മേളനം നിർദേശിച്ചത്. ആ ചുമതല മാർക്സും ഏംഗൽസുംകൂടി ഏറ്റെടുത്തു. ഇരുവരും ലണ്ടനിലും ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിലും ഏതാനുംദിവസം താമസിച്ച് ചർച്ചനടത്തിയെങ്കിലും വൈകാരികവും ആവേശകരവുമായ ഒരു പ്രമേയമായി എഴുതിയുണ്ടാക്കാനായില്ല. പാരീസിലെ പ്രത്യേക രാഷ്ട്രീയസാഹചര്യം കണക്കിലെടുത്ത് ഏംഗൽസ് പാരീസിലേക്ക് പോയതോടെ മാനിഫെസ്റ്റോ രചന മാർക്സിന്റെമാത്രം ചുമതലയായി.
ചിന്തയുടെയും പഠനത്തിന്റെയും ഫലം
തൊഴിലാളിസംഘടനകളുടെ സാർവദേശീയസമിതിയുടെ സംഘടനാരൂപമായ കമ്യൂണിസ്റ്റ് ലീഗിന്റെ തീരുമാനപ്രകാരമുള്ള രാഷ്ട്രീയപ്രമേയമാണ് മാനിഫെസ്റ്റോയെങ്കിലും മാർക്സും ഏംഗൽസും വാസ്തവത്തിൽ നാലുകൊല്ലം മുമ്പെങ്കിലും അതിന്റെ പണിതുടങ്ങിയിരുന്നു. 1844-ൽ ‘ദ കണ്ടീഷൻ ഓഫ് ദി വർക്കിങ് ക്ലാസ് ഇൻ ഇംഗ്ലണ്ട്’ എന്ന കൃതിയിൽ തുടങ്ങി ജർമൻ ഐഡിയോളജിവരെയുള്ള കൃതികൾ. സോഷ്യലിസ്റ്റായിരുന്ന പ്രുദോങ്ങിന്റെ ‘ദാരിദ്ര്യത്തിന്റെ തത്ത്വശാസ്ത്രം’ എന്ന കൃതിയെ എതിർത്തുകൊണ്ട് ‘തത്ത്വശാസ്ത്രത്തിന്റെ ദാരിദ്ര്യം’ എന്ന ഫ്രഞ്ച്പുസ്തകം ആയിടയ്ക്കാണ് മാർക്സ് പ്രസിദ്ധപ്പെടുത്തിയത്. മുതലാളിത്ത വ്യവസ്ഥിതിയിൽത്തന്നെ സോഷ്യലിസം സാധ്യമാണെന്ന നിലയിലുള്ള പ്രുദോങ്ങിന്റെ വാദങ്ങളെയാണതിൽ എതിർത്തത്. തുടർന്ന്, ഫോയർബാഹിന്റെ ഭൗതികവാദത്തിന്റെ പരിമിതികളെയും പിശകിനെയും വിമർശിച്ച് ‘പുണ്യകുടുംബം’ എന്ന കൃതിയും പ്രസിദ്ധപ്പെടുത്തിയത് ഈ ഇടവേളയിലാണ്. ബ്രസൽസിലെ ഒരു കുടുസ്സുമുറിയിൽ പത്തുദിവസം മാർക്സും ഏംഗൽസും ഏതാനും സുഹൃത്തുക്കളും ഉന്മത്തരായി നടത്തിയ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ജർമൻ ഐഡിയോളജിയുടെ പ്രാഗ് രൂപം തയ്യാറാകുന്നത്. വൈരുധ്യാത്മകവും ചരിത്രപരവുമായ ഭൗതികവാദത്തിന്റെ അടിത്തറയായിരുന്നു അത്. ഇങ്ങനെ നാലുവർഷത്തോളം നടത്തിയ പഠന-രചനാ പ്രവർത്തനത്തിലൂടെ ശാസ്ത്രീയ സോഷ്യലിസം എന്ന ആശയത്തെ ഉറപ്പിച്ചതിന്റെ തുടർച്ചയാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ. ഏംഗൽസ് ചോദ്യോത്തരരൂപത്തിൽ തയ്യാറാക്കിയ പ്രമേയത്തെ അപ്പടി മാറ്റിയെഴുതുകയായിരുന്നു മാർക്സ്.
