പണ്ടാരംഭൂമി ഡെമോക്ളിസ് വാൾ


3 min read
Read later
Print
Share

പണ്ടാരഭൂമിയിൽപ്പെട്ട് സ്വസ്ഥതനശിച്ച ആയിരക്കണക്കിനുപേരുണ്ട് ലക്ഷദ്വീപിൽ. പൂർവികസ്വത്തായി വർഷങ്ങളായി കൈവശംവെച്ച ഭൂമിയിലാണ് അവരിന്ന്‌ അന്യരാവുന്നത്

Photo: Mathrubhumi

20 വർഷംമുമ്പെടുത്ത വീട് പൊളിഞ്ഞുതുടങ്ങിയപ്പോഴാണ് അടുക്കളമുറിയിലേക്ക് താമസംമാറി റഷീദയും ഭർത്താവും വീട് പുതുക്കിപ്പണിയുന്നത്. കോൺക്രീറ്റ് ഇടാൻ തുടങ്ങുമ്പോഴാണ് പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ വരവ്. പണ്ടാരഭൂമിയെന്ന് ചൂണ്ടിക്കാട്ടി ദ്വീപിലെ പല നിർമാണപ്രവൃത്തികളും നിർത്തിവെപ്പിച്ചതിന്റെ കൂട്ടത്തിൽ ഇവർക്കും വീടുപണി നിർത്തേണ്ടിവന്നു. മൂന്നുവർഷമായി നിലംപൊളിഞ്ഞ ഒറ്റമുറിവീട്ടിലാണ് റഷീദയുടെയും ഭർത്താവിന്റെയും താമസം. പണ്ടാരഭൂമിയിൽപ്പെട്ട് സ്വസ്ഥതനശിച്ച ആയിരക്കണക്കിനുപേരുണ്ട് ലക്ഷദ്വീപിൽ. പൂർവികരായി വർഷങ്ങളായി കൈവശംവെച്ച ഭൂമിയിലാണ് അവരിന്ന് അന്യരാവുന്നത്.

പൊളിച്ചടുക്കാനുള്ള വീതികൂട്ടൽ
2011 സെൻസസ് പ്രകാരം ദേശീയതലത്തിൽ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 382 ആണ്. ലക്ഷദ്വീപിലത് 2149. ഇത്രയുമധികം ആളുകൾക്ക് അത്ര കുറഞ്ഞ ഭൂമിയുള്ള ലക്ഷദ്വീപിലാണ് വികസനത്തിന്റെപേരിൽ ഭൂമി ഏറ്റെടുക്കുന്നത്. റോഡ് വികസനത്തിനായി നിലവിലുള്ള റോഡിന്റെ മധ്യത്തിൽനിന്ന് അഞ്ചുമീറ്റർ വീതം ഒഴിവാക്കണമെന്നാണ് ഉത്തരവ്. കുറഞ്ഞ ഭൂമിയും ജനസാന്ദ്രതയുമുള്ള ലക്ഷദ്വീപിൽ പ്രായോഗികമല്ല ഈ ഉത്തരവ്. അഗത്തിയിൽ റോഡുണ്ടാക്കാൻ സ്വകാര്യവ്യക്തികളുടെ ­400-ഓളം തെങ്ങുകൾ വെട്ടി. മത്സ്യത്തൊഴിലാളികളുടെ 50 ഷെഡ് പൊളിച്ചു. പൊളിച്ച ഷെഡ്ഡിനോ പിഴുതുമാറ്റിയ തെങ്ങിനോ നഷ്ടപരിഹാരംപോലും നൽകിയിട്ടില്ല. വെള്ളിയാഴ്ച നോട്ടീസ് നൽകി ശനിയും ഞായറും വന്ന് പൊളിക്കുകയായിരുന്നു.

വെള്ളിയാഴ്ച പൊളിക്കലുകൾ
ദ്വീപ് ജനത കോടതിയിൽനിന്ന് അനുകൂലവിധികൾ വാങ്ങിത്തുടങ്ങിയതോടെ കോടതിയവധിനോക്കിയുള്ള വെള്ളിയാഴ്ചത്തെ പൊളിക്കൽ ദ്വീപിൽ തകൃതിയായി നടന്നു. ‘‘ബിത്രയിൽ 281 പേരെ ഒഴിപ്പിക്കുന്നത് ചോദ്യംചെയ്യാനാണ് ഞാനും സുഹൃത്തുക്കളും അഡ്മിനിസ്‌ട്രേറ്ററുടെ അഡ്വൈസറെ കാണാൻ പോകുന്നത്. ജനപ്രതിനിധികളുമായി ചർച്ചചെയ്താണോ ഈ തീരുമാനം എന്ന ചോദ്യം അവരെ ചൊടിപ്പിച്ചു. കൃത്യനിർവഹണത്തിൽ തടസ്സംവരുത്തി എന്നുപറഞ്ഞ് ജാമ്യമില്ലാ കുറ്റത്തിന് അറസ്റ്റുചെയ്തു. 26 ദിവസത്തിനുശേഷമാണ് ജാമ്യം ലഭിക്കുന്നത്. ആ ദിവസങ്ങളിൽ തീവ്രവാദികളോടെന്നപോലെയാണ് പെരുമാറിയത്.’’ -കവരത്തി സ്വദേശിയായ നസീർ പറയുന്നു.

