പ്രതീകാത്മക ചിത്രം | Photo: AP
2022 ഫെബ്രുവരി 24-ന് പുലർച്ചെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ സൈന്യം യുക്രൈനിൽ കടന്നുകയറി. യുക്രൈനെ നിരായുധീകരിക്കുക, നാസികളിൽനിന്ന് മോചിപ്പിക്കുക, കിഴക്കൻ അതിർത്തിയിലെ റഷ്യൻ വിഘടനവാദികളുടെ കേന്ദ്രമായ ഡോൺബാസിലെ ‘വംശഹത്യ’ക്കു പകരംചോദിക്കുക, യുക്രൈൻ നാറ്റോയിൽ ചേരുന്നതു തടയുക -ഇതെല്ലാമായിരുന്നു ‘പ്രത്യേക സൈനിക നടപടി’ക്കുള്ള പുതിന്റെ കാരണങ്ങൾ.യുദ്ധം ഒരുവർഷം തികയുമ്പോൾ അത്യാധുനിക പടക്കോപ്പുകൾ നിറഞ്ഞ ഒരായുധപ്പുരയായിരിക്കുന്നു യുക്രൈൻ. നാസികളെന്നു പുതിൻ വിശേഷിപ്പിച്ച തീവ്ര വലത് ആശയങ്ങളുള്ള സായുധസംഘമായ യുക്രൈനിലെ അസോവ് ബറ്റാലിയൻ ഇന്ന് അസോവ് റെജിമെന്റായി മാറി യുദ്ധത്തിൽ സജീവമായിരിക്കുന്നു. യുക്രൈൻ നാറ്റോയിൽ ചേർന്നിട്ടില്ല, പക്ഷേ, അതിലെ അംഗരാജ്യത്തിനു കിട്ടുന്നതുപോലുള്ള പിന്തുണയോടെ റഷ്യക്കെതിരേ പോരാടുന്നു. ഒരുവർഷത്തിനിടെ പുതിൻ ലക്ഷ്യങ്ങളൊന്നും നേടിയില്ല. പക്ഷേ, ലക്ഷ്യം നേടുകതന്നെ ചെയ്യുമെന്ന് ആവർത്തിക്കുന്നു അദ്ദേഹം.
യുദ്ധത്തിലെ കക്ഷികൾ
ലോകത്തെ ഏറ്റവും കരുത്തുറ്റ രണ്ടാമത്തെ സേനയെന്നാണ് റഷ്യൻ പട്ടാളത്തിന്റെ വിശേഷണം. ആ സൈന്യത്തിന്റെ കരുത്തിൽ അതിവേഗം യുക്രൈൻ സർക്കാരിനെ താഴെയിറക്കാമെന്ന ഉദ്ദേശ്യത്തോടെയായിരുന്നിരിക്കണം പുതിൻ യുദ്ധം തുടങ്ങിയത്. പക്ഷേ, യുക്രൈൻ സൈന്യം അപ്രതീക്ഷിതമായി ചെറുത്തുനിന്നു. 2014-ൽ ദിവസങ്ങൾകൊണ്ട് ക്രൈമിയ യുക്രൈനിൽനിന്നു പിടിച്ചെടുത്തിരുന്നു റഷ്യ. അതിനുശേഷം പാശ്ചാത്യരാജ്യങ്ങൾ യുക്രൈൻ സേനയ്ക്ക് നൽകിയ പരിശീലനത്തിന്റെ മികവ് അവർ കാണിച്ചു. യുക്രൈനെ മുന്നിൽനിർത്തി റഷ്യക്കെതിരേ പാശ്ചാത്യരാജ്യങ്ങൾ നടത്തുന്ന ഒളിയുദ്ധമെന്ന ആരോപണം സാധൂകരിക്കുംവിധമാണ് കാര്യങ്ങൾ.
