കണ്ണുംനട്ട് പരുന്തുകൾ


3 min read
Read later
Print
Share

ഇന്ത്യാഗേറ്റ്, ന്യൂഡൽഹി

കുറെ വർഷങ്ങൾക്കുമുമ്പാണ്, കൃത്യമായി പറഞ്ഞാൽ 1975 ജൂൺ 25-ന്. ഡൽഹിയിലെ മൈതാനത്ത് ഒരു ആൾക്കടൽ. അവർക്ക് മുഖാമുഖമുള്ള ചെറുവേദിയിൽ ഒരു എഴുപത്തിമൂന്നുകാരൻ. അദ്ദേഹത്തിന്റെ വിരൽത്തുമ്പിലും വാക്കിൻതുമ്പിലും കണ്ണും കാതും നട്ട് ആൾക്കൂട്ടമനസ്സ്. സോഷ്യലിസ്റ്റ് സങ്കല്പങ്ങൾക്ക് വിത്തുപാകിയ ജയപ്രകാശ് നാരായൺ അധികാരത്തെ വെല്ലുവിളിച്ച് ‘സമ്പൂർണ വിപ്ലവം’ എന്ന തന്റെ സങ്കല്പം അവതരിപ്പിക്കുകയായിരുന്നു അപ്പോൾ. രാഷ്ട്രകവി രാംധാരി സിങ്‌ ദിൻകറിന്റെ കവിതയിലെ ചില വരികൾ പാടിയാണ് ജെ.പി. തന്റെ പ്രസംഗം അന്ന് അവസാനിപ്പിച്ചത്. ‘സിംഘാസൻ ഖാലി കരോ, കി ജൻതാ ആതി ഹേ....’ (സിംഹാസനങ്ങൾ ഒഴിയൂ, ജനങ്ങൾ എത്തിക്കഴിഞ്ഞു). അധികാരത്തോട് നേരിട്ട് വിളിച്ചുപറഞ്ഞ ആ കവിതാശകലം ജനങ്ങൾ പടപ്പാട്ടുപോലെ ഏറ്റെടുത്തു. അന്ന് അർധരാത്രിയിൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പിന്നീട് സംഭവിച്ചത് ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിലെ മായ്ക്കാനാകാത്ത ചില ഏടുകൾ.

വർഷങ്ങൾക്കുശേഷം രാംലീലാ മൈതാനത്തെ മറ്റൊരു പകൽ. കൃത്യമായി രേഖപ്പെടുത്തിയാൽ 2015 ഫെബ്രുവരി 14-ന്. നാൽപ്പത് വർഷങ്ങൾക്കുശേഷം വീണ്ടും ഡൽഹിയിലെ മൈതാനം നിറഞ്ഞുകവിഞ്ഞു. ഉച്ചയ്ക്ക് 12 മണിയായപ്പോൾ വേദിയിലേക്ക് നീല സ്വെറ്ററും ബ്രൗൺ നിറത്തിലെ മഫ്‌ളറുമണിഞ്ഞ് ഒരു കുറിയ മനുഷ്യൻ കയറിവന്നു. അതുകണ്ട് മൈതാനത്തെ കടൽ ഇളകിമറിഞ്ഞു. ‘‘ഇത് നിങ്ങളുടെ സർക്കാരാണ്, ഞാൻ നിങ്ങളുടെ സേവകനാണ്’’ -രണ്ടാംവട്ടവും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം തന്റെ പ്രസംഗം അവസാനിപ്പിക്കുംമുമ്പ് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. കെജ്‌രിവാളിന്റെ വാക്കുകൾക്ക് പിന്തുണയുമായി വീണ്ടും ആൾക്കടലലകൾ. അതിനുശേഷം സംഭവിച്ചതും ഇന്ത്യയുടെ രാഷ്ട്രീയചരിത്രത്തിലെ ബദൽസാധ്യതകൾ.

