.
മാതൃഭൂമി നൂറുവർഷം പിന്നിടുമ്പോൾ പവിത്രമായൊരു ഭൂതകാലത്തിന്റെ ഒാർമകൾ എന്റെ ഹൃദയത്തെ വിവശമാക്കുന്നു. ആ ജീവിതയാത്രയോടൊപ്പം നടക്കാൻ കഴിഞ്ഞതിന്റെ അഭിമാനം എന്നെ കൂടുതൽ വിനീതനാക്കുന്നു. മഹത്തായൊരു ചരിത്രസന്ധിയിലാണ് ‘മാതൃഭൂമി’ പിറന്നുവീണത്. മഹാസമരം, മഹാത്മജി, മലയാളം എന്നീ മൂന്നുപ്രതീകങ്ങളാണ് അതിന്റെ പിറവിയിൽ നിർണായകമായിത്തീർന്നത്.
ബ്രിട്ടീഷ് ഭരണത്തിന്റെ ശാസനകൾക്കുകീഴിൽ ഞെരിഞ്ഞമർന്ന് ജീവിച്ച ജനങ്ങൾക്ക്, എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻപോലും അവകാശമുണ്ടായിരുന്നില്ല. തിരുവിതാംകൂറായും കൊച്ചിയായും മലബാറായും മുറിഞ്ഞുകിടന്നിരുന്ന കേരളം മൂന്ന് രാജ്യങ്ങളെപ്പോലെ ജീവിച്ചു. 1919-ലെ ജലിയൻ വാലാബാഗ് കൂട്ടക്കൊലപോലും കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും അറിഞ്ഞത് ആഴ്ചകൾക്കുശേഷമാണ്. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തവരുടെ പ്രവർത്തനവും പ്രചാരണവും അറിയിക്കുന്നതിൽ ഭൂരിഭാഗം പത്രങ്ങളും വിമുഖതകാട്ടി. 1921-ലെ ഒറ്റപ്പാലം സമ്മേളനവും അവിടെ പോലീസ് നടത്തിയ നരനായാട്ടും മലബാറിൽപ്പോലും അറിഞ്ഞില്ല.
ബ്രിട്ടീഷ് ഭരണനേതൃത്വത്തെ ഭയന്ന പത്രങ്ങൾ മലബാർ കലാപത്തിന്റെ യഥാർഥവസ്തുതകൾ അവതരിപ്പിക്കുന്നതിലും അനാസ്ഥ കാട്ടി. ഇൗ സാഹചര്യത്തിലാണ് കെ.പി. കേശവമേനോനും കെ. മാധവൻനായരും മഹാത്മജിയെ കാണുന്നത്. ശരിയായ വസ്തുതകൾ ജനങ്ങളെ അറിയിക്കേണ്ടതുണ്ടെന്ന് ഗാന്ധിജിയാണ് അവരോടുപറയുന്നത്. ശരിയായ വിവരങ്ങളറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും ഗാന്ധിജി പറഞ്ഞു.
ഗാന്ധിജിയുടെ അനുഗ്രഹവും നിർദേശങ്ങളും മാതൃഭൂമിയുടെ പിറവിക്ക് കാരണമായി. പല നിർണായകസന്ദർഭങ്ങളിലും മാതൃഭൂമി ഗാന്ധിജിയുടെ ഉപദേശം തേടിയിട്ടുണ്ട്. അക്കാലത്ത് മാതൃഭൂമിയെപ്പറ്റി എഴുതുകയോ പറയുകയോ ചെയ്യുന്നവർ മാതൃഭൂമിയെ ദേശീയപ്രസ്ഥാനത്തിന്റെ പത്രമായാണ് കണ്ടത്. കൊളോണിയൽ ഭരണത്തോട് നിർഭയം പൊരുതിനിന്നുകൊണ്ടാണ് മാതൃഭൂമി ജീവിച്ചത്.