2022 ഫെബ്രുവരിയിൽ വടക്കും കിഴക്കും തെക്കും അതിർത്തികളിലൂടെ യുക്രൈനിൽ കടന്നുകയറി ഭൂപ്രദേശങ്ങൾ പിടിച്ചെടുത്തുമുന്നേറിയ റഷ്യൻ പട്ടാളത്തിന് പക്ഷേ, തലസ്ഥാനമായ കീവ് തൊടാൻ കഴിഞ്ഞില്ല. മാർച്ചായപ്പോൾ റഷ്യൻസേന യുക്രൈന്റെ വടക്കും തെക്കുമായി ഒതുങ്ങിപ്പോയി. യുക്രൈൻ പിടിക്കുക എന്ന ലക്ഷ്യം അതോടെ പുതിൻ മാറ്റിപ്പിടിച്ചു. റഷ്യൻ വിഘടനവാദത്തിനു വേരാഴമുള്ള കിഴക്കൻമേഖലയായ ഡോൺബാസിനെ സ്വതന്ത്രമാക്കാനായി പിന്നെയുള്ള യുദ്ധം. 2022 സെപ്റ്റംബറിൽ ഇവിടത്തെ ഡൊണെറ്റ്‌സ്ക്, ലുഹാൻസ്ക് എന്നിവയെയും അടുത്തുള്ള ഹെർസോൺ, സാഫോറീസിയ എന്നീ പ്രദേശങ്ങളെയും റഷ്യ ഏകപക്ഷീയമായി സ്വതന്ത്രമായി പ്രഖ്യാപിച്ചു. ഡൊണെറ്റ്‌സ്ക്, ലുഹാൻസ്ക് എന്നിവയെ മുമ്പേ റഷ്യ സ്വതന്ത്ര റിപ്പബ്ലിക്കുകളായാണ് കണക്കാക്കുന്നത്.തിരിച്ചടി തുടർന്ന യുക്രൈൻ നാറ്റോയും അമേരിക്കയും മറ്റു പാശ്ചാത്യരാജ്യങ്ങളും നൽകിയ ആയുധങ്ങളുടെ ബലത്തിൽ മുന്നേറി. റഷ്യ പിടിച്ചെടുത്ത ഹെർസോൺ 2022 നവംബറിൽ യുക്രൈൻ തിരിച്ചുപിടിച്ചു. റഷ്യക്ക് നാണക്കേടുണ്ടാക്കിയ ആ വീണ്ടെടുക്കലിനുശേഷം യുദ്ധമിപ്പോൾ ഡോൺബാസിലേക്കു ചുരുങ്ങിയിരിക്കുന്നു.
പിന്തുണച്ചും മുഖംതിരിച്ചും
റഷ്യയോടുള്ള ഇന്ധന ആശ്രിതത്വത്തിന്റെ പേരിലും സമാധാനത്തിന്റെ പാതവിടാൻ മടിച്ചും ആദ്യം അറച്ചുനിന്ന ജർമനിയുൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളാണ് ഇപ്പോൾ യുക്രൈന്റെ ബലം. േകാടിക്കണക്കിനു ഡോളറാണ് അമേരിക്കയുടെ നേതൃത്വത്തിലുള്ള ഈ സഖ്യം യുക്രൈനു നൽകിയത്; നൽകുന്നത്. അത്യാധുനിക ആയുധങ്ങൾ, പടക്കോപ്പുകൾ, ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്കുവേണ്ട ചെലവ് എല്ലാം സഹായങ്ങളിലുൾപ്പെടും. അമേരിക്ക മാത്രം ഇതുവരെ 5000 കോടി ഡോളറിന്റെ (ഏകദേശം നാലുലക്ഷം കോടിയിലേറെ രൂപ) സഹായംനൽകി. 50 കോടി ഡോളറിന്റെ (4377 കോടി രൂപ) ആയുധങ്ങൾകൂടി കഴിഞ്ഞദിവസം വാഗ്ദാനംചെയ്തു.
ഉപരോധം, ആഘാതം
ഉപരോധങ്ങളിലൂടെ റഷ്യൻ ഖജനാവിനെ ദുർബലപ്പെടുത്തി പുതിനെ മുട്ടുകുത്തിക്കുക എന്നതാണ് പാശ്ചാത്യസഖ്യത്തിന്റെ ലക്ഷ്യം. ഉപരോധങ്ങൾ റഷ്യയെ ചെറുതായി ബാധിച്ചുതുടങ്ങി. ഇക്കൊല്ലം റഷ്യൻ സമ്പദ്‌വ്യവസ്ഥ 0.3 ശതമാനമേ വളരൂ എന്ന് അന്താരാഷ്ട്ര നാണ്യനിധി.ലോകമെങ്ങും കോടിക്കണക്കിനു ജനങ്ങൾ യുദ്ധംകാരണമുണ്ടായ വിലക്കയറ്റത്തിന്റെ ഭാരമനുഭവിക്കുന്നു. ഭക്ഷ്യ, ഇന്ധന വിപണികളിലാണ് അത് ഏറെയും പ്രതിഫലിക്കുന്നത്. യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന രണ്ടു രാജ്യങ്ങളും ഇവയുടെ കയറ്റുമതിയിൽ മുന്നിൽനിൽക്കുന്നവയാണ് എന്നതാണ് ഇതിനു കാരണം.
