അടുത്ത ബെല്ലോടുകൂടി നാടകം ആരംഭിക്കും


മനോജ്‌ മേനോൻ

3 min read
Read later
Print
Share

.

കോട്ടയത്ത് എത്ര മത്തായിമാരുണ്ട് എന്ന വിഷയത്തിൽ ഗവേഷണം നടത്താനിറങ്ങിയ മത്തായി അടിമാലി എന്ന മധ്യവയസ്‌കനെക്കുറിച്ച് ഒരു കഥയുണ്ട്. ജോൺ എബ്രഹാം ഒരു ചലച്ചിത്രകാരൻ മാത്രമല്ല, തീക്‌ഷ്ണഭാവനാശാലിയായ കഥാകൃത്തുകൂടിയായിരുന്നെന്ന് അടിവരയിടുന്ന കഥകളിലൊന്ന്. പുതുതായിക്കിട്ടിയ ടെലിഫോൺ ഡയറക്ടറിയും രാഷ്ട്രീയപ്പാർട്ടികളുടെ ഓഫീസുകളിൽനിന്ന് ശേഖരിച്ച വോട്ടർപ്പട്ടികയും പരതി മത്തായി, കോട്ടയത്തെ പലതരം മത്തായിമാരെ കണ്ടെത്തി. ഫോണുള്ള 112 പേരുൾ​െപ്പടെ കോട്ടയത്ത് 917 മത്തായിമാരുണ്ടെന്നായിരുന്നു മത്തായി അടിമാലിയുടെ കണ്ടെത്തൽ. എന്നാൽ, അവിടെ ഗവേഷണം തീർന്നില്ല, മരിച്ചവരെത്ര, ജനിക്കാൻ പോകുന്നവരെത്ര എന്ന ചോദ്യത്തിനുമുന്നിൽ കഥാനായകൻ പകച്ചുപോയി. ഒടുവിൽ തീരാത്ത അന്വേഷണവുമായി തുനിഞ്ഞിറങ്ങി എത്തുംപിടിയുമില്ലാതെപോയ മത്തായി അടിമാലിയാണ് ‘കോട്ടയത്ത് എത്ര മത്തായി ഉണ്ട്?’ എന്ന പേരുള്ള ഈ കഥയിലെ നായകൻ.

ജോൺ എബ്രഹാമിന്റെ ഈ കഥ കടമെടുത്തത് മറ്റൊരു കഥ പറയാനാണ്. ഒരു കടംകഥ! രാജ്യത്തെ ഭരണപ്രതിപക്ഷ ക്യാമ്പുകളിൽ എത്ര പ്രധാനമന്ത്രിസ്ഥാനാർഥികളുണ്ട് എന്ന കണക്കെടുപ്പുമായി കുതുകിയായ ഇതേ മത്തായി ഇറങ്ങിയാൽ എന്തുസംഭവിക്കും? ഉത്തരം സിംപിൾ, ഒന്നും സംഭവിക്കില്ല. കാര്യം എളുപ്പം. എണ്ണാൻ അതിലും എളുപ്പം. എണ്ണാമെങ്കിൽ എണ്ണിക്കോ എന്ന വെല്ലുവിളിയില്ല. എണ്ണിയെണ്ണിക്കുറയുകയുമില്ല. പ്രതിപക്ഷക്യാമ്പിൽ തലയുയർത്തുന്നവരെല്ലാം പ്രധാനമന്ത്രിസ്ഥാനാർഥിമാർ! ഒരു വേദിയിലെങ്ങാനും ഇവർ ഒരുമിച്ച് ഇരുന്നുകിട്ടിയാൽ എല്ലാ കസേരയിലും ഓരോ പ്രധാനമന്ത്രിസ്ഥാനാർഥികൾ.
ഇനി മറുപക്ഷത്താണ് മത്തായി എത്തുന്നതെങ്കിലോ, അവിടെ വേദിയിൽ ഒരേ സ്വരം, ഒരേ മുഖം. ഏത് ചീട്ടെടുത്താലും ഒരേ പേരുമാത്രം പുറത്തുതെളിയുന്ന ജനാധിപത്യമായാജാലം.

