.
ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ സദേഗിയ തെരുവിലെ ഒരു പാർക്കിങ് സ്ഥലത്ത് ഒളിച്ചിരിക്കുകയായിരുന്നു ബെഹ്‌സാദ് ഹംറാഹി എന്ന ചെറുപ്പക്കാരനും കൂട്ടുകാരും. െെകയിൽ കിട്ടിയവരെയൊക്കെ മതകാര്യപോലീസ് തല്ലിച്ചതയ്ക്കുന്നത് അവർക്ക് അവിടെയിരുന്നാൽ കാണാമായിരുന്നു. അല്പംമുമ്പ്, അവിടെ സമാധാനപരമായി നടന്ന ഒരു പ്രകടനത്തിൽ പങ്കെടുക്കുകയായിരുന്നു അവർ. പ്രകടനത്തിനുനേരെ പോലീസ് അതിക്രമം തുടങ്ങിയപ്പോൾ ഓടിയൊളിക്കുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു. പെട്ടെന്നാണ് പോലീസ് ഒരു പെൺകുട്ടിയെ മുടിക്ക് കുത്തിപ്പിടിച്ച് വാനിലേക്ക് വലിച്ചിഴയ്ക്കുന്നത് അയാൾ കണ്ടത്. ഇങ്ങനെ പിടിച്ചു കൊണ്ടുപോകുന്ന പെൺകുട്ടികളിൽ പലർക്കും നേരിടേണ്ടി വന്ന ക്രൂരമായ കൂട്ടബലാത്സംഗങ്ങളെപ്പറ്റി കേട്ടറിവുണ്ടായിരുന്ന ബെഹ്‌സാദ് മറ്റൊന്നും ചിന്തിക്കാതെ അവളെ രക്ഷിക്കാനായി പാഞ്ഞുചെന്നു.
‘‘എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല, ഞാൻ ഓടിച്ചെന്ന് ആ പെൺകുട്ടിയെ അവരുടെ പിടിയിൽനിന്ന് മോചിപ്പിച്ചു. ആരോ പെട്ടെന്ന് എന്റെ കൈകൾ പിന്നിൽനിന്ന് മുറുകെ പിടിച്ചു. തലയുയർത്തി നോക്കിയപ്പോൾ ഒരു തോക്കിന്റെ കുഴൽ എന്റെ മുഖത്തിനു നേരെ നീണ്ടു നിൽക്കുന്നു. ഒന്നു നിലവിളിക്കുംമുമ്പ് ഒരു പെയിന്റ് ബോൾ എന്റെ കണ്ണിൽ തറച്ചു.’’
ആക്രമണത്തിൽ ബെഹ്‌സാദിന്റെ കണ്ണട തകർന്നു. ചില്ലുകൾ കണ്ണിൽ കുത്തിക്കയറി. ‘‘ഔ! എന്റെ കാഴ്ച പോയി!’’ കരഞ്ഞുകൊണ്ട് കുഴഞ്ഞുവീണ അയാളുടെ ടി ഷർട്ട് വലിച്ചുകയറ്റി തലമൂടിയിട്ട് പോലീസുകാർ മേലാകെ തൊഴിക്കുകയും ബാറ്റണുകൾ കൊണ്ട് തല്ലിച്ചതയ്ക്കുകയും ചെയ്തു. കണ്ണിൽനിന്ന് കുതിച്ചൊഴുകുന്ന ചോര കണ്ടിട്ടാവണം, ചലനമറ്റ ആ ശരീരം അവർ അവിടെ ഉപേക്ഷിച്ചുപോയി. സുഹൃത്തുക്കൾ അയാളെ അതിവേഗം വീട്ടിലേക്കെത്തിച്ചു. പെട്ടെന്നുതന്നെ അവർ ഒരു ഡോക്ടറെ വിളിച്ചു കൊണ്ടുവന്നെങ്കിലും ബെഹ്‌സാദിന് വലിയ നഷ്ടമുണ്ടായിക്കഴിഞ്ഞിരുന്നു. അയാളുടെ ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടമായി.
