ഫിറോസ് അറിയുന്നുണ്ടോ, ഈ ഗുസ്തിയും ദോസ്തിയും


മനോജ്‌ മേനോൻ

3 min read
Read later
Print
Share

നരസിംഹറാവുവിനും മുന്നേ കോൺഗ്രസ് രാഷ്ട്രീയചരിത്രം മനഃപൂർവം മറന്നാൽ ഫിറോസ്‌ഗാന്ധിയായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ അവഗണനയുടെ ഇരകളിലൊരാൾ

ഫിറോസ് ഗാന്ധി, ഇന്ദിരാ ഗാന്ധി, ജവഹർലാൽ നെഹ്‌റു | Photo: Mathrubhumi Archives

പ്രഭാതഭക്ഷണമേശയ്ക്കുമുന്നിൽ അന്നും പതിവുപോലെ മൂന്നുപേരും ഇരുന്നു. പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവും മകൾ ഇന്ദിരയും ഭർത്താവ് ഫിറോസ് ഗാന്ധിയും. ഇന്ദിര ആദ്യമായി കോൺഗ്രസ് പ്രസിഡന്റായ കാലം. കേരളമായിരുന്നു അക്കാലത്ത് തീൻമൂർത്തിയിലെ ഭക്ഷണമേശയിലും വിഷയം. കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരിനെതിരേ നാട്ടിൽ വിമോചനസമരവും രാജ്യതലസ്ഥാനത്ത് നാടകീയ നീക്കങ്ങളും അരങ്ങേറിയിരുന്ന 1959 ആയിരുന്നു വർഷം. കേരളത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ വേണമെന്ന് ഇന്ദിരയും ‘ഇടപെട്ടള’യരുതെന്ന് പാർട്ടിയിലെ ഒരു വിഭാഗവും നെഹ്രുവിനുമേൽ സമ്മർദക്കലഹം പതിവാക്കിയ നാളുകൾ.

