വിഴിഞ്ഞം തുറമുഖം നാളെയുടെ നാഴികക്കല്ല്


ഡോ. ജോസ് പോൾ

3 min read
Read later
Print
Share

വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രദേശം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

എഴുപത്തിയഞ്ചു ബില്യൻ രൂപയുടെ വിഴിഞ്ഞം തുറമുഖനിക്ഷേപ പദ്ധതി മുപ്പതുവർഷംമുമ്പ് വിഭാവനം ചെയ്തതുമുതൽ സഹയാത്രികരെപ്പോലെ വിവാദങ്ങളും ഒപ്പമുണ്ട്. ലോകത്തെ ഏറ്റവും ആഴമേറിയ തുറമുഖങ്ങൾ അമേരിക്കയിലോ യൂറോപ്പിലോ അല്ല ഉള്ളത്, ഏഷ്യയിലാണ്. ലോകത്തെ ഏറ്റവുംവലിയ മുപ്പതു കണ്ടെയ്‌നർ തുറമുഖങ്ങളിൽ ഇരുപത്തിയൊന്നെണ്ണവും ഏഷ്യയിലാണ്. മൂന്നെണ്ണംമാത്രം അമേരിക്കയിലും ആറെണ്ണം യൂറോപ്പിലും. ലോകത്തെത്തന്നെ ഏറ്റവുംവലിയ സമുദ്ര ചരക്കുകൈമാറ്റ ഗതാഗതകേന്ദ്രം (ട്രാൻഷിപ്‌മെന്റ്) ഏഷ്യയിലാണ്. 2021-ലെ കണക്കനുസരിച്ച് 42 ശതമാനം കയറ്റുമതിയും 64 ശതമാനം ഇറക്കുമതിയും ഏഷ്യൻ രാജ്യങ്ങളിൽ തന്നെ.

ഭൂമിശാസ്ത്രപരമായ മേന്മകൾ
തിരുവനന്തപുരത്തിന് ഏകദേശം 20 കിലോമീറ്റർ തെക്കുള്ള വിഴിഞ്ഞത്തിന്, കരയിൽനിന്ന് ഏതാണ്ട്‌ മൂന്നുകിലോമീറ്റർ അകലത്തിൽ 20 മീറ്റർ താഴ്ചയുള്ള സ്വാഭാവിക ജലാശയമുണ്ട്. മണ്ണൊലിപ്പ്‌ സാധ്യത വളരെ കുറവ്‌, ഡ്രഡ്ജിങ് നടത്തേണ്ട സാഹചര്യങ്ങൾ കുറവ്, പേർഷ്യൻ ഗൾഫ്, യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര കപ്പൽഗതാഗതമാർഗമാകട്ടെ വെറും ഇരുപത് നോട്ടിക്കൽ മൈൽ അകലെ. ഭൂതകാലത്തിന്റെ ഭാണ്ഡക്കെട്ടുകൾ ഒന്നുമില്ലാതെ സ്വതന്ത്രമായി രൂപകല്പന ചെയ്യാനും വികസിപ്പിക്കാനും കഴിയുന്ന പ്രദേശമാണിത്. വൻകിട തുറമുഖമല്ലാത്തതിനാൽ തുറമുഖത്തെ നിരക്ക് തീരുമാനിക്കുന്നതിലും സ്വാതന്ത്ര്യമുണ്ട്. സംസ്ഥാന സർക്കാരാണ് നിയന്ത്രണാധികാരി എന്നതിനാൽ തീരുമാനങ്ങളും സംസ്ഥാനതലത്തിൽ മതിയാകും.

