.
എന്തുകൊണ്ടാണ് ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രം ഇത്രയും വർഷം കഴിഞ്ഞിട്ടും വിജയകരമായ ഒരു സംസ്കരണകേന്ദ്രമാക്കിമാറ്റാൻ കോർപ്പറേഷനോ, കേരളസർക്കാരിനോ കഴിയാതിരുന്നത് എന്ന വസ്തുത നമ്മെ ചിന്തിപ്പിക്കേണ്ട വിഷയമാണ്.
പിഴവുകൾ സർവത്ര
കടമമ്പ്രയാർ-ചിത്രപ്പുഴ എന്നീ നദികൾക്കു നടുക്ക് സ്ഥിതിചെയ്യുന്ന 110 ഏക്കർ വരുന്ന ഈ കേന്ദ്രത്തിൽ പ്ലാസ്റ്റിക്കുകൾ ഉൾപ്പെടെയുള്ള അജൈവ വസ്തുക്കളും ജൈവ മാലിന്യങ്ങളും വേർതിരിക്കാൻ ഉതകുന്ന തരത്തിൽ ഒരു സംവിധാനം ബ്രഹ്മപുരം പദ്ധതിയോടൊപ്പം ആരംഭിച്ചില്ല എന്നതും പിന്നീട് തുടങ്ങാൻ ശ്രമിച്ച വേർതിരിക്കൽ പ്രകിയ കുറ്റമറ്റ രീതിയിൽ നിലനിർത്തിക്കൊണ്ടുപോകാൻ സാധിച്ചില്ല എന്നതുമാണ് ഇവിടത്തെ ആദ്യ പിഴവ്. ബ്രഹ്മപുരത്തേക്ക് പ്ലാസ്റ്റിക് പാഴ്‌വസ്തുക്കൾ നിക്ഷേപിക്കാൻ ഇനിമുതൽ അനുവദിക്കുകയില്ലെന്നും ജൈവമാലിന്യം അവയുടെ ഉറവിടങ്ങളിൽത്തന്നെ സംസ്കരിക്കാനാണ് സർക്കാർ തീരുമാനമെന്നും വാർത്താ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, ഈ തീരുമാനങ്ങൾ യുക്തിസഹമായ ഒരു പരിഹാരത്തിലേക്കു വഴി തുറക്കുമോ എന്ന സംശയം ബാക്കിനിൽക്കുന്നു. ബ്രഹ്മപുരത്തെ ‘വിൻഡ്രോ കമ്പോസ്റ്റിങ്’ സംവിധാനം ഉടൻ തന്നെ നന്നാക്കുമെന്ന് മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ യോഗത്തിൽ തീരുമാനമായതായി അറിയുന്നു. ഇത് കാണിക്കുന്നത് ജൈവ മാലിന്യത്തിൽനിന്ന് കമ്പോസ്റ്റു വളമുണ്ടാക്കുന്ന ഈ സംവിധാനം വർഷങ്ങളായി തകരാറിലാണെന്നാണ്. ഈ അശ്രദ്ധയും ബന്ധപ്പെട്ടവരുടെ ഉത്തരവാദിത്വമില്ലായ്മയുമാണ് ബ്രഹ്മപുരത്ത് ഇപ്പോഴുണ്ടായിട്ടുള്ള സ്ഥിതിവിശേഷത്തിനുകാരണം. പ്ലാസ്റ്റിക് മാലിന്യമുൾപ്പെടുന്ന അജൈവ വസ്തുക്കൾ ഇനി മുതൽ ഹരിത കർമസേന മുഖാന്തരം ക്ളീൻ കേരളാ കമ്പനിക്കു കൈമാറുമെന്നും പത്രറിപ്പോർട്ടിൽ കാണുന്നു. ബ്രഹ്മപുരത്തെ മാലിന്യ പുനഃചംക്രമണത്തിന്റെ ചുമതലയേറ്റെടുത്ത കമ്പനി അവരുടെ ദൗത്യത്തിൽ പരാജയപ്പെട്ടിരിക്കുന്നു എന്ന് ഇത് തെളിയിക്കുന്നു.
കാഴ്ചപ്പാടിലെ അപാകങ്ങൾ
ക്ളീൻ കേരള കമ്പനിയുടെ വെബ് സൈറ്റിൽ പോയാൽ ലഭിക്കുന്നത് ഒരു പണിതീരാത്ത വീടിന്റെ പ്രതീതിയാണ്. മാലിന്യത്തിന്റെ തരംതിരിക്കൽ ജോലികൾക്കുള്ള ജില്ലാകേന്ദ്രങ്ങൾ എത്രത്തോളം പ്രവർത്തനക്ഷമമാണെന്ന് അവരുടെ വെബ് സൈറ്റിൽനിന്ന് അറിയാൻ കഴിയുന്നില്ല. കേരളത്തിലെ റോഡുകളുടെ ഇരുവശങ്ങളിലും കിടക്കുന്ന പ്ലാസ്റ്റിക്കുകളുടെ അളവുതന്നെ ഈ കേന്ദ്രങ്ങളുടെ പ്രവർത്തക്ഷമതയിൽ സംശയമുയർത്തുന്നു. മറ്റൊരുകാര്യം ശേഖരിക്കപ്പെടുന്ന പ്ലാസ്റ്റിക്കിന്റെയും മറ്റ് അജൈവ വസ്തുക്കളുടെയും പുനഃചംക്രമണം ഏത് തരത്തിലാണ് നടത്തുന്നത് എന്നുള്ളതാണ്.