അവിടെയും തീർന്നില്ല, കേരള കോലാഹലം പ്രധാനമന്ത്രിയുടെ വീടിനുള്ളിലും കടന്നുകയറി. ഇ.എം.എസ്. സർക്കാരിനെ പിരിച്ചുവിടണമെന്ന് ഇന്ദിര. കമ്യൂണിസ്റ്റായാലും ഏതു സർക്കാരായാലും തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ പിരിച്ചുവിടരുതെന്നായിരുന്നു ഫിറോസ് ഗാന്ധിയുടെ നിലപാട്. ഫിറോസിനെപ്പോലെയുള്ള കോൺഗ്രസിലെ സോഷ്യലിസ്റ്റുകൾക്ക് വഴങ്ങരുതെന്ന് അച്ഛനോട് ഇന്ദിര.
അത്തരം ദിവസങ്ങളിലൊന്നിന്റെ കഥയാണ് ഈ കുറിപ്പിന്റെ തുടക്കത്തിൽ പറഞ്ഞുതുടങ്ങിയത്. കേരളത്തെച്ചൊല്ലി തീൻമേശയിൽ അന്ന് ഇന്ദിരയും ഫിറോസും ഏറ്റുമുട്ടി. ‘‘കേരളത്തിലെ സർക്കാരിനെതിരേയുള്ള നീക്കം ശരിയല്ല, നിങ്ങൾ ആളുകളെ ഉപദ്രവിക്കുകയാണ്. നിങ്ങൾ ഒരു ഫാസിസ്റ്റാണ്’’ -ഇന്ദിരയ്ക്കുനേരെ വിരൽചൂണ്ടി ഫിറോസ്. ‘‘നിങ്ങളെന്നെ ഫാസിസ്റ്റെന്ന് വിളിക്കുന്നു. അത് ഞാൻ ഏറ്റെടുക്കുന്നില്ല’’ -രോഷാകുലയായി ഇന്ദിര. രോഷം ശമിയാതെ ഇന്ദിര ഭക്ഷണത്തിനുമുന്നിൽനിന്നിറങ്ങിപ്പോയി. ഇന്ദിര ഭക്ഷണമേശയ്ക്കുമുന്നിൽനിന്നാണെങ്കിൽ, ഫിറോസ് തീൻമൂർത്തിയിൽനിന്നുതന്നെ പടിയിറങ്ങി.
അന്ന് തീൻമേശയ്ക്കുമുന്നിൽ മൂന്നുകാര്യങ്ങളാണ് സംഭവിച്ചത്. ഒന്ന്, കുടുംബകലഹം. രണ്ട്‌, നേരത്തേമുതൽ ഇന്ദിരയും ഫിറോസും തമ്മിലുണ്ടായിരുന്ന ചേർച്ചക്കുറവിന് ആഴം കൂട്ടാൻ കേരളരാഷ്ട്രീയം കാരണമായി. മൂന്ന്, ഇന്ദിരയ്ക്കുനേരെ ആദ്യമായി ഫാസിസ്റ്റ് എന്ന വിളിയുയർന്നു. ചുരുക്കിപ്പറഞ്ഞാൽ, വീട്ടിലും നാട്ടിലും ഇളകിമറിയാവുന്ന കാരണങ്ങൾ നിമിഷങ്ങൾക്കുള്ളിൽ മൂന്ന് ഇരിപ്പിടങ്ങൾക്കിടയിൽ സംഭവിച്ചു!
സംഭവ ബഹുലമായ സന്ദർഭങ്ങളെക്കുറിച്ച് സ്വീഡിഷ് പത്രപ്രവർത്തകനായ ബെർട്ടിൽ ഫാൽകിനോട് പറഞ്ഞത്, ഇന്ത്യയിലെ മുതിർന്ന പത്രപ്രവർത്തകനായിരുന്ന ജനാർദൻ ഠാക്കൂർ. ഇന്ദിരയെ ഒരുപക്ഷേ, ഫാസിസ്റ്റ് എന്ന് ആദ്യമായി വിളിച്ചത് ഫിറോസായിരിക്കാമെന്ന് ഠാക്കൂർ. പത്രപ്രവർത്തക പ്രമുഖനായിരുന്ന നിഖിൽ ചക്രവർത്തി ഇക്കാര്യം ഇന്ദിരയുടെ ജീവചരിത്രകാരി കാതറിൻ ഫ്രാങ്കിന് 1997-ൽ നൽകിയ അഭിമുഖത്തിൽ സ്ഥിരീകരിച്ചിരുന്നു. ഫിറോസ് തന്നെ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നെന്ന് നിഖിൽ വെളിപ്പെടുത്തി. നാല്പതു വർഷത്തോളം അന്വേഷണങ്ങളുമായി ഇന്ത്യയിൽ നിരന്തരം സഞ്ചരിച്ച ബെർട്ടിൽ ഫാൽക് എഴുതി 2016-ൽ പുറത്തിറങ്ങിയ ‘ഫിറോസ്: ദ ഫോർഗോട്ടൻ ഗാന്ധി’ എന്ന ഫിറോസ് ഗാന്ധിയുടെ ജീവചരിത്രത്തിലാണ് ഈ വെളിപ്പെടുത്തലുകൾ. പുസ്തകത്തിന്റെ ഇരുപത്തിയഞ്ചാം അധ്യായമായ കേരളത്തിലെ പ്രക്ഷോഭം അഥവാ ‘അപ്ഹീവൽ ഇൻ കേരള’ എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ.

ഫിറോസിനെ ആർക്കുവേണം?
ബെർട്ടിൽ ഫാൽകിനല്ലാതെ ആർക്കുവേണം ഫിറോസ് ഗാന്ധിയെ? കോൺഗ്രസിന് തീരെ വേണ്ട. രാജ്യത്തെ ബദൽ രാഷ്ട്രീയമെന്നവകാശപ്പെടുന്നവർക്ക് ഒട്ടും വേണ്ട. നരസിംഹറാവുവിനുംമുന്നേ കോൺഗ്രസ് രാഷ്ട്രീയചരിത്രം മനഃപൂർവം മറവിയാൽമൂടിയ ഫിറോസായിരുന്നു സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ അവഗണനയുടെ ഇരകളിലൊരാൾ. ലോക്‌സഭയിലെ കന്നിപ്രസംഗത്തിലൂടെ മുന്ദ്ര കുംഭകോണമുയർത്തി ധനമന്ത്രി ടി.ടി. കൃഷ്ണമാചാരിയെ വീഴ്ത്തി ജയന്റ് കില്ലറായതോ, ഇൻഷുറൻസ് ബിൽ ചർച്ചയിൽ ഇൻഷുറൻസ് കമ്പനികളുടെ ചൂഷണം ചൂണ്ടിക്കാട്ടിയതിലൂടെ 250 സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ ദേശസാത്‌കരിച്ച് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ പ്രാമുഖ്യത്തിന് വഴിയൊരുക്കിയതോ, ഏകാധിപത്യത്തെ ചെറുത്ത് ജനാധിപത്യത്തെ ഉയർത്തിപ്പിടിച്ചതോ, അഴിമതിക്കാരെ തെളിവുകളുടെ മുനയിൽ വിചാരണചെയ്തതോ, പൊതുമേഖലയുടെ പോരാളിയാണ് താനെന്ന് ഉറക്കെ പ്രഖ്യാപിച്ചതോ, കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചുവിട്ടത് ജനാധിപത്യത്തിന്റെ കശാപ്പാണെന്ന് വിളിച്ചുപറഞ്ഞതോ..ഒന്നും ഇന്ത്യൻ രാഷ്ട്രീയത്തിന് ഫിറോസിനെ ഓർക്കാനുള്ള കാരണമാകുന്നില്ല! മറവിയുടെ പാഴ്‌മുറം പിടിക്കാൻ കോൺഗ്രസിന് കാരണങ്ങളുണ്ടെന്നു വാദിക്കാം. എന്നാൽ, ഫിറോസിന്റെ പോരാട്ടത്തിന് രാജ്യത്തെ ബദൽരാഷ്ട്രീയധാരകളുമായുള്ള സ്വരച്ചേർച്ച തിരിച്ചറിയാതെപോയതിന്റെ നഷ്ടം അപരിഹാര്യമെന്ന് രാഷ്ട്രീയചരിത്രം.