ഭൂതകാലത്തിലെ മഹാപ്രക്ഷോഭത്തിൽ വഹിച്ച പങ്കുകൊണ്ടുമാത്രം ഒരു പത്രത്തിന് നൂറുവർഷം ജീവിക്കാനാവില്ല. സ്വാതന്ത്ര്യത്തിനുശേഷം ഒരു രാഷ്ട്രത്തിന്റെ സമഗ്രമായ വളർച്ചയ്ക്കും സാംസ്കാരികപ്രബുദ്ധതയ്ക്കും സാമൂഹികവികാസത്തിനുംവേണ്ടി പ്രവർത്തിക്കുകയെന്നത് മാതൃഭൂമിയുടെ കർമപരിപാടിയായിമാറി. ‘അറിയിക്കുക’ എന്ന മഹത്തായ ധർമത്തിന്റെ മുഖ്യപ്രചാരകനായി മാതൃഭൂമി മുന്നിൽ നടന്നു.
ഭൂതകാലം പരിവർത്തനങ്ങളുടേതായിരുന്നു. സമൂഹത്തെ സ്പർശിക്കുന്ന എല്ലാ മേഖലയിലും മാതൃഭൂമിയുടെ സാന്നിധ്യമുണ്ടായി. അയിത്തം, അനാചാരം, സഞ്ചാരസ്വാതന്ത്ര്യം, ക്ഷേത്രപ്രവേശനം എന്നീ വിഷയങ്ങളിൽ കേരളത്തിൽനടന്ന പ്രക്ഷോഭങ്ങളിലെല്ലാം മാതൃഭൂമി ചരിത്രപരമായ പങ്കുവഹിച്ചു. മാതൃഭൂമിയുടെ മാനേജിങ് ഡയറക്ടർമാരും പത്രാധിപന്മാരുമെല്ലാം ഈ പ്രക്ഷോഭങ്ങളുടെ നേതാക്കൾകൂടിയായിരുന്നു.
ഞങ്ങളുടെ രണ്ട് പോരാട്ടമേഖലകളായിരുന്നു ഭാഷയും െഎക്യകേരളവും. ഭാഷയുടെ സാർവത്രികമായ പ്രചാരണത്തിനുവേണ്ടിയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് തുടങ്ങിയത്. അതിലൂടെ ഒരു സംസ്കാരത്തിന് വെള്ളവും വെളിച്ചവും നൽകുക എന്നതായി മാതൃഭൂമിയുടെ ദൗത്യം. 1923 മാർച്ച് 18-ന് ഇറങ്ങിയ ആദ്യപത്രത്തിലെ മുഖപ്രസംഗത്തിൽത്തന്നെ, ‘ഞങ്ങൾ െഎക്യകേരളത്തിനുവേണ്ടി നിലകൊള്ളുമെ’ന്ന് പ്രഖ്യാപിച്ചിരുന്നു. അതിന്റെ നേതൃസ്ഥാനത്ത് മൂന്നുപത്രാധിപന്മാർ-കെ.പി. കേശവമേനോനും കെ. കേളപ്പനും കെ.എ. ദാമോദരമേനോനും- നിലയുറപ്പിച്ചു.വികസനം തുടക്കത്തിൽത്തന്നെ പത്രത്തിന്റെ പ്രഖ്യാപിത ലക്ഷ്യമായിത്തീർന്നു. കേരള സർവകലാശാല, കോഴിക്കോട് മെഡിക്കൽ കോളേജ്, കരിപ്പൂർ വിമാനത്താവളം എന്നിവയുടെ സാക്ഷാത്കാരത്തിനുവേണ്ടി മാതൃഭൂമി നിരന്തരം ശബ്ദമുയർത്തി.
സ്വാതന്ത്ര്യത്തിനുശേഷം പത്രത്തിന്റെ ജീവിതം മനുഷ്യസമുദായത്തിന്റെ പുരോഗതിക്കും ജനാധിപത്യത്തിന്റെ വളർച്ചയ്ക്കും സാമൂഹികനീതിക്കും മാനവികതയ്ക്കുംവേണ്ടി വിനിയോഗിച്ചു. ഇൗ മഹായത്നം തുടർന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് 1978-ൽ എം.പി. വീരേന്ദ്രകുമാറും ഞാനും ഡയറക്ടർമാരായി എത്തുന്നത്. മാർച്ചിൽ അദ്ദേഹം ഡയറക്ടറായി, മേയിൽ ഞാനും ഡയറക്ടർ ബോർഡിൽ എത്തിച്ചേർന്നു. അതൊരു പ്രതിസന്ധിഘട്ടമായിരുന്നു. മാനേജിങ് ഡയറക്ടർ എം.ജെ. കൃഷ്ണമോഹന്റെ മരണം ഞങ്ങളെ തളർത്തിക്കളഞ്ഞു. വൈകാതെ വീരേന്ദ്രകുമാർ മാതൃഭൂമിയുടെ മാനേജിങ് ഡയറക്ടറായി. ലോക്കൗട്ടിലായിരുന്ന മാതൃഭൂമിയെ തിരിച്ചുകൊണ്ടുവരാൻ അദ്ദേഹം കഠിനമായി പരിശ്രമിച്ചു. ഞങ്ങൾ പൂർണപിന്തുണനൽകി.