ഉത്തരമില്ലാത്ത ചോദ്യം
യുദ്ധം എന്നുതീരും എന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല. വർഷങ്ങൾ നീളുമെന്നു പറയുന്നു നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടെൻബെർഗ്. സമാധാനത്തിന്റെ സാധ്യതകൾ മങ്ങുന്നെന്നു വിലപിക്കുന്നു ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.ക്രൈമിയ ഉൾപ്പെടെയുള്ള ഭൂപ്രദേശങ്ങൾ റഷ്യക്കു വിട്ടുകൊടുത്തുള്ള വെടിനിർത്തലിന് സെലെൻസ്കി തയ്യാറല്ല. കീവ് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യോളജി സെപ്റ്റംബറിൽ പുറത്തുവിട്ട സർവേയിൽ പങ്കെടുത്ത 87 ശതമാനം യുക്രൈൻകാരും ഇക്കാര്യത്തിൽ പ്രസിഡന്റിനൊപ്പമാണ്. പിടിച്ചെടുത്ത പ്രദേശങ്ങൾ തിരിച്ചുകൊടുത്തുള്ള സമാധാനത്തിന് പുതിനും തയ്യാറാവില്ല. ചരിത്രപരമായി അവകാശപ്പെട്ട ഭൂമിക്കായാണ് യുദ്ധം എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അറ്റകൈക്ക് ആണവായുധമുപയോഗിച്ചേക്കുമെന്ന് ഇടയ്ക്കിടെ പുതിൻ സൂചിപ്പിക്കുന്നു.
റഷ്യയുടെ പടക്കോപ്പുകൾ അതിവേഗം തീരുന്നെന്നാണ് വാർത്തകൾ. ഇറാനിൽനിന്ന് ചാവേർ ഡ്രോണുകൾ റഷ്യ വാങ്ങിയിരുന്നു. അവരുടെ കൂലിപ്പട്ടാളമായ വാഗ്‌നർ ഗ്രൂപ്പ് ഉത്തര കൊറിയയിൽനിന്ന് ആയുധം വാങ്ങിയെന്ന് വൈറ്റ് ഹൗസ്. അമേരിക്കയും നാറ്റോ സഖ്യരാജ്യങ്ങളും നൽകുന്ന അത്യാധുനിക ആയുധങ്ങൾ അതിവേഗം ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ് യുക്രൈൻ.
യുദ്ധം ബാക്കിവെച്ചത്
ഇതുവരെ 1.8 ലക്ഷം റഷ്യൻ പട്ടാളക്കാരും ഒരുലക്ഷം യുക്രൈൻ സൈനികരും യുദ്ധമുഖത്ത് കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് നോർവേ ആസ്ഥാനമായി പുറത്തുവന്ന റിപ്പോർട്ട് പറയുന്നത്. മറ്റു പാശ്ചാത്യ ഉറവിടങ്ങൾ, ഇരുവശത്തുമായി ഒന്നരലക്ഷംപേർ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തെന്ന് പറയുന്നു. അതേസമയം, ഫെബ്രുവരി 21 വരെ 8006 സാധാരണക്കാർ കൊല്ലപ്പെടുകയും 13,287 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി െഎക്യരാഷ്ട്രസഭ പറയുന്നു.
ഫെബ്രുവരി 21 വരെ
യു.എൻ. കണക്കുകൾ പ്രകാരം
മരിച്ച സാധാരണക്കാർ 8006
അഭയാർഥികൾ 7.5 ദശലക്ഷം
പോഷകാഹാരക്കുറവ് നേരിടുന്നവർ13 ദശലക്ഷം
പരിക്കേറ്റ സാധാരണക്കാർ13,287
കൊല്ലപ്പെട്ട കുട്ടികൾ438
പരിക്കേറ്റ കുട്ടികൾ854
Content Highlights: editpage


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..