വെറുതേയൊരു കച്ചമുറുക്കൽ


2 min read
Read later
Print
Share

കേന്ദ്രം സംസ്ഥാനത്തെ അവഗണിക്കുന്നതിനെതിരേ ഭരണപക്ഷത്തുനിന്നുതന്നെ അനൗദ്യോഗിക പ്രമേയം വന്നപ്പോൾ അത് സർക്കാർ ഏറ്റെടുത്ത് സഭ പാസാക്കി കേന്ദ്രത്തിലേക്ക്‌ തൊടുത്തുവിടുമെന്ന പ്രതീതിയാണുണ്ടായത്. പക്ഷേ, പ്രമേയാവതരണം വെറുതെയൊരു കച്ചമുറുക്കലാണെന്ന് ഒടുവിലാണ് മനസ്സിലായത്. അവഗണനയെക്കുറിച്ചുള്ള ചുടുനിശ്വാസങ്ങളെല്ലാം പ്രധാനമന്ത്രിയെ നേരത്തേതന്നെ അറിയിച്ചസ്ഥിതിക്ക്‌ ഇനിയൊരു പ്രമേയം വേണ്ടതില്ലെന്ന് മന്ത്രി എം.ബി. രാജേഷ് പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച അംഗങ്ങളുടെ പ്രമേയങ്ങളാണ് സഭ പരിഗണിച്ചത്. കേന്ദ്രാവഗണനയ്ക്കെതിരേ പ്രമേയം അവതരിപ്പിക്കാൻ ആഗ്രഹമുണ്ടായത് വി. ജോയിക്കാണ്. അദ്ദേഹം സ്ഥലത്തില്ലാതിരുന്നതിനാൽ അവതരണം സി.എച്ച്. കുഞ്ഞമ്പുവിനെ ഏൽപ്പിച്ചു. ജി.എസ്.ടി. നഷ്ടപരിഹാരം നീട്ടാത്തതിലും കടമെടുക്കാൻ അനുവദിക്കാത്തതിലും കിഫ്ബിയെ ഞെക്കിക്കൊല്ലാൻ ശ്രമിക്കുന്നതിലുമെല്ലാം പ്രതിഷേധിച്ച കുഞ്ഞമ്പു കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ചു.
നേരത്തോടുനേരം കേന്ദ്രത്തെ വിമർശിക്കുന്ന എൽ.ഡി.എഫ്. സർക്കാർ എന്തുകൊണ്ട് ഇത് സർക്കാരിന്റെ ഒൗദ്യോഗിക പ്രമേയമായി അവതരിപ്പിച്ചില്ല? ചോദ്യം എ.പി. അനിൽകുമാറിന്റേത്. ഉത്തരവും അനിൽകുമാർതന്നെ കണ്ടെത്തി. ബി.ജെ.പി.-സി.പി.എം. അന്തർധാര സജീവം. പ്രമേയത്തിൽ പറയുന്ന കാര്യങ്ങൾ പുറത്തുപറയാൻ ധനമന്ത്രിക്ക് ചങ്കൂറ്റമില്ല. പണ്ട് വി.എസും മന്ത്രിമാരും ഡൽഹിയിൽപ്പോയി സമരംചെയ്തില്ലേ. ഈ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഡൽഹിയിൽപ്പോകാൻ ധൈര്യമുണ്ടോ? ജി.എസ്.ടി. കുടിശ്ശികയുണ്ടായിട്ടും നിർമലാ സീതാരാമനുമായി തർക്കമില്ലെന്ന് പറഞ്ഞതൊക്കെ ഈ അന്തർധാരയുടെ ഭാഗമാണെന്ന് അനിൽകുമാർ തട്ടിവിട്ടെങ്കിലും പ്രമേയത്തെ പിന്തുണയ്ക്കുന്നോ ഇല്ലയോ എന്ന് വ്യക്തമാക്കുന്നതിൽ അദ്ദേഹം തന്ത്രപരമായ മൗനം പാലിച്ചു.
ഒരു സീറ്റുപോലും ഇല്ലാത്ത കേരളം ബി.ജെ.പി. ഭരിക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം കേട്ട് സഭയിലേക്കുവന്ന മുസ്‌ലിം ലീഗിലെ എ.കെ.എം. അഷറഫിന് പ്രമേയത്തിൽ വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു. ഔദ്യോഗിക പ്രമേയം കൊണ്ടുവരാത്തത് ഒളിച്ചുകളിയാണ്. എന്നിരുന്നാലും ആർ.എസ്.എസിനോടും ബി.ജെ.പി.യോടും അതിശക്തമായി പോരാടി സഭയിലെത്തിയ താൻ കേരളത്തോടൊപ്പം നിൽക്കുന്നു. പ്രമേയത്തെ പിന്തുണയ്ക്കുന്നുവെന്ന് അഷറഫ് ഉറപ്പിച്ചുപറഞ്ഞു. കേന്ദ്രാവഗണനയെക്കുറിച്ച് പ്രതിപക്ഷത്തുനിന്ന് ശക്തമായ സ്വരമുയർത്തിയതും അഷറഫ് തന്നെ.
അടിയന്തരപ്രമേയ വേളയിൽ ക്വട്ടേഷൻ സംഘങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വാചാലനായി. പൊതുജീവിതത്തിന്റെ സ്വസ്ഥതയ്ക്കുമേൽ ഭീതിയുടെ ചിറകുകൾ വിരിച്ച് സ്വച്ഛന്ദം വിഹരിക്കുന്ന രക്തദാഹികളായ അക്രമിസംഘങ്ങളെ ഉന്മൂലനം ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഷുഹൈബിനെ കൊല്ലിച്ചത് പാർട്ടിയാണെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ ഈ പ്രസംഗം ഗിരിപ്രഭാഷണമായാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തോന്നിയത്. ഷുഹൈബ് വധത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ.ക്ക്‌ വിടാൻ ഉത്തരവിട്ടത് ജസ്റ്റിസ് കെമാൽ പാഷയാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് മനപ്പൂർവമാണെന്നും അതിൽ ചെറിയൊരു വളവുണ്ടെന്നും സതീശൻ കണ്ടെത്തി. എന്നാൽപ്പിന്നെ ഒരു പേരുമാത്രം പറയാതെ കേസ് കൈകാര്യം ചെയ്ത മറ്റെല്ലാ ജഡ്ജിമാരുടെ പേരുകളും പറയാമായിരുന്നില്ലേ എന്നാണ് സതീശന്റെ ചോദ്യം.

Content Highlights: editpage

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..