സ്വന്തം ഭൂമിയിലും വിലക്ക്‌
റോഡ് വികസനത്തിനും പണ്ടാരഭൂമിയിലുള്ള അവകാശത്തിനും പുറമേയാണ് 17 ദ്വീപുകളിൽ നാട്ടുകാർക്ക് നിരോധനാജ്ഞ ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ്. ഈ ദ്വീപുകളിലേക്ക് പ്രവേശിക്കണമെങ്കിൽ ഇനി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ രേഖാമൂലമുള്ള അനുമതിവേണം. ആൾപ്പാർപ്പില്ലാത്ത ചെറുദ്വീപുകൾ തീവ്രവാദപ്രവർത്തനങ്ങൾക്കും ദേശവിരുദ്ധപ്രവർത്തനങ്ങൾക്കും താവളമാക്കാൻ സാധ്യതയുണ്ട് എന്നതാണ് നിരോധനാജ്ഞയ്ക്ക് കാരണം.

ആത്മാഭിമാനം നഷ്ടപ്പെട്ട്‌ അധ്യാപകർ

ഇന്ത്യയിൽ സാക്ഷരതാനിരക്കിൽ കേരളം കഴിഞ്ഞാൽ രണ്ടാം സ്ഥാനമാണ്‌ ​ലക്ഷദ്വീപിന്‌. എന്നാൽ, പിരിച്ചുവിടൽ, സ്‌കോളർഷിപ്പ്‌ നിഷേധം, അധ്യാപക ക്ഷാമം എന്നിങ്ങനെയുള്ള പ്രതിസന്ധികളുടെ ആഴക്കയത്തിലാണ്‌ വിദ്യാഭ്യാസമേഖലലക്ഷദ്വീപിൽനിന്ന് പിരിച്ചുവിടപ്പെട്ട 3000-ത്തോളം പേരിൽ വലിയൊരുവിഭാഗം വിദ്യാഭ്യാസമേഖലയിൽ നിന്നുള്ളവരാണ്. അധ്യാപകജോലി നഷ്ടപ്പെട്ട് കോഴിക്കോട് ജിം പരിശീലകയായി വഴിമാറിവന്ന നൗഷി. സംഗീതാധ്യാപന ജോലി നഷ്ടപ്പെട്ട് തെങ്ങുകയറ്റത്തിനു പോകേണ്ടിവന്ന അലി അക്ബർ എന്നിങ്ങനെ പോകുന്നു ചില അധ്യാപകജീവിതങ്ങൾ. പിരിച്ചുവിടലിനുശേഷം പുതിയ അധ്യാപകരെത്തിയപ്പോൾ അക്കാദമിക വർഷത്തിന്റെ പകുതി കഴിഞ്ഞിരുന്നു. അധ്യാപകരുടെ കുറവുകാരണം ­നേരത്തേ ആഴ്ചയിൽ 26 പീരിയഡ് ഒരു ടീച്ചർ ക്ലാസെടുത്തിരുന്നത് ഇപ്പോൾ 33 പീരിയഡിലേക്കെത്തി. നൈപുണി വികസനത്തിനായുള്ള കോൺട്രാക്ട് അധ്യാപകരെയും പിരിച്ചുവിട്ടു. ‘‘ഡ്രോയിങ് ക്ലാസ് എടുക്കാനാണ് സ്കൂൾ ആവശ്യപ്പെടുന്നത്. ഭാഷാ അധ്യാപികയായ ഞാനെങ്ങനെയാണ് ഡ്രോയിങ് പഠിപ്പിക്കുക’’ -പേര് വെളിപ്പെടുത്താൻ ഭയമുള്ള അധ്യാപിക പറഞ്ഞു. ദ്വീപിലെ ഒരു സർക്കാർ സ്കൂളിൽ നിലവിൽ ആറുമുതൽ 10 വരെയുള്ളവർക്ക് ഒരു മലയാളം അധ്യാപികയാണുള്ളത്. അമിതസമ്മർദം വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുന്നെന്ന് അധ്യാപകർ പറയുന്നു.