ബദൽ രാഷ്ട്രീയത്ത​ിന്റെ അടയാളങ്ങൾ
ജെ.പി.യെയും കെജ്‌രിവാളിനെയും താരതമ്യംചെയ്യാനുള്ള അതിസാഹസികതയല്ല ഈ രണ്ടു സംഭവവിവരണങ്ങൾ പറയുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇരുവരും തമ്മിലും രണ്ടുപേരും പ്രതിനിധാനംചെയ്യുന്ന കാലങ്ങൾ തമ്മിലും വിശ്വസിക്കുന്ന പ്രത്യയശാസ്ത്രങ്ങൾ തമ്മിലും ചേരുംപടി ചേർച്ചയില്ല എന്ന് വ്യക്തം. എന്നാൽ, ജയപ്രകാശ് നാരായണനും അരവിന്ദ് കെജ്‌രിവാളും രാജ്യത്തെ രാഷ്ട്രീയചരിത്രത്തിൽ രണ്ടിടത്തായി രേഖപ്പെടുത്തപ്പെടുന്നത് ഇരുവരും മുന്നോട്ടു​െവച്ച ബദൽ രാഷ്ട്രീയസാധ്യതയുടെ സാമ്യതയിലാണ്. പരമ്പരാഗത ഭരണരീതികളുടെ അലകും പിടിയും അഴിച്ചുമാറ്റി അധികാരം ജനങ്ങളിൽ വിന്യസിക്കുകയും പങ്കാളിത്തമുറപ്പിക്കുകയും ചെയ്ത് അരവിന്ദ് കെജ്‌രിവാളും ആം ആദ്മി പാർട്ടിയും രാജ്യതലസ്ഥാനത്ത് പുതിയ ഭരണമാതൃക സൃഷ്ടിച്ചു.

ചുവപ്പുനാടകളുടെ പൊടിയടിച്ചും മാമൂലുകളുടെ ചിലന്തിവലകൾ മായ്ച്ചും കെജ്‌രിവാളിന്റെയും ആപ്പിന്റെയും ചൂല് തൂത്തുതുടയ്ക്കാൻ തുടങ്ങിയതോടെ മുഖ്യധാരാരാഷ്ട്രീയപ്പാർട്ടികളുടെ പതിവുരീതികൾക്കുമേൽ ചോദ്യങ്ങളുയർന്നു. അടിസ്ഥാനവിഷയങ്ങൾ താഴെത്തട്ടുകാർക്കും കൈയെത്തിപ്പിടിക്കാവുന്ന ദൂരത്തെത്തിയതോടെ തങ്ങളും ഭരണപങ്കാളികളായതായി ജനസമൂഹത്തിന് അനുഭവപ്പെട്ടതാണ് ഈ ബദൽരാഷ്ട്രീയത്തിന്റെ ഉൾക്കാമ്പ്. ഇങ്ങനെയും ഭരണമാകാമെന്ന ആപ് മാതൃക പലയിടങ്ങളിലും പകർത്താൻ പല രാഷ്ട്രീയങ്ങളും നിർബന്ധിതരായി. 2020-ലും ആപ് തിരിച്ചുവന്നത് ബി.ജെ.പി.ക്കും കോൺഗ്രസിനും കടുത്തക്ഷീണമായി. ഇതിനുപുറമേ അവർ പഞ്ചാബിലും ഭരണം പിടിച്ചു. 2024-നുമുമ്പ് പ്രതിപക്ഷ ഐക്യത്തിന്റെ മുൻനിര ലക്ഷ്യമിട്ടുള്ള യാത്രയും കെജ്‌രിവാൾ തുടങ്ങി. എങ്കിലും ഇരതേടി താഴേക്ക് കണ്ണുറപ്പിക്കുന്ന പരുന്തുകളെപ്പോലെ മുഖ്യധാരാ പാർട്ടികൾ ആപ്പിനെ വീഴ്ത്താൻ പഴുതുകൾ തിരഞ്ഞുകൊണ്ടേയിരുന്നു.

