നയതന്ത്രജ്ഞതയുടെ പരാജയം


കെ.പി. ഫാബിയാൻ

2 min read
Read later
Print
Share

പ്രതീകാത്മക ചിത്രം | Photo: AFP

യുക്രൈൻ യുദ്ധം ഒഴിച്ചുകൂടാനാകാത്തതായിരുന്നുവെന്ന പൊതുധാരണ തെറ്റാണ്. യുനെസ്കോ ചാർട്ടർ അതിന്റെ മുഖവുരയിൽ പറയുന്നതുപോലെ, ഏതൊരു യുദ്ധവും തുടക്കമിടുന്നത് മനുഷ്യമനസ്സിലാണ്. ഈ യുദ്ധം തുടങ്ങുന്നതിനും നയതന്ത്ര-മധ്യസ്ഥ ശ്രമങ്ങൾക്ക് വഴിയൊരുക്കേണ്ട വെടിനിർത്തലിന് സമ്മതിക്കാതെ യുദ്ധം അവസാനിപ്പിക്കാതിരിക്കുന്നതിനും ഉത്തരവാദികളായ മൂന്നുപേരുണ്ട്: പ്രസിഡന്റ് വ്ളാദിമിർ പുതിൻ (70 വയസ്‌), പ്രസിഡന്റ് ഡോ. ബൈഡൻ (80 വയസ്‌), അവസാനത്തേതെങ്കിലും പ്രധാനിയായ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കി (45 വയസ്‌). ഇവിടെ വയസ്സ് പ്രതിപാദിക്കാൻ ഒരു കാരണമുണ്ട്. ബൈഡൻമാത്രമേ 1962-ലെ ക്യൂബൻ മിസൈൽ പ്രതിസന്ധി നേരിട്ട് അറിഞ്ഞിട്ടുള്ളൂ.2022-ലെ യുക്രൈൻ പ്രതിസന്ധിയും 1962-ലെ ക്യൂബൻ പ്രതിസന്ധിയും തമ്മിൽ പൊതുവായ ചില കാര്യങ്ങളുണ്ട്. തൊട്ടടുത്തുള്ള ക്യൂബയിൽ ഭീഷണിയായി സോവിയറ്റ് യൂണിയൻ വിന്യസിച്ച മിസൈലുകൾ അമേരിക്കയ്ക്ക്‌ വലിയ ഭീഷണിയായിരുന്നു. ഒരു മൂന്നാംലോകയുദ്ധം ഉണ്ടാകുമെന്ന പ്രതീതിയുണ്ടായി. പക്ഷേ, 1962-ലെ തലമുറയ്ക്ക് യുദ്ധം ഒഴിവാക്കാനുള്ള നയതന്ത്രജ്ഞതയുണ്ടായിരുന്നു.