റോഡ് നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന കരാറുകാർക്ക് ക്ളീൻ കേരള കമ്പനിയിൽനിന്ന് പണം കൊടുത്ത് ചെറുകഷണങ്ങളായി നുറുക്കിയ പ്ലാസ്റ്റിക്കുകൾ വാങ്ങിക്കുന്നതിനുള്ള അപേക്ഷാഫോറം വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്. കരാറുകാരിലൂടെ പ്ലാസ്റ്റിക് മാലിന്യം റോഡ് നിർമാണത്തിനുപയോഗിക്കുന്ന ബിറ്റുമിനസ് മിശ്രിതത്തിൽ ചേർക്കാനുള്ള ദൗത്യത്തിലാണ് ക്ളീൻ കേരള ഏർപ്പെട്ടിരിക്കുന്നത് എന്നാണ് അതിൽനിന്ന് നാം മനസ്സിലാക്കേണ്ടത്.
ഇതിലും ചില പ്രശ്നങ്ങളുണ്ട്. ഉദാഹരണത്തിന് എല്ലാതരം പ്ലാസ്റ്റിക്കുകളും റോഡ് നിർമാണത്തിനുപയോഗിക്കാൻ സാധിക്കില്ല. കേന്ദ്രറെയിൽവേ മന്ത്രാലയം അവരുടെ ഗവേഷണവിഭാഗം മുഖാന്തരം റോഡ് നിർമാണത്തിലെ പ്ലാസ്റ്റിക് ഉപയോഗത്തെക്കുറിച്ച് വിശദമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സഞ്ചികൾ നിർമിക്കുന്നതിനും കോസ്‌മെറ്റിക്- ഡിറ്റർജന്റ് കുപ്പികൾക്കും മറ്റും ഉപയോഗിക്കുന്ന പോളി എത്തിലീൻ ഗണത്തിൽപ്പെട്ട പ്ലാസ്റ്റിക്കുകൾ മാത്രമേ റോഡ് നിർമാണത്തിനുപയോഗിക്കാൻ പാടുള്ളൂ എന്നാണ് അതിലെ ഒരു നിബന്ധന. അത്തരത്തിൽപ്പെട്ട പ്ലാസ്റ്റിക്, ചെറിയ അളവിൽ (അഞ്ചുമുതൽ 10 ശതമാനംവരെ) ബിറ്റുമിൻ മിശ്രിതത്തിൽ ഉപയോഗിച്ചാൽ റോഡിനു കൂടുതൽ ദൃഢതയുണ്ടാവും. അതേസമയം, കട്ടിയുള്ള പ്ലാസ്റ്റിക് കുപ്പികളോ പി.വി.സി. പൈപ്പുകളോ റോഡ് നിർമാണത്തിനുവേണ്ടി ഉപയോഗിക്കരുത്. അങ്ങനെയുള്ള വസ്തുക്കൾ ഉപയോഗിച്ചാൽ ഹാനികരമായ വാതകങ്ങൾ ഉദ്‌ഭവിക്കുമെന്നു മാത്രമല്ല, റോഡിന്റെ ദൃഢതയെത്തന്നെ ബാധിക്കും. ആദ്യം സൂചിപ്പിച്ച പോളി എത്തിലീൻ പ്ലാസ്റ്റിക്കുകൾ വളരെക്കുറച്ചുമാത്രമേ മറ്റു പ്ലാസ്റ്റിക് ഗണത്തെ അപേക്ഷിച്ച് മാലിന്യത്തിൽനിന്ന് ലഭ്യമാകുകയുള്ളൂ. മാത്രവുമല്ല, അത്തരത്തിലുള്ള പ്ലാസ്റ്റിക്കുകൾ ബിറ്റുമിൻ മിശ്രിതത്തിൽ ചേർക്കുന്നതും ലയിപ്പിക്കുന്നതുമെല്ലാം അതിശ്രദ്ധയോടെ ചെയ്യേണ്ട കാര്യങ്ങ ളാണ്. പ്രധാനമായും താപസംബന്ധമായ ശാസ്ത്രീയ നടപടിക്രമങ്ങൾ പിന്തുടർന്നുകൊണ്ടുമാത്രമേ അത് സാധിക്കുകയുള്ളൂ. റോഡ് നിർമാണത്തിലേർപ്പെട്ടിരിക്കുന്ന കരാറുകാർക്ക് വിദഗ്ധരുടെ മേൽനോട്ടം ആവശ്യമായിവരുന്ന സന്ദർഭങ്ങളാണിത്. ഇതിനൊക്കെ തയ്യാറെടുത്തുകൊണ്ടാവുമോ ക്ളീൻ കേരള മിഷൻ കമ്പനി ഇത്തരം ശ്രമങ്ങൾ തുടങ്ങുന്നത്? റോഡ് നിർമാണത്തിന് ഉപയോഗിക്കാനാകാതെ വരുന്ന പ്ലാസ്റ്റിക് പാഴ്വസ്തുക്കൾ എന്തു ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്നുകൂടി അറിയേണ്ടതുണ്ട്.