മുന്നിൽ മികച്ച അവസരം
ഒരു വൻകിട കപ്പലിൽനിന്ന് മറ്റൊരു ചെറിയകപ്പലിലേക്ക് ചരക്കുകൈമാറ്റം നടത്തുന്ന തുറമുഖത്തെയാണ് ചരക്കുകൈമാറ്റ തുറമുഖം അഥവാ ട്രാൻസ്‌ഷിപ്‌മെന്റ് തുറമുഖം എന്നു പറയുന്നത്. വിദേശരാജ്യങ്ങളിൽനിന്നുള്ള ചരക്കുകപ്പലുകൾ ഇടയ്ക്കൊരു തുറമുഖത്തെത്തി, മറ്റൊരു കപ്പലിലേക്ക് തങ്ങളുടെ ചരക്കിറക്കിക്കയറ്റുന്നതിനാണ് അന്താരാഷ്ട്ര കപ്പൽഗതാഗതശ്രേണിയിൽ ഇത്തരം തുറമുഖങ്ങൾ നിലവിലുള്ളത്. അന്താരാഷ്ട്രതലത്തിൽ സേവനംചെയ്യുന്ന വലിയ ചരക്കുകപ്പലുകൾ ഇതുപോലെ ചില തുറമുഖ ഹബ്ബുകളിൽ അടുക്കുകയും ഫീഡർ കപ്പലുകളുടെ സഹായത്തോടെ പ്രാദേശിക തുറമുഖങ്ങളിലേക്ക് ചരക്കുകൾ കൈമാറ്റംചെയ്യുകയും ചെയ്യുന്നു. ലോകത്തെ പ്രധാന ചരക്കുകൈമാറ്റ തുറമുഖങ്ങൾ സിങ്കപ്പൂർ, മലേഷ്യയിലെ ടാൻചുങ് പെലിപാസ്, ഒമാനിലെ സലാല തുറമുഖം, ശ്രീലങ്കയിലെ കൊളംബോ തുറമുഖം, ദുബായ്‌ എന്നിവിടങ്ങളിലാണ്. ഇവിടെയാണ്‌ വിഴിഞ്ഞത്തിന്റെ പ്രസക്തി. പൂർത്തിയായിക്കഴിഞ്ഞാൽ രാജ്യത്തെ മികവുറ്റ ട്രാൻസ്‌ഷിപ്‌മെന്റ്‌ കണ്ടെയ്‌നർ ടെർമിനലാവും ഇത്‌. പൊതുവേ ഗേറ്റ്‌വേ തുറമുഖങ്ങളെ സുരക്ഷിതവും സുസ്ഥിരവുമായ ഒന്നായാണ് കണക്കാക്കുന്നത്. കാരണം, തങ്ങളുടെ പാർശ്വതല പ്രദേശത്തെ വ്യാവസായികവും കാർഷികവും വാണിജ്യ സംബന്ധവുമായ ചരക്കുകളെ ആശ്രയിച്ചാണ് അവ നിലകൊള്ളുന്നത്. അതേസമയം, ഇതര രാജ്യങ്ങളിലെ തുറമുഖങ്ങളിൽനിന്നുള്ള ചരക്കുകളുടെ അളവിനെ ആശ്രയിച്ചുനിൽക്കുന്ന ചരക്കുകൈമാറ്റ തുറമുഖങ്ങൾ സുരക്ഷിതമല്ലാത്തതും അസ്ഥിരവുമാണ്. അവ പലവിധ സമ്മർദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും മേലാണ് നിലകൊള്ളുന്നത്.

വിഴിഞ്ഞത്തിന്റെ സാധ്യതകൾ
2010 വരെ നിർമിച്ച കപ്പലുകളെയപേക്ഷിച്ച് 30 ശതമാനം പ്രവർത്തനച്ചെലവിൽ ഇടിവുള്ളത് കണക്കിലെടുത്ത് കൂടുതൽ വലിയ കപ്പലുകൾ നിർമിക്കാനുള്ള പ്രവണത കൂടുകയാണ്. കപ്പലുകൾ വലുതാകുകയും അവയുടെ സംഭരണശേഷി വർധിക്കുകയും ചെയ്യുന്നതോടെ ആഴമേറിയ തുറമുഖങ്ങളും തുറമുഖങ്ങളെ സമീപിക്കുന്നതിനുള്ള ആഴമേറിയ കപ്പൽച്ചാലുകളും ആവശ്യമായിവരുന്നു. 20 മീറ്റർവരെ താഴ്ചയുള്ള തുറമുഖങ്ങൾ, അന്താരാഷ്ട്ര കപ്പൽഗതാഗത മാർഗത്തിന്റെ സാമീപ്യം, കപ്പലിന്റെ ബീമിന് 22 വരികൾവരെ നീളുന്ന ഉയർന്നശേഷിയുള്ള ക്രെയിനുകൾ, ഐ.ടി. സഹായസംഘത്തിന്റെ പിന്തുണയോടെ കുറഞ്ഞസമയത്ത് കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം എന്നിവയാണ് മദർഷിപ്പുകളെ തുറമുഖങ്ങളിലേക്ക് ആകർഷിക്കാനുള്ള മാനദണ്ഡം. വിഴിഞ്ഞത്ത്‌ ഇത്‌ സാധ്യമാണ്‌.
2011 ഫെബ്രുവരിമുതൽ വല്ലാർപാടം ഇത്തരത്തിൽ അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനലായി പ്രവർത്തിക്കുന്നു. 2024-ൽ വിഴിഞ്ഞം പ്രവർത്തനമാരംഭിക്കുന്നതോടെ വല്ലാർപാടത്തിന് എന്തു സംഭവിക്കും... ഈ മത്സരാധിഷ്ഠിത വിപണിയിൽ വിഴിഞ്ഞവും വല്ലാർപാടവും തമ്മിലുള്ള അകലം കേവലം 180 നോട്ടിക്കൽ മൈൽ മാത്രമാകുമ്പോൾ രണ്ട്‌ ട്രാൻസ്ഷിപ്‌മെന്റ് തുറമുഖങ്ങൾ ഒരുമിച്ച് നിലനിൽക്കാൻ സാധ്യതയുണ്ടോ?