റഷ്യ-യുക്രൈൻ പ്രശ്നം
2014-ൽ യുെെക്രൻ പ്രസിഡന്റ് യാനുകോവിച്ച് പുറത്താക്കപ്പെട്ടതിനെത്തുടർന്ന്, ക്രൈമിയയിലെ സെയ്‌ന്റ് സെബാസ്റ്റോപോൾ തുറമുഖം നാറ്റോയുടെ സൈനികതാവളമായി മാറിയേക്കാമെന്ന ഭയത്താൽ റഷ്യൻ പ്രസിഡന്റ് പുതിൻ, ക്രൈമിയ അധിനിവേശപ്പെടുത്തി. 1783 മുതൽ റഷ്യൻ നാവികസേന കൈവശംവെച്ചുകൊണ്ടിരുന്ന തുറമുഖമാണത്. ക്രിമിയയിലെ റഷ്യൻ അധിനിവേശത്തിനെതിരേ പടിഞ്ഞാറൻ രാജ്യങ്ങൾ അർധമനസ്സോടെയാണ് ഉപരോധമേർപ്പെടുത്തിയത്. 2021-ൽ ചുമതലയേറ്റെടുത്തശേഷം, ബൈഡൻ യുെക്രെനിലേക്ക് ആയുധങ്ങൾ ഒഴുക്കിത്തുടങ്ങി; യുെക്രെനിൽ അമേരിക്ക വിന്യസിച്ച മിസൈലുകൾ റഷ്യയുടെ ദേശീയ സുരക്ഷയ്ക്ക് ഗുരുതരഭീഷണിയാകുമെന്ന് വിശ്വസിക്കാൻ പുതിനും മതിയായ കാരണമുണ്ടായിരുന്നു. 2021 ഡിസംബർ മധ്യത്തോടെ പുതിൻ നയതന്ത്രചർച്ചകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബൈഡൻ നിരസിക്കുകയാണുണ്ടായത്.
കീവിലെ സർക്കാർനിയന്ത്രണത്തിലുള്ള ­യുെക്രെന്റെ മേഖലയിലേക്ക് 2022 ഫെബ്രുവരി 24-ന് പുതിൻ ൈസന്യത്തെ അയച്ചതിനെ ന്യായീകരിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതല്ല മുകളിൽ പറഞ്ഞ കാര്യങ്ങൾ. അദ്ദേഹം അന്താരാഷ്ട്രനിയമവും യു.എൻ. ചാർട്ടറും ലംഘിച്ചിട്ടുണ്ട്. നിലവിലെ പൊതുസാഹചര്യത്തിലേക്ക് ശ്രദ്ധക്ഷണിക്കാനും നയതന്ത്രജ്ഞതയുടെ കുറവ് ചൂണ്ടിക്കാണിക്കാനുമായി പറഞ്ഞെന്നുമാത്രം.
ഇനി സെെലൻസ്കിയിലേക്കുവരാം. 2019-ലാണ് അദ്ദേഹം സ്ഥാനമേൽക്കുന്നത്. തന്റെ രാജ്യത്തിന് റഷ്യയുമായുള്ള തർക്കങ്ങൾക്ക് സമാധാനപരമായ തീർപ്പ് ആവശ്യമാണെന്നാണ് അദ്ദേഹം തിരഞ്ഞെടുപ്പിനുമുമ്പും ശേഷവും അവകാശപ്പെട്ടത്. ഒരു സാധ്യതയുമില്ലെന്നറിഞ്ഞിട്ടും അദ്ദേഹം നാറ്റോ അംഗത്വം തേടി. ഇത്തരമൊരു പിന്തുണ മോസ്കോയിൽ ആശങ്കയുയർത്തുമെന്ന് അറിഞ്ഞിട്ടുതന്നെയായിരുന്നു ഇത്. 2022 മാർച്ചിൽ യുെക്രെനും റഷ്യയും തുർക്കിയിൽ വിദേശകാര്യമന്ത്രിതല കൂടിക്കാഴ്ചനടത്തി, റഷ്യ തങ്ങളുടെ സൈനികട്രൂപ്പുകളെ ഡോൺബാസ് മേഖലയിൽനിന്ന് പിൻവലിക്കാനും യുെക്രെൻ നിഷ്പക്ഷനിലപാട് സ്വീകരിക്കാനുമായിരുന്നു ധാരണ. എന്നാൽ, വാഷിങ്ടണിൽനിന്നുള്ള സമ്മർദംകാരണമാകാം, ­യുെക്രെൻ കരാറൊപ്പിടാൻ വിസമ്മതിച്ചു.

മോശം നയതന്ത്രജ്ഞത
നിലവിലെ സാഹചര്യം അടിസ്ഥാനമാക്കിത്തന്നെ ഒരു വെടിനിർത്തലിന് പുതിന് സമ്മതമാണെന്ന് തോന്നിയിട്ടുണ്ട്. പക്ഷേ, ക്രൈമിയയടക്കം റഷ്യ കൈവശപ്പെടുത്തിയ ഓരോ ഇഞ്ചും മോചിപ്പിക്കണമെന്നാണ് സെലെൻസ്കി പറയുന്നത്. യുദ്ധം നീട്ടിക്കൊണ്ടുപോയി റഷ്യയെ ദുർബലപ്പെടുത്തുകയും താൻ പരസ്യമായി കൊലപാതകിയെന്ന് വിശേഷിപ്പിച്ച പുതിനെ സാധിക്കുമെങ്കിൽ അധികാരത്തിൽനിന്ന്‌ ഇറക്കുകയുമാണ് ബൈഡന്റെ ഉദ്ദേശ്യം. അത്തരം സംഭാഷണങ്ങൾതന്നെ മോശം നയതന്ത്രജ്ഞതയാണ്. സൈനികമായി ഒരു കക്ഷി മറുകക്ഷിയെ പരാജയപ്പെടുത്തുന്നതോടെ യുദ്ധം അവസാനിച്ചേക്കാം. ഇവിടെ അങ്ങനെയൊരു സാധ്യത കഷ്ടിയാണ്. അല്ലാത്തപക്ഷം, സമർഥമായ നയതന്ത്രജ്ഞതയോടെ യുദ്ധം അവസാനിപ്പിക്കാം. കഷ്ടമെന്നുപറയട്ടെ, നയതന്ത്രജ്ഞതയ്ക്ക് ഇതുവരെയൊരു അവസരം നൽകിക്കണ്ടില്ല.

വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയായിരുന്നു ലേഖകൻ

Content Highlights: editpage

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..