തോറ്റതാര്? ജയിച്ചതാര്?
കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരിനെച്ചൊല്ലി പാർട്ടിയിൽനടന്ന യുദ്ധത്തിൽ ഫിറോസ് തോറ്റു. മകളുടെ ആവശ്യത്തിന് നെഹ്രു വഴങ്ങിയെന്ന് ഫാൽക് മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയചരിത്രകാരന്മാരും പറയുന്നു. ഇ.എം.എസ്. സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതിഭരണം ഏർപ്പെടുത്തി. ഇക്കാര്യത്തിൽ പരാജയപ്പെട്ടെങ്കിലും ജനാധിപത്യമൂല്യങ്ങൾക്കുവേണ്ടി ഫിറോസ് പോരാട്ടം മതിയാക്കിയില്ലെന്ന് ജീവചരിത്രകാരൻ പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു. കമ്യൂണിസ്റ്റ് ഭരണത്തെ അട്ടിമറിക്കാൻ കോൺഗ്രസ് വർഗീയതയുമായി സന്ധിചെയ്തെന്ന് പാർട്ടിക്കകത്തും പുറത്തും ഫിറോസ് കുറ്റപ്പെടുത്തി. ‘‘എവിടെയാണ് കോൺഗ്രസ്? എന്താണ് കോൺഗ്രസിന്റെ തത്ത്വശാസ്ത്രങ്ങൾ? കേരളത്തിൽ ഇന്ന് സ്വന്തം തകർച്ചയുടെ ഉപകരണം നിങ്ങൾ വ്യാജമായി നിർമിച്ചു. ഈ ഉപകരണത്തെ നമ്മൾ നശിപ്പിച്ചില്ലെങ്കിൽ ഈ ഉപകരണം നമ്മളെ നശിപ്പിക്കാൻ പോകുന്നു.’’ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ ഫിറോസ് ഗാന്ധി ആഞ്ഞടിച്ചു. ആശയങ്ങൾ അവശേഷിപ്പിച്ച് ഫിറോസ് ഗാന്ധി കാലത്തിന്റെ തിരശ്ശീലയ്ക്കുപിന്നിൽ മറഞ്ഞു. മറ്റൊരു ആശയപ്പോരാട്ടത്തിൽ കമ്യൂണിസ്റ്റുപാർട്ടികൾ പിളർന്നു. ഫിറോസിന്റെ പാർട്ടി മൂന്നാം തലമുറ നേതാക്കളുടെ കൈകളിലായി. മറവിയുടെ മണ്ണടരുകൾക്കിടയിൽ കോൺഗ്രസ് ഫിറോസിനെ മൂടിയതും, കമ്യൂണിസ്റ്റ് സർക്കാരിനും പൊതുമേഖലയ്ക്കുംവേണ്ടി ഫിറോസ് നടത്തിയ പോരാട്ടം ഇടതുരാഷ്ട്രീയം കാണാതെപോയതും രാഷ്ട്രീയത്തിലെ കറുത്തഫലിതം. പക്ഷേ, കേരളത്തിൽ തമ്മിലടിക്കുന്ന, ആശയങ്ങളിലും സമീപനത്തിലും രണ്ടു ധ്രുവങ്ങളിലായ, പരസ്പരം മുറിവേറ്റ, രണ്ടു പാർട്ടികൾ ബംഗാളിലും ത്രിപുരയിലും കൈകോർക്കുമ്പോൾ ഫിറോസ് അത് കാണുന്നുണ്ടോ? ഫിറോസ് അറിയുന്നുണ്ടോ, ഈ ഗുസ്തിയും ദോസ്തിയും?

Content Highlights: editpage

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..