മലേഷ്യയിലെ ഫോർട്ട് ക്ലാങ് തുറമുഖവും ടാൻജങ്‌ പെലെപാസ് തുറമുഖവും ഏകദേശം 150 നോട്ടിക്കൽമൈൽ ദൂരത്തിൽ സഹവർത്തിത്വത്തോടെ നിലനിൽക്കുന്നു. യു.­എ.ഇ.യിലെ ജബൽ അലിയും അബുദാബിയും 81 നോട്ടിക്കൽ മൈൽ അകലത്തിലാണ്. ഹോങ്‌ കോങ്ങും ചൈനയിലെ യാൻടിയാനും തമ്മിലുള്ള അകലം കേവലം 20 നോട്ടിക്കൽ മൈൽ മാത്രം. അമേരിക്കയിലെ ടകോമയും സിയാറ്റിലും 33 നോട്ടിക്കൽ മൈൽ ദൂരത്തിൽ നിലകൊള്ളുന്നു. അപ്പോൾ ട്രാൻസ്ഷിപ്‌മെന്റ് തുറമുഖത്തിന്റെ നിലനിൽപ്പ്‌ രണ്ടുതുറമുഖങ്ങൾ തമ്മിലുള്ള അകലത്തെ ആശ്രയിച്ചല്ലെന്നുവരുന്നു. അതുകൊണ്ടുതന്നെ വല്ലാർപാടത്തിനും വിഴിഞ്ഞത്തിനും തങ്ങളുടേതായ സവിശേഷതകളിൽ സഹവർത്തിത്വത്തോടെ നിലകൊള്ളാം.

10,000 കണ്ടെയ്‌നർ ബോക്സുകൾ വഹിക്കാവുന്ന കപ്പലുകളെ വല്ലാർപാടത്തും പതിനായിരംമുതൽ ഇരുപത്തിയയ്യായിരംവരെ ബോക്സ് കയറ്റാവുന്ന വൻകിട കപ്പലുകളെ വിഴിഞ്ഞത്തും എത്തിക്കാനാകും. വിഴിഞ്ഞത്തോടടുത്തുള്ള മത്സര ശേഷിയുള്ള മറ്റൊരു വൻകിട തുറമുഖം കൊളംബോ ആണ്. 2021-ൽ 7.2 ദശലക്ഷം കണ്ടെയ്‌നർ ബോക്സുകൾ കൈകാര്യംചെയ്ത തുറമുഖമാണ് കൊളംബോ. ആ തുറമുഖത്തിന്റെ കണ്ടെയ്‌നർ ട്രാഫിക്കിന്റെ 70 ശതമാനവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽനിന്നുള്ളതാണ്‌. വിഴിഞ്ഞം വികസിപ്പിച്ചാൽ വിദേശ തുറമുഖങ്ങളിൽ, പ്രത്യേകിച്ച്‌ കൊളംബോയിൽനിന്ന്‌ ഇന്ത്യൻ ചരക്കുകൾ കൈമാറ്റംചെയ്യുന്നത് പരമാവധി ഒഴിവാക്കാം. അതുവഴി ഇന്ത്യയിലെ കയറ്റുമതിക്കാർക്കും ഇറക്കുമതിക്കാർക്കും ഒരു കണ്ടെയ്‌നറിനുമേൽ ­ 80 മുതൽ 100 യു.എസ്. ഡോളർവരെ നേട്ടം ഉണ്ടാക്കാനും പറ്റും.
തുറമുഖപ്രവർത്തനങ്ങളെ ഉൗർജിതമാക്കാൻ സഹായിക്കുന്നവിധം യോഗ്യരായ ഐ.ടി. ഉദ്യോഗസ്ഥർക്ക്, നൂതനമായ പ്രവർത്തന-സഹായ സംവിധാനങ്ങൾ ഒരുക്കാൻ കേരളത്തിന്‌ സാധിക്കും. അനുഗുണമായ എല്ലാ ഘടകങ്ങളും ശരിയായവിധത്തിൽ ഏകോപിപ്പിക്കുകയാണെങ്കിൽ വിഴിഞ്ഞത്തിന്, ആഗോള ചരക്കുഗതാഗതരംഗത്ത് സമാനതകളില്ലാത്ത ഗുണനിലവാരമുള്ള സേവനവും പ്രവർത്തനകാര്യക്ഷമതയും തുറമുഖസേവനവും കാഴ്ചവെക്കാൻ സാധിക്കും.


മർമഗോവ പോർട്ട്‌ ചെയർമാൻ, മുംബൈ
ജെ.എൻ. പോർട്ട്‌ ആക്ടിങ്‌ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ലേഖകൻ പോർട്ട്‌ മാനേജ്‌മെന്റിൽ യൂണിവേഴ്‌സിറ്റി ഓഫ്‌ വെയിൽസിൽനിന്നാണ്‌ പിഎച്ച്‌.ഡി. നേടിയത്‌. ചെന്നൈ ഇന്ത്യൻ മാരിടൈം
സർവകലാശാലയിലെ അഡ്‌ജസന്റ്‌ പ്രൊഫസറാണ്‌.

Content Highlights: editpage

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..