‘‘നഷ്ടമായ കണ്ണിനെപ്പറ്റി ചിന്തിക്കുമ്പോൾ ഓരോ തവണയും എനിക്ക് അലറിക്കരയാൻ തോന്നാറുണ്ട്. പക്ഷേ, ഒരു പെൺകുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിൽ വിജയിച്ചതിൽ എനിക്ക് സന്തോഷമുണ്ട്.’’ -ബെഹ്‌സാദ് ഒരഭിമുഖത്തിൽ പറഞ്ഞു.
പെൺകുട്ടികൾ ഇരകളാവുമ്പോൾ
പ്രധാനമായും പെൺകുട്ടികളുടെ കണ്ണുകളെയാണ് പോലീസ് ലക്ഷ്യം വെച്ചത്. പൗരന്മാരെ ഭയപ്പെടുത്തി എതിർപ്പുകളെ അടിച്ചമർത്താൻ ഇറാൻ ഭരണകൂടം സ്വീകരിച്ച മാർഗങ്ങൾ നാസി പീഡന രീതികളെ ഓർമിപ്പിക്കുന്നതാണ്. അപ്പൂപ്പന്റെ വീടിന്റെ ബാൽക്കണിയിൽ നിന്ന അഞ്ചുവയസ്സുകാരി ബോണിത്ത കിയാനി മുതൽ ഇറാനിലെ നാഷണൽ ആർച്ചറി ടീമംഗമായ കോസർ ഖോഷ്‌നൌദിക്കിയ വരെ ഇങ്ങനെ പോലീസിന്റെ വെടിയേറ്റ് കണ്ണിന് കാഴ്ച നഷ്ടപ്പെട്ടവരുടെ പട്ടികയിൽപ്പെടുന്നു. 2021-ൽ നടന്ന ഏഷ്യൻ ആർച്ചറി ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ കോസർ തനിക്ക് സംഭവിച്ച ദുരന്തത്തെപ്പറ്റി ഇങ്ങനെയാണ് പറഞ്ഞത്: ‘‘സംഭവിച്ചതിൽ എനിക്ക് ഒരു ദുഃഖവുമില്ല. എനിക്ക് ചിലതൊക്കെ നഷ്ടമായി എന്നത് ശരിയാണ്. പക്ഷേ, ഞാൻ അതിനു പകരം ഒരുപാട് നേടുകയും ചെയ്തു.’’
കണ്ണിലേൽക്കുന്ന അപരിഹാര്യമായ പരിക്കുകളിൽ കൂടുതലും റബ്ബർ ബുള്ളറ്റുകൾ മൂലമുണ്ടാകുന്നതാണ് എന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. പ്രതിഷേധക്കാരുടെ മുഖം അടയാളപ്പെടുത്തി പിന്നീറ്റ് അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായി പോലീസ്, തോക്കുകളിൽ പെയിന്റ് ബോളുകളും ഉപയോഗിക്കുന്നു. കണ്ണുകൾക്ക് നേരെയുള്ള അസാധാരണമായ ഈ ആക്രമണരീതി കണ്ട് അന്തംവിട്ട ഇറാനിലെ നേത്രരോഗ വിദഗ്ധരുടെ സംഘടന ഈ വിഷയത്തിൽ അന്വേഷണം വേണം എന്നാവശ്യപ്പെട്ടുകൊണ്ട് അധികാരികൾക്ക് കത്തെഴുതി. ഒരു നടപടിയുമുണ്ടായില്ല. പകരം, മുറിവേറ്റവരിലേറെപ്പേർക്കും കണ്ണുകൾക്ക് പരിക്ക് പറ്റിയിരുന്നു എന്ന് ഒരു ഇന്റർവ്യൂവിൽ സ്ഥിരീകരിച്ച ടെഹ്‌റാൻ സിനാ ഹോസ്പിറ്റലിലെ ഒരു ഡോക്ടറെ പിരിച്ചുവിടുകയാണ് സർക്കാർ ചെയ്തത്. ഭരണകൂടത്തിന്റെ പൂർണമായ അറിവോടെയും സമ്മതത്തോടെയും കൂടിയാണ് ഈ ആക്രമണരീതി പോലീസ് നടപ്പാക്കിയത് എന്ന് ഇതിൽനിന്ന് വ്യക്തമാണ്.
പെൺകുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ കഴിഞ്ഞ നവംബർമുതൽ വിഷവാതകം ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങളിൽ എണ്ണൂറോളം കുട്ടികളാണ് രോഗബാധിതരായത്. ഓം എന്ന സ്ഥലത്തെ പെൺകുട്ടികളുടെ സ്കൂളിലാണ് ആദ്യത്തെ ആക്രമണമുണ്ടായത്. അതിനെത്തുടർന്ന് നൂർ യസ്ദാൻ ഷാഹ്‌റിലെ കുട്ടികൾ ആശുപത്രിയിലായി. പിന്നീട് തുടരെത്തുടരെ ഗേൾസ് സ്കൂളുകൾ ആക്രമിക്കപ്പെട്ടു. മാതാപിതാക്കൾ പെൺകുട്ടികളെ സ്കൂളിൽ അയക്കാൻ ഭയക്കുന്നു. ജീവനാശമുണ്ടാക്കാൻമാത്രം കരുത്തുള്ള രാസവസ്തുക്കളല്ല ഈ ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽപ്പോലും പ്രതിഷേധസമരങ്ങളിലെ പെൺകുട്ടികളുടെ പങ്കാളിത്തത്തിനെതിരേയുള്ള പ്രതികാരമായും ഭാവിയിൽ ഇതിനെക്കാൾ കനത്ത ആക്രമണങ്ങൾ ഉണ്ടായേക്കാം എന്ന ഭീഷണിയുമായിട്ടാണ് ജനങ്ങൾ ഇതിനെ കാണുന്നത്.
അന്താരാഷ്ട്ര ക്രിമിനൽ കോടതി പിന്തുടരുന്ന, റോം സ്റ്റാറ്റ്യൂട്ടിലെ ഏഴാം ആർട്ടിക്കിൾ പ്രകാരം, മനഃപൂർവം ഏതെങ്കിലും ജനതയ്ക്കെതിരേ വ്യാപകവും ആസൂത്രിതവുമായ ആക്രമണം നടത്തുന്നത് മനുഷ്യരാശിക്കെതിരേയുള്ള കുറ്റകൃത്യമാണ്. ഒരു പ്രത്യേക സമൂഹത്തിൽപ്പെട്ട ധാരാളം ആളുകൾക്കുനേരെ പല സന്ദർഭങ്ങളിൽ പല പ്രാവശ്യം ഇടയ്ക്കിടെ പ്രത്യേകരീതിയിൽ സമാനമായ ആക്രമണം ഉണ്ടാകുന്നുവെങ്കിൽ അത് മനഃപൂർവം, സിസ്റ്റമാറ്റിക് ആയി ചെയ്യുന്ന പ്രവൃത്തിയാണ്. സർക്കാർ പിന്തുണയോടുകൂടി കണ്ണുകൾക്കുനേരെ മതകാര്യ പോലീസ് നടത്തിയ ആക്രമണങ്ങൾ അബദ്ധത്തിൽ സംഭവിക്കുന്നതല്ല എന്ന് മനസ്സിലാക്കാം.
കണ്ണീരിൽക്കുതിർന്ന കവിത
ഇറാൻ ഭരണകൂടത്തിന്റെ കൊലക്കത്തിക്കുതാഴെനിന്ന് ജീവനും കൊണ്ടോടി രക്ഷപ്പെട്ട് കാനഡയിൽ അഭയം തേടിയ ഹമീദ് അസാരി എന്ന ഇറാനിയൻ പത്രപ്രവർത്തകൻ ഈ ലേഖികയുടെ അടുത്ത സുഹൃത്താണ്. ഹമീദിന്റെ കൂടെ ജോലിചെയ്തിരുന്ന പത്രപ്രവർത്തകരിൽ പലർക്കും ഇതിനകം ജീവൻ നഷ്ടമായിട്ടുണ്ട്. മറ്റു ചിലർ ജയിലിൽ തങ്ങളുടെ ഊഴം കാത്തുകിടക്കുന്നു. ഹമീദിന്റെ വിഷാദം കണ്ടപ്പോൾ ‘‘ജീവനോടെ രക്ഷപ്പെടാൻ കഴിഞ്ഞതിൽ നിനക്ക് സന്തോഷം തോന്നുന്നില്ലേ?’’ എന്നൊരു മണ്ടൻ ചോദ്യം കഴിഞ്ഞ ദിവസം ഞാൻ അവനോട് ചോദിച്ചു. അല്പനേരത്തെ തണുത്ത നിശ്ശബ്ദതയ്ക്കു ശേഷം ഹമീദ് മറുപടിക്കുപകരം ഒരു കവിത ചൊല്ലുകയാണ് ചെയ്തത്.