ലക്ഷ്യം ഹൃദയം
ഇതിനിടയിലാണ്, പ്രതിപക്ഷനിരയെ ഉന്നമിട്ട് പതിവായി സഞ്ചരിക്കുന്നുവെന്ന് ആരോപണമുയരാറുള്ള കേന്ദ്ര അന്വേഷണ ഏജൻസികളുടെ വാഹനങ്ങൾ ആപ്പിന്റെ ഓഫീസിലേക്ക് കയറിയത്. കഴിഞ്ഞവർഷം പുതുതായി കൊണ്ടുവന്ന എക്‌സൈസ് നയത്തിന്റെ മറവിൽ കോടികളുടെ ഇടപാട് മണക്കുന്നതായി ആരോപിച്ചായിരുന്നു നീക്കം. മദ്യക്കമ്പനികൾ നൽകിയ കോഴപ്പണം ആപ്പ് നേതാക്കൾ വാങ്ങിയതായും ഈ പണം ഗോവയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതായും കണ്ടെത്തിയെന്ന് അന്വേഷണ ഏജൻസികൾ. പരിശോധന ലക്ഷ്യമിട്ടത് കെജ്‌രിവാളിന്റെ വിശ്വസ്തൻ മനീഷ് സിസോദിയയെ. പാർട്ടിയുടെയും സർക്കാരിന്റെയും മുഖം കെജ്‌രിവാളാണെങ്കിലും മിടിക്കുന്ന ഹൃദയം മനീഷ് സിസോദിയയാണ്. ഡോ. മൻമോഹൻ സിങ്ങിന്റെ കാലത്ത് രാജ്യഭരണം സുഗമമാക്കിയത്‌ 52 മന്ത്രിതല ഉപസമിതികളുടെ അധ്യക്ഷനായിരുന്ന പ്രണബ് മുഖർജിയായിരുന്നു. അതുപോലെ ഡൽഹി ഭരണസംവിധാനത്തിൽ 18 പ്രധാനവകുപ്പുകളുടെ ചുക്കാൻ സിസോദിയയുടെ കൈകളിലാണ്. ഇക്കാര്യം രാഷ്ട്രീയചാണക്യന്മാർക്ക് മനഃപാഠം. മദ്യക്കോഴയെച്ചൊല്ലി സിസോദിയ സി.ബി.ഐ.യുടെ പൂട്ടിലായി. മദ്യ ഇടപാടുകളുടെ കറുപ്പും വെളുപ്പും പുറത്തുവരാനിരിക്കുന്നതേയുള്ളൂവെങ്കിലും ആരോപണങ്ങളും അറസ്റ്റും ആപ്പിനെ പ്രതിരോധത്തിൽ വീഴ്ത്തി. അഴിമതിക്കെതിരേയുള്ള ജനവികാരത്തിന്റെ അടിസ്ഥാനത്തിൽ രൂപംകൊണ്ട പാർട്ടിക്കുനേരെ അഴിമതിയാരോപണമുയരുന്നുവെന്ന ആക്ഷേപത്തിന് മറുപടിനൽകേണ്ട ബാധ്യതയും ആപ്പിന്റെ ചുമതലയായി.

പ്രതിപക്ഷം പലവഴി
പാർട്ടിയുടെയും സർക്കാരിന്റെയും തലച്ചോറും ഹൃദയവും താത്‌കാലികമായെങ്കിലും അപഹരിക്കപ്പെടുമ്പോൾ, മുഖത്തിന് മാത്രമായി ചലനം എളുപ്പമല്ല. അതായിരിക്കും ആപ്പിന്റെ മുന്നിലെ പ്രധാനവെല്ലുവിളി. ഒരു സന്നദ്ധസംഘടനയുടെ സ്വഭാവത്തിൽനിന്ന് ഇനിയും പുറത്തുകടക്കാൻ കഴിഞ്ഞിട്ടില്ലാത്ത ആം ആദ്മി പാർട്ടിക്ക് ഈ വെല്ലുവിളി മറികടക്കാൻ മറ്റ് പ്രതിപക്ഷ പാർട്ടികളുടെ സഹായവും തേടേണ്ടിവരും. എന്നാൽ, സിസോദിയയുടെ അറസ്റ്റിനെച്ചൊല്ലി രണ്ടുതട്ടിലായ കോൺഗ്രസ് എന്തു നിലപാട് സ്വീകരിക്കുമെന്നത് കാണേണ്ടകാര്യമാണ്. ഇ.ഡി., സി.ബി.ഐ. പരിശോധനകളെ വിമർശിക്കാറുള്ള കോൺഗ്രസിന്റെ ഉന്നതനേതൃത്വം ഒരു നിലപാടും ഡൽഹി സംസ്ഥാനനേതാക്കൾ മറ്റൊരു സമീപനവും സ്വീകരിച്ചതിനെക്കുറിച്ച് വിശദീകരിച്ച് വിഷമിക്കുമെന്ന്‌ തീർച്ച.

Content Highlights: editpage

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..