ഭാരത് സർക്കസ്
പലവട്ടം അരങ്ങേറി, അരങ്ങൊഴിഞ്ഞതായതിനാൽ പ്രതിപക്ഷ ഐക്യത്തിന്റെ മുഴുനീളനാടകത്തിന് ഒരിക്കലും തിരശ്ശീലവീഴാറില്ല. തിരഞ്ഞെടുപ്പടുക്കുമ്പോൾ ഐക്യം, സഖ്യം, പൊതുവേദി, സമാനമനസ്‌കർ, കോമൺ അജൻഡ തുടങ്ങി പരണത്തിരുന്ന മുദ്രാവാക്യങ്ങളും പഴയകൊടിക്കൂറകളുമായി നേതാക്കളുടെ വരവായി. 1977-ലുണ്ടായ ബദൽനീക്കങ്ങൾക്കുശേഷം 1989 മുതൽ പ്രതിപക്ഷം ഐക്യത്തിന്റെ കപ്പലിൽ കയറാൻനടത്തുന്ന ശ്രമങ്ങൾ ഇടയ്ക്കിടെ കരയടുത്തും ഇടയ്ക്കിടെ കടലെടുത്തും ചരിത്രത്തിൽ ആവർത്തിച്ച് നങ്കൂരമിടുന്നു. കപ്പലടുത്ത തുറമുഖങ്ങളിൽ ചിലർ ഇറങ്ങി, മറ്റുചിലർ വന്നുകയറി, ചിലർ കടലിൽച്ചാടി. ബാക്കിയായവർ തിരഞ്ഞെടുപ്പടുക്കുമ്പോൾ ഡൽഹിയിലെ അന്തിച്ചർച്ചകളിൽ മൂന്നാം മുന്നണി മന്ത്രം ഉരുവിട്ട് കാലംകഴിച്ചു. ഇടനിലരാഷ്ട്രീയത്തിന്റെ പ്രയോക്താവായ അമർസിങ്ങിന്റെ വീട്ടുമുറ്റത്ത് അത്താഴവിരുന്നിൽ അണിനിരന്ന് പ്രഖ്യാപനങ്ങൾ വിളമ്പി. ഇടതുപാർട്ടികൾമുതൽ ഈർക്കിൽപ്പാർട്ടികൾവരെയുണ്ടായിരുന്നു മൂന്നാംമുന്നണി കലോത്സവങ്ങളിൽ. എന്നാൽ, തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കിനിൽക്കെ മുന്നണി പതിവുപോലെ പലവഴിക്ക് ചിതറി, കണ്ടാൽ മിണ്ടാതായി.

എന്നാൽ, അതിലും ഒരു വഴിമാറ്റമുണ്ടായി. പറയാതിരിക്കാനാകില്ല. ഏകകക്ഷി ഭരണമൊടുങ്ങി ബഹുകക്ഷി ഭരണത്തിന് വഴിതുറന്ന കാലംമുതലുള്ള കൂട്ടുകക്ഷി സർക്കാരുകളുടെ ചരിത്രത്തിൽ, വാശിക്കും വഴക്കിനും സമ്മർദങ്ങൾക്കുമിടയിൽ പത്തുവർഷം ഭരണത്തിലിരുന്ന യു.പി.എ. സർക്കാരാണ് ഈ വഴിത്തിരിവ്. ഇത്തരം ഐക്യനീക്കങ്ങളുടെ ദീർഘകാല ശേഷിപ്പുകളിലൊന്ന്. 21 പാർട്ടികളുടെ ഭാരത് സർക്കസ്! ട്രപ്പീസുകളിമുതൽ മരണക്കിണർവരെ. ഒടുവിൽ പരന്നത് അഴിമതിപ്പുകയാണെങ്കിലും ദോഷം പറയരുതല്ലോ, ചില നല്ലകാര്യങ്ങൾക്ക് തുടക്കം കുറിച്ച ഭരണകാലം. പക്ഷേ, 2014-ൽ രണ്ടാം യു.പി.എ.യുടെ കൊടിയിറങ്ങി തിരഞ്ഞെടുപ്പിന് തിരശ്ശീലയുയർന്നതോടെ യു.പി.എ. കപ്പൽ, കപ്പൽച്ചേതത്തിലായി. തറവാട് ഭാഗംവെക്കുമ്പോൾ കിട്ടിയതെടുത്ത് സ്ഥലംവിടുന്ന കുടുംബക്കാരെപ്പോലെ പലരും പലവഴിക്ക് പാഞ്ഞു. കൊടുത്തുമുടിഞ്ഞ മാവിനെപ്പോലെ ഐക്യമുദ്രാവാക്യം അനാഥമായി. തിരഞ്ഞെടുപ്പിനുമുമ്പ് വഴിപിരിഞ്ഞ യു.പി.എ. പിന്നീട് ഒരുകാലത്തും ഒരു കുടക്കീഴിലായില്ല. മാത്രമല്ല, പടനായകനായ കോൺഗ്രസിന്റെ ക്ഷീണകാലവും തുടങ്ങി.