‘‘ഞാൻ എല്ലായ്‌പ്പോഴും പരാജയപ്പെട്ടു കൊണ്ടേയിരുന്നു.
എന്തുകൊണ്ടെന്നാൽ,
വെടിവെക്കേണ്ട സമയത്ത് ഞാനത് ചെയ്തില്ല.
അടുത്ത കളി ഞാൻ തോൽക്കാൻ വേണ്ടി മാത്രം കളിച്ചു.
സത്യം പറഞ്ഞാൽ,
കളിക്കാൻ വേണ്ടിയല്ല, ഓടാൻ വേണ്ടിയായിരുന്നു ആ കളി.
എനിക്ക് ഓടാൻ ഇഷ്ടമാണ്.
എല്ലായ്‌പ്പോഴും ഞാൻ ഓടാറുണ്ട്.
ചിലനേരത്ത് തലച്ചോറിനുള്ളിൽ
ചിലനേരത്ത് ജിമ്മിൽ
കൂടുതൽ നേരവും കിടക്കയിൽ
ഓട്ടം ഈ ലോകത്തിലെ
ഏറ്റവും നല്ല വൈദ്യനാണ്.
ഓടിയതുകൊണ്ട് ഞാൻ പരാജയപ്പെട്ടു എന്ന് നിങ്ങൾ കരുതരുത്.’’
കവിത ചൊല്ലുന്ന നേരത്ത് അയാളുടെ വാക്കുകളിൽ കണ്ണുനീർ ചുവയ്ക്കുന്നുണ്ടായിരുന്നു. വേദനയോടെ അത് കേട്ടുകൊണ്ടിരുന്ന നേരത്ത് പോലീസ് വെടിവെപ്പിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട എലാഹെ തവാക്കോലിയാൻ എന്ന യുവതി ഇൻസ്റ്റഗ്രാമിൽ കുറിച്ച ഒരു വരി എനിക്കോർമവന്നു. ‘നിങ്ങളെന്റെ കണ്ണിലേക്കാണ് വെടിവെച്ചത്. പക്ഷേ, എന്റെ ഹൃദയം ഇപ്പോഴും മിടിക്കുന്നുണ്ട്...’’
ജ്വലിക്കുന്ന സ്വാതന്ത്ര്യദാഹത്തെ തകർക്കാൻ മതകാര്യ പോലീസിന് എല്ലാ ആയുധങ്ങളും തന്ത്രങ്ങളും പോരാതെവരും എന്നാണ് അവിടെയുള്ള സുഹൃത്തുക്കൾ പറയുന്നത്.