പിന്നീട് കാലം കണ്ടത് വീരേന്ദ്രകുമാറിലുള്ള മാനേജ്മെന്റ് വിദഗ്ധൻ ഉണർന്നുപ്രവർത്തിക്കുന്നതാണ്. അത് ഒന്നിച്ചുള്ളൊരു മുന്നേറ്റമായിരുന്നു. മാതൃഭൂമിയുടെ വളർച്ചയുടെ രണ്ടാംഘട്ടം തുടങ്ങുന്നത് ഇവിടെനിന്നാണ്. മാതൃഭൂമിയുടെ ആദ്യസാരഥികളായ കേശവമേനോനും കെ. മാധവൻനായരുമൊക്കെ ത്യാഗപൂർണമായി കെട്ടിപ്പടുത്ത സ്ഥാപനത്തിന് വികസനത്തിന്റെ പാതയൊരുക്കാൻ ഞങ്ങൾ ഒന്നിച്ചുപ്രവർത്തിച്ചു. തിരുവനന്തപുരം എഡിഷനിൽനിന്ന് ആരംഭിച്ച വികസനയാത്ര ഗൾഫ് എഡിഷനും കടന്ന് ഡിജിറ്റൽ യുഗത്തിലേക്ക് പ്രവേശിച്ചു. റോട്ടറിയിൽനിന്ന് ഒാഫ്സെറ്റിലേക്കും ഹാൻഡ് കമ്പോസിങ്ങിൽനിന്ന് ഫോട്ടോ കമ്പോസിങ്ങിലേക്കും ചുവടുവെച്ചു. ഒരൊറ്റ ജീവനക്കാരനെപ്പോലും പിരിച്ചുവിടാതെ ഞങ്ങൾ വികസനം അർഥപൂർണമാക്കി.
വാഗ്മിയായും പ്രകൃതിസംരക്ഷണത്തിന്റെ യോദ്ധാവായും രാഷ്ട്രീയനേതാവായും ജീവിച്ച വീരേന്ദ്രകുമാർ തന്റെ കർമജീവിതത്തിന്റെ വലിയ പങ്ക് മാതൃഭൂമിക്കുവേണ്ടിയാണ് ചെലവഴിച്ചത്. 1997-ൽ അദ്ദേഹം കേന്ദ്രമന്ത്രിയായപ്പോൾ ഞാൻ മാനേജിങ് ഡയറക്ടറും എം.ജെ. വിജയപത്മൻ മാനേജിങ് എഡിറ്ററുമായി. അദ്ദേഹം തിരിച്ചുവന്നപ്പോൾ ഞങ്ങൾ പഴയപോലെ മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായി തുടർന്നു. അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച കാലം മാതൃഭൂമിയുടെ വികസനകാലംകൂടിയാണ്. സ്വാതന്ത്ര്യസമരകാലത്തെ മാതൃഭൂമി നേതാക്കളെപ്പോലെ, എൻഡോസൾഫാനെതിരേയും പ്ലാച്ചിമടയിലെ ജലചൂഷണത്തിനെതിരേയും അദ്ദേഹം പോരാട്ടംനയിച്ചു.മാതൃഭൂമി നൂറുവർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ എന്റെ മനസ്സിൽ ആ മഹാമനുഷ്യന്റെ രൂപം നിറഞ്ഞുനിൽക്കുന്നു. മാതൃഭൂമിയുടെ നൂറ്റാണ്ടിന്റെ പിറവി അദ്ദേഹത്തിൽ പതിഞ്ഞുകിടക്കുന്നതുപോലെ മറ്റാരിലുമില്ല. ആ സ്മരണയ്ക്കുമുന്നിൽ കൈകൂപ്പിനിന്നുകൊണ്ട് ഭാവിയിലേക്ക് ചുവടുവെക്കുകയാണ് ഞങ്ങൾ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..