തദ്ദേശീയർക്ക് പങ്കില്ലാത്ത ടൂറിസം
ടൂറിസ്റ്റുകളുടെ ഇഷ്ട ഇടമാണ് 2012-ൽ നവീകരിച്ച ഷാർക്ക് പൂളും മ്യൂസിയവും. 14 പേരുണ്ടായിരുന്നു. ഇന്ന് രണ്ടുജീവനക്കാർ മാത്രമേയുള്ളൂ. പൂളിലെ ആകർഷണമായിരുന്നു സ്രാവ്. സ്രാവിന് ചെറുമീനുകളെ ശേഖരിച്ചുകൊടുത്തിരുന്ന തൊഴിലാളികളെ പിരിച്ചുവിട്ടതോടെ മേൽനോട്ടത്തിന് ആളില്ലാതെ മീനുകളെല്ലാം ചത്തു. അവശേഷിക്കുന്ന മൂന്ന് മീനുകൾക്കുള്ള തീറ്റയ്ക്ക് സ്വന്തം കീശയിൽനിന്നാണ് ജീവനക്കാർ പണം കണ്ടെത്തുന്നത്. വാട്ടർ സ്പോർട്സും സ്‌കൂബാ ഡൈവിങ്ങുമാണ് ലക്ഷ്വദ്വീപിന്റെ പ്രധാന ടൂറിസംവരുമാനം. ആളില്ലാത്തതിനാൽ വാട്ടർ സ്പോർട്സ് സെന്ററിൽ ഔട്ട് സോഴ്സിങ്ങാണ് നടക്കുന്നത്. സമുദ്രം പാക്കേജ് നിർത്തലാക്കുന്നതുവരെ അതിൽനിന്ന് മാത്രമുള്ള ഒരുമാസത്തെ വരുമാനം 63 ലക്ഷമായിരുന്നു. അതും മുടങ്ങി. കട്മത്ത്, മിനിക്കോയി, കവരത്തി, ബംഗാരം എന്നിവിടങ്ങളിലുണ്ടായ ടൂറിസം ഓപ്പറേഷൻ ബംഗാരം മാത്രമായി ചുരുക്കി.

ദീർഘവീക്ഷണമില്ലാത്ത നയം
ലക്ഷദ്വീപിനെ അന്താരാഷ്ട്ര ടൂറിസത്തിനായി തുറന്നുകൊടുക്കുന്നത് കരയിലെ നിക്ഷേപകർക്ക് സമ്പത്തുണ്ടാക്കാനല്ല, ദ്വീപ് ജനങ്ങളിലേക്ക് സമൃദ്ധി എത്തിക്കാനാണ്. യുവാക്കൾക്ക് തൊഴിൽനൽകി തദ്ദേശീയരെ ഉപയോഗിച്ച് ടൂറിസം ദ്വീപിൽ വളരുകയായിരുന്നു. ഇപ്പോൾ ദ്വീപിൽ സാമ്പത്തിക അസമത്വം കൂടി. തൊഴിലവസരം, മത്സ്യബന്ധന പരിപാലനം, മാലിന്യനിർമാർജനം, കുടിവെള്ളം എന്നിവയ്ക്കുള്ള നയവും ദീർഘവീക്ഷണവും ഇപ്പോൾ പ്രഖ്യാപിച്ച ഒരു പദ്ധതികളിൽ കാണാനാവില്ല
വജാഹത്ത് ഹബീബുള്ള മുൻ അഡ്മിനിസ്ട്രേറ്റർ

പണ്ടാരം ഭൂമി
ചിറക്കൽ രാജവംശംമുതൽ സർക്കാർ ജനങ്ങൾക്ക് പാട്ടത്തിനുകൊടുത്ത ആൾപ്പാർപ്പില്ലാത്ത ഭൂമിയാണ് പണ്ടാരംഭൂമി. പതിറ്റാണ്ടുകളായി അതിലെ വലിയ പ്രദേശം ദ്വീപ് ജനത കൈവശംവെച്ചിരിക്കുകയാണ്. 2019 വരെ കൈവശാവകാശമുള്ളവരുടെ പണ്ടാരഭൂമിയിൽ അവർക്ക് സമ്പൂർണ അവകാശം എന്ന നിയമഭേദഗതി കൊണ്ടുവന്നു. പുതിയ അഡ്മിനിസ്‌ട്രേറ്റർ അത് നടപ്പാക്കിയിട്ടില്ല. ദ്വീപിലെ 26 ജനവാസമില്ലാത്ത ദ്വീപുകളും പണ്ടാരത്തിൽപ്പെടും. ഇല്ലാത്തത് അമിനിയിൽ മാത്രം.

ദ്വീപിന്‌ വേണ്ടത്‌ റോഡല്ല
ഒരു നാടിന്റെ വികസനകാര്യത്തിൽ മുൻഗണനകൾ പ്രധാനമാണ്. ചികിത്സകിട്ടാതെ മനുഷ്യർ മരിച്ചുവീഴുന്ന ദ്വീപിൽ, വാഹനമോടാത്ത റോഡിന്റെ വികസനത്തിനുവേണ്ടി കാശ് ചെലവഴിക്കണോ, തൊഴിലില്ലായ്മയും ആരോഗ്യസംവിധാനത്തിലെ പോരായ്മകളും പരിഹരിക്കാൻ പ്രവർത്തിക്കണോ എന്നാണ് ഒരു ഭരണാധികാരി ചിന്തിക്കേണ്ടത്.
ഡോ. പി.പി. കോയ.
ലക്ഷദ്വീപ് മുൻ എം.പി.

(തുടരും)

Content Highlights: editpage

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..