ലക്ഷ്യം കണ്ണുകൾ
2022 സെപ്‌റ്റംബർ 13-ന് ഇറാനിൽ ഹിജാബ് നേരാംവണ്ണം ധരിച്ചില്ല എന്ന കുറ്റത്തിന് മതപോലീസുകാർ കസ്റ്റഡിയിലെടുത്തശേഷം ക്രൂരമർദനമേറ്റ് മരിച്ച മഹ്‌സ അമീനി എന്ന ഇരുപത്തിരണ്ടുകാരിക്ക് നീതിതേടി നടന്ന അനേകം പ്രതിഷേധങ്ങളിൽ ഒന്നിനിടെയാണ് ബെഹ്‌സാദ് ഹംറാഹിക്ക് കണ്ണുപോയത്. അയാൾക്കുമാത്രമല്ല, നൂറുകണക്കിന് പ്രതിഷേധക്കാർക്കും സമാധാനപരമായി പ്രതിഷേധം നടത്തിയതിന്റെ പേരിൽ സ്വന്തം കണ്ണുകൾ നഷ്ടപ്പെട്ടു. റബ്ബർ ബുള്ളറ്റുകളും പെയിന്റ് ബോളുകളും കണ്ണുകളിലേക്ക് നിറയൊഴിക്കുകയായിരുന്നു ഇറാൻ പോലീസ്. കീറിമുറിഞ്ഞ കൃഷ്ണമണികളുടെ ബാഹുല്യം കണ്ടു നടുങ്ങിയ ഡോക്ടർമാരുടെ കണക്കുപ്രകാരം, ഇറാനിലെ ടെഹ്‌റാൻ, കുർദിസ്ഥാൻ ഭാഗങ്ങളിൽമാത്രം 580 പേരുടെ കാഴ്ച പൂർണമായോ ഭാഗികമായോ നഷ്ടമായിട്ടുണ്ട്. റിപ്പോർട്ട് ചെയ്യപ്പെടാത്തവരുടെ എണ്ണം ഇതിലുമെത്രയോ കൂടുതലാവാമെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്. അറസ്റ്റിൽനിന്ന് രക്ഷ നേടാനായി കണ്ണിലേറ്റ മുറിവ് സാരമാക്കാതെ ഓടിയൊളിച്ചവരും ധാരാളമുണ്ടാവാമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
അടിച്ചമർത്തലിന്റെ ഫാസിസ്റ്റ് രീതികൾ
മഹ്‌സ അമീനിയുടെ കസ്റ്റഡി മരണത്തിൽ നടന്ന പ്രതിഷേധങ്ങൾ സമാധാനമായി പരിഹരിക്കാൻ ശ്രമിക്കുന്നതിനുപകരം ജനമുന്നേറ്റത്തെ ഭയപ്പെടുത്തി ഇല്ലാതാക്കാൻ ഫാസിസ്റ്റ് പൂർവികരുടെ രീതികൾ കടമെടുക്കുകയാണ് ഇറാൻ ഭരണകൂടം ചെയ്തത്.
പ്രതിഷേധ പ്രകടനങ്ങൾക്കിടയിൽ സെപ്റ്റംബർ 17 മുതൽ ജനുവരി 23 വരെ എഴുപത്തിയൊന്ന് കുട്ടികൾ ഉൾപ്പെടെ 525 പൗരന്മാർ മതകാര്യ പോലീസിന്റെ ആക്രമണങ്ങൾക്കിരയായി കൊല്ലപ്പെട്ടതായാണ് ഹ്യൂമൻ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജൻസിയുടെ കണക്കുകൾ വെളിപ്പെടുത്തുന്നത്.
ബാറ്റൺകൊണ്ട് പോലീസുകാർ ചുറ്റുംനിന്ന് തല്ലിക്കൊന്ന എഴുപതുകാരൻ ഹുസൈൻ അബ്ദ് പനാഹ് മുതൽ അമ്മയുടെ െെകയുംപിടിച്ച് അല്പം ശുദ്ധവായു ശ്വസിക്കാനായി പുറത്തിറങ്ങിയപ്പോൾ കണ്ണീർവാതക ഷെല്ല് വന്നു തറച്ചു മരിച്ച ഏഴുവയസ്സുകാരി ഹസ്തി നരൂയിവരെ ഇരകളിൽപ്പെടുന്നു.
19,700 പേർ ഈ പ്രക്ഷോഭത്തിൽ പങ്കെടുത്തതിന്റെ ഫലമായി തടവിലാണ്. എതിർപ്പുകൾ അടിച്ചമർത്തുന്നതിന് ബലാത്സംഗം ഉൾപ്പെടെ പീഡന മുറകളും മതകാര്യ പോലീസ് ഉപയോഗിക്കുന്നതായി മനുഷ്യാവകാശസംഘടനകൾ മുറവിളി കൂട്ടുന്നു.
കുട്ടികളുൾപ്പെടെ പൗരന്മാർ മതകാര്യ പോലീസിന്റെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു - ഹ്യൂമൻ റൈറ്റ്‌സ്‌ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജൻസി
ഗവേഷകയും നോവലിസ്റ്റുമായ ലേഖിക സ്പെയിനിലെ ബാഴ്‌സലോണയിലാണ് താമസം
Content Highlights: editpage


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..