2014-ൽനിന്ന് ദേശീയരാഷ്ട്രീയം 2019-ൽ എത്തുമ്പോൾ നായകസ്ഥാനത്ത് ഒന്നിലേറെ പാർട്ടികൾ. കോൺഗ്രസിന്റെ ക്ഷീണത്തിൽ കിളിർത്ത തൃണമൂൽ കോൺഗ്രസും ടി.ആർ.എസും സമാജ്‌വാദി പാർട്ടിയും നേതൃനിര പങ്കിട്ടു. 2019-ലെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സീറ്റെണ്ണം വർധിപ്പിച്ചതോടെ കോൺഗ്രസ് കൂടുതൽ മെലിഞ്ഞു. എന്നിട്ടും പ്രതിപക്ഷത്തെ പ്രാദേശികപ്പാർട്ടികൾ അടിതെറ്റിയില്ല. ഇതോടെ പ്രതിപക്ഷത്തിന്റെ കടിഞ്ഞാൺ മമതയുടെയും സ്റ്റാലിന്റെയും ചന്ദ്രശേഖർ റാവുവിന്റെയും കൈകളിലായി.

ഉരുവിട്ട് എഞ്ചുവടി
ഉറക്കത്തിനിടയിൽ എഞ്ചുവടി മനഃപാഠം പറയുന്ന കുട്ടിയെപ്പോലെ ഇടയ്ക്കിടെ ഐക്യപ്പെരുക്കം ഓർമിക്കുമെങ്കിലും കണക്കുകളിൽ പിശകുമായി പ്രതിപക്ഷത്തിന്റെ അഞ്ചുവർഷം വീണ്ടും. വഞ്ചി വീണ്ടും തിരുനക്കരെതന്നെ എന്ന് ഓർമിപ്പിച്ച് വീണ്ടും പ്രതിപക്ഷകൂട്ടായ്മയുടെ ശ്രമം രാഷ്ട്രപതിതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്. മുൻകൈയെടുത്തത് മമതയും പവാറും ഫാറൂഖ് അബ്ദുള്ളയും. പഴയകാല പ്രതാപം അയവിറക്കി കോൺഗ്രസ് പാർട്ടി വെറും കാഴ്ചക്കാർ. ഒടുവിൽ തങ്ങളുടെ സ്ഥാനാർഥിയായി എൻ.ഡി.എ. ദ്രൗപദി മുർമുവിനെ പ്രഖ്യാപിച്ചതോടെ, പതിവുപോലെ പ്രതിപക്ഷപ്പറമ്പിൽ ആളനക്കം നഹി.അവിടെയും തീർന്നില്ല കഥ. ഭാരത് ജോഡോ യാത്രയായി അടുത്ത പരീക്ഷണശാല. രാഹുലിന്റെ ജാഥ ശ്രീനഗറിലെത്തിയപ്പോൾ പിന്തുണയ്ക്കാനെത്തുമെന്ന് പറഞ്ഞവരിൽ പലരെയും കാണുന്നില്ല. ആം ആദ്മി നേതാവ് മനീഷ് സിസോദിയയുടെ അറസ്റ്റായപ്പോൾ കോൺഗ്രസും വിട്ടുകൊടുത്തില്ല. ഇ.ഡി.യെന്നാൽ കടുംകഷായമായി കയ്ക്കുന്ന കോൺഗ്രസ്, സിസോദിയയെ പിടികൂടിയ ഇ.ഡി. പഞ്ചസാരമധുരമെന്ന് വാഴ്ത്തി അറസ്റ്റിനെ സ്വാഗതംചെയ്തു. പ്രതിപക്ഷനിരയിലെ വല്യേട്ടനായി സ്വയം കരുതുന്ന കോൺഗ്രസ് സിസോദിയയെ അറസ്റ്റുചെയ്തത് അറിഞ്ഞില്ലേയെന്ന് ആപ്പിന്റെ മറുപടി. തീർന്നില്ല, കഴിഞ്ഞവട്ടംവരെ കോൺഗ്രസ് മത്സരിച്ചിരുന്ന അമേഠി വിട്ടുതരില്ലെന്ന സൂചനയുമായി അഖിലേഷ് യാദവും പാർട്ടിയും പിന്നാലെ രംഗത്തെത്തി. കഥ തുടരുന്നു, ­ബി.ആർ.എസ്. നേതാവ് ചന്ദ്രശേഖർ റാവുവിന്റെ മകൾ കവിതയ്ക്ക് ഇ.ഡി. നോട്ടീസ് നൽകിയപ്പോഴും കോൺഗ്രസിന് മൗനം. കോൺഗ്രസ് ഇപ്പോൾ ദേശീയപ്പാർട്ടിയല്ലെന്ന് തുറന്നടിച്ച് കവിതയുടെ പ്രതികരണം. പ്രതിപക്ഷവേദിയിൽ പല വേഷങ്ങളിൽ നടീനടന്മാർ അണിനിരന്നുകഴിഞ്ഞു. മറുപക്ഷത്ത് ഒറ്റയാൾ നാടകവും. ഉടനെങ്ങും നാടകം തീരുന്നില്ല. അടുത്ത ബെല്ലോടുകൂടി അടുത്ത നാടകം ആരംഭിക്കും.

Content Highlights: editpage

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..