വെല്ലുവിളികൾ ഒട്ടേറെ
അമേരിക്കൻ ഐക്യനാടുകൾ ഉൾപ്പെടെയുള്ള പല വികസിത രാജ്യങ്ങളിലും പ്ലാസ്റ്റിക് പുനഃചംക്രമണത്തിന്റെ സാമ്പത്തികാടിത്തറ ഇപ്പോഴും ദുർബലമാണ്. പുനഃചംക്രമണം വഴി നിർമിക്കുന്ന വസ്തുക്കൾക്ക് മാർക്കറ്റുണ്ടാക്കുക എന്നതാണ് അവിടങ്ങളിലെ ഏറ്റവും വലിയ വെല്ലുവിളി. അതിനാൽത്തന്നെ അവരുടെ പ്ലാസ്റ്റിക് പാഴ്‌വസ്തുക്കൾ കപ്പലുകൾ വഴി ചൈന ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്ന പതിവ് തുടങ്ങിയെങ്കിലും പല രാജ്യങ്ങളും ഇപ്പോൾ അവ സ്വീകരിക്കുന്നില്ല. വൻതോതിൽ സർക്കാർ മുഖേനയുള്ള സഹായധനം ആവശ്യമുള്ള മേഖലയിലൊന്നാണിത്. അതിനാൽത്തന്നെ നമ്മുടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവരുടെ സാമ്പത്തിക നയങ്ങളിൽ പുനഃചംക്രമണത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പ്ലാസ്റ്റിക് പുനഃചംക്രമണത്തിന്റെ അടിസ്ഥാനപരമായ ഏറ്റവും വലിയ ഒരു പ്രശ്നം അതിൽ പലതിലും അടങ്ങിയിരിക്കുന്ന ദുഷിപ്പുകളാണ്. പുനഃചംക്രമണത്തിനുപയോഗിക്കുന്നതിനുമുമ്പ് ആഹാര സാധനങ്ങളും മറ്റും നീക്കംചെയ്ത് അവയെ വൃത്തിയാക്കുക എന്നത് ദുഷ്കരമാണ്. പല രാജ്യങ്ങളും വീടുകൾക്കുപുറത്ത് ഗൃഹസ്ഥർ തന്നെ മുകൈയെടുത്ത് വൃത്തിയാക്കിയ പ്ലാസ്റ്റിക്‌വസ്തുക്കൾ നിറയ്ക്കാനുള്ള മൂന്നാമതൊരു ചവറ്റുതൊട്ടി പ്രത്യേകമായി െവക്കാൻ തുടങ്ങിയിട്ടുണ്ട്. കേരളത്തിലും ഇതുപോലെയുള്ള നടപടികൾ തുടങ്ങേണ്ടതാണ്. ഇന്ത്യയിൽത്തന്നെ ഇന്ദോർ നഗരത്തിൽനിന്ന് ഇക്കാര്യത്തിൽ പലതും പഠിക്കാവുന്നതാണ്. ജൈവ മാലിന്യത്തിൽനിന്ന് എഥനോൾ, മെഥനോൾ എന്നിവ അടങ്ങിയ ഇന്ധനം ഉത്‌പാദിപ്പിക്കുന്ന സംരംഭങ്ങൾ പല രാജ്യങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഒരു പ്രധാന ഉദാഹരണം ഇന്ദോറിൽത്തന്നെ കാണാം. അവിടെ 550 ടൺ ജൈവ ഇന്ധനം ഉത്‌പാദിപ്പിക്കാൻ ശക്തിയുള്ള പ്ലാന്റ് നിർമിക്കാനുള്ള പദ്ധതികൾ ആരംഭിച്ചുകഴിഞ്ഞു. ജൈവമാലിന്യ സംസ്കരണം ലാഭകരമായ ഒരു പ്രസ്ഥാനമാക്കി മാറ്റാൻ ഇതുപോലുള്ള പദ്ധതികൾക്ക് സാധിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..