ഏംഗൽസിന്റെയുകൂടി ആശയങ്ങൾ സ്വീകരിച്ചുകൊണ്ട് എന്നാൽ, കൃതി പൂർത്തിയാക്കുന്നതിന് ഒരു തടസ്സമുള്ളതായി മാർക്സ് കണ്ടു. സാമ്പത്തികകാര്യങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തതവേണം. ഒരുമാസത്തിനിടയിൽ രണ്ട് പ്രഭാഷണങ്ങൾ നടത്തിക്കൊണ്ടാണ് മാർക്സ് അതിൽ വ്യക്തതവരുത്തിയത്. കൂലിവേലയും മൂലധനവും സ്വതന്ത്രവ്യാപാരം എന്നീ പ്രസംഗങ്ങൾ. പിൽക്കാലത്ത് മൂലധനം എഴുതുന്നതിന്റെ അടിത്തറയുമായി ആ പുസ്തകങ്ങൾ. തുടർന്നാണ് ഏതാനും ദിവസത്തെ തപസ്യയിലൂടെ മാനിഫെസ്റ്റോയുടെ രചന. കൃത്യമായ വാക്കുകൾക്കും ഉപമകൾക്കുവേണ്ടി നടത്തിയ അന്വേഷണംകൊണ്ടുകൂടി ശ്രദ്ധേയമായ രചന. ഓരോ വാക്കിലും ഓരോ അക്ഷരത്തിലും അടയിരിപ്പ്. തൃപ്തിവരാതെ വീണ്ടുവീണ്ടും മാറ്റിയെഴുത്ത്. ഏംഗൽസിന്റെ കൃതിയുടെ പുറത്താണ് പണി തുടങ്ങിയതെങ്കിലും തീർന്നപ്പോൾ മാർക്സിന്റെ സ്വന്തം കൃതിപോലെയായി. ഏംഗൽസ് തന്നെ പിൽക്കാലത്ത് അക്കാര്യം എടുത്തുപറയുകയുണ്ടായി. ‘ലോകത്തെങ്ങുമുള്ള തൊഴിലാളികളേ സംഘടിക്കുവിൻ, നിങ്ങൾക്ക് നഷ്ടപ്പെടുവാൻ ചങ്ങലകൾ മാത്രം, നേടുവാനോ ഒരു ലോകം മുഴുവനും’ എന്ന ആഹ്വാനത്തോടെ പുറത്തിറങ്ങിയ മാനിഫെസ്റ്റോ പ്രസിദ്ധീകരണത്തിന്റെ കാര്യത്തിലും ചരിത്രം സൃഷ്ടിച്ചു. ആദ്യം ജർമൻ ഭാഷയിൽ, പിന്നെ ഇറ്റാലിയൻ, സ്പാനിഷ് ഭാഷകളിൽ. ഫ്രഞ്ചിൽമാത്രം മൂന്ന് തർജമകൾ. 1850-ൽ ഇംഗ്ലീഷ് പരിഭാഷ ചാർട്ടിസ്റ്റുകളുടെ പത്രമായ റെഡ് റിപ്പബ്ലിക്കനിൽ പ്രസിദ്ധപ്പെടുത്തുമ്പോഴാണ് കർത്താക്കൾ മാർക്സും ഏംഗൽസുമാണെന്ന വെളിപ്പെടുത്തലുണ്ടായത്.
പ്രയോഗത്തിന്റെ രൂപരേഖ
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ വരട്ടുതത്ത്വങ്ങളുടെ സമാഹാരമാണെന്ന വിമർശനം അന്നുമുതൽക്കേയുണ്ടായി. എന്നാൽ, സ്വയം നവീകരണക്ഷമമാണതെന്ന് പാരീസ് കമ്യൂണിന്റെ പരാജയത്തിനുശേഷം മാർക്സും ഏംഗൽസും മാനിഫെസ്റ്റോയ്ക്ക് എഴുതിച്ചേർത്ത സവിശേഷമായ ആമുഖത്തിൽ അവകാശപ്പെട്ടു. കാലദേശങ്ങൾ പരിഗണിക്കാതെ അടിസ്ഥാനതത്ത്വങ്ങൾ നടപ്പാക്കാനാവില്ലെന്ന് ഉൾക്കൊണ്ടുകൊണ്ടുള്ള വിശദീകരണം. സ്വയംനവീകരണക്ഷമമായ ജൈവമായതത്ത്വങ്ങളെന്ന നിലയിൽ, പ്രയോഗത്തിന്റെ രൂപരേഖയെന്നനിലയിൽ കാലത്തിന് ഹനിക്കാനാവാത്ത മഹത്തായ പരിപാടിയാണ് മാനിഫെസ്റ്റോ എന്ന് തുടർച്ചയായ പരാജയങ്ങൾക്കിടയിലും കമ്യൂണിസ്റ്റുകാർ അവകാശപ്പെടുന്നു. മാനിഫെസ്റ്റോ റഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്ത ലെനിൻ ഒരിക്കൽ മാനിഫെസ്റ്റോയെ ഇങ്ങനെയാണ് വിശേഷിപ്പിച്ചത്: ‘‘സാമൂഹികജീവിതരംഗത്തെക്കൂടി ഉൾക്കൊള്ളുന്ന സുദൃഢവും കലർപ്പില്ലാത്തതുമായ ഭൗതികവാദം, സമഗ്രവും സൂക്ഷ്മവുമായ വികാസസിദ്ധാന്തമായ വൈരുധ്യവാദം, വർഗസമരത്തെയും പുതിയ കമ്യൂണിസ്റ്റ് സമുദായത്തിന്റെ സ്രഷ്ടാവായ തൊഴിലാളിവർഗത്തിന്റെ ചരിത്രപ്രാധാന്യവും വിപ്ളവപരവുമായ പങ്കിനെ സംബന്ധിച്ച സിദ്ധാന്തം- ഇവയെല്ലാം അടങ്ങുന്ന ഒരു പുത്തൻ ലോകവീക്ഷണം ഒരു മഹാപ്രതിഭയുടെ തെളിച്ചത്തോടെയും മിഴിവോടെയും ഈ കൃതി ആവിഷ്കരിക്കുന്നു.’’
Content Highlights: editpage


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..